Pages

Sunday, January 21, 2007

സ്വപ്നലോകത്തെ സൈനബ

പഞ്ചാരമാവിന്‍ കൊമ്പില്‍ അന്നും ആ മഞ്ഞക്കിളികള്‍ കൊക്കോട്‌കൊക്കുരുമ്മി ഇരുന്നു.സൈനബ കൗതുകത്തോടെ അവയെത്തന്നെ നോക്കിയിരുന്നു.സൈനബയുടെ ആടുകള്‍ അവക്ക്‌ കിട്ടിയതെല്ലാം വയറ്റിലാക്കി. മഞ്ഞക്കിളികളുടെ കാട്ടിക്കൂട്ടലുകള്‍ സൈനബയുടെ ഇളംമനസ്സില്‍ ചെറിയ ഓളങ്ങള്‍ സൃഷ്ടിച്ചു.'അവയെപ്പോലെ ഒരു ദിവസം തനിക്കും......നല്ല ഒന്നാംതരം അത്തറ്‌ മണക്കുന്ന...ഇസ്തിരിയിട്ട്‌ നിവര്‍ത്തിയ വെള്ളക്കുപ്പായമിട്ട....നീളന്‍ കാല്‍സറായി ഇട്ട....മുല്ലത്തൊപ്പിവച്ച ...ഒരു മണവാളന്‍..!!' മണവാളന്‍ മുഖത്ത്‌ നോക്കി ചിരിക്കുന്നത്‌ ആലോചിച്ചപ്പോള്‍ സൈനബക്ക്‌ നാണം തോന്നി. 'മണവാളന്‍ ദുബായ്ക്കാരനാവണം..നല്ല മൊഞ്ചുള്ളവന്‍...പുത്തന്‍പുരക്കലെ കുഞ്ഞീബിയുടെ പുത്യാപ്ല ദുബായ്ക്കാരനാണ്‌...എന്തൊരു മൊഞ്ചാ കാണാന്‍...മുഖത്ത്‌ ഒരു കറുത്ത കണ്ണടയും കയ്യില്‍ തിളങ്ങുന്ന സ്വര്‍ണ്ണവാച്ചും കാലില്‍ മിനുങ്ങുന്ന തോല്‍ചെരുപ്പും....ആകെക്കൂടി ഒരു ഹോജാരാജകുമാരന്‍...പിന്നെ കുഞ്ഞീബി...ഒരു കൊട്ട പൊന്നല്ലേ ഓളെ മേലാകെ...കാത്‌ല്‌ മുയിവന്‍ എളകിയാട്‌ണ എലച്ചുറ്റേള്‌....കൗത്ത്‌ല്‌ കരിമണിമാലിം സ്റ്റാര്‍ മാലിം..അരേല്‌ സ്വര്‍ണ്ണരഞ്ഞാണം....കാല്‌ല്‌ പൊന്നിന്‍ കൊലുസ്സ്‌...തലേല്‌ മിനുക്കസാവളിതട്ടം....പട്ട്ന്റെ കുപ്പായം...ഒക്കെ കിട്ടിയത്‌ ഓളെ പുത്യാപ്ല ദുബായ്ക്കാരനായത്‌ കൊണ്ടാ...ഇച്ചും ഒര്‌ ദുബായ്ക്കാരന്‍ തന്നെ മതി....'സൈനബയുടെ സ്വപ്നങ്ങളില്‍ ദുബായ്‌ മണവാളന്‍ നിറഞ്ഞ്‌നിന്നു. കുഞ്ഞീബിയുടെ പുത്യാപ്ല ദുബായില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്ന സാധനങ്ങളുടെ പേരുകള്‍ ഉമ്മു പറഞ്ഞത്‌ സൈനബ ഓര്‍ത്തു....'ഞെക്ക്യാ കത്ത്‌ണ ബള്‍ക്ക്‌...പാട്ട്‌ പാട്‌ണ പെട്ടി....അമര്‍ത്ത്യാ ചീറ്റ്‌ണ ശെന്റ്‌....കണ്ണ്‍ചിമ്മിത്തൊര്‍ക്‌ക്‍ണ പാവക്കുട്ടി...പുള്ളിക്കൊട....ഈറോപ്പെന്ന്...തസ്ബിമാല...ഡിസ്കോതട്ടം... അങ്ങനെ അങ്ങനെ ...' ' എന്തൊര്‌ പത്രാസാ കുഞ്ഞീബിക്കിപ്പം....പണ്ട്‌ പപ്പടം ബിറ്റ്‌ നട്‌ന്നാ ഓളെ ഇമ്മ ഓളിം അന്‌സത്തിനിം ബളര്‍ത്ത്യേത്ന്ന് ഇമ്മ പറഞ്ഞ്‌ കേട്ട്ക്‌ക്‍ണ്‌.ഓളെ ബാപ്പ സൊക്കേടായി കടന്ന് കടന്ന് അങ്ങട്ട്‌ മൗത്തായി...ഇപ്പം ഓളെക്കണ്ടാല്‌ അങ്ങന്ത്തൊര്‌ ഇമ്മന്റിം ബാപ്പന്റിം മോളാന്ന് ആരാ പറ്യേ....? ഓളെ പുത്യാപ്ല ദുബായ്ക്കാരനായ്ട്ടല്ലേ...ഇച്ചും മാണം ഒര്‌ ദുബായ്‌പുത്യാപ്ല' 'കുഞ്ഞീബിന്റെ പെരന്റെ മാതിരി ഒര്‌ പര്‌ത്തപെരണ്ടാക്കണം....അയിന്റെ മുറ്റത്തൊര്‌ ബെള്‍ത്തകാറ്‌...കാറ്‌ന്റുള്ള്‌ല്‌ "യാസീന്‍ " സൂറത്ത്‌ തൂക്കണം...കുഞ്ഞീബിന്റെമാതിരി തന്നെ കൊറെ കുട്ട്യോളും മാണം...അപ്പം...അപ്പം കാറ്‌ മത്യാവൂല....ഒര്‌ ബസ്‌...ന്നട്ട്‌ ഞങ്ങള്‌ങ്ങനെ...' "സൈനൂ...സൈനൂൂൂ..." മറ്യാത്തയുടെ വിളികേട്ട്‌ സൈനബ സ്വപ്നത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു. "ആ...എത്താ...." "ജ്ജ്‌ ബ്‌ടെ എത്ത്‌ട്‌ക്കാ....എപ്പം ബിള്‍ച്ച്‌ണ്‌ണ്ടന്നെ...അന്റെമ്മ തലേംചുറ്റി ബീണ്‌...ലാക്കട്ടറെട്‌ത്ത്ക്ക്‌ കൊണ്ടോവാന്‍ നിക്‌ക്‍ണ്‌ണ്ട്‌...." മറ്യാത്ത ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു. "ന്റമ്മേ....മ്മേ...." നിലവിളിച്ചുകൊണ്ട്‌ സൈനബ വീട്ടിലേക്കോടി...പിന്നാലെ മറ്യാത്തയും....അതിന്‌ പിന്നാലെ സൈനബയുടെ ആടുകളും... ( തുടരും..)

14 comments:

Areekkodan | അരീക്കോടന്‍ said...

സൈനബയുടെ കിനാവുകള്‍ തുടരുന്നു....

Rasheed Chalil said...

സൈനബയുടെ കിനാവുകള്‍ തുടരട്ടേ... കാത്തിരിക്കാം... കിനാവുകളുടെ ഘോഷയാത്രക്കായി.

Kaithamullu said...

അരീക്കോടാ,
സ്വപ്നലോകത്തു നിന്നും സൈനബയെ ബൂലോഗത്തേക്ക് ബെക്കം ബെക്കം കൊണ്ട്രൂന്നേ...

കരീം മാഷ്‌ said...

സൈനബ കിനാവു കാണുന്നു.

Areekkodan | അരീക്കോടന്‍ said...

ഇത്തിരിചേട്ടാ...കരീം മാഷേ....നന്ദി
കൈതമുള്ളേ ...സൈനബ ഇതുവരെ ബൂലോഗത്തായിരുന്നു...ഇതിനു മുമ്പ്‌ 4 എപിസോഡുകള്‍ കഴിഞ്ഞു....ഇപ്പോഴാ സ്വപ്നലോകത്തേക്ക്‌ പോയത്‌....ആ..ഇനി ഉടന്‍ ബൂലോഗത്തേക്ക്‌ തന്നെ തിരിച്ചുവരും....

മണിക്കുട്ടി|Manikkutty said...

അരീക്കോടന്‍ ചേട്ടനു ഈ പ്രതികരണത്തിനു നന്ദി...

ഇട്ടിമാളു അഗ്നിമിത്ര said...

സൈനബ സുന്ദരസ്വപ്നങ്ങള്‍ കാണട്ടെ... "കാടന്‍ " സ്വപ്നങ്ങള്‍ വേണ്ട... തുടരന്റെ അടുത്ത ഭാഗം എപ്പൊഴാ...?

Mubarak Merchant said...

ഉമ്മ തലചുറ്റി വീണത് നന്നായി. അല്ലെങ്കി സൈനബ വിക്കി പീഡിയേലുള്ള സകലമാന സാധനങ്ങളും ഒറ്റയടിക്ക് സ്വപ്നം കണ്ട് തീര്‍ത്തേനെ.
അടുത്ത ഭാഗത്ത് സൈനബയ്ക്ക് കൂടുതല്‍ മൊഞ്ചുള്ള സ്വപ്നങ്ങള്‍ കാണാനാവട്ടെ എന്നാശംസിക്കുന്നു.
(സൈനബേനെ ഇനിയും കെട്ടിച്ചിട്ടില്ലെങ്കി ഒന്നു പറയണേ)

sandoz said...

സൈനബയുടെ സ്വപ്നം നടപ്പിലാക്കാന്‍ പറ്റിയ ഒരു പാര്‍ട്ടി എന്റെ അടുത്ത്‌ ഉണ്ട്‌.
അത്തറു മണം-മണോണ്ട്‌..പക്ഷെ അത്തറിന്റെ ആണോ.....[അത്തറിന്റെ മണ ഒള്ള സാധനം ഇറങ്ങീട്ടില്ല,അതോണ്ടാ]
വെള്ളക്കുപ്പായം-ഒപ്പിക്കാം[ഫാദര്‍ ഗോണ്‍സാല്‍ വസിനോടു ചോദിക്കാം]
നീളന്‍ കാല്‍ സറായി-നിലം മുട്ടുന്ന വെള്ളക്കുപ്പായം ഒള്ളപ്പോ എന്തിനാ കാലുറ.
മുല്ല തൊപ്പി-മുല്ലതൊപ്പി തന്നെ വേണോ....ഒന്ന് അഡ്ജസ്റ്റ്‌ ചെയ്തൂടെ.
കറുത്ത കണ്ണട-അത്‌ ഉണ്ട്‌
സ്വണ്ണവാച്ച്‌-സ്ത്രീധനം കിട്ടിയിട്ട്‌ വാങ്ങിക്കുന്നതാണു.

ഇത്രേം ഏഴുതി കഴിഞ്ഞപ്പോഴാണു അവസാന വാചകം കണ്ടത്‌-ദുബായ്‌...ഞാന്‍ വിട്ടു.

ഷാ... said...

നല്ല രസമുണ്ടായിരുന്നു സൈനബയുടെ കിനാവുകള്‍..
സൈനബ കിനാവില് നിന്നെണീറ്റാലും ഞമ്മക്ക് കിനാവ് കാണാലോല്ലേ...
ഞാന്‍ കാണും.

ഓ ടോ: സൈനബക്ക് ദുബായിക്കാരനെ കിട്ടിയോ..ഒരു ടെന്‍ഷന്‍.

ആര്‍ട്ടിസ്റ്റ്‌ said...
This comment has been removed by a blog administrator.
Areekkodan | അരീക്കോടന്‍ said...

ശിശിരം.....നന്ദി തിരിച്ചും.

ഇട്ടിമാളൂ...സൈനബ കാടന്‍ സ്വപ്നങ്ങള്‍ കാണില്ല എന്ന് ഞാനും പ്രതീക്ഷിക്കുന്നു !!!

ഇക്കാസ്ജീ...അപ്പോ എത്രാമത്തെ കല്യാണമാ അന്വേഷിക്കുന്നത്‌?

സാന്‍ഡോസ്‌...ദുബായ്‌ വേണമ്ന്ന് നിര്‍ബന്ധംല്ലാന്ന് സൈനബ അറിയിച്ചിരിക്കുന്നു....ഏത്‌ സാന്‍ഡോസിനും ആവാംന്ന്...

ബത്തേരിയാ...കിനാവുകള്‍ അല്ലെങ്കിലും നല്ല രസാ....

sandoz said...

ഏതു സാന്‍ഡോസിനും......എന്ന വാക്യത്തില്‍ തൂങ്ങി ഞാന്‍ പ്രതിഷേധിക്കുന്നു.

ഇവിടെ ഒരു സാന്‍ഡോസേ ഒള്ളൂ...ഒരേ ഒരു സാന്‍ഡോസ്‌ മാത്രം.

ഏത്‌ രീതിയില്‍ പ്രതിഷേധിക്കും എന്ന് ഞാന്‍ വഴിയേ അറിയിക്കുന്നതായിരിക്കും.

Sona said...

സൈനബയുടെ കിനാവുകള്‍ കൊള്ളാം..ദുബായ് പുത്യാപ്ലയെ തന്നെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക