Pages

Tuesday, July 31, 2012

ഇതോ ദൈവത്തിന്റെ സ്വന്തം നാട് - 3 ?

                    ഒരു സാമൂഹ്യജീവി എന്ന നിലയില്‍ സമൂഹത്തിലെ മറ്റുള്ളവരേയും കൂടി ശ്രദ്ധിക്കേണ്ട ബാദ്ധ്യതയെപറ്റിയും മറ്റും ഞാന്‍ ഈ ബ്ലോഗിലൂടെ പല സ്ഥലത്തും പറഞ്ഞിരുന്നു.അത്തരത്തില്‍ ഒരു പോസ്റ്റ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ ഇടുകയും ചെയ്യിരുന്നു.നിര്‍ഭാഗ്യവശാല്‍ അതിന് ലഭിച്ച പ്രതികരണം നാമമാത്രമായിരുന്നു.അതിന്റെ കാരണം ഞാന്‍ കണ്ടെത്തിയത് ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടപ്പോഴാണ്.
                    കോഴിക്കോട് തൊണ്ടയാട് ജംഗ്‌ഷനില്‍  സിഗ്നലും കാത്ത് കിടക്കുന്ന ബസ്സില്‍ നിന്ന് ഞാന്‍ വെറുതെ ഒന്ന് പുറത്തേക്ക് നോക്കി.ഒരു റോഡിലൂടെ നിരവധി വാഹനങ്ങള്‍ ഒഴുകുന്നു.മറ്റു മൂന്ന് റോഡിലും വാഹനങ്ങള്‍ കാത്ത് കിടക്കുന്നു.വാഹനങ്ങളില്‍ മിക്കതും ഇരു ചക്ര വാഹനങ്ങളാണ്. ജംഗ്‌ഷനില്‍ അപകടം തുടര്‍ക്കഥയായതിനാല്‍ പോലീസിന്റെ സാന്നിദ്ധ്യം സ്ഥിരമാണ്. ഇപ്പോള്‍ ഒരു ജീപ്പും രണ്ടിലധികം ഏമാന്മാരും കൂടി ഉണ്ടാകാറുണ്ട്. അവരുടെ ലക്ഷ്യം ബ്ലോക്കില്‍ പെട്ടുപോകുന്ന ഹെല്‍മറ്റിടാത്ത ഇരുചക്രവാഹനക്കാര്‍ തന്നെ എന്ന് വ്യക്തം.ദിവസവും നൂറിലധികം പേരെ ഇങ്ങനെ ട്രാഫിക് ജാം വലയില്‍ നിന്ന് കിട്ടാറുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
                       പുറത്തേക്ക് നോക്കിയ ഞാന്‍ ശ്രദ്ധിച്ചതും ഇരുചക്രവാഹനക്കാരെ തന്നെയായിരുന്നു. ഒന്നോ രണ്ടൊ പേരൊഴികെ എല്ലാവരും ഹെല്‍മറ്റ് ധാരികള്‍! ജനങ്ങള്‍ ഇത്രയധികം ബോധവല്‍ക്കരിക്കപ്പെട്ടോ എന്ന ചിന്ത വരുന്നതിന് മുമ്പേ എന്റെ കണ്ണ് മറ്റൊരു യാഥാര്‍ത്ഥ്യം കൂടി കണ്ടെത്തി. മിക്ക ഹെല്‍മറ്റുകളും തലയില്‍ ഒരു ചട്ടിത്തൊപ്പി വച്ച പോലെയുള്ളവയായിരുന്നു.വല്ല അപകടവും സംഭവിച്ചാല്‍ അതും കൂടി കുത്തിക്കയറി കൂടുതല്‍ പരിക്ക് പറ്റുക എന്നല്ലാതെ ഒരു സംരക്ഷണവും നല്‍കാത്ത ഒരു സാധനം. പക്ഷേ നമ്മുടെ നിയമ പ്രകാരം അതു മതി പോലീസില്‍ നിന്നും രക്ഷപ്പെടാന്‍.
                         സ്വന്തം ജീവന് രക്ഷ ഉണ്ടാവട്ടെ എന്ന് കരുതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതും ഇതുപോലെയുള്ള നിരവധി നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നത്.നിര്‍ഭാഗ്യവശാല്‍ നിയമങ്ങള്‍ അനുസരിക്കുക എന്നതിനെക്കാളും അതിലെ പഴുതുകള്‍ കണ്ടെത്തി രക്ഷപ്പെടുക എന്നതാണ് മലയാളികളുടെ സ്വഭാവം.ഇവിടെയും സംഭവിച്ചത് അത് തന്നെ.
                        സ്വന്തം ശരീരത്തെപറ്റിയും ജീവനെപറ്റിയും ശ്രദ്ധയില്ലാത്ത ഒരു സമൂഹത്തില്‍ അന്യന്റെ കാര്യം കേള്‍ക്കാനോ ശ്രദ്ധിക്കാനോ ആര്‍ക്കാണ് സമയം കിട്ടുക. അത് തന്നെയാണ് എന്റെ ഈ പോസ്റ്റിനും ഇതുപോലെയുള്ള നിരവധി പോസ്റ്റുകള്‍ക്കും നല്ല പ്രതികരണം ഇല്ലാതെ പോയത് എന്നത് എനിക്ക് വ്യക്തമായി.വീണ്ടും എനിക്ക് ചോദിക്കാന്‍ തോന്നുന്നു - ഇതോ ദൈവത്തിന്റെ സ്വന്തം നാട് ?

4 comments:

ajith said...

ദൈവത്തിന്റെ സ്വന്തനാട് എന്നത് ദൈവമിട്ട പേരൊന്നുമല്ലല്ലോ.

മനുഷ്യര്‍ക്ക് എങ്ങിനെ വേണമെങ്കിലും പേരിടാം

ദൈവം ഒരു നാട് തന്റെ സ്വന്തമെന്ന് കരുതുമ്പോഴാണ് പേരിന് അര്‍ത്ഥമുണ്ടാകുന്നത്.

കുട്ടുറൂബ്‌ said...

ദൈവത്തിന്റെ സ്വന്തം നാട് എന്നുവച്ചാല്‍ ...ഇവിടെ എന്തെങ്കിലും നടക്കണം എന്നുണ്ടെങ്കില്‍ ദൈവം മാത്രം വിചാരിക്കണം .എന്നര്‍ത്ഥം !!

Areekkodan | അരീക്കോടന്‍ said...

അജിത്‌ജീ...എന്നിട്ടും മറ്റാരും എന്താ ഈ അവകാശവാദവുമായി മുന്നോട്ട് വരാത്തത്?

കുട്ടുറൂബ്...അത് ശരിയാ

അഷ്‌റഫ്‌ സല്‍വ said...

ഇന്റെ അമ്മായി പറയും " എല്ലാ യന്ത്ര വാഹനങ്ങളും സഹിച്ചാം ..ഈ "നടേല് ഇറുക്കി " ആണ് വല്യ തൊന്തരവ്‌ ..:)

Post a Comment

നന്ദി....വീണ്ടും വരിക