Pages

Friday, November 15, 2013

ജോഗ് വെള്ളച്ചാട്ടത്തിലേക്ക്…..2 (അരസിക്കര - 5)

ജോഗില്‍ ഞങ്ങളെത്തുമ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. ചാറല്‍മഴക്കൊപ്പം വന്ന കോട ജോഗിനെ മുഴുവന്‍ മൂടിപ്പുതച്ചിരുന്നു.തൊട്ടുമുന്നിലുള്ള ആളെപ്പോലും വ്യക്തമായി കാണാനാകാത്ത അത്രയും കോറ്റ വ്യാപിച്ചിരുന്നു. തണുത്ത കാറ്റ് കൂടിയായപ്പോള്‍ ഞങ്ങളില്‍ പലര്‍ക്കും വിറയല്‍  തുടങ്ങി. വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴേക്ക് ഇറങ്ങിപ്പോകാന്‍ പറ്റില്ല എന്ന് ആദ്യമേ അറിഞ്ഞതിനാലുണ്ടായിരുന്ന നിരാശ, കോട മൂടിയ അന്തരീക്ഷമായതിനാല്‍ വെള്ളച്ചാട്ടം തന്നെ കാണാന്‍ പറ്റില്ലേ എന്ന ഭീതിയിലേക്ക് വഴി മാറി. അഗാധമായ ഗര്‍ത്തത്തിലേക്ക് തലകുത്തി വീഴുന്ന വെള്ളത്തിന്റെ ഭീകരശബ്ദം ഞങ്ങളുടെ കാതുകളില്‍ വന്നലച്ചു.
“സാര്‍ ഫോട്ടൊ...” ചെന്നിറങ്ങിയ ഉടനെ ഇന്‍സ്റ്റന്റ് ഫോട്ടോഗ്രാഫര്‍മാര്‍ ഞങ്ങളുടെ പിറകെക്കൂടി. അവര്‍ കാണിച്ച ഫോട്ടോയില്‍ നിന്നും കോടക്കുള്ളില്‍ മറഞ്ഞ് നില്‍ക്കുന്ന ജോഗിന്റെ മനോഹാരിത മനസ്സിലാക്കി.
“സാര്‍...ഫോട്ടോ...” അയാള്‍ വീണ്ടും പറഞ്ഞു.
“ഫാള്‍ കൈസ ദേഖേഗ ?” ഞാന്‍ തിരിച്ച് ചോദിച്ചു.
“ഹവാ ആനെ ഹൊ തൊ ക്ലിയര്‍ ഹോഗ...ബര്‍സാത്ത് ഹോനെ ഭീ ക്ലിയര്‍ ഹോഗ...“
കാറ്റടിച്ചാലും മഴ പെയ്താലും കോട മാറും എന്ന്. അതിനാല്‍ തണുപ്പകറ്റാനായി അടുത്ത് കണ്ട ചായക്കടയിലേക്ക് ഞങ്ങള്‍ കയറി. നറും പാലില്‍ ചായപ്പൊടി ഇട്ട് തിളപ്പിച്ച് തയ്യാറാക്കിയ ചുടുചായ ചെന്നതോടെ ശരീരം വീണ്ടും ഊര്‍ജ്ജസ്വലമായി. പുറത്ത് കോട നീങ്ങുന്നതിന്റെ ലക്ഷണം കണ്ടതോടെ ഞങ്ങള്‍ വേഗം വെള്ളച്ചാട്ടത്തിനടുത്തേക്ക് നീങ്ങി.അകലെ അവ്യക്തമായി ഒരു വെള്ളച്ചാട്ടം ദൃശ്യമായി. ചുറ്റുപാടും അവ്യക്തമായതിനാല്‍ ആകാശത്ത് നിന്നും താഴേക്ക് വീഴുന്നത് പോലെയായിരുന്നു അത്.ആ ദൃശ്യം തന്നെ ഞങ്ങളില്‍ പലരിലും ഭീതിയുളവാക്കി.ഇക്കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിവസം രണ്ട് പേര്‍ അതില്‍ നിന്നും താഴേക്ക് പതിച്ചു എന്ന ഭീകരവാര്‍ത്ത കൂടി കേട്ടപ്പോള്‍ ഒരു നിമിഷം പകച്ചുപോയി. കോട നീങ്ങും എന്ന പ്രതീക്ഷയില്‍ അല്പം കൂടി കാത്ത് നിന്നെങ്കിലും വീണ്ടും ശക്തമായ കോട കാഴ്ചകള്‍ മറച്ചു.
“നമുക്ക് വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്തേക്ക് പോയി നോക്കാം....” നുഹ്മാന്റെ അഭിപ്രായ പ്രകാരം ഞങ്ങള്‍ വണ്ടിയില്‍ കയറി വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തേക്ക് യാത്ര തുടര്‍ന്നു.പോകുന്ന വഴിയില്‍ ഒരു നദിക്ക് കുറുകെയുള്ള പാലം കടന്നു.നിറയെ പാറക്കെട്ടുകളോട് കൂടിയ നദി നുരഞ്ഞ് പതഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു.
“ഡാം തുറന്ന് വിട്ടിരിക്കുകയാണ്...അതിനാലാണ് താഴേക്ക് ഇറങ്ങാന്‍ പറ്റാത്തത്....ഈ വര്‍ഷം മഴ കാരണം നാല് തവണ ഡാം തുറന്ന് വിട്ടു. കഴിഞ്ഞ വര്‍ഷം ഒരു തവണ പോലും തുറന്നിരുന്നില്ല....” കര്‍ണ്ണാടകക്കാരനായി മാറിയ നുഹ്മാന്‍ യാത്രക്കിടയില്‍ വിശദീകരിച്ചു.അപ്പോഴേക്കും ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്തെത്തി.

നേരത്തെ ആകാശത്ത് അവ്യക്തമായി ദര്‍ശിച്ച വെള്ളച്ചാട്ടത്തിന്റെ ആരംഭം കണ്ട് ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. ആരോടോ വൈരാഗ്യം തീര്‍ക്കുന്ന പോലെ കൈവഴികളായി രൌദ്രഭാവത്തോടെ വെള്ളം അഗാധതയിലേക്ക് പതിച്ചു കൊണ്ടിരുന്നു.പ്രധാനമായും നാല് നീര്‍ച്ചാട്ടങ്ങളായാണ് കാണപ്പെട്ടത് , അവക്ക് വിവിധ പേരുകളും നല്‍കിയിരുന്നു - രാജ , റാണി , റോറര്‍ , റോക്കറ്റ് എന്നിങ്ങനെയായിരുന്നു പേരുകള്‍.
മുകള്‍ഭാഗത്ത് കോട മൂടല്‍ കുറവായിരുന്നെങ്കിലും മഴ ഇടക്കിടെ പെയ്തുകൊണ്ടിരുന്നു.പെട്ടെന്ന് തന്നെ മഴ മാറുന്നതിനാല്‍ അത് ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.ഇരുപത് രൂപ കൊടുത്താല്‍ കുട വാടകക്ക് കിട്ടുകയും ചെയ്യും!കുട്ടികളടക്കം എല്ലാവരും മഴ നനഞ്ഞ് തന്നെ വെള്ളച്ചാട്ടം ആസ്വദിച്ചു.അപ്പോഴാണ് അല്പം അകലെ നിന്ന് ഒരു ശബ്ദം മുഴങ്ങിക്കേട്ടത് - “മസാള ചിര്‍മുറി”. ഞങ്ങള്‍ എല്ലാവരും അങ്ങോട്ട് നോക്കി.

(തുടരും....)

3 comments:

Areekkodan | അരീക്കോടന്‍ said...

നേരത്തെ ആകാശത്ത് അവ്യക്തമായി ദര്‍ശിച്ച വെള്ളച്ചാട്ടത്തിന്റെ ആരംഭം കണ്ട് ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. ആരോടോ വൈരാഗ്യം തീര്‍ക്കുന്ന പോലെ കൈവഴികളായി രൌദ്രഭാവത്തോടെ വെള്ളം അഗാധതയിലേക്ക് പതിച്ചു കൊണ്ടിരുന്നു.പ്രധാനമായും നാല് നീര്‍ച്ചാട്ടങ്ങളായാണ് കാണപ്പെട്ടത് , അവക്ക് വിവിധ പേരുകളും നല്‍കിയിരുന്നു - രാജ , റാണി , റോറര്‍ , റോക്കറ്റ് എന്നിങ്ങനെയായിരുന്നു പേരുകള്‍.

ajith said...

ജോഗ് രൌദ്രഭാവത്തോടെ...!!

Cv Thankappan said...

“മസാള ചിര്‍മുറി”
ആശംസകള്‍ മാഷെ

Post a Comment

നന്ദി....വീണ്ടും വരിക