Pages

Sunday, June 28, 2009

ബാപ്പയുടെ കത്ത്‌.

          എന്റെ പ്രിയപ്പെട്ട പിതാവ്‌ ഇഹലോകവാസം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ ഒരു വര്‍ഷം തികയുന്നു.2006-ല്‍ ഞാന്‍ കുടുംബസമേതം മാനന്തവാടിയിലേക്ക്‌ താമസം മാറ്റിയപ്പോള്‍ എന്റെ മകള്‍ ലുലുവിന്‌ അദ്ദേഹം അയച്ച കത്താണിത്‌.മക്കളോടും കുടുംബത്തോടുമുള്ള അദ്ദേഹത്തിന്റെ വാല്‍സല്യവും സ്നേഹവും പ്രകടമാകുന്നതും ഉപദേശങ്ങള്‍ നിറഞ്ഞതുമായ ഈ കത്ത്‌ വായിച്ച്‌ അന്ന് എന്റെ കണ്ണ്‍ നിറഞ്ഞു.ഇന്ന് ഇത്‌ ഇവിടെ ടൈപ്‌ ചെയ്യുമ്പോഴും എന്റെ കണ്ണുകള്‍ ഈറനണിയുന്നു. അനുസ്മരണ സമ്മേളനമോ,ചരമദിനാഘോഷമോ,ആണ്ടോ ഇല്ലാതെ പ്രിയപിതാവിന്റെ മഗ്‌ഫിറത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ആ കത്ത്‌ അതേപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ബിസ്മില്ലാഹിറഹ്മാനി റഹീം

അരീക്കോട്‌
26-6-06
          ലുലു,ലുവ,ആബി,ലുബി അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹ്‌, കത്തെഴുതാന്‍ വളരെ വൈകിയതിന്‌ ആദ്യമായി ക്ഷമ ചോദിക്കുന്നു.കഴിഞ്ഞ ആഴ്ച സുനു ഹിഫാസുമാരുടെ കത്തുണ്ടായിരുന്നു.മറുപടി എഴുതി. അന്നുതന്നെ നിങ്ങള്‍ക്കും കത്തെഴുതി വച്ചു.പകര്‍ത്താന്‍ വൈകി.വല്ല്യാപ്പ കിനാവില്‍ ഇടയ്ക്ക്‌ എല്ലാവരേയും കാണും.പഴയകാല ക്ലാസ്സ്‌റൂമും വിദ്യാര്‍ത്ഥികളേയും സഹപ്രവര്‍ത്തകരെ പോലും.എല്ലാവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ,ആമീന്‍. സുനു ഹിഫാസ്‌ അമലുമാര്‍ക്ക്‌ സുഖമാണ്‌.ഹിഫാസ്‌ സുനുവിന്റെ സ്കൂളിലാണ്‌-മേലാറ്റൂര്‍. രണ്ട്‌ പേര്‍ക്കും പുതിയ കൂട്ടുകാരേയും ഗുരുനാഥാക്കന്മാരേയും ഇഷ്ടപ്പെട്ടത്രേ. ലുലുവിന്റെ പുതിയ വിദ്യാലയവും കൂട്ടുകാരും അദ്ധ്യാപകരും എങ്ങനെയുണ്ട്‌? ക്ലാസ്രൂമില്‍ ചൂരല്‍ കാണുമോ?മദറുമാര്‍ പിച്ചുമോ? ഞങ്ങളുടെ ബാല്യകാലപഠനം വളരെ വിചിത്രമായിരുന്നു. അദ്ധ്യാപകരുടെ കയ്യില്‍ പുസ്തകം ,ചോക്ക്‌ എന്നിവ കൂടാതെ പല വര്‍ണ്ണത്തിലുള്ള ചൂരലും ,പിച്ച്‌, കിഴുക്ക്‌, ഏത്തമിടീക്കല്‍,നിര്‍ത്തല്‍,ഡസ്കിന്മേല്‍ കയറ്റല്‍. വെളിക്കുനിര്‍ത്തല്‍,ആവര്‍ത്തിച്ചെഴുതിക്കല്‍ തുടങ്ങീ പലമുറകളുമുണ്ടായിരുന്നു.ഒരു ക്ലാസ്സില്‍ പത്തിലേറെ കുട്ടികള്‍ ഉണ്ടാവില്ല.അതൊക്കെ ക്ഷമയോടെ സഹിച്ച്‌ പഠിച്ചവരൊക്കെ പല ഉന്നതപദവികളിലെത്തി.അവരുടെ മക്കളും പേരമക്കളും.നിങ്ങളേയും മാതാപിതാക്കളേയും അള്ളാഹു എന്നുമെന്നും അനുഗ്രഹിക്കട്ടെ.

              ഇവിടെ വാര്‍പ്പ്‌ കഴിഞ്ഞു.മരങ്ങള്‍ മുറിച്ചു.പണി നടക്കുമ്പോള്‍ മമ്പാട്ടെ വല്ല്യുപ്പ വരുമായിരുന്നു.മൂന്നാലു ദിവസമായി കനത്ത മഴ.അതിനാല്‍ കൃഷിപ്പണിപോലും നടക്കുന്നില്ല.ഗോപാലേട്ടന്‍ ചികില്‍സക്കായി ഇന്ന് മെഡിക്കല്‍ കോളേജാസ്പത്രിയില്‍ പോകും.സാരമായ എന്തോ രോഗമാണ്‌.രോഗം സുഖപ്പെടുത്താനും ആരോഗ്യവാനാവാനും ദുആ ചെയ്യുക.

              മാനന്തവാടി ഇഷ്ടപ്പെട്ടോ?ലുവയ്ക്ക്‌ ഉമ്മ മാത്രമാണോ കൂട്ടുകാരി?കുട്ടികള്‍ ഇല്ലാത്ത വീട്‌ കിളിയില്ലാത്ത കൂട്‌ പോലെയാണ്‌.

             ഇവിടെ ഇപ്പോള്‍ അയല്‍പക്കത്തെ കുട്ടികള്‍ പോലും വരാറില്ല.കനത്ത മഴ കാരണം കാക്കയും.ഇവിടെ കുറേ പൂച്ചകുട്ടികളുണ്ട്‌.ഓമനത്തമുള്ള കുട്ടികള്‍.ഇടക്ക്‌ മഴ മാറിയാല്‍ അവ പുരപ്പുറത്ത്‌ കയറും. ഇവിടെ പരിസരത്ത്‌ വിശേഷമൊന്നുമില്ല. അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ സുഖമാണ്‌.

              വല്ല്യുമ്മയും അയലത്തെ മൂത്തുമ്മയും മാളു എളേമയേയും കുഞ്ഞുങ്ങളേയും ചെന്ന് കണ്ടു. സുഖമാണ്‌. ഈറ്റ എടുക്കുന്ന പെണ്ണ്‍ ജൂലായ്‌ എട്ടിന്‌ പോകും.

           ജൂലായ്‌ ഒമ്പതിന്‌ ഒരു കല്ല്യാണമുണ്ട്‌ കോഴിക്കോട്‌ വച്ച്‌.എന്റെ അമ്മാവന്റെ മകന്റെ മകള്‍.ആരോഗ്യം ഉണ്ടെങ്കില്‍ പോകും(ഇ.അ).വല്ല്യാപ്പക്ക്‌ പുറത്ത്‌പോകാന്‍ ഭയമാണ്‌.അടുത്ത ബന്ധുക്കളെ കാണാന്‍ പൂതിയും.ഫോണിലൂടെയും കത്തിലൂടെയും ബന്ധപ്പെടാനും പ്രയാസം.കുറച്ചുകാലമായി വലതുകൈക്ക്‌ വേദന.മരുന്നുണ്ട്‌. അഫി,അമ്മാര്‍മാര്‍ കൂടെ ഉള്ളതിനാല്‍ രാത്രി സുഖമായി ഉറങ്ങും.അല്‍ഹംദുലില്ലാഹ്‌.

            ലുലു ലുവമാര്‍ക്ക്‌ വല്ല്യാപ്പക്കും വല്ല്യുമ്മക്കും വേണ്ടി വലത്തും ഇടത്തും കവിളുകളില്‍ ഉമ്മ തരാന്‍ ഉപ്പ ഉമ്മച്ചിമാരോട്‌ പറയുക.വല്ല്യാപ്പ അല്‍ഹംദുലില്ലാഹ്‌ പറയും(ഇ.അ)

            സുനു ഹിഫാസുമാര്‍ ആഴ്ചയില്‍ ഒന്നിലേറെ തവണ വിളിക്കും.കുട്ടികളാരും ഇല്ലാത്തതിനാല്‍ രണ്ടുപേരും എല്ലാ മാസവും കത്തയക്കാമെന്നും അടുത്ത മാസം എട്ടിന്‌ അവരെല്ലാം വരാമെന്നും പറഞ്ഞിട്ടുണ്ട്‌.നിങ്ങളും വരുമെന്ന് പ്രതീക്ഷിക്കുന്നു.മമ്പാട്ടെ വല്ല്യുപ്പയും വല്ല്യുമ്മയും മാനന്തവാടിക്ക്‌ വരുമ്പോള്‍ ഞങ്ങളെ കൂട്ടാമെന്ന് പറഞ്ഞിട്ടുണ്ട്‌.എനിക്ക്‌ പോരാന്‍ പറ്റുന്ന കാര്യം ഉറപ്പില്ല.

                നിങ്ങള്‍ പോയ ശേഷം ഒരു താത്ത പണിക്ക്‌ വന്നിരുന്നു.അടുത്ത മാസം വരില്ല.

          പുതുതായി ആരേയും കിട്ടിയിട്ടില്ല. നിലവിലുള്ളതിനോട്‌ തുടരാന്‍ അപേക്ഷിച്ചില്ല. (പഴയ ആയിശതാത്ത - അള്ളാഹു അവളെ പരലോക സുഖം നല്‍കി അനുഗ്രഹിക്കട്ടെ , ആമീന്‍-പോയ ശേഷം ഒരുപാട്‌ പേര്‍ വന്നു പോയി.എല്ലാവരോടും വല്ല്യുമ്മ നന്നായി പെരുമാറി.അള്ളാഹുവിന്റെ പരീക്ഷണം)

            ലുലുവിനോട്‌:- ഉറങ്ങാന്‍ കിടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പഠിപ്പ്‌,യാത്ര എന്നിവ ആരംഭിക്കുമ്പോള്‍ ബിസ്മിയും ഉറക്കമുണരുമ്പോഴും ഭക്ഷണം അവസാനിക്കുമ്പോഴും യാത്രകഴിഞ്ഞ്‌ വീട്ടിലെത്തുമ്പോഴും അല്‍ഹംദുലില്ലാഹ്‌ എന്നും യാത്രപറയുമ്പോള്‍ അസ്സലാമുഅലൈക്കും എന്നും പറയുകയും ശീലമാക്കുകയും വേണം.അള്ളാഹുവിനെ ഓര്‍ക്കുന്നവരെ അള്ളാഹു ഓര്‍ക്കും.രാവിലെ പത്ത്‌ ആയത്ത്‌ എങ്കിലും മാതാപിതാക്കളും മക്കളും ഓതണം.സുബഹിക്ക്‌ മുമ്പ്‌ ഉണരണം.രാത്രി പത്ത്‌ മണിക്ക്‌ ഉറങ്ങാന്‍ കിടക്കണം.വല്ല്യാപ്പയുടെ വസിയ്യത്തായി സ്വീകരിക്കുക,വസ്സലാം


കെ.അത്രുമാന്‍കുട്ടി

18 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ പ്രിയപ്പെട്ട പിതാവ്‌ ഇഹലോകവാസം വെടിഞ്ഞിട്ട്‌ ഇന്നേക്ക്‌ ഒരു വര്‍ഷം തികയുന്നു.2006-ല്‍ ഞാന്‍ കുടുംബസമേതം മാനന്തവാടിയിലേക്ക്‌ താമസം മാറ്റിയപ്പോള്‍ എന്റെ മകള്‍ ലുലുവിന്‌ അദ്ദേഹം അയച്ച കത്താണിത്‌.മക്കളോടും കുടുംബത്തോടുമുള്ള അദ്ദേഹത്തിന്റെ വാല്‍സല്യവും സ്നേഹവും പ്രകടമാകുന്നതും ഉപദേശങ്ങള്‍ നിറഞ്ഞതുമായ ഈ കത്ത്‌ വായിച്ച്‌ അന്ന് എന്റെ കണ്ണ്‍ നിറഞ്ഞു.ഇന്ന് ഇത്‌ ഇവിടെ ടൈപ്‌ ചെയ്യുമ്പോഴും എന്റെ കണ്ണുകള്‍ ഈറനണിയുന്നു.അനുസ്മരണ സമ്മേളനമോ,ചരമദിനാഘോഷമോ,ആണ്ടോ ഇല്ലാതെ പ്രിയപിതാവിന്റെ മഗ്‌ഫിറത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ആ കത്ത്‌ അതേപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു.

അരുണ്‍ കരിമുട്ടം said...

"പ്രിയപിതാവിന്റെ മഗ്‌ഫിറത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ആ കത്ത്‌ അതേപടി ഇവിടെ പ്രസിദ്ധീകരിക്കുന്നു."

താങ്കളുടെ ഈ പ്രാര്‍ത്ഥനയില്‍ ഞാനും പങ്ക് ചേരുന്നു

ullas said...

may his soul rest in peace.

വശംവദൻ said...

താങ്കളുടെ പ്രാർത്ഥനയിൽ പങ്ക്‌ ചേരുന്നു.

Sabu Kottotty said...

താങ്കളുടെ പ്രാര്‍ത്ഥനയില്‍ പങ്കു ചേര്‍ന്നു പ്രാര്‍ത്ഥിയ്ക്കുന്നു

Areekkodan | അരീക്കോടന്‍ said...

എന്റെ പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നവര്‍ക്കും പ്രിയപിതാവിന്‌ വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും നന്മകള്‍ നേരുന്നു.
അരുണ്‍,വശംവദന്‍,കൊട്ടോട്ടിക്കാരന്‍,പിന്നെ ഇതു വായിച്ച മേറ്റ്ല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു..
ullas....സ്വാഗതവും നന്ദിയും ഒരുമിച്ച്‌.

ബഷീർ said...

ഒരു മകനു ചെയ്യാനുള്ളതും ഇനി ദുആ ചെയ്യുക എന്നത് തന്നെ.. പ്രാർത്ഥനകൾ അല്ലാഹ് സ്വീകരിക്കട്ടെ.. ആമീൻ

ആചരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും ദുആ ,സദഖ (ദാനം) എന്നിവയൊക്കെ തന്നെ. ആരും ആഘോഷിക്കാറില്ല എന്ന് തിരുത്തട്ടെ..

പ്രാർത്ഥനകളോടെ

Areekkodan | അരീക്കോടന്‍ said...

ബഷീര്‍...അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കട്ടെ,ആമീന്‍.ആഘോഷം എന്ന് തെറ്റി എഴുതിയതാണ്‌.എത്ര ആലോചിച്ചിട്ടും ആചരണം എന്ന് മനസ്സില്‍ വന്നില്ല.തിരുത്ത്‌ നന്ദിയോടെ സ്വീകരിക്കുന്നു.

കുക്കു.. said...

ഞാനും പങ്കുചേരുന്നു....ഈ പ്രാര്‍ഥനയില്‍...

Sureshkumar Punjhayil said...

Areekkodan... Thankalude prarthanayil njangalum pankucherunnu... Prarthikkunnu...!!!

priyag said...

ഞാനും പങ്കുചേരുന്നുഈ പ്രാര്‍ഥനയില്‍

Areekkodan | അരീക്കോടന്‍ said...

കുക്കു,സുരേഷ്‌... നന്ദി
ഉണ്ണിമോള്‍...സ്വാഗതം.പ്രാര്‍ത്ഥനക്ക്‌ നന്ദിയും.

ശ്രീ said...

പ്രാര്‍ത്ഥനയില്‍ പങ്കു ചേരുന്നു

Rani Ajay said...

താങ്കളുടെ പ്രാര്‍ത്ഥനയില്‍ ഞാനും കുടുംബവും പങ്ക് ചേരുന്നു

Mohamed Salahudheen said...

പ്രാര്ഥനയോടെ

Ismail Chemmad said...

താങ്കളുടെ ഈ പ്രാര്‍ത്ഥനയില്‍ ഞാനും പങ്ക് ചേരുന്നു

Anonymous said...

Manassine vallathe sparsicha oru blog...

Areekkodan | അരീക്കോടന്‍ said...

അനോണി...ഇന്ന് ഞാന്‍ പിതാവിന്റെ ഖബറിടത്തില്‍ പോയി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു.രാത്രി മെയില്‍ ചെക്ക് ചെയ്യുമ്പോഴാണ് താങ്കളിട്ട കമന്റ് കണ്ടത്. എന്റെ പിതാവ് ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അത്ര കണ്ട് സ്നേഹിച്ചിരുന്നു. കത്ത് വീണ്ടും വായിച്ചപ്പോള്‍ മനസ്സ് വിങ്ങുന്നു.

Post a Comment

നന്ദി....വീണ്ടും വരിക