Pages

Thursday, August 25, 2011

സ്പീഡ് പോസ്റ്റിന്റെ വേഗത.

സര്‍ക്കാര്‍ ജോലിയായാല്‍ നമുക്കെത്ര ശമ്പളം വേണം എന്ന് നാം തന്നെ പറഞ്ഞു കൊടുക്കേണ്ട ചില സന്ദര്‍ഭങ്ങള്‍ വരാറുണ്ട്.അതില്‍ ഒന്നാണ് ശമ്പളപരിഷ്കരണം വന്നതിന് ശേഷമുള്ള സമയം.കഴിഞ്ഞ ഫെബ്രുവരിയില്‍ പരിഷ്കരണ ഓര്‍ഡര്‍ വന്നെങ്കിലും ഈ അവസാന മണിക്കൂറിലാണ് എനിക്ക് എന്റെ ഓപ്‌ഷന്‍ (അതാണ് ഈ സംഗതിക്ക് കൊടുത്തിരിക്കുന്ന സുന്ദരമായ പേര്)കൊടുക്കാനായത്.ഇനിയും വൈകണ്ടാ എന്ന് കരുതി ഞാന്‍ അത് സ്പീഡ് പോസ്റ്റില്‍ തന്നെ വിടാന്‍ തീരുമാനിച്ചു.ഒരു ഇരുപത്തഞ്ച് രൂപയല്ലേ പോകൂ,ലേറ്റായാല്‍ ഇരുപത്തയ്യായിരം രൂപ ആണ് നഷ്ടം.അങ്ങനെ എന്റെ വീട്ടിനടുത്ത് തന്നെയുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് 19/8/11.ന് 12:25:14ന് ഞാന്‍ ആ മഹാപാതകം ചെയ്തു.കോട്ടയത്തേക്ക് അതിനെ എല്ലാ ആദരവോടെയും പറഞ്ഞു വിട്ടു.

സ്പീഡ്‌പോസ്റ്റല്ലേ,ഇവിടെ ഇട്ടപ്പോഴേക്കും അതവിടെ എത്തിയിരിക്കും എന്ന അമിത പ്രതീക്ഷ ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ അതിനെ പിന്നെ ശ്രദ്ധിച്ചില്ല.എങ്കിലും ഉള്ളിന്റെ ഉള്ളീല്‍ ഇരുപത്തയ്യായിരവും ഇരുപത്തഞ്ചും നഷ്ടമാവുമോ എന്ന ഭയം കാരണം ഞാന്‍ ഇന്ന് അതിനെ ഒന്ന് ട്രാക്ക് ചെയ്തു.അപ്പോഴല്ലേ അവന്‍ പോയ വഴി മനസ്സിലായത്.അതിങ്ങനെ.

18/8/11. 12:25:14 അരീക്കോട് എം.ഡി.ജിയില്‍ ബുക്ക് ചെയ്തു.(ഈ എം.ഡി.ജി എന്താണെന്ന് എനിക്കറിയില്ല.സംഗതി പോസ്റ്റ് ഓഫീസിന്റെ ഇനീഷ്യല്‍ ആണെന്ന് തോന്നുന്നു)

18/8/11 14:36:15 ആശാനെ കോഴിക്കോട്ടേക്കുള്ള ചാക്കിലാക്കി.

18/8/11 14:37:25 ചാക്ക് കോഴിക്കോടിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

18/8/11 21:26:53 കോഴിക്കോട് ചാക്കില്‍ നിന്നിറങ്ങി കൊച്ചിയിലേക്കുള്ള ചാക്കില്‍ കയറി.

18/08/2011 21:47:02 കൊച്ചിയിലേക്കുള്ള തീവണ്ടിയാത്ര ആരംഭിച്ചു (അമ്പട കേമാ,ഇരുപത്തഞ്ച് രൂപക്ക് ഒരു തീവണ്ടിയാത്രയും ഒപ്പിച്ചു)

19/08/2011 05:09:07 കൊച്ചുവെളുപ്പാന്‍ കാലത്ത് കൊച്ചിയില്‍ ചാക്കില്‍ നിന്നിറങ്ങി.

19/08/2011 06:00:10 അല്പ നേരം കൊച്ചിയുടെ സ്വന്തം മണം ആസ്വദിച്ച് കോട്ടയത്തേക്കുള്ള ചാക്കില്‍ കയറി.

22/08/2011 കോട്ടയത്തെ അക്കൌണ്ടന്റ് ജനറലിന്റെ അടുത്ത് പ്രസവിച്ചു.

ഇനി എന്റെ സംശയങ്ങള്‍ :-

19 കഴിഞ്ഞാല്‍ പിന്നെ 22 ആണോ തീയതി?

സാദാ പോസ്റ്റില്‍ അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച് അയച്ചിരുന്നെങ്കില്‍ ഇത് 20 ആം തീയതി തന്നെ എത്തുമായിരുന്നില്ലേ?

ശനിയും ഞായറും ഇല്ലാത്തതാണോ നമ്മുടെ സ്പീഡ്‌പോസ്റ്റ് സംവിധാനം?

4 comments:

Areekkodan | അരീക്കോടന്‍ said...

ശനിയും ഞായറും ഇല്ലാത്തതാണോ നമ്മുടെ സ്പീഡ്‌പോസ്റ്റ് സംവിധാനം?

കലി said...

ethayalum option theeyathi neettiyallo... athu bhagyam

ജയരാജ്‌മുരുക്കുംപുഴ said...

athe option theeyathi neettiyathu bhagyam............

രഘുനാഥന്‍ said...

മാഷേ സ്പീഡ് പോസ്റ്റ്‌ എന്ന് പറഞ്ഞാല്‍...
സ്പീഡില്‍ എഴുതുന്നു...(നമ്മള്‍)
സ്പീഡില്‍ കവറില്‍ ആക്കുന്നു (നമ്മള്‍)
സ്പീഡില്‍ ഒട്ടിക്കുന്നു..(നമ്മള്‍)
സ്പീഡില്‍ പോസ്റ്റ്‌ ഓഫീസിലേയ്ക്ക് നടക്കുന്നു...(നമ്മള്‍)
സ്പീഡില്‍ രജിസ്റ്റര്‍ ചെയ്യുന്നു...(അവര്‍)
സ്പീഡില്‍ ചാക്കില്‍ ഇടുന്നു...(അവര്‍) ....... ഇത്രേയുള്ളൂ...

ബാക്കിയെല്ലാം വെറും സാദാ.. ഹ ഹ

Post a Comment

നന്ദി....വീണ്ടും വരിക