Pages

Wednesday, August 07, 2013

ന്യൂസ് പേപ്പര്‍ ബോയ്

നോമ്പുകാലത്ത് ലഭിക്കുന്ന അവധി ദിവസങ്ങളില്‍ സാധാരണ ഗതിയില്‍ സുബഹി നമസ്കാരത്തിന് ശേഷം വീണ്ടും ഉറങ്ങാറാണ് പതിവ്. തിങ്കളാഴ്ച ലഭിക്കേണ്ട മാതൃഭൂമി തൊഴില്‍ വാര്‍ത്ത ലഭിക്കാത്തതിനാല്‍ പത്രം ഇടുന്ന പയ്യനെ കണ്ട് ചോദിക്കാം എന്ന് കരുതി ഞാന്‍ ഉറങ്ങാതെ കാത്തിരുന്നു.പ്രകാശം പരക്കുന്നതിന് മുമ്പ് ഇരുട്ടില്‍ വരുന്ന അവനെ കാണാനായി ഞാന്‍ ജനല്‍ പൊളികള്‍ തുറന്നിട്ടു കാത്തിരുന്നു.

ഇരുപത് മിനുട്ടോളം കാത്തിരുന്നിട്ടും പയ്യന്‍ വന്നില്ല.പക്ഷേ സാധാരണ എട്ട് മണിയായാലും എണീക്കാ‍ത്ത മക്കള്‍ മൂന്ന് പേരും ഉറക്കമുണര്‍ന്ന് പുറത്ത് ഉലാത്തിക്കൊണ്ടിരുന്ന എന്റെ അടുത്തെത്തി.ചെറിയ മോളും ഉണര്‍ന്നതിനാല്‍ ഭാര്യയും എണീറ്റു പോന്നു.എല്ലാവരുടേയും എണീറ്റുവരവിന്റെ പൊരുള്‍ മനസ്സിലാകാതെ നില്‍ക്കുമ്പോള്‍ ഭാര്യ പറഞ്ഞു.
“അത് ശരി....വെറുതെയല്ല അകത്ത് മുഴുവന്‍ കൊതുകുകള്‍....രണ്ട് ജനലും തുറന്നിട്ടിരിക്കുകയല്ലേ...”

ജനല്‍ തുറന്നത്കാരണം കൊതുകുകള്‍ അകത്ത് കയറി അവരുടെ ഉറക്കം കെടുത്തി.അങ്ങനെ എല്ലാവരും ഉറക്കമൊഴിച്ച് നില്‍ക്കുന്ന എന്നോട് ഐക്യദാര്‍ഢ്യം കാട്ടി!

അല്പസമയത്തിനകം നമ്മുടെ കഥാനായകന്‍ മന്ദം മന്ദം എത്തി.പത്രം കയ്യിലേക്ക് നീട്ടിയപ്പോള്‍ ഞാന്‍ തൊഴില്‍ വാര്‍ത്തചോദിച്ചു.അവന്‍ കൈ മലര്‍ത്തി.പെരുന്നാള്‍ പൈസ എന്ന നിലക്ക് എന്തെങ്കിലും കൊടുക്കാനായി ഒരു കൌതുകത്തിന് ഞാന്‍ ചോദിച്ചു.

“ഡ്രെസ്സ് എടുത്തോ?”

“കുപ്പായം എടുത്തില്ല...”
“ങേ...അതെന്താ...നാളെ പെരുന്നാള്‍ അല്ലേ?”
“ഇതിന്റെ കാശ് കിട്ടിയിട്ട് വേണം..”
“അപ്പോ നിന്റെ ബാപ്പക്ക് പണിയില്ലേ?”
“ബാപ്പ പനിച്ച് കിടപ്പിലാണ്..”
“വീട്ടില്‍ മറ്റാരൊക്കെയുണ്ട്?”
“ഉമ്മയും മൂന്ന് അനിയന്മാരും”
“ഉമ്മ പണിക്ക് പോകാറുണ്ടോ?”
“ഇല്ല”
“അപ്പോ ബാക്കിയുള്ളവര്‍ക്കുള്ള ഡ്രെസ്സോ?”
അവന്‍ മൌനത്തിലായി.കീശയില്‍ കരുതിയിരുന്ന കാശ് ഞാന്‍ അവിടെ തന്നെ വച്ചു.മൂത്ത മോളോട് പെഴ്സ് കൊണ്ടുവരാന്‍ പറഞ്ഞു.തല്‍ക്കാലം അവനെങ്കിലും ഒരു പെരുന്നാള്‍ കോടി എടുക്കാനുള്ള കാശ് ഞാന്‍ കൊടുത്തു. അവന്‍ സന്തോഷത്തോടെ അത് സ്വീകരിച്ചു.

അവന്‍ പോയപ്പോള്‍ ഞാന്‍ എന്റെ മക്കളോട് പറഞ്ഞു. ”മക്കളേ. മനസ്സിലായോ  നിങ്ങള്‍ എത്ര വലിയ അനുഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന്...ദൈവത്തെ സ്തുതിച്ചു കൊള്ളുക , ഈ അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്തതിന്...”


6 comments:

Areekkodan | അരീക്കോടന്‍ said...

തല്‍ക്കാലം അവനെങ്കിലും ഒരു പെരുന്നാള്‍ കോടി എടുക്കാനുള്ള കാശ് ഞാന്‍ കൊടുത്തു. അവന്‍ സന്തോഷത്തോടെ അത് സ്വീകരിച്ചു.

Echmukutty said...

ഇങ്ങനെ എത്ര പേര്‍ അല്ലേ? ....

ajith said...

എത്ര നന്മകള്‍!!

വീകെ said...

പെരുന്നാൾ ആശംസകൾ...

Unknown said...

അൽഹംദുലില്ലാ.., സർവ്വ കാരുണ്യവാനായ അള്ളാഹുവിനു സ്തുതി...

Cv Thankappan said...

പെരുന്നാള്‍ ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക