Pages

Saturday, March 29, 2014

ജലന്ധർ സിറ്റിയിൽ….(ലുധിയാന-7)


“നല്ലൊരു ഊണ് കഴിക്കാൻ കൊതിയാവുന്നു സാർ”  സ‌മൃദ്ധമായ യൂത്ത്ഫെസ്റ്റിവൽ ഭക്ഷണത്തിനിടയിൽ  തീറ്റ ഹോബിയാക്കിയ കൂട്ടത്തിലെ ബേബി അഞ്ജു സലീം പറഞ്ഞപ്പോൾ എല്ലാവരും അത് ശരിവച്ചു.

“ ജിതിനിന്റെ അമ്മാവൻ ഇവിടെ എവിടെയോ ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ?” ഒരു ചെറിയ പ്രതീക്ഷയിൽ ഞാൻ പറഞ്ഞു.

“അതേ സാർ ജലന്ധർ സിറ്റിയിൽ ആണ് അമ്മാവൻ താമസിക്കുന്നത്നമ്മോട് ഒരു ദിവസം അവിടെ ചെല്ലണം എന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുമുണ്ട്

“ഫെസ്റ്റിവൽ 16 ന് സമാപിക്കും.അന്നും നമുക്ക് പ്രത്യേകിച്ച് ഒരു പരിപാടിയും ഇല്ല.രാവിലെത്തന്നെ ജലന്ധർ സിറ്റിയിലേക്ക് വിടാം. എന്താ അഭിപ്രായം ?” ഞാൻ വളണ്ടിയർമാരോട് ചോദിച്ചു.

“ഹം സബ് തയ്യാർ ഹേം” അഞ്ച് ദിവസം ലുധിയാനയിൽ നിന്നപ്പോഴേക്കും എല്ലാവരുടേയും നാവ് ഹിന്ദിയായി.

യൂത്ത്ഫെസ്റ്റിവൽ സമാപന ദിനത്തിന് തലേ ദിവസം തന്നെ ഞങ്ങൾക്കുള്ള ഓർമ്മഫലകം,ബാഗ്,സ്വറ്റർ തുടങ്ങിയവ എല്ലാം തന്നതിനാൽ സമാപന സമ്മേളനം എന്ന ബോറൻ പരിപാടിക്ക് നിൽക്കേണ്ടതില്ല എന്ന് തോന്നി.പലരും തലേ ദിവസം തന്നെ സ്ഥലം വിടുകയും ചെയ്തിരുന്നു.അതിനാൽ 16 ആം തീയതി രാവിലെ ഞങ്ങൾ വീണ്ടും ലുധിയാന റെയിൽ‌വേ സ്റ്റേഷനിലെത്തി. പക്ഷേ ജലന്ധറിലേക്ക് ട്രെയിൻ ഇല്ലായിരുന്നു. അതിനാൽ ട്രെയിൻ വരുന്നത് വരെ ചോട്ട മാർക്കറ്റിൽ വീണ്ടും ഷോപ്പിംഗ് നടത്താനായി ഞങ്ങൾ പിരിഞ്ഞു. ഇത്തരം യാത്രകളിൽ ഇനിയും ഉപയോഗിക്കാൻ വേണ്ടി 400 രൂപ കൊടുത്ത് ഞാനും ഒരു ജാക്കറ്റ് വാങ്ങി.പിന്നെ കുട്ടികൾക്കുള്ള ജീൻസ് , നൈറ്റ്ഡ്രെസ്സ്, ചുരിദാർ മറ്റീരിയലുകൾ തുടങ്ങിയവയും. ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ച് എത്തിയപ്പോൾ  എല്ലാവരുടെ കയ്യിലും ഓരോ ഭാണ്ഠങ്ങൾ തന്നെ ഉണ്ടായിരുന്നു.

‘ഞങ്ങളെ ഉദ്ദേശിച്ച ‘ ട്രെയിൻ കൃത്യസമയത്ത് തന്നെ എത്തി. ട്രെയിൻ ഫെയർ വളരെ തുച്ഛമായതിനാൽ സ്ഥലം അടുത്ത് തന്നെയായിരിക്കും എന്ന ധാരണയിൽ സാദാ ടിക്കറ്റെടുത്ത ഞങ്ങൾ റിസർവേഷൻ കമ്പാർട്ട്മെന്റിൽ തന്നെ കയറി.

“മക്കളേ.ഇരിക്കരുത്ചെക്കിംഗ് ഉണ്ടാകും.പിടിച്ചാൽ വായിൽ തോന്നുന്നതായിരിക്കും ഫൈൻ” ഇക്കഴിഞ്ഞ ഡെൽഹിയാത്രയിൽ ആഗ്രയിൽ നിന്നും ഡെൽഹിയിലേക്ക് കയറിയപ്പോൾ പെട്ടുപോയ ഞാൻ വളണ്ടിയർമാരെ ഓർമ്മിപ്പിച്ചു.അതിനാൽ തന്നെ അവർ ആരും ഇരുന്നില്ല.പക്ഷേ പ്രലോഭനങ്ങൾക്ക് അടിമപ്പെടാത്ത ആദം സന്തതി ഇല്ല എന്ന സത്യത്തിന് അടിവര ഇട്ടുകൊണ്ട് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ ഇരുന്നു പോകാൻ ചിലർ തീരുമാനിച്ചു.അങ്ങനെ അവർ ഇരുന്നു , ഞാൻ ട്രെയിനിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു !!

അരമണിക്കൂർ കഴിഞ്ഞ്കാണും, എന്റെ ഫോൺ ശബ്ദിച്ചു.സുധിൻ ആയിരുന്നു മറുവശത്ത്.
“സാർ എവിടെയാ?”

“മുമ്പിലെ കമ്പാർട്ട്മെന്റിൽ

“ഒന്നിവിടെക്ക് വരാമോ.സ്ക്വാഡ് കയറി .പിടിച്ചു.അവർ ഹിന്ദിയിൽ പറയുന്നത് ഞങ്ങൾക്ക് തിരിയുന്നില്ല

തല വയ്ക്കണോ വേണ്ടേ എന്ന സംശയത്തിൽ ഒന്ന് സ്തബ്ധനായെങ്കിലും ഒന്ന് സംസാരിച്ചു നോക്കാം എന്ന് കരുതി ഞാൻ ചെന്നു.മാന്യനായ ഒരു പുരുഷൻ എന്നെ പുഞ്ചിരിയോടെ സ്വീകരിച്ചു. അദ്ദേഹത്തോട് ഞാൻ സംഗതികൾ എല്ലാം പറഞ്ഞു.വളരെ ശാന്തനായി കേട്ട ശേഷം അദ്ദേഹം ഹിന്ദിയിൽ പറഞ്ഞു.”അവരുടേത് കഴിഞ്ഞ് വരട്ടെ

അപ്പോഴാണ് തൊട്ടപ്പുറത്ത് അളകനന്ദയുടെ നേതൃത്വത്തിൽ രണ്ട് സ്ത്രീകളോട്‌ എന്റെ കുട്ടികൾ സംസാരിക്കുന്നത് ഞാൻ കണ്ടത്.പല പല എക്സ്ക്യൂസുകളും അവതരിപ്പിച്ചെങ്കിലും അവർ അലിഞ്ഞതേ ഇല്ല.ടിക്കറ്റ് ചാർജ്ജിന്റെ മൂന്നിരട്ടിയും ഫൈൻ ആയി ആയിരം രൂപയും (ഒരാൾക്കാണോ മൊത്തമാണോ എന്നറിയില്ല) അടക്കാൻ അവർ പറഞ്ഞു.കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ആണെന്നും ഭാഷ ഒരു പ്രശ്നമായതിനൽ മാറിക്കയറിയതാണ് എന്നും എല്ലാം അളക പുളുവടിച്ചു നോക്കി. പക്ഷേ പെൺപിടിയിൽ ഞങ്ങൾ ശരിക്കും കുരുങ്ങി. അവസാന കൈ എന്ന നിലയിൽ പകുതിപേർക്കാക്കി കുറക്കാനുള്ള ഒരു അപേക്ഷ ഞാൻ നൽകി നോക്കി.അതും ആ രണ്ട് പെണ്ണുങ്ങളുടെ ചെവിയിലൂടെ മുഴുവനായി കടന്നില്ല.വണ്ടി അപ്പോഴേക്കും ജലന്ധറിനോടടുക്കുകയും ചെയ്തു.സൂപ്പർഫാസ്റ്റ് വണ്ടിയിലാണ് ഞങ്ങൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത് എന്നും അതിന്റെ മിനിമം ചാർജ്ജ് തന്നെ 80 രൂപയോളം വരും എന്നും അവർ പറഞ്ഞു. അതിനാൽ ടിക്കറ്റ് ചാർജ്ജിന്റെ മൂന്നിരട്ടി മാത്രമാണ് ഈടാക്കുന്നതെന്നും അറിയിച്ചു. നിങ്ങളോട് സംസാരിച്ച് നിന്ന് മറ്റു ടിക്കറ്റുകൾ പരിശോധിക്കാൻ സാധിച്ചില്ല എന്നും മറ്റും അവർ ഇടക്കിടെ പറഞ്ഞു.അവസാനം രണ്ടായിരത്തിലധികം രൂപ അടച്ച് രസീത് കൈപ്പറ്റി.




“ഗാഡി സ്റ്റോപ് കിയ തൊ ആപ് സബ് ലോഗ് ഹമാരെ സാഥ് ഹീ ആന ഹെ ക്യോംകി പ്ലാറ്റ്ഫോം മേം ഭീ ഐസ ചെക്കിംഗ് ഹോഗ.ഹമാരെ സാഥ് ഹെ തോ ആപ് ലോഗ് ആസാനി സെ ബാഹർ ജായേഗ..” വണ്ടിയിൽ നിന്നും പുറത്തിറങ്ങിയാൽ അവരുടെ കൂടെത്തന്നെ പുറത്തേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ ഇത് ഒറിജിനലോ ഡൂപ്ലിക്കേറ്റോ എന്ന ഒരു സംശയം എന്നിൽ ഉദിച്ചു.പോയ കാശ് തിരിച്ചു പിടിക്കാൻ മാർഗ്ഗമുണ്ടെങ്കിൽ അത് നോക്കാം എന്ന ഉദ്ദേശ്യത്തോടെ പുറത്ത് കടന്ന് അല്പ നേരം ഞങ്ങൾ മൌനമാചരിച്ചു.അല്പം കഴിഞ്ഞ് ലുധിയാനയിൽ നിന്നും ജലന്ധറിലേക്കുള്ള ചാർജ്ജ് അറിയാൻ ഞാൻ ഒരാളെ കൌണ്ടറിലേക്ക് അയച്ചു.മേൽ സ്ത്രീകൾ കൌണ്ടറിനകത്ത് സൊറ പറഞ്ഞിരിക്കുന്നത് കണ്ട് ഒന്നും ചോദിക്കാതെ അയക്കപ്പെട്ട ആൾ തിരിച്ചുപോന്നു.അതിൽ നിന്നും അവർ റെയിൽ‌വേ ഉദ്യോഗസ്ഥർ തന്നെ ആണെന്ന് ഞങ്ങൾ സമാധാനിച്ചു.

ഞങ്ങളുടെ ആതിഥേയൻ എല്ലാവർക്കും പോകാനായി സ്വന്തം കാറും ഒപ്പം വേറെ രണ്ട് കാറുകളും ഏർപ്പാട് ചെയ്തിരുന്നു.അല്പസമയത്തെ കാത്തിരിപ്പിന് ശേഷം മൂന്ന് കാറുകളിലായി ഞങ്ങൾ ജലന്ധർ സിറ്റിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു.



(തുടരും..)

5 comments:

Areekkodan | അരീക്കോടന്‍ said...

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ആണെന്നും ഭാഷ ഒരു പ്രശ്നമായതിനൽ മാറിക്കയറിയതാണ് എന്നും എല്ലാം അളക പുളുവടിച്ചു നോക്കി. പക്ഷേ പെൺപിടിയിൽ ഞങ്ങൾ ശരിക്കും കുരുങ്ങി. അവസാന കൈ എന്ന നിലയിൽ പകുതിപേർക്കാക്കി കുറക്കാനുള്ള ഒരു അപേക്ഷ ഞാൻ നൽകി നോക്കി.അതും ആ രണ്ട് പെണ്ണുങ്ങളുടെ ചെവിയിലൂടെ മുഴുവനായി കടന്നില്ല.

ajith said...

ഫൈന്‍ കൊടുത്ത് തലയൂരിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!!!!

Echmukutty said...

അത് ശരി...അപ്പോ കാശു പോയല്ലേ..

Cv Thankappan said...

ഓരോരോ പുലിവാലുകള്‍...............
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

അജിത്ജീ....പിഴ അടച്ചു തടിയൂരി എന്നും പറയാം!!

എച്മൂ....ലോകം ചുറ്റുമ്പോള്‍ അല്പം കാശ് പോകും...അതൊക്കെ ഒരു ത്രില്ലാ...!!!

തങ്കപ്പന്‍‌ജീ....പിടിക്കാതിരുന്നാല്‍ പൂച്ചവാലാ....

Post a Comment

നന്ദി....വീണ്ടും വരിക