Pages

Friday, August 07, 2015

അസാദ്ധ്യമായി ഒന്നുമില്ല

         മൂന്ന്  വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ്  പ്രോഗ്രാം ഓഫീസറെ ഒരു മീറ്റിംഗില്‍ വച്ച് പരിചയപ്പെട്ടു.വിവിധ പരിപാടികളുമായി എന്റെ എന്‍.എസ്.എസ്  യൂണിറ്റ് ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട് നില്‍ക്കുന്ന സമയമായിരുന്നു അത്.പരിചയപ്പെട്ട് ദിവസങ്ങള്‍ക്കകം എനിക്ക് അദ്ദേഹത്തിന്റെ ഫോണ്‍ വന്നു.എറണാകുളത്ത് ഒരു ഹോസ്പിറ്റലില്‍ (ഏത് ഹോസ്പിറ്റല്‍ എന്നോര്‍മ്മയില്ല) അഡ്മിറ്റ് ചെയ്ത അദ്ദേഹത്തിന്റെ ബന്ധുവിന് ആവശ്യമായ രക്തത്തിന് വേണ്ടിയായിരുന്നു ആ ഫോണ്‍വിളി.കോഴിക്കോടുള്ള എന്നെ വിളിക്കാനുള്ള കാരണം തിരക്കുന്നതിന് മുമ്പേ അദ്ദേഹം അതും കൂടി പറഞ്ഞു – “സാറ് വിചാരിച്ചാല്‍ അത് നടക്കും “.

           രക്തത്തിന്റെ ആവശ്യത്തിനായുള്ള വിളി എവിടെ നിന്നാണെങ്കിലും ‘സാധ്യമല്ല’ എന്ന് പറയാന്‍ എനിക്ക് സാധിക്കാറില്ല. “ശരി , ഞാന്‍ ഒന്ന് ശ്രമിക്കട്ടെ “ എന്ന മറുപടി തന്നെ വിളിക്കുന്നവര്‍ക്ക് സമാധാനം നല്‍കും എന്നതിനാല്‍ അതായിരുന്നു അന്നും എന്റെ മറുപടി.അങ്ങനെ, അതിനും മൂന്ന് വര്‍ഷം മുമ്പ്  പരിചയപ്പെട്ട രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന റിന്‍സണ്‍ന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചെങ്കിലും കിട്ടിയില്ല.അതേ കാലത്ത് തന്നെ പരിചയപ്പെട്ട, രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്നതും തിരുവനതപുരത്ത് താമസിക്കുന്നതുമായ ഫിറോസിനെ വിളിച്ച് ആവശ്യം ഉന്നയിച്ചപ്പോള്‍ രക്തം ദാനം ചെയ്യാന്‍ കൃത്യമായി എറണാകുളത്ത് ആശുപത്രിയില്‍ ആളെത്തി ! അസാദ്ധ്യമായി ഒന്നുമില്ല എന്ന് ന്ന് എന്റെ മനസ്സ്  പറഞ്ഞു.

           ഒന്നര വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് വച്ച് അപ്രതീക്ഷിതമായി തിരുവനന്തപുരം സ്വദേശിയായ എന്റെ ഒരു പഴയ സഹപ്രവര്‍ത്തകനെ കണ്ടുമുട്ടി.ഒരു മാസത്തിന് ശേഷം അദ്ദേഹത്തിന്റെ വിളി വന്നു – “എന്റെ ഒരു ബന്ധുവിന്റെ മകള്‍ രക്താര്‍ബുദം ബാധിച്ച് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.എന്‍.എസ്.എസിലൂടെ നിങ്ങള്‍ക്ക് പരിചയമുള്ള ആരെങ്കിലും അവിടെ ഉണ്ടെങ്കില്‍ രക്തം ലഭിക്കാന്‍ സൌകര്യമായിരുന്നു.”

          സംസ്ഥാനത്തിന് പുറത്താണെങ്കിലും ഞാന്‍ ഇത്രയേ പറഞ്ഞുള്ളൂ “സാര്‍ , ഞാന്‍ ഒന്ന് ശ്രമിക്കട്ടെ “. ഒരു നിയോഗമെന്നോണം ആ അടുത്ത് ഞാന്‍ പരിചയപ്പെട്ട എന്റെ നാട്ടുകാരന്‍ ജോസ് എന്ന സുഹൃത്തിന് വെല്ലൂര്‍  ആശുപത്രിയുമായി നല്ല ബന്ധമുണ്ടായിരുന്നു.വിവരം അദ്ദേഹത്തെ ധരിപ്പിച്ചപ്പോഴേക്കും വെല്ലൂരില്‍ രക്തം ദാനം ചെയ്യാന്‍ ആളെത്തി.വീണ്ടും എന്റെ മനസ്സ് തെളിച്ചെഴുതി - അസാദ്ധ്യമായി ഒന്നുമില്ല.

             ഇന്നലെ രാത്രി പത്ത് മണിക്ക് ഞാന്‍ വയനാട്ടില്‍ റൂമില്‍ ഇരിക്കുമ്പോള്‍, കോഴിക്കോട് ആയിരിക്കുമ്പോള്‍ പരിചയപ്പെട്ട, ഇപ്പോള്‍  പാലക്കാട് ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഒരു പ്രോഗ്രാം ഓഫീസറുടെ ഫോണ്‌വിളി – തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ ബന്ധുവിന് എ നെഗറ്റീവ് രക്തം വേണം.പതിവ് പോലെ എന്റെ ഉത്തരം “ഞാന്‍ ഒന്ന് ശ്രമിക്കട്ടെ “ എന്ന് തന്നെ്യായിരുന്നു.അപ്പോള്‍ തന്നെ ,തൃശൂര്‍ സ്വദേശിയായ എന്റെ മുന്‍ വളണ്ടിയര്‍ സെക്രട്ടറി കൂടിയായ രാകേഷിനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു.

            ഇന്ന് രാവിലെ രാകേഷ്, ചെമ്മണ്ണൂര്‍ ജ്വെല്ലേഴ്സിന്റെ രക്തദാന വിഭാഗവുമായി ബന്ധപ്പെട്ടു.ഉച്ചക്ക് പ്രസ്തുത പ്രോഗ്രാം ഓഫീസര്‍ എന്നെ വിളിച്ച് രക്തം കിട്ടിയതിലുള്ള സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.എന്റെ മനസ്സ് ആ വാക്യം ഒന്ന് കൂടി അടിവരയിട്ടു - അസാദ്ധ്യമായി ഒന്നുമില്ല.


            ഞാന്‍ രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിക്കുമ്പോള്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെപ്പറ്റി ഒരു പാഠം പഠിക്കാനുണ്ടായിരുന്നു.അതിന്റെ അവസാനത്തെ വരിയായി എന്റെ ഓര്‍മ്മയില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നത്  ‘അസാദ്ധ്യമായി ഒന്നുമില്ല‘ എന്നാണ്.അന്നു് ആ പാഠമായിരുന്നു എന്നും ഉറക്കെ വായിക്കാന്‍ എനിക്കിഷ്ടം.അത് തന്നെയാണ്  എന്റെ ജീവിതത്തില്‍  ഇന്നും പലപ്പോഴും എന്നെ മുന്നോട്ട് നയിക്കുന്നത്.ഒപ്പം ദൈവത്തിന്റെ അദൃശ്യകരങ്ങളുടെ സഹായവും.

9 comments:

Areekkodan | അരീക്കോടന്‍ said...

ഞാന്‍ രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിക്കുമ്പോള്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെപ്പറ്റി ഒരു പാഠം പഠിക്കാനുണ്ടായിരുന്നു.അതിന്റെ അവസാനത്തെ വരിയായി എന്റെ ഓര്‍മ്മയില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുന്നത് ‘അസാദ്ധ്യമായി ഒന്നുമില്ല‘ എന്നാണ്.

വിനുവേട്ടന്‍ said...

സത്യമാണ് മാഷേ...

Sudheer Das said...

"പുതിയ ടാഗ് ലൈന്‍ "നതിംഗ് ഈസ് ഇംപോസിബിള്‍" എന്നല്ല. "ഇംപോസിബിള്‍ ഈസ് നതിംഗ്" എന്നാണ്.

സുധി അറയ്ക്കൽ said...

ചെമ്മണ്ണൂരിന്റെ ബ്ലഡ്‌ ബാങ്ക്‌ പ്രവർത്തിക്കുന്നുണ്ടോ????

വിനോദ് കുട്ടത്ത് said...

അസാദ്ധ്യയത് ഒന്നുമില്ല......

ബഷീർ said...

മനസുണ്ടായാൽ വഴികൾ തുറക്കപ്പെടും.. ആശംസകൾ

ശിഖണ്ഡി said...

അസാദ്ധ്യമായി ഒന്നുമില്ല
ആശംസകൾ

കല്ലോലിനി said...

അസാദ്ധ്യമായി ഒന്നുമില്ല തന്നെ.!!
പക്ഷേ.. ആളുകൾ അത് മനസ്സിലാക്കാനും അംഗീകരിക്കാനുമാണ് വിഷമം.!!

Bipin said...

ഇങ്ങിനെ എല്ലാരും നന്നായെങ്കിൽ. ചോരയുടെ ജാതിയേത് രാഷ്ട്രീയം ഏത് ചിന്തിക്കുന്ന കാലം വിദൂരമല്ല.

Post a Comment

നന്ദി....വീണ്ടും വരിക