Pages

Sunday, November 23, 2014

വായനക്കൂട്ടം ഒത്തുചേരൽ - നവംബർ

അരീക്കോട് വായനക്കൂട്ടത്തിന്റെ മാസാന്ത ഒത്തുചേരൽ വൈ.എം.എ ഹാളിൽ മലപ്പുറം ഡി.ഇ.ഒ ശ്രീ.പി.സഫറുല്ലയുടെ നേതൃത്വത്തിൽ നടന്നു. സാഹിത്യകാരി പ്രൊഫ. ഹൃദയകുമാരി ടീച്ചറുടേയും ഹാസ്യ‌സാഹിത്യകാരനും മുൻ കളക്ടറുമായ ശ്രീ.സനൽകുമാറിന്റേയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. പുതിയതായി ചേർന്ന അംഗങ്ങൾ സ്വയം പരിചയപ്പെടുത്തി. ശേഷം വായനക്കൂട്ടാംഗങ്ങളുടെ വായനാനുഭവങ്ങൾ പങ്കു വച്ചു.

ഡി.ഇ.ഒ ശ്രീ.പി.സഫറുല്ല പരിചയപ്പെടുത്തിയത് ശ്രീ.വി.സി.സി ജോർജ്ജ് എഴുതിയ ‘മൂല്യദർശനം ക്ലാസ്സുകളിൽ’ എന്ന പുസ്തകമായിരുന്നു. തമിഴ് സാഹിത്യത്തിലെ ബൈബിൾ എന്നറിയപ്പെടുന്ന തിരുവള്ളുവരുടെ ‘തിരുക്കുറൾ’ പ്രതിപാദിക്കുന്ന ചിന്താശകലങ്ങളും ഡി.ഇ.ഒ പങ്കു വച്ചു. തമിഴ് ജനത ഈ ഗ്രന്ഥത്തെയും ഗ്രന്ഥകർത്താവിനേയും മനസ്സിൽ കുടിയിരുത്തുന്ന രീതിയും സ്വന്തം അനുഭവത്തിൽ നിന്നും അദ്ദേഹം വിശദീകരിച്ചപ്പോൾ അത് ഈ വായനക്കൂട്ടത്തിന് നവ്യാനുഭവമായി.

ബ്ലോഗിൽ നിന്നും അച്ചടിച്ച ആദ്യ കൃതിയായ  നമ്മുടെ വിശാലമനസ്കന്റെ ‘കൊടകരപുരാണം’ ആയിരുന്നു ഞാൻ പരിചയപ്പെടുത്തിയത്.ഗ്രന്ഥകാരന്റെ കുട്ടിക്കാലഅനുഭവങ്ങളും മറ്റും ഹൃദ്യമായി അവതരിപ്പിച്ചതും വിശാലന്റെ അവതരണ ശൈലിയും വായനക്കൂട്ടത്തിൽ പങ്കുവച്ചപ്പോൾ തങ്ങളുടെ കുട്ടിക്കാലവും കടലാസിലേക്ക് പകർത്താൻ അംഗങ്ങൾക്ക് പ്രചോദനമായി.

അരീക്കോട് നിന്നും ആദ്യമായി ഒരു കഥാസമാഹാരം പ്രസിദ്ധീകരിച്ച ശ്രീ.എം.പി.ബി ഷൌക്കത്ത് തന്റെ ആദ്യത്തെ എഴുത്തനുഭവവും പങ്കുവച്ചു.മലയാളം പഠനം എൽ.പി.ക്ലാസ്സുകളിൽ വച്ച് തന്നെ  നിന്നു പോയതിനാൽ തന്റെ എഴുത്തിൽ വരുന്ന അക്ഷരത്തെറ്റുകളെക്കുറിച്ചുള്ള വ്യാകുലത അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ പുറത്തിറക്കിയ “ഒരു ദേശാടനപക്ഷിയുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ കഥകൾ ആരും അറിയാതെ സേഫിനകത്ത് സൂക്ഷിക്കേണ്ടി വന്ന ഗതികേടും അദ്ദേഹം പങ്കുവച്ചു. ഒരു മുഴുസമയ വ്യാപാരിയായ താൻ, വലിയ ജ്യേഷ്ടനിൽ നിന്നുള്ള പ്രചോദനം കാരണം ഇന്നും എഴുത്തും രചനയും തുടരുന്നതായി ശ്രീ.ഷൌക്കത്ത് പറഞ്ഞു.വ്യാപാര മനസ്സ് ആയതിനാൽ കൂടുതൽ വരുമാനം ലഭിക്കുന്ന പരസ്യചിത്രങ്ങളുടെ സ്ക്രിപ്റ്റ് എഴുത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു.




 ശ്രീ.എം.കെ രാമചന്ദ്രൻ എഴുതിയ ‘ദേവഭൂമിയിലൂടെ’ എന്ന പുസ്തകമായിരുന്നു ശ്രീ.വിവേക് പരിചയപ്പെടുത്തിയത്.കേദാർനാഥിനെപറ്റി പ്രതിപാദിക്കുന്ന ഈ പുസ്തകം ഹിമാലയത്തെപറ്റിയും അവിടെ സന്യസിക്കുന്ന വിവിധ മുനിമാരെപ്പറ്റിയും അടുത്തറിയാൻ സഹായകമാണ്. ഭാരതസംസ്കാരത്തെപറ്റി കൂടുതൽ അറിയാൻ ശ്രീ.എം.കെ രാമചന്ദ്രന്റെ ഈ സീരീസിലുള്ള പുസ്തകങ്ങളുടെ പിന്തുണയും വിവേക് പങ്കു വച്ചു.

തീ പിടിച്ച മനുഷ്യ ചിന്തകളുടെ കഥ പറയുന്ന ദൊസ്തോവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന പുസ്തകവും ആനന്ദിന്റെ ‘ആൾക്കൂട്ടവും’ തമ്മിലുള്ള ബന്ധം ഗവേഷണ വിഷയമാക്കുന്ന കോഴിക്കോട് സർവ്വകലാശാലാ വിദ്യാർത്ഥി കൂടിയായ സമീർ കാവാട്ട് ആ വായനാനുഭവങ്ങൾ അടുത്ത കൂടിച്ചേരലിൽ  പങ്കുവയ്ക്കാമെന്നേറ്റു.

കവിതാലോകത്ത് അരീക്കോടിന്റെ പേര് പതിപ്പിച്ച ശ്രീ.വിശ്വൻ അരീക്കോട് തന്റെ കവിതാസമാഹാരമായ ‘നോവുകൾ, നൊമ്പരങ്ങൾ’ എന്ന കൃതി പരിചയപ്പെടുത്തി.പ്രസ്തുത കൃതിയിലെ അവസാനത്തെ കവിത ‘മലാല’യിൽ മലാലക്ക് നോബൽ സമ്മാനം ലഭിക്കുന്നതിനെപറ്റി മുൻ‌കൂട്ടി  പരാമർശം നടത്തിയത് ഹിന്ദു അടക്കമുള്ള പത്രങ്ങൾ പ്രാധാന്യത്തോടെ സുവാദമാക്കിയത് ശ്രീ.വിശ്വൻ പങ്കുവച്ചു.

                   


അരീക്കോട്ട് നിന്നുമുള്ള മറ്റൊരു കവിയും സിനിമാ‍ഗാന രചയിതാവുമായ ശ്രീ.വാസു അരീക്കോട് ‘മൌനനമ്പരം’ എന്ന തന്റെ കവിതാസമാഹാരത്തിൽ നിന്നുള്ള അമ്മ എന്ന കവിത ആലപിച്ചു.കുട്ടിക്കാലത്ത് തന്റെ വായനക്ക് വളമേകിയ സ്ഥാപനങ്ങൾ വൈ.എം.എ യും വൈ.എം.ബിയും ആയിരുന്നു എന്ന് അദ്ദേഹം സ്മരിച്ചു.അന്ന് മനുഷ്യനെ സംസ്കരിക്കാനുതകുന്നവയായിരുന്നു സാഹിത്യസൃഷ്ടികൾ എന്ന് രമണനിലെ ‘കാനനഛായയിൽ ആടുമേക്കാൻ ...’ എന്ന ഗാനവും ഇന്നത്തെ ‘പലവട്ടം കാത്തുനിന്നു ഞാൻ കോളേജിൻ മൈതാനത്ത്...‘ എന്ന പുതിയ ഗാനവും താരത‌മ്യം ചെയ്ത് അദ്ദേഹം സമർത്ഥിച്ചു.



യാത്രകളിലൂടെ ഇന്ത്യയുടെ വിവിധഭാഗങ്ങൾ അരിച്ചുപെറുക്കിയ സഹദേവൻ മാസ്റ്റർ തന്റെ കേദാർനാഥ്-ബദരീനാഥ് യാത്രാനുഭവങ്ങൾ ആണ് ആദ്യം പങ്കുവച്ചത്. അപകടം നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെയുള്ള കേരള സംഘത്തിന്റെ നടന്നുകയറ്റം വായനക്കൂട്ടം ശ്വാസമടക്കിപ്പിടിച്ച് ശ്രവിച്ചു.ശേഷം ഇന്ത്യൻ  ആംഗലേയ സാഹിത്യകാരനായ ശ്രീ.ആർ.കെ നാരായണിന്റെ ‘എ ടൈഗർ ഫോർ മാൽഗുഡി’ എന്ന പുസ്തകത്തിലെ രസകരമായ വായനാനുഭവവും പങ്കുവച്ചു.

കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള നിർദ്ദേശത്തോടെയായിരുന്നു ഷീജ ടീച്ചർ അവതരണം ആരംഭിച്ചത്. സി.രാധാകൃഷ്ണന്റെ ‘പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും’ എന്ന പുസ്തകവും അകാലത്തിൽ പൊലിഞ്ഞ ടി.വി.കൊച്ചുബാവയുടെ ‘വൃദ്ധസദനം’ എന്ന കൃതിയും വായനക്കൂട്ടത്തിന് മുമ്പിൽ ടീച്ചർ പരിചയപ്പെടുത്തി.വൃദ്ധസദനത്തിലെ സിറിയക് തോമസ് എന്ന കഥാപാത്രം നൽകുന്ന പോസിറ്റീവ് എനർജി ചിന്തകൾ ടീച്ചർ അനുസ്മരിച്ചു.



 വിദ്യാർത്ഥിയായ ആൽ‌വിൻ  പി ജോർജ്ജ് പരിചയപ്പെടുത്തിയത് രണ്ട് ഇംഗ്ലീഷ് കൃതികളായിരുന്നു.’അയാം നുജൂദ് ഡൈവോർസ്‌ഡ് അറ്റ് ടെൻ’ എന്ന കൃതിയും ‘അയാം മലാല’ എന്ന കൃതിയും.കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വിശദീകരിക്കുന്ന ഈ രണ്ട് കൃതികളും എല്ലാവരും വായിക്കണം എന്നും ആൽ‌വിൻ നിർദ്ദേശിച്ചു.


അടുത്ത ഒത്തുചേരലിന് കാർമ്മികത്വം വഹിക്കേണ്ടവരുടെ സാധ്യതാലിസ്റ്റ് യോഗത്തിൽ ചർച്ച ചെയ്തു.നിർദ്ദേശിക്കപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടാൻ നിർദ്ദേശം വച്ചവരെത്തന്നെ ചുമതലപ്പെടുത്തി.കൂടുതൽ സമയം കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി അവലംബിക്കേണ്ട പുതിയ മാർഗ്ഗങ്ങളും യോഗത്തിൽ ആരാഞ്ഞു. ചർച്ചകൾ ക്രോഡീകരിച്ച് സഫറുല്ല മാസ്റ്റർ സമാപനപ്രസംഗം നടത്തി.

6 comments:

Areekkodan | അരീക്കോടന്‍ said...

നാട്ടിലെ വായനാക്കൂട്ടത്തിലെ നിമിഷങ്ങൾ...

Sudheer Das said...

വായനയും കൂട്ടായ്മയും വളരട്ടെ... ആശംസകള്‍.

മൻസൂർ അബ്ദു ചെറുവാടി said...

മാഷേ , വൈ എം എ എന്ന് കേട്ടപ്പോൾ നൊസ്റ്റാൾജിയയുടെ ഒരു ഇടിമിന്നൽ കേറി ട്ടോ ശരീരമാകെ . ക്ലാസ്സിൽ കേറാതെ രണ്ടു വർഷം ഞാൻ ജീവിച്ചത് അവിടത്തെ വായനശാലയും പുസ്തകങ്ങളും പിന്നെ പിറകിലെ ടീ വി ഹാളിൽ ഇരുന്നു ഇന്ത്യുടെ ക്രിക്കറ്റ് മാച്ചും കണ്ടാണ്‌ . വേറെയും ചെറുവാടി സഹായാത്രികൾ ഉണ്ടാകും വായനശാലയിൽ നിന്നും വായനശാലകളിലേക്കുള്ള തീർത്ഥാടനം ആയിരുന്നു അന്ന് . YMA കഴിഞ്ഞാൽ YMB, അതും കഴിഞ്ഞാൽ ഉണ്ണികുട്ടി വൈദ്യരുടെ മറുവശത്തുള്ള ലീഗ് വായനശാല . അതും കഴിഞ്ഞ് എൻ വി ബ്രദേഴ്സിലെ പൊറോട്ടയും ബീഫും . കാക്കയുടെ കടയിൽ നിന്നും ഒരു വിൽസ് . വിജയയിലെ മാറ്റിനിയും കഴിഞ്ഞാൽ വീട്ടില് പോകാൻ സമയമായി .

മാഷ്‌ പറഞ്ഞു വന്നത് വേറൊരു വിഷയം ആണേൽ കൂടി വൈ എം എ എന്ന് കേട്ടാൽ ഇത്രേം എഴുതിയില്ലേൽ ഇന്ന് ഉറക്കം കിട്ടൂല . :) മാഷ്‌ ക്ഷമിചെക്ക്. ഒന്നൂല്ലേലും മാഷിന്റെ നാട്ടിൽ തെണ്ടി തിരിഞ്ഞ കഥയല്ലേ പറഞ്ഞത്

© Mubi said...

പ്രചോദനമായി കൂട്ടായ്മ വളരട്ടെ...

ajith said...

ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

സുധീർ....നന്ദി

മൻസൂർ...അപ്പോ അരീക്കോട് മൊത്തം കലക്കിക്കുടിച്ചിട്ടുണ്ട് എന്ന് സാരം

മുബി....നന്ദി

അജിത്തേട്ടാ....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക