Pages

Wednesday, July 08, 2015

ഇത് ഒരു ചരിത്ര മുഹൂര്‍ത്തം

          ഏറെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും ഒടുവില്‍  ലുലു മോള്‍ക്കും പ്ലസ് വണ്ണിന്  സയന്‍സ് വിഭാഗത്തില്‍ പ്രവേശനം ലഭിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍വിഷയങ്ങള്‍ക്കും എ1 ഉണ്ടായിരുന്നിട്ടും നിരവധി മത്സരങ്ങളില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്കൂളിനെ പ്രതിനിധീകരിച്ചിട്ടും എല്ലാം സി.ബി.എസ്.സിയില്‍ ആയതിനാല്‍ കേരള സിലബസ്സിന് പുറത്താണ് എന്ന കാരണത്താല്‍ അവയൊന്നും ഗ്രേസ്മാര്‍ക്കിന് പരിഗണിച്ചിരുന്നില്ല.‘നീന്തല്‍ സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു കടലാസുണ്ടാക്കി നല്‍കിയാല്‍ (അതും പഞ്ചായത്തില്‍ പോയി പേര്‍ പറഞ്ഞുകൊടുത്താല്‍ ഉടന്‍ ലഭിക്കുന്നതാണ് പോലും) പ്രവേശനം എളുപ്പമാകും എന്ന് പലരും പറഞ്ഞപ്പോള്‍ അറിയാത്ത സംഗതി അറിയും എന്ന് പറയുന്ന ‘കടലാസിന്റെ’ പിന്‍‌ബലം വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.അതിനാല്‍ തന്നെ ആദ്യ അലോട്ട്മെന്റില്‍ എവിടേയും പ്രവേശനം  ലഭിച്ചിരുന്നില്ല.രണ്ടാം ഘട്ട അലോട്ട്മെന്റിലാണ് രണ്ടാം ഒപ്ഷന്‍ ആയി നല്‍കിയ കാവനൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനം ലഭിച്ചത്.

          എന്റെ കുടുംബത്തില്‍ നിന്നും ഏറ്റവും ചെറിയ അനിയന്‍ മുതലാണ് പ്ലസ് ടു എന്ന ഡിങ്കോലാപിയില്‍ പഠനം ആരംഭിക്കുന്നത്.അതിന് മുമ്പുള്ളവരെല്ലാം ‘ഇമ്മിണി ബല്യ ഡിഗ്ഗ്രിയായ പ്രീഡിഗ്രി’ ആയിരുന്നു പഠിച്ചിരുന്നത്.ഞങ്ങള്‍ക്കാര്‍ക്കും ഒരു സര്‍ക്കാര്‍ സ്കൂളിലോ കലാലയത്തിലോ  പഠിക്കാനുള്ള  ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ചിരുന്നില്ല. ഇന്ന് ലുലു മോള്‍ കാവനൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ പടികള്‍ കയറുമ്പോള്‍ ഞാനും അവളെ അനുഗമിച്ചു.കാരണം മേല്പറഞ്ഞപോലെ ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് സര്‍ക്കാര്‍ കലാലയത്തില്‍ പഠിക്കുന്ന ആദ്യ അംഗമായി അവള്‍ ചരിത്രം എഴുതാന്‍ പോകുന്നു.ഈ ചരിത്ര മുഹൂര്‍ത്തത്തിന് മറ്റൊരു വലിയ പ്രത്യേകത കൂടി ഉണ്ടായിരുന്നു.എന്റെ ഉപ്പയും അമ്മാവനും പ്രധാനാദ്ധ്യാപകരായും ഉമ്മ അദ്ധ്യാപികയായും ദീര്‍ഘകാലം സേവനം അനുഷ്ടിച്ച സ്കൂള്‍ കൂടിയായിരുന്നു കാവനൂര്‍ ഗവ. ഹൈസ്കൂള്‍.നിരവധി സ്കൂളില്‍ മാറി മാറി പഠിപ്പിച്ചിട്ടും അവര്‍ പഠിപ്പിച്ച ഒരു സ്കൂളിലും പഠിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും അവസരം ലഭിച്ചിരുന്നില്ല എന്നത് ഇപ്പോഴാണ് ഞാന്‍ പോലും തിരിച്ചറിഞ്ഞത്.


        ഇനി ഞങ്ങള്‍ ഉറ്റു നോക്കുന്നത് സര്‍ക്കാര്‍ സ്കൂളിലെ ലുലു മോളുടെ പ്രകടനത്തെയാണ്.തീര്‍ച്ചയായും ദൈവ സഹായത്തോടെ അവള്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കും എന്ന് കരുതുന്നു.എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ പ്രതീക്ഷിക്കുന്നു.

10 comments:

Areekkodan | അരീക്കോടന്‍ said...

എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ പ്രതീക്ഷിക്കുന്നു.

വിനോദ് കുട്ടത്ത് said...

ഒരായിരം സ്നേഹാശിര്‍വാദങ്ങള്‍......

Anonymous said...

ഒരായിരം എന്‍റെ വകയും

സുധി അറയ്ക്കൽ said...

മോൾ പഠിച്ച്‌ നല്ല മിടുക്കിയായി വരട്ടെ...

Cv Thankappan said...

ലുലുമോള്‍ക്ക് ആശീര്‍വാദങ്ങള്‍

Cv Thankappan said...

ലുലുമോള്‍ക്ക് ആശീര്‍വാദങ്ങള്‍

Typist | എഴുത്തുകാരി said...

ella aasamsakalum.

ajith said...

മോള്‍ക്ക് ആശംസകള്‍

ജ്യുവൽ said...

ലുലു മോൾക്ക്‌ ആശംസകൾ ...

Areekkodan | അരീക്കോടന്‍ said...

എല്ലാ ആശംസകർക്കും നന്ദി...ചരിത്രം വീണ്ടും വഴിമാറി ...ലുലു മോള്ക്ക് എന്റെ ബാപ്പ റിട്ടയർ ചെയ്ത , ബാപ്പ ഏറ്റവും കൂടുതൽ സ്നേഹിച്ച അരീക്കോട് ഗവ. ഹയര് സെക്കന്ററി സ്കൂളിലേക്ക് മാറ്റം കിട്ടി...ഇനി ചരിത്രം അവിടെ പിറക്കട്ടെ...

Post a Comment

നന്ദി....വീണ്ടും വരിക