Pages

Sunday, January 11, 2015

നാഷണൽ ഗെയിംസിന് അരീക്കോടനും !

മുപ്പത്തിഅഞ്ചാമത് നാഷണൽ ഗെയിംസ് മുൻ‌നിശ്ചയപ്രകാരം നടക്കുകയാണെങ്കിൽ ഈ വരുന്ന ജനുവരി 31ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കപ്പെടും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, ആലപ്പുഴ, കൊച്ചി , തൃശൂർ,കോഴിക്കോട്,കണ്ണൂർ എന്നീ പട്ടണങ്ങളും ഗെയിംസ് വേദിയാകുന്നുണ്ട്. ഇപ്പറഞ്ഞ സ്ഥലങ്ങളിൽ വിവിധ വേദികളിലായി വിവിധ തരം മത്സരങ്ങളാണ് അരങ്ങേറുന്നത്.

കോഴിക്കോട് നഗരത്തിൽ നാല് വേദികളാണ് ഗെയിംസിനായി ഒരുങ്ങുന്നത്.കോർപ്പറേഷൻ സ്റ്റേഡിയവും മെഡിക്കൽ കോളേജ് ഗ്രൌണ്ടും പുരുഷ ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയാകും. ഇൻഡോർ സ്റ്റേഡിയം വോളിബാൾ മത്സരങ്ങൾക്കും ബീച്ച്, ബീച്ച് വോളിബാളിനും വേദിയാകും.

ഓരോ വേദിയിലേക്കും വെന്യൂ  മാനേജർ എന്ന പേരിൽ ഒരാളെ വീതം പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വർഷം കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസറായി സേവനമനുഷ്ടിച്ചതിനാൽ ഞാനും ഇപ്പറഞ്ഞ നാല് സ്റ്റേഡിയങ്ങളിൽ ഒന്നിന്റെ വെന്യൂ  മാനേജർ ആയി നിയമിക്കപ്പെട്ട വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു(ഒരു പക്ഷേ ബൂലോകത്ത് നിന്ന് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന ആദ്യ വ്യക്തി എന്ന റിക്കാർഡും ഇതോടെ കുറിക്കപ്പെട്ടേക്കും).കോഴിക്കോട് ബീച്ച് ആണ് എനിക്ക് കിട്ടിയ വേദി. വെന്യൂ  മാനേജർമാരുടെ ആദ്യ യോഗം ഇക്കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം ജി.വി.രാജ സ്പോട്സ് കോം‌പ്ലെക്സിലെ നാഷണൽ ഗെയിംസ് ഫെസിലിറ്റേഷൻ സെന്ററിൽ വച്ച് നടന്നു.


അപ്പോൾ, നാഷണൽ ഗെയിംസ് നിശ്ചയിച്ചപോലെ നടക്കുകയാണെങ്കിൽ സ്പോർട്സിനെ എന്നും സ്നേഹിക്കുന്ന എന്നാൽ ഇതുവരെ അതിന് വേണ്ടി കാര്യമായൊന്നും ചെയ്യാൻ കഴിയാത്ത എനിക്കും ഈ വൻ സംരംഭത്തിന്റെ ഭാഗഭാക്കാകാൻ അവസരം ലഭിക്കും.ഒരു പക്ഷേ ഗെയിംസ് അംബാസഡർ ആയ സാക്ഷാൽ സചിൻ ടെൻഡുൽക്കറെ നേരിട്ട് കാണാനും അവസരം ലഭിച്ചേക്കും ! അസൂയപ്പെടേണ്ട , കാരണം അസൂയക്കും എന്റെ ‘തല‘ക്കും മുന്നിൽ വൈദ്യശാസ്ത്രം ഇന്നും തല കുനിച്ചേ നിൽക്കൂ.

7 comments:

Areekkodan | അരീക്കോടന്‍ said...

അസൂയപ്പെടേണ്ട , കാരണം അസൂയക്കും എന്റെ ‘തല‘ക്കും മുന്നിൽ വൈദ്യശാസ്ത്രം ഇന്നും തല കുനിച്ചേ നിൽക്കൂ.

SIVANANDG said...

ആശംസകൾ
ഒപ്പം ബീച്ച് കഥകൾക്കായുള്ള (ഗെയിംസിന്റെ) കാത്തിരുപ്പും

Areekkodan | അരീക്കോടന്‍ said...

Sivanandg...സഭ്യമായതാണെങ്കിൽ എഴുതും (ഇൻഷാ‌അള്ളാഹ്)

Manu Manavan Mayyanad said...

ആശംസകൾ ഭായ്

വിനുവേട്ടന്‍ said...

മാഷ് തന്നെ ബൂലോഗത്തിൽ നിന്നും ഞങ്ങളുടെ അംബാസഡർ...

Bipin said...

ആദ്യം ഈ ദേശീയ ഗയിംസിന്റെ ഭാഗമാകാൻ സാധിച്ചതിൽ അനുമോദനം.

ഇപ്പം IOA ആൾക്കാരൊക്കെ വന്നു നോക്കിയിട്ട് തല കുലുക്കി പോയിട്ടുണ്ട്. വേദികൾ പലതും പണി തീർന്നിട്ടില്ല. സാധന സാമഗ്രികൾ വന്നിട്ടില്ല. ഏതായാലും നടക്കട്ടെ. പക്ഷെ കേരളത്തിലെ കായിക താരങ്ങൾക്ക് ഉദ്ദേശിച്ച പ്രയോജനം കിട്ടുമോ എന്നതാണ് ഞങ്ങളെ അലട്ടുന്ന പ്രശ്നം.

ഒരുക്കങ്ങളെ കുറിച്ച് എഴുതി തുടങ്ങാം. ബീച്ച് വോളി എന്താണ്, എന്ന് തുടങ്ങി. എങ്ങിനെ കളിയ്ക്കുന്നു. ഏതൊക്കെ ടീം ( ബിക്കിനിയിലെ മദാമ്മമാരുടെ കളി ടി.വി. യിൽ കണ്ടിട്ടുണ്ട്) അങ്ങിനെ കളിയെ പറ്റി ഒരു ഫുൾ ( മറ്റെതല്ല) വിവരണം. പിന്നെ അവിടുത്തെ ഫുട്ട് ബാളും വോളിയും.

കാത്തിരിയ്ക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നിട്ട ആശംസകൾ കേട്ടൊ ഭായ്

Post a Comment

നന്ദി....വീണ്ടും വരിക