Pages

Thursday, February 26, 2015

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 4


ജൂബിലി ഹാളിൽ നിന്നും തിരിക്കുന്നതിന് മുമ്പേ ഞാൻ ശ്രീ.എം.എൻ.സി ബോസ് സാറുമായി ഒരനൌപചാരിക ചർച്ച നടത്തി, തിരുനക്കര നിൽക്കുന്ന കോർഡിനേഷനെ തിരിച്ച് പിടിക്കാൻ സാധിക്കുമോ എന്നാരാഞ്ഞു.അതിനായി ജനുവരി 26ആം തീയതി ഒരു മീറ്റിംഗ് വച്ചാൽ നന്നായിരിക്കും എന്ന് ബോസ് സാർ പറഞ്ഞു.ഈ മീറ്റിംഗും തിരുവനന്തപുരത്താണ് പ്ലാൻ ചെയ്യുന്നത് എന്ന് അപ്പോൾ തന്നെ മനസ്സിലായി.ജനുവരി 27നും 28നുമായിട്ടായിരുന്നു വളണ്ടിയർമാർക്കുള്ള അടുത്ത ട്രെയ്നിംഗ്.26ആം തീയതി തിരുവനന്തപുരത്ത് മീറ്റിംഗ് കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ എട്ടു മണിക്ക് കോഴിക്കോട്ട് ട്രെയ്നിംഗിന് എത്തൽ അസാധ്യമായതിനാൽ തിരുവനന്തപുരം മീറ്റിംഗ് 29ആം തീയതി ആക്കാം എന്ന് മറ്റു വെന്യൂ മാനേജർമാരും കൂടി തീരുമാനിച്ച് ഞങ്ങൾ പിരിഞ്ഞു.

തൊട്ടടുത്ത ദിവസമായിരുന്നു ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റിയുടെ വെന്യൂ സന്ദർശനം.അവരുടെ തീരുമാനത്തിനനുസരിച്ചാണ് ഗെയിംസ് ജനുവരി 31ന് നടക്കുമോ ഇല്ലേ എന്നറിയുക.പ്രധാന വെന്യൂ കളിൽ ഒന്നായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അന്നും കൊത്തലും മാന്തലും നടക്കുന്നതിനാൽ ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിന് ഞാൻ കാതോർത്തു.

“വേദികൾ സുസജ്ജം....ഗെയിംസിന് പച്ചക്കൊടി” എന്നായിരുന്നു ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം!! ഇവർ ആകാശത്ത് നിന്നാണോ വേദികൾ നോക്കിയത് എന്ന് ന്യായമായും സംശയിച്ചു.അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാവും ഇങ്ങനെ പോയാൽ ഗെയിംസ് തുടങ്ങുന്ന 31ആം തീയതിയും കോർപ്പറേഷൻ സ്റ്റേഡിയം സജ്ജമാകില്ല എന്ന്.

ജനുവരി 24ന് വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പെട്ടെന്ന് ഒരു കാൾ വന്നു. എല്ലാ മാനേജർമാരുടേയും ഒരു മീറ്റിംഗ് ജനുവരി 26ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്നു.ഗെയിംസിന്റെ മറ്റു വിശദാംശങ്ങളും ഡ്യൂട്ടികളും അറിയിക്കേണ്ടതിനാൽ നിർബന്ധമായും പങ്കെടുക്കണം !കഴിഞ്ഞ ‘നിർബന്ധ‘ മീറ്റിംഗിൽ പങ്കെടുത്തവരുടെ എണ്ണവും അന്ന് ലഭിച്ച ‘വിവരങ്ങളും’ മറ്റ് അനുഭവങ്ങളും എല്ലാം കൂട്ടി വച്ചപ്പോൾ തല പോയാലും വേണ്ടില്ല തിരുവനന്തപുരത്തേക്കില്ല എന്ന് ഞാൻ തീരുമാനിച്ചു.കഴിഞ്ഞ മീറ്റിംഗിൽ ആദ്യം എത്തിയ ജയചന്ദ്രൻ സാർ പോകുന്നുണ്ടോ എന്നറിയാൻ വെറുതെ ഒന്ന് വിളിച്ച് നോക്കി.അദ്ദേഹവും വീണ്ടും “ഡിസ്ക്” എടുക്കുന്നില്ല എന്നറിയിച്ചു.കോഴിക്കോട് നിന്നുള്ള മറ്റു മൂന്ന് പേരും പങ്കെടുത്തില്ല എന്ന് പിന്നീട് മനസ്സിലായി !

ജനുവരി 27ന് കേരളത്തിന്റെ ദേശീയ ഹോബിയായ ഹർത്താൽ പ്രഖ്യാപ്പിക്കപ്പെട്ടതിനാൽ അന്നേ ദിവസത്തെ ട്രെയ്നിംഗ് 28ലേക്ക് മാറ്റി.നേരത്തെ നിശ്ചയിച്ച പ്രകാരം ജൂബിലീ ഹാളിൽ തന്നെയായിരുന്നു അന്നും വരേണ്ടത്.എന്നാൽ വളണ്ടിയർമാർക്ക് വന്ന സന്ദേശം അതാത് വെന്യൂവിൽ ഹാജരാകാനായിരുന്നു.അത് പ്രകാരം ബീച്ചിലെത്തിയ എന്റെ ഒരു വളണ്ടിയർ എന്നെ വിളിച്ചു.
“സാർ...ബീച്ചിൽ എവിടെയാ എത്തേണ്ടത്?’

“ആരാ നിന്നോട് രാവിലെത്തന്നെ ബീച്ചിൽ പോകാൻ പറഞ്ഞത്?” ഞാൻ തിരിച്ച് ചോദിച്ചു.

“അല്ല..സാർ....എസ്.എം.എസ് വന്നത് വെന്യൂവിൽ എത്താനാ....ഇവിടെ ആരെയും കാണുന്നില്ല..”

“അവിടെ സ്റ്റേഡിയം കാണുന്നില്ലേ?” ഒളിമ്പിക് കമ്മിറ്റി സന്ദർശനം കഴിഞ്ഞ് പോയിട്ട് നാലഞ്ച് ദിവസമായതിനാൽ എന്തെങ്കിലും കാണും എന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ചു.

“ഇല്ല സാർ...ഇവിടെ ബീച്ച് മാത്രമേയുള്ളൂ...” അവന്റെ നിസ്സഹായ മറുപടി.

“ങാ...നീ നേരെ ജൂബിലീ ഹാളിലേക്ക് തന്നെ പോര്....”
എനിക്ക് അപ്പോൾ തോന്നിയ നിർദ്ദേശം ഞാനങ്ങ് കൊടുത്തു.അല്പസമയത്തിനകം ഇതേ പോലെ വിവിധ വേദികളിൽ പോയി തിരിച്ചു വരുന്നവരെക്കൊണ്ട് ഹാൾ നിറഞ്ഞു.അപ്പോഴും ഒരു മെസേജും കിട്ടാത്തവരും ട്രെയ്നിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി എന്ന സന്ദേശം മാത്രം കിട്ടിയവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.സന്ദേശം വന്നത് തിരുവനന്തപുരത്ത് നിന്നായതിനാൽ ഞങ്ങൾക്കാർക്കും അതിൽ പ്രത്യേകിച്ച് ഒരു അഭിപ്രായം പറയാൻ കഴിഞ്ഞില്ല.എല്ലാവരേയും ഹാളിൽ കയറ്റി ഇരുത്തി.


അല്പ സമയം കഴിഞ്ഞ് വേറെ കുറേ ആൾക്കാർ രംഗപ്രവേശം നടത്താൻ തുടങ്ങി.വിവിധ കമ്മിറ്റികളുടെ ചുമതലയുള്ള  ഡിസ്ട്രിക്റ്റ് ഓർഗനൈസിങ് കമ്മിറ്റി ( ഡി.ഒ.സി ) അംഗങ്ങൾ ആയിരുന്നു അവർ.ഗെയിംസിന്റെ സുഖകരമായ നടത്തിപ്പിനുള്ള(?) മറ്റൊരു സംഘമാണ്  യഥാർത്ഥത്തിൽ ഡി.ഒ.സി . ചെറുപ്പക്കാർ മുതൽ നടക്കാൻ പറ്റാത്തവർ വരെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു!!

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 5

2 comments:

Areekkodan | അരീക്കോടന്‍ said...

“അവിടെ സ്റ്റേഡിയം കാണുന്നില്ലേ?”
“ഇല്ല സാർ...ഇവിടെ ബീച്ച് മാത്രമേയുള്ളൂ...”

ajith said...

:)

Post a Comment

നന്ദി....വീണ്ടും വരിക