Pages

Monday, March 02, 2015

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 5


അവിടെ സന്നിഹിതരായ ഡി.ഒ.സി അംഗങ്ങളോട് അവരവരുടെ കമ്മിറ്റിയുടെ ജോലി വിശദീകരിക്കാനായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പറഞ്ഞു.

“ഞാൻ ഫുഡ് കമ്മിറ്റി കൺ‌വീനറാണ്....എന്റെ വളണ്ടിയേഴ്സിനെ മാത്രം എനിക്ക് തന്നാൽ മതി....” ഫുഡ് കമ്മിറ്റി കൺ‌വീനർ പറഞ്ഞു.

“അതിന് ഈ വളണ്ടിയർമാർക്ക് അവർ ഏത് കമ്മിറ്റിയിൽ പെട്ടവരാണെന്ന് അറിയില്ല...അതുകൊണ്ട് നിങ്ങൾക്ക് പറയാനുള്ളത് ഈ കൂട്ടത്തോട് പറഞ്ഞോളൂ....” അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പറഞ്ഞു.

“അല്ല...എനിക്ക് എന്റെ വളണ്ടിയേഴ്സിനെ മാത്രം മതി...അവരോട് ഇന്ന് ഉച്ചക്ക് ശേഷം ഇൻഡോർ സ്റ്റേഡിയത്തിൽ എത്താൻ പറഞ്ഞാൽ മതി...ഞാൻ അവിടെ വച്ച് പറഞ്ഞോളാം...”

“എങ്കിൽ റിസപ്ഷൻ കമ്മിറ്റി കൺ‌വീനർ പറയൂ...” കമ്മീഷണർ അടുത്ത ആളെ ക്ഷണിച്ചു.

“എനിക്കും പത്ത് പേരെ തന്നാൽ മതി...”

“അത് തരാം...ഈ കൂട്ടത്തിൽ നിന്ന് ആരും ആകാം അത്...അതുകൊണ്ട് ആ കമ്മിറ്റി അംഗങ്ങളുടെ ഡ്യൂട്ടി എന്താണെന്ന് പറയൂ....”

“നാളെ മുതൽ ടീം വന്ന് തുടങ്ങും...അവരെ സ്വീകരിക്കാൻ റെയിൽ‌വേ സ്റ്റേഷനിലും എയർപോർട്ടിലും ഒക്കെ ആയി വളണ്ടിയേഴ്സ് വേണം....ടീമുകൾ അതിരാവിലെ വരുന്നതിനാൽ ഇന്ന് മുതൽ തന്നെ പണി തുടങ്ങണം...”

“ശരി...അടുത്ത കമ്മിറ്റി....”
വിളിക്കപ്പെട്ട ഓരോ കമ്മിറ്റി കൺ‌വീനർമാരും വെറും നാലോ അഞ്ചോ മിനുട്ടിനുള്ളിൽ അവരവരുടെ കാര്യം പറഞ്ഞ് തീർത്ത് സ്ഥലം വിട്ടപ്പോഴേ ഈ വണ്ടിയുടെ പോക്ക് എങ്ങോട്ടാണെന്ന് ഏകദേശം മനസ്സിലായി .

“ആബിദ് സാറേ...ഇനി നിങ്ങൾക്ക് പറയാനുള്ളത് പറയൂ....” കമ്മീഷണർ വെന്യൂ മാനേജർമാരായ ഞങ്ങളുടെ നേരെ തിരിഞ്ഞു.

“നിങ്ങളെ വിവിധ കമ്മിറ്റികളായി തിരിച്ചിട്ടുണ്ട്....ഓരോ കമ്മിറ്റിയിലും ഉൾപ്പെട്ടവരുടെ പേര് വിളിക്കും...ശ്രദ്ധിച്ച് കേട്ട് മുന്നോട്ട് മുന്നോട്ട് വന്നിരിക്കുക....ശേഷം നിങ്ങളുടെ കൺ‌വീനർമാർ പ്രത്യേകം പ്രത്യേകം വിളിച്ച മീറ്റിംഗുകളിൽ പങ്കെടുക്കണം...”

ശേഷം ഓരോ വെന്യൂവിലേയും കമ്മിറ്റി ലിസ്റ്റുകൾ ഒരു ഡി.ഒ.സി മെമ്പർ വായിക്കാൻ തുടങ്ങി.പേര് പലതും ഡ്യൂപ്ലിക്കേഷൻ ഉള്ളതിനാലും വായന വ്യക്തമല്ലാത്തതിനാലും പലരേയും പലതവണ വിളിക്കേണ്ടി വന്നു. ഒരു മണി വരെ വിളിച്ചിട്ടും നിരവധി പേർ പിന്നേയും ബാക്കിയായി!!

“സാർ....ആ ലിസ്റ്റ് ഒന്ന് പുറത്ത് പബ്ലിഷ് ചെയ്താൽ ഞങ്ങൾക്ക് പരിശോധിക്കാമായിരുന്നു...” വളന്റീയർമാർ പറഞ്ഞു.ലിസ്റ്റ് പ്രിന്റ് ചെയ്യാൻ വിട്ട ആൾ ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല എന്നതായിരുന്നു വാസ്തവം.സഹികെട്ട വളണ്ടിയർമാർ സ്റ്റേജിലേക്ക് കയറി പേര് വിളിക്കുന്ന ആളുടേയും ഞങ്ങളുടേയും ചുറ്റും കൂടിനിന്നു. അവരിൽ പലരും മുമ്പേ ലിസ്റ്റിൽ പേര് വരാത്തവരായിരുന്നു എന്നതിനാൽ എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങളും കുഴങ്ങി.അവസാനം എല്ലാവരുടേയും പേരും ഫോൺ നമ്പറും രജിസ്ട്രേഷൻ നമ്പറും എഴുതി വാങ്ങി സമാധാനിപ്പിച്ചു.അടുത്ത ദിവസത്തെ വെന്യൂ ട്രെയിനിങ്ങിനായി അതാത് വെന്യൂകളിൽ രാവിലെ എട്ടു മണിക്ക് തന്നെ എത്തണം എന്ന നിർദ്ദേശത്തോടെ ഉച്ചക്ക് രണ്ട് മണിക്ക് യോഗം പിരിച്ചു വിട്ടു.

വെന്യൂ ട്രെയിനിങ്ങ് നൽകേണ്ടത് നാഷണൽ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റി നിയോഗിച്ച വെന്യൂ മാനേജർമാർ ആയിരുന്നു.പ്രദീപ് ജോൺ എന്ന ആളായിരുന്നു ബീച്ചിലെ വെന്യൂ മാനേജർ.ഇർവിൻ സോറസ് എന്നയാൾ കോമ്പറ്റീഷൻ മാനേജറും.എനിക്ക് വന്ന ഇ-മെയിലിൽ തന്ന നമ്പറിൽ ഞാൻ രണ്ടു പേരെയും വിളിച്ചെങ്കിലും ‘നമ്പർ നിലവിലില്ല’ എന്നായിരുന്നു മറുപടി !പിറ്റേ ദിവസം ട്രെയിനിംഗ് നൽകേണ്ട ആളെ വിളിച്ചപ്പോഴുള്ള ഈ സ്ഥിതിയിൽ നിന്ന് വണ്ടി വീണ്ടും കൊയിലാണ്ടിയിലേക്ക് തന്നെ എന്ന് ഞാൻ ഉറപ്പിച്ചു.

“മുന്നിൽ സീറോ കൂട്ടി വിളിച്ച് നോക്കൂ...ബീച്ച് വോളി കേരളത്തിന് പുറത്ത് നിന്നുള്ള ഗെയിം ആയതിനാൽ ഒരു പക്ഷേ പുറത്ത് നിന്നുള്ളവർ ആയിരിക്കും....” ആരോ അഭിപ്രായപ്പെട്ടു.


ആ സാധ്യത കണക്കിലെടുത്ത് ഞാൻ സീറോ കൂട്ടി വിളിച്ചു “ഇങ്ക വിളിക്കും നമ്പറുക്ക് ഇന്ത സമയം ...” തമിഴിലുള്ള മറുപടി കേട്ടതോടെ വരാൻ പോകുന്നത് പാണ്ടി ലോറി ആണെന്ന് ഉറപ്പായി. 

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 6

3 comments:

Areekkodan | അരീക്കോടന്‍ said...

തമിഴിലുള്ള മറുപടി കേട്ടതോടെ വരാൻ പോകുന്നത് പാണ്ടി ലോറി ആണെന്ന് ഉറപ്പായി.

ajith said...

പിന്നാമ്പുറക്കഥകള്‍ കേള്‍ക്കട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം അനുഭവങ്ങൾ

Post a Comment

നന്ദി....വീണ്ടും വരിക