Pages

Friday, August 29, 2014

ഒരു പത്രസമ്മേളനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്ന എന്റെ മാതൃഡിപ്പാർട്ട്മെന്റിൽ നടന്നു വരുന്ന മികവ് ഉയർത്തൽ പരിപാടിയുടെ (Technical Education Quality Improvement Programme) ഭാഗമായി ‘എഞ്ചിനീയറിംഗ് മേഖലയിലെ പുത്തൻ പ്രവണതകൾ’ ( Emerging trends in Engineering) എന്ന വിഷയത്തിൽ എന്റെ കോളേജിൽ വച്ച് രണ്ട് ദിവസത്തെ ഒരു ദേശീയ സദസ്സ് (National Conference) സംഘടിപ്പിച്ചിട്ടുണ്ട്.കുറേ ദിവസങ്ങളായി നാഷണൽ കോൺഫറൻസ് എന്ന് കോളേജിൽ വച്ച് ഞാൻ കേൾക്കുന്നുണ്ടെങ്കിലും അത് കാശ്മീരിലെ പാർട്ടിയെപ്പറ്റിയാണ് പറയുന്നത് എന്ന് കരുതി ഞാൻ അത് ശ്രദ്ധിച്ചിരുന്നേ ഇല്ല – പൊന്നുരുക്കുന്നിടത്ത് കൊതുക് മൂളേണ്ടതില്ലല്ലോ.

രണ്ട് ദിവസം മുമ്പ് കെമിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ തലൈവി ഇതേ കോൺഫറൻസിന്റെ പ്രചാരണത്തിനായി ഒരു പത്രസമ്മേളനം വിളിക്കുന്നതായും അതിൽ പങ്കെടുക്കുന്ന ഒരാളായി എന്നെ തെരഞ്ഞെടുത്തതായും അറിയിച്ചു. പ്രിൻസിപ്പാളും കോൺഫ്രൻസ് കൺ‌വീനറും അനുബന്ധ ഗമണ്ടൻ പ്രൊഫസർമാരും ഉള്ള കൂട്ടത്തിൽ ഒന്ന് പോകുക എന്നതായിരിക്കും എന്റെ കർത്തവ്യം എന്ന് സ്വാഭാവികമായും ഞാൻ ധരിച്ചു.പത്രങ്ങളിൽ നിരവധി തവണ പേരും പടവും അച്ചടിച്ചു വന്നതിനാലും ദൃശ്യ-ശ്രാവ്യ-അച്ചടി മാ‍ധ്യമങ്ങളിലെ നിരവധി പേരുമായി ചങ്ങാത്തം ഉള്ളതിനാലും (യാദൃശ്ചികമായി ഉണ്ടായതാണ് ഈ ചങ്ങാത്തങ്ങൾ എല്ലാം) ആണ് എന്നെ ഈ പരിപാടിയിൽ ഇട്ടത് എന്ന് ഞാൻ പിന്നീട് മനസ്സിലാക്കി.

ഇന്നലെ കോഴിക്കോട് മാനാഞ്ചിറ പ്രെസ്ക്ലബ്ബിൽ ആയിരുന്നു ആ പത്രസമ്മേളനം. പ്രിൻസിപ്പാൾക്ക് മറ്റു ചില നിർബന്ധ കാര്യങ്ങൾ അറ്റന്റ് ചെയ്യാൻ ഉള്ളതുകൊണ്ട് മറ്റൊരാളെ ചുമതലപ്പെടുത്തി. അങ്ങനെ മൂന്ന് പ്രൊഫസർമാരും ഞാനും പത്രസമ്മേളനത്തിനായി പുറപ്പെട്ടു.മുമ്പ് വയനാട് ബ്ലോഗ്  ശില്പശാല നടത്തിപ്പുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ ഒരു പത്രസമ്മേളനത്തിൽ പങ്കെടുത്ത ഒരു ഓർമ്മ എന്റെ മനസ്സിൽ ഉണ്ടായിരുന്നു..അന്ന് പത്രക്കാരുടെ നിരവധി ചോദ്യങ്ങൾ വന്നിരുന്നതും അതിന് മറുപടി പറഞ്ഞതും ഓർമ്മയിൽ നിൽക്കുന്നതിനാൽ ഇന്ന് നടക്കാൻ പോകുന്ന  പത്രസമ്മേളനത്തിലും ഞാൻ അത് പ്രതീക്ഷിച്ചു.എന്റെ കൂടെ മൂന്ന് ഗമണ്ടൻ പ്രഫസർമാർ ഉള്ളതിനാൽ മറുപടി അവർ നൽകും എന്ന ധൈര്യം കാരണം അതുവരെ അറിയാത്ത ആ നാഷണൽ കോൺഫറൻസിനെപ്പറ്റി ഞാൻ അധികമൊന്നും പഠിച്ചില്ല.പക്ഷേ പത്രക്കാർക്ക് വിതരണം ചെയ്യുന്ന കുറിപ്പ് ജീപ്പിൽ വച്ച് ഒന്നോടിച്ച് വായിച്ചു.

പ്രെസ്സ്ക്ലബ്ബിനകത്ത് നിരന്നിരിക്കുന്ന പത്ര-ദൃശ്യ മാധ്യമ റിപ്പോർട്ടർമാരുടെ മുമ്പിലെത്തിയപ്പോൾ തലൈവി കുലൈവി ആയി !
‘സാറിന്റെ ശബ്ദമാണ് ഏറ്റവും നല്ലത് , അതിനാൽ സാറ് പറഞ്ഞാൽ മതി‘ - എന്റെ നേരെ നോക്കി അവർ പറഞ്ഞു.ഇനി പത്രക്കാരുടെ മുമ്പിൽ വച്ച് ഒരു വാക്‌‌കസർത്ത് വേണ്ട എന്നതിനാലും നാല് വർഷത്തെ എൻ.എസ്.എസ് അനുഭവം തന്ന ധൈര്യവും സമന്വയിപ്പിച്ച് അതുവരെ അറിയാത്ത ആ ‘കലാപരിപാടി’യെക്കുറിച്ച് ഞാൻ പത്രക്കാർക്ക് മുമ്പിൽ പ്രസ്താവന നടത്തി! എല്ലാ മാധ്യമസുഹൃത്തുക്കളേയും പരിപാടിയിലേക്ക് സ്വാഗതവും ചെയ്ത ശേഷം സംശയ ദുരീകരണത്തിനായി പുലിക്ക് മുമ്പിൽ കുടുങ്ങിയ ശിക്കാരി ശംഭുവിനെപ്പോലെ ഇരുന്നു കൊടുത്തു! പത്രക്കാർക്കിടയിൽ ഒരു എഞ്ചിനീയർ ഇല്ലാതിരുന്നതിനാൽ ഞാൻ രക്ഷപ്പെട്ടു – ആരും ഒന്നും ചോദിച്ചില്ല !

വാൽ: പത്രസമ്മേളനം അവസാനിപ്പിച്ച് സ്റ്റേജിൽ നിന്നിറങ്ങി നടന്ന് നീങ്ങുമ്പോൾ ഒരു റിപ്പോർട്ടർ മറ്റൊരാളോട് പറയുന്നത് കേട്ടു – “ ഇതാണ് ആബിദ് തറവട്ടത്ത് , എഞ്ചിനീയറിഗ് കോളേജിലെ എൻ.എസ്.എസ് കോർഡിനേറ്റർ “ .എനിക്ക് പരിചയമില്ലാത്ത ആ റിപ്പോർട്ടർ എന്നെ തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷം തോന്നി. 


5 comments:

Areekkodan | അരീക്കോടന്‍ said...

പ്രെസ്സ്ക്ലബ്ബിനകത്ത് നിരന്നിരിക്കുന്ന പത്ര-ദൃശ്യ മാധ്യമ റിപ്പോർട്ടർമാരുടെ മുമ്പിലെത്തിയപ്പോൾ തലൈവി കുലൈവി ആയി !

വിനുവേട്ടന്‍ said...

ഞാൻ ആദ്യം വിചാരിച്ചത് മാഷ് വെളുപ്പാംകാലത്ത് കണ്ട ഏതോ സ്വപ്നം വിവരിക്കുകയായിരിക്കുമെന്നാണ്... അവസാനമല്ലേ മനസ്സിലായത് വെളുപ്പാംകാലത്തെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കുമെന്ന്... :)

എന്തായാലും അതിവിദഗ്ദ്ധമായി സന്ദർഭം കൈകാര്യം ചെയ്തുവല്ലോ... അഭിനന്ദനങ്ങൾ...

ബഷീർ said...

പാവം റിപ്പോർട്ടേഴ്സ്.. ആശംസകൾ :)

ajith said...

ഇനിയും ഉയരങ്ങള്‍ താണ്ടുവാന്‍ ആശംസകള്‍

വീകെ said...

ആശംസകൾ....

Post a Comment

നന്ദി....വീണ്ടും വരിക