Pages

Friday, January 13, 2012

‘സ്നേഹസ്പര്‍ശം’ - ഒരു നല്ല നാളേക്ക്

‘സ്നേഹസ്പര്‍ശം’ - പേരില്‍ തന്നെ ഒരു സ്നേഹം തുളുമ്പുന്ന ഒരു പദ്ധതി.അതേ കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വൃക്ക രോഗികളുടെ ക്ഷേമത്തിനായി തുടങ്ങുന്ന ഒരു പദ്ധതിയാണ് സ്നേഹസ്പര്‍ശം.ഒന്നാം ഘട്ടത്തില്‍ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായമാണ് ഉദ്ദേശിക്കുന്നത്.ഒരു രോഗിക്ക് ഒരു ഡയാലിസിസിന് 250 രൂപ എന്ന നിരക്കില്‍ ഒരു മാസം 3000 രൂപ നല്‍കും.ഡയാലിസിസും അനുബന്ധ ചികിത്സകളുമായി ഒരു രോഗിക്ക് മുപ്പതിനായിരം രൂപയോളം മാസത്തില്‍ ചിലവ് വരുന്നു എന്നറിയുമ്പോള്‍ ഈ തുക ഒന്നിനും തികയില്ല എന്നത് ശരി തന്നെ.എന്നാലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡയാലിസിസ് എണ്ണം സ്വയം കുറക്കുന്ന ഒരു പ്രവണത വളര്‍ന്നു വരുന്നത് കാണുന്നതിനാല്‍ ഈ സഹായം ഒരു കൈതാങ്ങായി പ്രവര്‍ത്തിക്കും എന്നത് തീര്‍ച്ച.

വൃക്ക രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള ബോധവല്‍ക്കരണവും പരിശൊധനാക്യാമ്പുമാണ് അടുത്ത ഘട്ടം.പരിശോധനക്കായി ജില്ലയിലെ എല്ലാ‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെസിഡന്‍സ് അസോസിയേഷനുകളിലും, സുസജ്ജമായ ഒരു വാഹനവും മെഡിക്കല്‍ ടീമും എത്തും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.35 ലക്ഷത്തോളം ചെലവ് വരുന്ന ഡയാലിസിസ് യൂണിറ്റ് അടക്കമുള്ള വാഹനം മലബാര്‍ ഗോള്‍ഡ് സ്പോണ്‍സര്‍ ചെയ്തുകഴിഞ്ഞു.അതിനാല്‍ ആ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

അവസാന ഘട്ടത്തില്‍ പൂര്‍ണ്ണമായും സൌജന്യമായി ഡയാലിസിസ് സൌകര്യം നല്‍കുന്ന ഒരു സെന്ററും വിഭാവനം ചെയ്യുന്നു.ജില്ലയിലെ മുഴുവന്‍ വൃക്ക രോഗികള്‍ക്കും ഇത് ആശ്വാസം പകരും എന്ന് തന്നെയാണ് പ്രതീക്ഷ.

വളരെയധികം പണച്ചിലവ് വരുന്ന ഈ പദ്ധതി സുമനസ്സുകളുടെ സഹായത്താല്‍ വിജയം കാണും എന്ന് തന്നെയാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.എന്റെ സ്വന്തം ജില്ലയായ മലപ്പുറത്ത് ഈ പദ്ധതി ജനപങ്കാളിത്തത്തോടെ വന്‍ വിജയമാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട് എന്നതിനാല്‍ കോഴിക്കോടും ഇത് സാധ്യമാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇന്ന് നമ്മുടെ അയല്‍‌വാസിക്ക് അല്ലെങ്കില്‍ അകന്ന ബന്ധുവിന് ആണ് ഈ രോഗം പിടിപെട്ടതെങ്കില്‍ നാളെ നാമും ഈ അവസ്ഥയില്‍ എത്തിയേക്കാം.നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്റെ കോഴിക്കോട് ജില്ലയിലെ എല്ലാ യൂണിറ്റുകളും ഈ മഹല്‍ സംരംഭവുമായി സഹകരിക്കുന്നു.ലോകത്ത് ഒരു ഗ്യാരണ്ടിയും വാറണ്ടിയും ആരും വാഗ്ദാനം ചെയ്യാത്ത ഒരേ ഒരു സാധനം മനുഷ്യശരീരമാണ് എന്നതിനാല്‍ എല്ലാവരും ഈ സംരംഭത്തോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.ഒപ്പം എല്ലാ ജില്ലയിലും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാക്കി സമൂഹത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുന്ന എല്ലാ രോഗങ്ങളേയും മറികടക്കാനും തടഞ്ഞു നിര്‍ത്താനും പ്രയത്നിക്കണമെന്നും അപേക്ഷിക്കുന്നു.

1 comments:

Areekkodan | അരീക്കോടന്‍ said...

ലോകത്ത് ഒരു ഗ്യാരണ്ടിയും വാറണ്ടിയും ആരും വാഗ്ദാനം ചെയ്യാത്ത ഒരേ ഒരു സാധനം മനുഷ്യശരീരമാണ് എന്നതിനാല്‍ എല്ലാവരും ഈ സംരംഭത്തോട് സഹകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക