Pages

Saturday, August 03, 2013

മുറ്റത്തൊരു വൃക്ഷവൈവിദ്ധ്യം

മഴ തിമര്‍ത്തു പെയ്തുകൊണ്ടിരിക്കുന്നു.അന്തരീക്ഷവും ഭൂമിയും എല്ലാം നന്നായി തണുത്തു.വേനല്‍ കാലത്ത് നാം അനുഭവിച്ച ചൂട് ഇപ്പോള്‍ നമ്മുടെ ആരുടേയും മനസ്സില്‍ എവിടേയും തങ്ങി നില്‍ക്കുന്നുണ്ടാകില്ല എന്നുറപ്പ്.പക്ഷേ കര്‍ക്കിടകത്തില്‍ പത്ത് വെയില്‍ എന്ന പഴമൊഴി പ്രകാരമുള്ള ആദ്യ വെയില്‍ ലഭിച്ചപ്പോഴേ ഒരു ദിവസം മഴ മാറി നിന്നാല്‍ അനുഭവിക്കുന്ന ചൂട് പലര്‍ക്കും അലോസരം സൃഷ്ടിച്ചു.

തിമര്‍ത്ത് പെയ്യുന്ന ഈ മഴക്കാലത്ത് വീട്ടുമുറ്റത്ത് ഒരു തൈ എങ്കിലും നടാന്‍ എത്ര പേര്‍ക്ക് സമയം ലഭിച്ചു എന്ന ഒരു കുഞ്ഞു ചോദ്യമാണ് ഇന്ന് എന്റെ മനസ്സില്‍ പൊങ്ങിവരുന്നത്.ഫലവൃക്ഷത്തൈ ആയാലും മറ്റെന്തെങ്കിലും വൃക്ഷത്തൈ ആണെങ്കിലും പരമാവധി പത്ത് മിനുട്ട് മാത്രമേ ഈ ഒരു പ്രവൃത്തിക്ക് സമയമെടുക്കുകയുള്ളൂ. മുറ്റത്തെ മരം വീട്ടിനകത്തെ ചൂട് പകുതിയാക്കും എന്നത് പലരും അനുഭവിച്ചറിഞ്ഞ സത്യമാണ്.

എന്റെ തറവാട് വീടിന് ചുറ്റും എന്റെ പ്രിയ പിതാവ് നട്ടുപിടിപ്പിച്ച  വിവിധ തരം മരങ്ങള്‍ നല്‍കുന്ന തണുപ്പ് ഞങ്ങള്‍ ഈ വേനലിലും നന്നായി ആസ്വദിച്ചു.കൊടും ചൂടില്‍ നടന്നു വന്നാലും വീട്ടിനുള്ളീല്‍ കയറുമ്പോള്‍ ലഭിക്കുന്ന ആശ്വാസത്തിന് കാരണക്കാര്‍ തണല്‍ വിരിച്ച് നില്‍ക്കുന്ന ഈ മരങ്ങള്‍ മാത്രമാണ്.കണിക്കൊന്ന, ചെമ്പകം തുടങ്ങീ പൂമരങ്ങളും സപ്പോട്ട , മാവ്,ആത്തച്ചക്ക,ചാമ്പക്ക  തുടങ്ങിയ ഫലവൃക്ഷങ്ങളും ജാതിക്ക,നെല്ലിക്ക തുടങ്ങീ ഔഷധസസ്യങ്ങളും നല്‍കുന്ന തണലും തണുപ്പും ആസ്വദിക്കാന്‍ വേനല്‍ക്കാലത്ത് മറ്റു വീട്ടുകാരും പലപ്പോഴും വരാറുണ്ട്.

എന്റെ പുതിയ വീടിന്റെ പണി ആരംഭിച്ചപ്പോഴേ മുറ്റത്ത് ഈ വൃക്ഷവൈവിദ്ധ്യം ഉണ്ടാക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.മന്ദാരം കഴിഞ്ഞ വര്‍ഷം തന്നെ പൂത്തു.രാജമല്ലിയും ഇലഞ്ഞിയും അത്യാവശ്യം ഉയര്‍ന്നു കഴിഞ്ഞു.പേരക്കയും മൂവാണ്ടന്‍ മാവും  ഫലങ്ങള്‍ തന്നു തുടങ്ങി.റോസാപ്പിള്‍ ഉടന്‍ കായ്ക്കും എന്ന് പ്രതീക്ഷിക്കുന്നു.ഞാവലും അത്യാവശ്യം ഉയര്‍ന്നു കഴിഞ്ഞു.മുട്ടപ്പഴത്തിന്റെ തൈയും നീര്‍മാതളത്തിന്റെ തൈയും സീതപ്പഴത്തിന്റെ തൈയും രണ്ട് മീറ്ററോളം ഉയര്‍ന്നു കഴിഞ്ഞു.ചെറുനാരങ്ങ തൈയും അരിനെല്ലിക്കാ തൈയും എന്നെക്കാളും ഉയര്‍ന്നു നില്‍ക്കുന്നു.പതിനെട്ടാം പട്ട എന്ന രണ്ട് തെങ്ങിന്‍ തൈകള്‍ നന്നായി വന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നട്ട ആപ്പിള്‍ ചാമ്പയും ഈ വര്‍ഷം നട്ട സപ്പോട്ട , സേലന്‍ മാവ്‌ എന്നിവയും പിടിച്ചു വരുന്നു.ഞാന്‍ തന്നെ നട്ട പേരറിയാത്ത വേറെ രണ്ട് മരങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.പിന്നെ പണ്ടേതോ കാലത്ത് തന്നെ പറമ്പിന്റെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന മഹാഗണി വടവൃക്ഷമായും നില്‍ക്കുന്നു.

 ഇതൊക്കെ ഉണ്ടാക്കാന്‍ എത്ര സ്ഥലം വേണം എന്നായിരിക്കും പലരുടേയും സംശയം. ഈ മരങ്ങളും 2200ഓളം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള എന്റെ വീടും സ്ഥിതി ചെയ്യുന്നത് പത്ത് സെന്റോളം മാത്രം സ്ഥലത്താണ് .തൊട്ടടുത്ത സ്ഥലത്തിന്റെ ചുറ്റുമതിലിന്റെ പണി കൂടി കഴിയുന്നതോടെ  ഇനിയും മരങ്ങള്‍ വച്ചു പിടിപ്പിക്കാം എന്നാണെന്റെ പ്രതീക്ഷ. വീട് പണി തുടങ്ങുമ്പോള്‍ തന്നെ തൈകളും നട്ടാല്‍ പാലുകാച്ചല്‍ ആകുമ്പോഴേക്കും അതില്‍ നിന്നുള്ള ഫലങ്ങളും അനുഭവിക്കാം എന്ന് ഞാന്‍ അനുഭവത്തിന്റെ വെളീച്ചത്തില്‍ പറയുന്നു.ഒരു വൃക്ഷത്തൈ എങ്കിലും വച്ചു പിടിപ്പിക്കാന്‍ ഈ മഴക്കാലത്ത് ശ്രദ്ധിക്കണം എന്ന് മാത്രം വിനീതമായി ഉണര്‍ത്തുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

വീട് പണി തുടങ്ങുമ്പോള്‍ തന്നെ തൈകളും നട്ടാല്‍ പാലുകാച്ചല്‍ ആകുമ്പോഴേക്കും അതില്‍ നിന്നുള്ള ഫലങ്ങളും അനുഭവിക്കാം എന്ന് ഞാന്‍ അനുഭവത്തിന്റെ വെളീച്ചത്തില്‍ പറയുന്നു.

ajith said...

നല്ല മാതൃക
നല്ല ലേഖനം

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക