Pages

Wednesday, January 01, 2014

ഗോപാലേട്ടൻ എന്ന സൽമാൻ

         പുതുവർഷം സമാഗതമാകുമ്പോൾ പലർക്കും പലതും ഓർമ്മ വരും. ചിലർക്ക് ചെയ്യാതെ പോയ കാര്യങ്ങൾ ആണെങ്കിൽ മറ്റു ചിലർക്ക് ചെയ്യാൻ പറ്റാതെപോയ കാര്യങ്ങൾ ആയിരിക്കും.ചിലർക്ക് ജീവിതത്തിലെ അനർഘനിമിഷങ്ങൾ ആണ് ഓർമ്മ വരുന്നതെങ്കിൽ  ചിലർക്ക് കയ്പ്പേറിയ നിമിഷങ്ങൾ ആയിരിക്കും.ഓർമ്മയിൽ എത്തുന്നത്.ന്യൂ ഇയർ വരുമ്പോൾ എന്റെ മനസ്സിൽ ഓടി എത്തുന്നത് എന്റെ കുട്ടിക്കാലത്ത് സൽമാൻ ഗോപാലേട്ടനായ പ്രശസ്തമായ ആ സംഭവമാണ്.

      കുട്ടികളായ ഞങ്ങളിൽ പലരും സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത് വേനലവധിക്കാലത്താണ്. ഒരു വിധം ബാലൻസ് ഒപ്പിച്ചു കഴിഞ്ഞാൽ പിന്നെ, പല തരത്തിലും സ്വരൂപിച്ച് കിട്ടുന്ന 50 പൈസയുമായി കോരുകുട്ട്യേട്ടന്റെ സൈക്കിൾ കടയിൽ എത്തും.അരവണ്ടി , മുക്കാൽ വണ്ടി , ഫുൾ വണ്ടി എന്നിങ്ങനെയുള്ളതിൽ , വീണാൽ നിലത്ത് കാല് കുത്താൻ കഴിയുന്ന ഒരു സൈക്കിൾ തെരഞ്ഞെടുക്കും.സൈക്കിളെടുത്ത് തൊട്ടടുത്ത കൈപ്പക്കുളം പാടത്തെത്തി സുന്ദരമായി വട്ടത്തിൽ ചവിട്ടും.അതിനിടയിൽ കാശ് തികയാത്ത കുറേ ദരിദ്ര നാരായണന്മാർ ഒരു റൌണ്ട് അടിക്കാൻ സൈക്കിളിനായി കെഞ്ചും.പലപ്പോഴും ഞാൻ ആ വിഭാഗത്തിൽ വരുന്നതിനാൽ ചോദിക്കുന്നവർക്കൊക്കെ ഞാൻ സൈക്കിൾ നൽകും.

          സൈക്കിൾ ബാലൻസിൽ അഗ്രഗണ്യനായാൽ  അടുത്ത പാഠം  ഓവർലോഡ് വയ്ക്കാൻ പഠിക്കുക എന്നതാണ്. സൈക്കിളിന്റെ പിന്നിൽ ഒരാളെ കയറ്റുന്നതാണ് ഓവർലോഡ്  എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗമയിൽ സൈക്കിൾ ചവിട്ടി വരുമ്പോൾ ഒരുത്തൻ കൈകാട്ടി ഒരു ലിഫ്റ്റ് ചോദിച്ചിട്ട് അത് നൽകാൻ സാധിച്ചില്ലെങ്കിൽ പിറ്റേന്ന് തന്നെ അത് സ്കൂളിൽ പാട്ടാകും എന്നതിനാൽ ഈ അഭ്യാസവും എല്ലാവരും വേഗം സ്വായത്തമാക്കാൻ ശ്രമിക്കും.സൈക്കിൾ സവാരി പഠിക്കാതെ ഓസിന് മൂട്ടിൽ മാത്രം കയറുന്ന വിരുതന്മാരും അക്കാലത്തുണ്ടായിരുന്നു.

           ഓവർലോഡ് വയ്ക്കുന്നത് ഒരാളെയാണെങ്കിൽ, ചവിട്ടുന്ന ആൾ ചെറിയ മതിലിലോ മറ്റോ താങ്ങി നിന്ന് മറ്റെയാളെ  കയറ്റി ഇരുത്തി സാവധാനം മുന്നോട്ട് നീങ്ങുന്ന ഒരു രീതിയാണ് ഒന്ന്.ഓടുന്ന സൈക്കിളിൽ ചാടിക്കയറി ഇരിക്കുന്നതാണ് രണ്ടാമത്തെ രീതി.രണ്ടാമത്തെ രീതിയിൽ, കയറുന്നവനും ചവിട്ടുന്നവനും ഒരേ പോലെ എക്സ്പെർട്ട് അല്ലെങ്കിൽ ബാലൻസ് തെറ്റാനും കെട്ടിമറിഞ്ഞ് വീഴാനും മാത്രമേ സാധ്യതയുള്ളൂ.എങ്കിലും മിക്കപേരും രണ്ടാം രീതി ആണ് അവലംബിക്കാറ്.

          അങ്ങനെ ആ വർഷത്തെ കൃസ്തുമസ് അവധിയിലാണ് ഒരു മഹാസംഭവം നടന്നത്.വീട്ടിൽ സ്വന്തം സൈക്കിൾ ഉള്ളതിനാൽ സൈക്കിൾ സവാരിയിൽ അഗ്രഗണ്യനായ എന്റെ മൂത്തുമ്മയുടെ മകൻ സൽമാനും ഞങ്ങളുടെ അയൽ‌വാസി ഹരിദാസനും  സൈക്കിളിൽ ഓവർലോഡും വച്ച് നല്ല സ്പീഡിൽ ഇറക്കം വിട്ട് വന്ന് കൊണ്ടിരിക്കുന്നു.ആ ഇറക്കത്തിന്റെ അവസാനം രണ്ട് മൂന്ന് പോലീസുകാർ റോഡിൽ നിൽക്കുന്നു!(ഇന്ന് ഹെൽമെറ്റ് , സീറ്റ്ബെൽറ്റ് എന്നിങ്ങനെയുള്ള കേസുകളുടെ അന്നത്തെ വെർഷൻ ഓവുപാലത്തിൽ ഇരിക്കൽ , സൈക്കിളിൽ ഓവർലോഡ് വയ്ക്കൽ തുടങ്ങിയവയായിരുന്നു).പോലീസിനെ കണ്ടതും പിന്നിലിരുന്ന സൽമാൻ ചാടാൻ ശ്രമിച്ചു.പക്ഷേ സൈക്കിളിന്റെ സ്പീഡ് കാരണം അത് നടന്നില്ല.ഹരിദാസനാകട്ടെ സൈക്കിൾ ഒന്ന് നിർത്താൻ സകല ശക്തിയും ഉപയോഗിച്ച് ബ്രേക്ക് പിടിച്ചെങ്കിലും നേരെ പോയി നിന്നത് കൃത്യം പോലീസിന്റെ മുമ്പിൽ തന്നെ!

“ഇറങ്ങേടാ” പോലീസിന്റെ ശബ്ദം കേട്ടതും സൽമാൻ അറിയാതെ സൈക്കിളിൽ നിന്നും വീണു. ഹരിദാസൻ വിറച്ച് വിറച്ച് സൈക്കിൾ സൈഡാക്കി.

“എവിടുന്നാ വരുന്നത് ?” പോലീസിന്റെ അടുത്ത ചോദ്യം

“കോലോത്ത്ന്ന്.” (ഞങ്ങൾ സൈക്ക്ലിംഗ് പഠിക്കാൻ പോകുന്ന മറ്റൊരു സ്ഥലമാണ് കോലൊത്ത്.)

“ആഹാ.കോലോത്തും കൊട്ടാരത്തീന്നോ.നീ എന്താ മനുഷ്യനെ കളിയാക്കാ?” ഹരിദാസന്റെ ചെവി പിടിച്ച് തിരുമ്മിക്കൊണ്ട് പോലീസുകാരൻ ചോദിച്ചു.

‘അപ്പോൾ സത്യം പറഞ്ഞാൽ ചെവിക്ക് തിരുമ്മൽ കിട്ടും’ – മൂടും തട്ടി എണീക്കുന്നതിനിടയിൽ സൽമാന്റെ മനസ്സ് മന്ത്രിച്ചു.

“എന്താടാ നിന്റെ പേര്?”  സൽമാന്റെ നേരെ തിരിഞ്ഞ് പോലീസ് ചോദിച്ചു.

“ഗോപാലേട്ടൻ!!!“ ഇടം വലം നോക്കാതെ സൽമാൻ പറഞ്ഞു.

“ങേ!!“ പോലീസുകാരൻ ഞെട്ടി.സൽമാൻ കൂസലൊന്നുമില്ലാതെ നിന്നു.

“അപ്പോൾ നീ ഏത് ഏട്ടനാ?” ഹരിദാസന്റെ നേരെ തിരിഞ്ഞ് പോലീസ് ചോദിച്ചു.

“അദ്വാക്ക” ഹരിദാസനും പേര് മാറ്റി പറഞ്ഞു.

“അല്ല ഹരിദാസാ.നീ എന്നാ അദ്വാക്കയായത്?” ഹരിദാസന്റെ മറുപടി കേട്ട് സൽമാൻ ചോദിച്ചു.

“സൽമാൻ ഗോപാലേട്ടനായ അന്ന് മുതൽ ഹരിദാസൻ അദ്വാക്കയുമായി !!!“ ഹരിദാസൻ മറുപടി പറഞ്ഞു.

“കേറെടാ രണ്ടും ജീപ്പിൽ.ഓവർലോഡ് വച്ചതും പോരാ.പേരും മാറ്റി പറഞ്ഞ് പോലീസിനെ പറ്റിക്കാൻ നോക്കുന്നോനടക്ക് സ്റ്റേഷനിലേക്ക്.” പോലീസിന്റെ ആജ്ഞ കേട്ട് ഒരു ഞെട്ടലോടെ രണ്ട് പേരും ജീപ്പിൽ കയറി

സ്റ്റേഷനിൽ പോയി തിരിച്ചെത്തിയ ഹരിദാസനും സൽമാനും ഞങ്ങൾക്ക് തന്ന പുതുവത്സര സന്ദേശം ഇതായിരുന്നു – “ഡിസമ്പർ മാസത്തിൽ ഓവർലോഡ് പാടില്ല !!“

7 comments:

Areekkodan | അരീക്കോടന്‍ said...

പുതുവത്സര സന്ദേശം ഇതായിരുന്നു-“ഡിസമ്പർ മാസത്തിൽ ഓവർലോഡ് പാടില്ല !!“
ഒരു ന്യൂ ഇയര്‍ വെടി !!!

Echmukutty said...

ഇങ്ങനെ എന്തായാലും ഓവര്‍ ലോഡ് പാടില്ല..
പുതുവല്‍സരാശംസകള്‍

സാജന്‍ വി എസ്സ് said...

സൈക്കിള്‍ ഓവര്‍ ലോഡ് ഡയനോമോ ഇതിനൊക്കെ പോലീസ് പെട്ടി അടിച്ചിരുന്ന ഒരു കാലം....
ഇപ്പോഴോ....?

പുതുവല്‍സരാശംസകള്‍

OAB/ഒഎബി said...

:) :) :)

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഹ ഹ .. ഒരു പാട് പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയി ..........

ajith said...

ഹഹഹ
ഓവര്‍ലോഡഡ്

hisham said...

ennatheyum pole orupad chirikkan pattiya oru kada......nice

Post a Comment

നന്ദി....വീണ്ടും വരിക