Pages

Wednesday, August 06, 2008

വിദ്യാസമ്പന്നന്റെ സംസ്കാരം- ഭാഗം 2

(ഭാഗം 1 :) http://abidiba.blogspot.com/2008/07/blog-post_30.html

"ഞാന്‍ പറഞ്ഞതില്‍ തെറ്റ്‌ ഉണ്ടോ സര്‍?" എന്റെ സഹയാത്രികന്‍ എന്നോടായി ചോദിച്ചു.

ഇല്ല എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.

"ഞാനും ഡിഗ്രി കഴിഞ്ഞതാ.....ബി കോം.എനിക്കറിയാം എന്നെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ അനുഭവിച്ച കഷ്ടപ്പാട്‌...."

"എന്നിട്ട്‌ ഇപ്പോള്‍ നിങ്ങള്‍ എന്ത്‌ ചെയ്യുന്നു?" ഞാനും സംസാരം തുടങ്ങി.

"ഇപ്പോള്‍ ഇവിടെ ഒരു ഫര്‍ണീച്ചര്‍ കട നടത്തുന്നു.മറ്റൊരാളുടെ കൂടെ ഷെയറായിട്ട്‌."

"ഈ ഫര്‍ണീച്ചര്‍ കച്ചവടം ലാഭമുള്ള ഏര്‍പ്പാടാണോ?" ഞാന്‍ വെറുതെ ഒരു ചോദ്യം തട്ടി.

"കള്ള കച്ചവടം നടത്തുന്നവര്‍ക്ക്‌ കൊള്ള ലാഭമുണ്ടാക്കാം....അല്ലാത്തവര്‍ക്ക്‌ അരിക്ക്‌ വകയുണ്ടാക്കാം.എന്നാലും മോശമില്ല..."

"ആ...അത്‌ ഏതിലും അങ്ങനെ തന്നെയല്ലേ? ഇപ്പോള്‍ എവിടേക്കാ പോകുന്നത്‌?"

"താമരശ്ശേരിയിലേക്ക്‌....കുടുംബം മിനിഞ്ഞാന്ന് അങ്ങോട്ട്‌ പോയതാ....മക്കളെ കാണാതെ എനിക്ക്‌ ഒറ്റക്ക്‌ ഇവിടെ നില്‍ക്കാന്‍ വയ്യ..."

അത്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ അതുവരെ അനുഭവപ്പെട്ടിരുന്ന ചെറിയ സ്മെല്‍ സംശയമുണ്ടാക്കി.ഉടന്‍ ഞാന്‍ ചോദിച്ചു.

"അപ്പോ ഫാമിലി പോയതെന്താ?"

"സാറേ....സാറിന്‌ സ്മെല്‍ അടിക്കുന്നുണ്ടോ?ഞാന്‍ അല്‍പം സ്മോള്‍ അടിച്ചിട്ടുണ്ട്‌...അതുകൊണ്ടൊന്നുമല്ല ഭാര്യ പോയത്‌."

"പിന്നെ?"

"അവളുടെ അമ്മക്ക്‌ സുഖമില്ല...മൂന്ന് ദിവസം മുമ്പ്‌ ഞാന്‍ ഒറ്റക്ക്‌ പോയി കണ്ടു വന്നതാ...അവളുടെ അമ്മയാണെങ്കിലും എന്റെ കൂടി അമ്മയുടെ പരിഗണന ഞാന്‍ നല്‍കുന്നു."

"ശരി...ശരി.....നിങ്ങള്‍ ആ വിദ്യാര്‍ത്ഥികളെ നന്നായി ഉപദേശിച്ചു, സ്വന്തം കുട്ടികളെ നന്നായി സ്നേഹിക്കുന്നു....ഭാര്യയുടെ അമ്മയെ പരിചരിക്കുന്നു....എല്ലാം നല്ല സ്വഭാവങ്ങള്‍...എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട്‌ കുടി എന്ന ദു:സ്വഭാവം വച്ച്‌ പുലര്‍ത്തുന്നു?"

"സാറേ....സുരേഷ്‌ കുടിയനാണ്‌....ചെയിന്‍ സ്മോക്കറാണ്‌...ഒരു ദിവസം പുകയൂതി വിടാന്‍ എനിക്ക്‌ നൂറ്‌ രൂപ വേണം..."

"ങേ!!!"ഞാന്‍ ഞെട്ടി.

"പക്ഷേ അതെന്റെ ബിസിനസ്സിന്‌ അത്യാവശ്യമാണ്‌.എനിക്ക്‌ സംസാരിക്കണമെങ്കില്‍ അകത്ത്‌ 'അവന്‍' കയറണം.കുടിച്ചില്ലെങ്കില്‍ സുരേഷ്‌ ഇതുപോലെ സംസാരിക്കില്ല...."

"പക്ഷേ....ഇത്‌ നല്ലൊരു സ്വഭാവമല്ല എന്നറില്ലേ?"

"അറിയാം സാര്‍.....ഞാനത്‌ control ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്‌..."

"പുകവലി നിങ്ങളെ മാത്രമല്ല നിങ്ങളുടെ പൊന്നുമക്കളേയും പ്രതികൂലമായി ബാധിക്കും എന്നറിയില്ലേ ?"

"അതും അറിയാം സാര്‍..."

"അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക്‌ ഈ രണ്ടും ദു:ശ്ശീലങ്ങളും ഉപേക്ഷിച്ചു കൂടേ?"

"സാര്‍....എന്റെ കുടുംബത്തിന്‌ പുറത്ത്‌ നിന്നും ഒരാള്‍ എന്നോട്‌ ആദ്യമായിട്ടാണ്‌ ഇങ്ങനെ പറയുന്നത്‌.....എല്ലാവരും അവന്‍ കുടിക്കുന്നെങ്കില്‍ അവന്റെ ആരോഗ്യവും കാശുമല്ലേ എന്ന മട്ടില്‍ വിടുമ്പോള്‍ സാര്‍ എന്നെ പിന്തിരിപ്പിക്കുന്നു...."

"അതേ....ഞാന്‍ വിശ്വസിക്കുന്ന മതത്തിന്റെ ഭാഗമാണത്‌...താങ്കള്‍ പിന്മാറിയാല്‍ അതില്‍ സന്തോഷിക്കുന്ന ധാരാളം പേരുണ്ടാവും.ഒപ്പം ചാരിതാര്‍ത്ഥ്യത്തോടെ ഈയുള്ളവനും...."

"സാറിന്റെ ഉപദേശം ഞാന്‍ സ്വീകരിക്കുന്നു.ഇനി സാര്‍ സുരേഷിനെ കാണുമ്പോള്‍ സുരേഷ്‌ മിണ്ടാതെ ഇരിക്കുന്നതായിരിക്കും കാണുന്നത്‌.അതായത്‌ സുരേഷ്‌ കുടിച്ചിട്ടുണ്ടാവില്ല.സത്യമായിട്ടും കുടിക്കാത്ത സുരേഷിനെ സാര്‍ കാണും"

"കാണണം..."

സുരേഷിനെ ഞാന്‍ പിന്നീട്‌ കണ്ടിട്ടില്ല.നമ്മുടെ ഇടയില്‍ എത്രയോ സുരേഷുമാര്‍ അലയുന്നു.അല്‍പ നേരം അവരുമായി സൗഹൃദം പങ്കിട്ടാല്‍ ഒരു പക്ഷേ ഒരാളെ നമുക്ക്‌ ജീവിതത്തിലേക്ക്‌ കൈ പിടിച്ചുയര്‍ത്താനാവും.അയാളിലൂടെ ഒരു കുടുംബത്തേയും.

7 comments:

Areekkodan | അരീക്കോടന്‍ said...

സുരേഷിനെ ഞാന്‍ പിന്നീട്‌ കണ്ടിട്ടില്ല.നമ്മുടെ ഇടയില്‍ എത്രയോ സുരേഷുമാര്‍ അലയുന്നു.അല്‍പ നേരം അവരുമായി സൗഹൃദം പങ്കിട്ടാല്‍ ഒരു പക്ഷേ ഒരാളെ നമുക്ക്‌ ജീവിതത്തിലേക്ക്‌ കൈ പിടിച്ചുയര്‍ത്താനാവും.അയാളിലൂടെ ഒരു കുടുംബത്തേയും.

അനില്‍@ബ്ലോഗ് // anil said...

മാഷെ,
വലിയ അനുഭവസമ്പത്തൊനുമില്ല,എങ്കിലും വിയോജിക്കുകയാണു.അങ്ങിനെ ഒരു കൈപിടിച്ചുയര്‍ത്തിയാല്‍ നേരെയായിരുന്നെങ്കില്‍ എന്നു പലപ്പോഴും ആശിച്ചിട്ടുണ്ടു.ഇവിടെ പലരുടെയും കൈയ്യല്ല കാലുപിടിച്ചു, എന്നിട്ടും രക്ഷയില്ലാതെ കയ്യും കാലും കെട്ടി ഡീ അഡിക്ഷന്‍ സെന്ററില്‍ എത്തിച്ചു.എന്നിട്ടു വല്ല കാര്യമുണ്ടൊ?
പഴയ തലമുറയെ വിടാം, കുട്ടികള്‍ പോലും പാന്‍പരാഗും മറ്റും തീറ്റിയല്ലെ. എന്തായാലും നമുക്കൊത്തു ശ്രമിക്കാം.

sunilfaizal@gmail.com said...

നന്മക്ക് ആശംസകള്‍

smitha adharsh said...

നമുക്കിടയില്‍ ഇങ്ങനെ അകത്തു "മറ്റവന്‍" ഇല്ലെന്കില്‍ സംസാരിക്കാനാകാത്ത സുരേഷ്മാര്‍ ഉണ്ടാകട്ടെ.മറ്റവനെ അകത്താക്കി,വാ തോരാതെ സംസാരിക്കുന്ന സുരേഷിനേക്കാള്‍ നല്ലത് അതല്ലേ...?

Typist | എഴുത്തുകാരി said...

ഒരാളെ നന്നാക്കാന്‍ സാധിച്ചാല്‍ അത്രയും നല്ലതു്.

ബഷീർ said...

പലപ്പോഴും ഒരു വാക്ക്‌ മൂലം പലരുടെയും താളം തെറ്റിയ ജീവിതം നേരായിട്ടുണ്ട്‌.. അവഗണിക്കരുത്‌ നാം ആരെയും .. പല സാഹിത്യകാരന്മാര്‍ക്കും ഇച്ചിരി അകത്താക്കിയാലാണത്രെ സ്ര്യഷ്ടികള്‍ പിറക്കുന്നത്‌.


അനില്‍@blog, നമ്മുടെ ഇന്നത്തെ തലമുറയുടെ പോക്ക്‌ വളരെ അപകടം നിറഞ്ഞ രീതിയിലാണു. . പക്ഷെ ആവുന്ന വിധത്തില്‍ ഏവരും അതിനെ തടയിടാന്‍ ശ്രമിയ്ക്കേണ്ടതുണ്ട്‌..

ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

അനില്‍.....അസാധ്യമായി ഒന്നുമില്ല.നാം ശ്രമിക്കുക,ഇന്നല്ലെങ്കില്‍ നാളെ അവര്‍ ശരിയാകും.
സുനില്‍...നന്ദി
smitha...സ്വാഗതം....അഭിപ്രായത്തിന്‌ സ്വാഗതം.പക്ഷേ വാ തോരാതെ സംസാരിക്കുന്നത്‌ കേട്ട്‌ നില്‍ക്കേണ്ട എന്ന് തീരുമാനിക്കുന്നതല്ലേ നല്ലത്‌?
typist..നന്മയുടെ തിരി ഏന്താന്‍ എല്ലാവര്‍ക്കും കൂടി ഒത്തൊരുമിക്കാം
ബഷീര്‍....ശരിയാണ്‌.ആര്‌ , എങ്ങനെ ,എപ്പോള്‍ നന്നാവും എന്ന് മുന്‍കൂട്ടി പറയാന്‍ പറ്റില്ല.നമ്മുടെ വാക്കില്‍ ഒരാള്‍ രക്ഷപ്പെട്ടാല്‍ നാളെ നമുക്ക്‌ അതിന്റെ പ്രതിഫലം തീര്‍ച്ചയായും കിട്ടും.

Post a Comment

നന്ദി....വീണ്ടും വരിക