Pages

Sunday, August 23, 2015

അരങ്ങേറ്റങ്ങള്‍

                 ചില അരങ്ങേറ്റങ്ങള്‍ മനസ്സില്‍ എന്നും തങ്ങി നില്‍ക്കും. ജനം ക്രിക്കറ്റിന്റെ പിന്നാലെ പാഞ്ഞുതുടങ്ങിയ കാലത്താണ് ഞാനും ആ ‘കിറുക്കറ്റ’ കളി കാണാനും കളിക്കാനും ആരംഭിച്ചത് ( കളി നേരത്തെ നിര്‍ത്തിയതിനാല്‍ കോഴ വിവാദത്തില്‍ വീഴാതെ രക്ഷപ്പെട്ടു).അന്ന് വായിച്ചോ കേട്ടോ  അറിഞ്ഞ ഒരു ക്രിക്കറ്റ് താരമായിരുന്നു മുഹമ്മെദ് അസ്‌ഹരുദ്ദീന്‍ എന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.അരങ്ങേറ്റ ടെസ്റ്റിലും തുടര്‍ന്ന് വന്ന രണ്ട് ടെസ്റ്റിലും (മൊത്തം തുടര്‍ച്ചയായ മൂന്ന് ടെസ്റ്റ്) സെഞ്ചുറി നേടിക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ആ അരങ്ങേറ്റമായിരുന്നു അതിന് ശേഷം ഏത് രംഗത്ത് അരങ്ങേറുമ്പോഴും എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് - ഒരു കാലടി പതിപ്പിച്ചുകൊണ്ടുള്ള അരങ്ങേറ്റം.    
              എന്റെ മൂത്ത മകള്‍ പ്ലസ് വണ്ണിന് ചേര്‍ന്ന കാര്യം ഞാന്‍ ബൂലോകത്ത് സൂചിപ്പിച്ചിരുന്നു. ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം ഞങ്ങള്‍ അന്ന് ആസ്വദിച്ചു. സ്കൂള്‍ ട്രാന്‍സ്ഫറിലൂടെ, എന്റെ പിതാവ് റിട്ടയര്‍ ചെയ്ത അരീക്കോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ എത്തിയ അവളുടെ ഹയര്‍സെക്കണ്ടറി സ്കൂള്‍ കലോത്സവ അരങ്ങേറ്റം കഴിഞ്ഞ ദിവസം നടന്നു. സ്കൂള്‍തല മത്സരഫലങ്ങള്‍ വന്നപ്പോള്‍ ഒരു പിതാവ് എന്ന നിലയില്‍ എനിക്ക് എന്നും അഭിമാനിക്കാവുന്ന അരങ്ങേറ്റം തന്നെയായിരുന്നു അത് . ഇംഗ്ലീഷ് കവിതാരചനയിലും കഥാരചനയിലും മാപ്പിളപ്പാട്ടിലും ഒന്നാം സ്ഥാനവും ഇംഗ്ലീഷ് ഉപന്യാസരചനയിലും അറബിപദ്യം ചൊല്ലലിലും ഒപ്പനയിലും സംഘഗാനത്തിലും രണ്ടാം സ്ഥാനവും ദേശഭക്തിഗാനത്തില്‍ മൂന്നാംസ്ഥാനവും നേടിക്കൊണ്ട് തന്റെ ഗ്രൂപ്പിന് നിരവധി പോയന്റുകള്‍ നേടിക്കൊടുത്ത് അതിനെ ചാമ്പ്യന്മാരാക്കിക്കൊണ്ട് മോള്‍ വരവറിയിച്ചു.    
            ഇതേ ആഴ്ചയില്‍ തന്നെ ഞാനും രണ്ട് അരങ്ങേറ്റങ്ങള്‍ നടത്തി. എന്റെ സ്വന്തം വിഷയമായ ഫിസിക്സിനെ ഞാന്‍ കൈവിട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. പക്ഷെ എന്റെ പഴയ പ്രീഡിഗ്രി സുഹൃത്തും ഇന്ന് അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജിലെ ഫിസിക്സ് വിഭാഗം തലവനുമായ ഷഫീക്ക് കഴിഞ്ഞ തിങ്കളാഴ്ച എന്നെ വീണ്ടും ഫിസിക്സിന്റെ ലോകത്ത് എത്തിച്ചു. അന്ന് ഈ കോളെജിലെ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായി എന്റെ ആദ്യത്തെ ഫിസിക്സ് ഓറിയെന്റേഷന്‍ ക്ലാസ് നടന്നു.‘ഫിസിക്സ് മെയിഡ് ഫണ്‍’ എന്ന തലക്കെട്ടില്‍ എന്റെ സ്വന്തം വിഷയത്തിലുള്ള ഈ അരങ്ങേറ്റം കുട്ടികള്‍ നന്നായി ആസ്വദിച്ചു.    
            രണ്ടാമത്തെ അരങ്ങേറ്റം എന്റെ പുതിയ കോളേജിലെ സ്റ്റാഫ് ക്ലബ്ബിന്റെ ഓണാഘോഷത്തിലായിരുന്നു.പഠനകാലത്ത് നിരവധി ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്ത എന്നെ, അറിഞ്ഞോ അറിയാതെയോ സ്റ്റാഫ് സെക്രട്ടറി ഒരു ജോലി ഏല്‍പ്പിച്ചു - ഓണാഘോഷത്തോടനുബന്ധിച്ച് സ്റ്റാഫ് ക്ലബ്ബ് നടത്തുന്ന ക്വിസ്‌മത്സരത്തിന്റെ ക്വിസ്‌മാസ്റ്റര്‍ പദവി ! ചെറുതെങ്കിലും വളരെ ലൈവ്‌ലി ആയി ആ പ്രോഗ്രാം നടത്തിക്കൊടുത്ത് പ്രത്യേക സമ്മാനവും ഏറ്റുവാങ്ങി പുതിയ കോളേജിലും ഈ രംഗത്തും ഞാന്‍ അരങ്ങേറ്റം കുറിച്ചു.

13 comments:

Areekkodan | അരീക്കോടന്‍ said...

ഒരു കാലടി പതിപ്പിച്ചുകൊണ്ടുള്ള അരങ്ങേറ്റം.

സുധി അറയ്ക്കൽ said...

കാലൂന്നുന്ന എല്ല മേഖലയിലും വ്യക്തിമുദ്ര പതിപ്പിയ്ക്കാൻ പറ്റുന്നത്‌ എത്ര ഭാഗ്യമാ.

വിനോദ് കുട്ടത്ത് said...

ദൈവത്തില്‍ വിശ്വസിക്കുന്ന മാഷിന് ദൈവം തന്ന വരം ....... എവിടെ കാല്‍ തൊടുന്നുവോ അവിടെ സ്വന്തം പേര് വരച്ചിടാനുള്ള വരം.....ഒരായിരം ആശംസകൾ......

അന്നൂസ് said...

ആദ്യമായി ഇവിടെ.... ഇഷ്ടമായി........വീണ്ടും വരാം...!

Areekkodan | അരീക്കോടന്‍ said...

സുധീ....വിനോദ്ജി പറഞ്ഞപോലെ ദൈവാനുഗ്രഹം എന്ന് ഞാന്‍ വിശ്വസിക്കുന്നു

വിനോദ്ജി....ഈ നല്ല വാക്കുകള്‍ക്ക് മുന്നില്‍ വിനയപുരസ്സരം ഇതാ ഞാന്‍

അന്നൂസ്....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അടുത്ത പോസ്റ്റ് സ്പെഷ്യല്‍ വണ്‍ ആണ്.തീര്‍ച്ചയായും വരണം,വായിക്കണം.

Joselet Joseph said...

ധന്യം മാഷുമാരുടെ ജീവിതം. അതിന്റെ വില അറിയാത്ത ഒരു കാലമുണ്ടായിരുന്നു. സ്വന്തം വിലയും നിളയും ഇപ്പോഴും അറിയാത്ത യുവമാഷുംമാരും നമുക്കുണ്ട്.

കല്ലോലിനി said...

വ്യക്തിമുദ്ര പതിപ്പിച്ച അരങ്ങേറ്റങ്ങള്‍.!!!
അഭിനന്ദനങ്ങൾ മാഷേ....!!!

Areekkodan | അരീക്കോടന്‍ said...

ജോസഫ്....അതെ , ചില മാഷു ജീവിതങ്ങള്‍ നമുക്ക് നല്‍കുന്നത് ഒരായുസ്സിന്റെ അനുഭവങ്ങളും പാഠങ്ങളുമാണ്.അത്തരം ജീവിതമാകാന്‍ ഞാനും കൊതിക്കുന്നു.

കല്ലോലിനി... നന്ദി

Cv Thankappan said...

നന്മകള്‍ നേരുന്നു
ആശംസകള്‍ മാഷെ

വിനോദ് കുട്ടത്ത് said...

നിങ്ങ ചെറുതല്ല മാഷേ........ മുടിയില്ലാത്ത സിംഹമാണ് ...... നല്ല അര്‍ത്ഥത്തില്‍......

സഫലമീയാത്ര said...

ആശംസകൾ മാഷേ..

ajith said...

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

അരങ്ങ് തകർത്ത അരങ്ങേറ്റങ്ങളാണല്ലോ ഭായ്

Post a Comment

നന്ദി....വീണ്ടും വരിക