Pages

Sunday, August 03, 2014

ഗൂഗിളമ്മ കൊടി പൊക്കിയാൽ...

 കുറേ ദിവസമായി ഗൂഗിൾ  ഒരു ചുവപ്പ് കൊടി കാണിക്കാൻ തുടങ്ങിയിട്ട്....മൂപ്പര് സൌജന്യമായി അനുവദിച്ച 15 ഏക്കർ എന്റെ കൃഷിയും പിന്നെ കുറേ കളയും കാരണം തീർന്നു പോയിരിക്കുന്നു.ആയതിനാൽ ഒന്നുകിൽ ഡി ഡി ടി (ഡിലീറ്റ്....വീണ്ടും ഡിലീറ്റ്....ദെൻ ട്രൈ ) ഉപയോഗിച്ച് കളകളെ നശിപ്പിക്കുക , അല്ലെങ്കിൽ വിശാലമായ ചതുപ്പ് നിലം മണ്ണിട്ട് നിരത്തിയത് മാസം വെറും ഒമ്പത് ഡോളർ എന്ന നിരക്കിൽ വാടക നൽകി വാങ്ങാം എന്നായിരുന്നു ആ കൊടിയുടെ പൊരുൾ....

ചുവപ്പും പച്ചയും കറുത്തതും നീലയും ഒക്കെ നിറത്തിലുള്ള നിരവധി കൊടി കണ്ട കേരളക്കാരന്റെ മുമ്പിൽ ഉണ്ടോ ഈ കൊടി വിലപോവുന്നു.ആഴ്ചയിൽ ഏഴ് ദിവസവും ലോട്ടറി പരസ്യം കേൾക്കുന്ന എന്റെ മനസ്സിൽ അത് മുഴങ്ങിക്കൊണ്ടേ ഇരുന്നു....നാളെ,നാളെ....നാളെക്കഴിഞ്ഞ് മറ്റന്നാൾ.അങ്ങനെ ഗൂഗിൾ കൊടി പൊക്കിപ്പിടിച്ചു കൊണ്ടേ ഇരുന്നു , ഞാൻ അത് തൂക്കി എറിഞ്ഞു കൊണ്ടേ ഇരുന്നു.     

ഇന്നലെ മെയിൽ ബോക്സ് തുറന്നപ്പോഴാണ് ഈ കൊടിയുടെ ദൂരവ്യാപക വിപത്തുകൾ ചിലത് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.ഒരു മെയിലിന് മറുപടി നൽകാൻ വേണ്ടി സംഗതി എല്ലാം ടൈപ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഗൂഗിൾ തന്റെ തനി സ്വഭാവം കാട്ടിയത്.....'നിന്റെ സംഭരണ ശേഷി തീർന്നിരിക്കുന്നു....ഇനി മെയിൽ അയക്കാനോ സ്വീകരിക്കാനോ സാധ്യമല്ല' എന്ന സന്ദേശം വീണ്ടും വീണ്ടും വീണ്ടും വന്നുകൊണ്ടേ ഇരുന്നു.

ആ മെയിൽ അയക്കൽ നിർബന്ധമായതിനാൽ ഗൂഗിളിനെ തൃപ്തിപ്പെടുത്താൻ ഞാൻ ചില മെയിലുകൾ നീക്കം ചെയ്തു...വീണ്ടും സംഭരണ ശേഷി 104% എത്തിയതായി സന്ദേശം വന്നു.മെയിലുകൾ മായ്ക്കൽ തുടർന്നെങ്കിലും ഗൂഗിൾ അമ്മ കനിഞ്ഞതേ ഇല്ല.അപ്പോഴാണ് കഴിഞ്ഞ മൂന്ന് മാസമായി ഗൂഗിൾ അമ്മ ഉയർത്തിപ്പിടിച്ച് നിന്ന കൊടിയുടെ കാര്യം എനിക്കോർമ്മ വന്നത് - ‘ഇത്രയും ദിവസം നിന്നോടല്ലായിരുന്നോ വിനീതമായി ഞാൻ പറഞ്ഞു കൊണ്ടിരുന്നത്.ഇതുവരെ ഒന്നും ചെയ്യാതെ ഇപ്പോൾ വാലിന് തീ പിടിച്ച കുരങ്ങനെപ്പോലെ ഓടേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ മോനേ ദിനേശാ‘ എന്നായിരുന്നു ഗൂഗിൾ അമ്മ അപ്പോൾ പറഞ്ഞു കൊണ്ടിരുന്നത്.ഏതായാലും ഒരു വിധം അമ്മയുടെ കയ്യും കാലും പിടിച്ച് കുറേ അശ്രീകരങ്ങളെ ഒഴിവാക്കി അമ്മയുടെ കോപം ശമിപ്പിച്ചപ്പോൾ മേൽ സന്ദേശം അയക്കാനായി.

     
അതിനാൽ , മക്കളേ ഗൂഗിളമ്മ കൊടി പൊക്കിയാൽ പത്തിയും മടക്കി  പറയുന്നത് പോലെ വേഗം ചെയ്യുക,അല്ലെങ്കിൽ ബിനാമി പേരിൽ ഒരു 15 ഏക്കർ കൂടി വാങ്ങി  കുറച്ച് കൃഷി അങ്ങോട്ട് മാറ്റുക.

5 comments:

Areekkodan | അരീക്കോടന്‍ said...

‘ഇത്രയും ദിവസം നിന്നോടല്ലായിരുന്നോ വിനീതമായി ഞാൻ പറഞ്ഞു കൊണ്ടിരുന്നത്.ഇതുവരെ ഒന്നും ചെയ്യാതെ ഇപ്പോൾ വാലിന് തീ പിടിച്ച കുരങ്ങനെപ്പോലെ ഓടേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ മോനേ ദിനേശാ‘

ajith said...

എന്റെ പറമ്പില്‍ കൊടിയുണ്ടോന്ന് നോക്കട്ടെ!

Cv Thankappan said...

അപ്പോ സൂക്ഷിക്കണമല്ലോ മാഷെ.!
ആശംസകള്‍

വിനുവേട്ടന്‍ said...

ഓഹോ, അത്രക്കയോ ഗൂഗിൾ?

വീകെ said...

ആ കൊടി ഇവിടെ കുത്തിയിട്ടില്ല ഇതുവരെ....
എനിക്കാവശ്യമില്ലാത്ത മെയിലുകൾ ഞാൻ കയ്യോടെ നശിപ്പിക്കും.

Post a Comment

നന്ദി....വീണ്ടും വരിക