Pages

Wednesday, November 13, 2013

ജോഗ് വെള്ളച്ചാട്ടത്തിലേക്ക്…..1 (അരസിക്കര -4)


      ഈ യാത്രയിലെ ഞങ്ങളുടെ പ്രധാന സന്ദശന സ്ഥലം ജോഗ് വെള്ളച്ചാട്ടം തന്നെയായിരുന്നു.അരസിക്കര നിന്നും രാവിലെ 9 മണിക്കുള്ള ട്രെയിൻ കയറിയാൽ ഒരു മണിയോടെ തലഗുപ്പ എന്ന സ്റ്റേഷനിൽ എത്താമെന്നും അവിടെ നിന്നും വാഹനം പിടിച്ച് ജോഗ് വെള്ളച്ചാട്ടത്തിൽ എത്താമെന്നും നുഹ്മാൻ പറഞ്ഞു.



പറഞ്ഞപ്രകാരം ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും പാത്രത്തിലാക്കി ഞങ്ങൾ നേരത്തേ തന്നെ സ്റ്റേഷനിൽ എത്തി.
ദയവിട്ടു കമനുസി.ഗാഡി നമ്പർ ഒത്തു എരടു മൂരു അരസിക്കര .തലഗുപ്പാ തലഗുവാ” കന്നടയിലുള്ള അനൌൺസ്മെന്റ് എനിക്ക് ഏകദേശം മനസ്സിലായി.



          ജോഗ് വെള്ളച്ചാട്ടത്തിലേക്ക് അരസിക്കരയിൽ നിന്നും ഏകദേശം 200 കി.മീ ദൂരമുണ്ട്. തലഗുപ്പ വരെ പോകുന്ന ട്രെയിൻ അല്ലെങ്കിൽ ബസ് ആണ് എത്തിച്ചേരാനുള്ള മാർഗ്ഗം.മൈസൂരിൽ നിന്നും ബാംഗ്ലൂരിൽ നിന്നും മറ്റ് റൂട്ടുകൾ വഴിയും ജോഗ് വെള്ളച്ചാട്ടത്തിലേക്ക് എത്താം.ശിവന്റെ മുഖം എന്നർത്ഥമുള്ള ശിവമൊഗ്ഗ ലോപിച്ചുണ്ടായ ഷിമോഗയാണ് ഏറ്റവും അടുത്ത പട്ടണം. ഷിമോഗയിൽ നിന്നും 100 കി.മീ ദൂരം സഞ്ചരിച്ചാലേ ജോഗിലെത്തൂ.

        തലഗുപ്പ എന്ന ഓണം കേറാമൂല പോലെയുള്ള ഒരു റെയില്‍‌വേ സ്റ്റേഷനില്‍ ഞങ്ങള്‍ ട്രെയ്നിറങ്ങി.പുറത്ത് നിന്നും ഒരു മാരുതി ഓംനി വാന്‍ വാടകക്കെടുത്ത് ഞങ്ങളുടെ യാത്ര തുടര്‍ന്നു.പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ താണ്ടുമ്പോള്‍ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി തന്നെയാണോ എന്ന് സംശയമുയര്‍ന്നു. നമ്മുടെ നാട്ടിലെ സാദാടൂറിസ്റ്റ് സ്ഥലങ്ങളിലേക്കുള്ള അത്രപോലും വാഹനത്തിരക്കും എവിടേയും അനുഭവപ്പെട്ടില്ല. സൂചനാഫലകങ്ങളും അധികം കാണാത്തതിനാല്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പ്രകൃതിയുടെ ഈ വരദാനം ഉപയോഗപ്പെടുത്തുന്നില്ല എന്ന തോന്നല്‍ ശക്തമാക്കി.


         1000 അടിയോളം ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ്. ശരാവതി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മഴക്കാലത്താണ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ഭീകരതയും ഒരുമിച്ച് അനുഭവപ്പെടുക.പക്ഷേ മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ താഴേക്ക് ഇറങ്ങാന്‍ അനുവാദമില്ല.അല്പം മുകളിലായി സ്ഥിതി ചെയ്യുന്ന അണക്കെട്ടില്‍ നിന്നുള്ള നീരോഴുക്കിനനുസരിച്ചാണ് വെള്ളച്ചാട്ടത്തിന്റെ ശൌര്യം.അതിനാല്‍ വേനല്‍ക്കാലത്ത് മിക്കവാറും നൂല് പോലെയായിരിക്കും ജോഗ് വെള്ളച്ചാട്ടം.





(തുടരും.......)





6 comments:

Areekkodan | അരീക്കോടന്‍ said...

1000 അടിയോളം ഉയരമുള്ള ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ്. ശരാവതി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മഴക്കാലത്താണ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും ഭീകരതയും ഒരുമിച്ച് അനുഭവപ്പെടുക.

Cv Thankappan said...

നന്നായിട്ടുണ്ട്
ആശംസകള്‍

ajith said...

മനോഹരവും ഭയപ്പെടുത്തുന്നതുമായ ജോഗ് വെള്ളച്ചാട്ടം!

mini//മിനി said...

ചിത്രങ്ങൾ നന്നായി,, എന്നാലും പെട്ടെന്ന് തീർന്നല്ലൊ,,,

ശ്രീ said...

2 കൊല്ലം മുന്‍പാണ് ഇവിടം സന്ദര്‍ശിച്ചത്. ഹൊ! ആ പടികള്‍ മുഴുവനും ഇറങ്ങി, തിരിച്ചു കയറിയപ്പോഴേയ്ക്കും ഒരു പരുവമായി!!!

Rajeev Daniel said...

ഇപ്പോളാണ് പോയത്. ഞങ്ങൾ നവംബർ ആദ്യത്തെ ആഴ്ച പോയി. വെള്ളമുണ്ടാവുമെന്ന പ്രതീക്ഷ പക്ഷെ തെറ്റി

Post a Comment

നന്ദി....വീണ്ടും വരിക