Pages

Tuesday, November 24, 2015

ഒരു മണിപ്പാല്‍ യാത്ര

                   മംഗലാപുരം പട്ടണത്തില്‍ നിന്നും ബസ്സില്‍ വെറും ഒന്നര മണിക്കൂര്‍ ദൂരം (ട്രെയിന്‍ ആണെങ്കില്‍ ഒരു മണിക്കൂറിലും താഴെ) അകലെയുള്ള പട്ടണമാണ്  ഉഡുപ്പി. ഉഡുപ്പി ബ്രാഹ്മണന്മാര്‍ എന്ന് പലതവണ കേട്ടിട്ടുണ്ടെങ്കിലും അവരുടെ പ്രത്യേകത എന്ത് എന്ന് ഇതുവരെ ഞാന്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ രുചികരമായ ഇഡ്‌ലി ലഭിക്കുന്ന ഹോട്ടലുകളാണ് ഉഡുപ്പി ഹോട്ടല്‍ എന്ന് മാനന്തവാടി സര്‍വ്വീസിലെ കഴിഞ്ഞ ഏടിലെ അനുഭവത്തിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നു.കൊല്ലൂര്‍ , ധര്‍മസ്ഥല , കുന്ദാപുര തുടങ്ങീ ക്ഷേത്ര നഗരങ്ങളിലേക്ക് പോകുന്നതും ഉഡുപ്പി വഴിയാണെന്ന ധാരണയും എനിക്കുണ്ടായിരുന്നു.
                 ഈ ഉഡുപ്പിയില്‍ നിന്നും ഏഴോ എട്ടോ കിലോമീറ്റര്‍ മാത്രം അകലെയുള്ള എഡുക്കേഷണല്‍ സിറ്റിയാണ് മണിപ്പാല്‍.ഭാര്യാസഹോദരീ മകന്‍ അംജദ് പഠിക്കുന്ന മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ കുടുംബസമേതം ഒരു യാത്രക്ക് ഒരുങ്ങിയത്.
                മംഗലാപുരം റെയില്‍‌വേ സ്റ്റേഷനിലിറങ്ങിയപ്പോള്‍ തന്നെ ഉഡുപ്പി ബസ് അവിടെ കിടപ്പുണ്ടായിരുന്നു.”എക്സ്പ്രസ്” എന്ന വലിയ ബോറ്ഡ് ഉണ്ടെങ്കിലും കെട്ടിലും മട്ടിലും എന്റെ മലപ്പുറം ബസ്സിന്റെ നാലയലത്ത് പോലും എത്തുന്നവയായിരുന്നില്ല അവ.അതിനാല്‍ തന്നെ ഞാന്‍ അതില്‍ കയറാന്‍ മടിച്ചു.ലോ ഫ്ലോറ് എ.സി ബസ്സുകളും നോണ്‍ എ.സി ബസ്സുകളും കേരളത്തിലെ എല്ലാ ജില്ലകളില്‍ കൂടിയും ഒഴുകാന്‍ തുടങ്ങിയതോടെ , എറണാകുളത്ത് പോകുമ്പോള്‍ മാത്രം ആസ്വദിക്കാന്‍ കഴിഞ്ഞിരുന്ന ആ സുഖയാത്ര നാട്ടിലും ലഭ്യമായിരുന്നു. അതില്‍ കയറി ഒന്ന് കൂടി യാത്ര ചെയ്യണം ഭാര്യയും മക്കളും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് മംഗലാപുരത്ത് നിന്ന് മണിപ്പാലിലേക്ക് ലോ ഫ്ലോറ് എ.സി ബസ്സുകള്‍ ഉള്ള വിവരം അംജദ് അറിയിച്ചത്. കുടുംബത്തിന്റെ ആഗ്രഹം സാധിപ്പിക്കാന്‍ സ്റ്റേഷനില്‍ നിന്നും ഓട്ടോ പിടിച്ച് ഞങ്ങള്‍ മംഗലാപുരം ബസ്‌സ്റ്റാന്റില്‍ എത്തി.
                സ്റ്റാന്റിലെ ഏറ്റവും അവസാനത്തെ ടെര്‍മിനലില്‍ നിന്ന് അരമണിക്കൂര്‍ ഇടവിട്ടാണ് കര്‍ണ്ണാടക RTC യുടെ ചുവന്ന നിറത്തിലുള്ള ലോ ഫ്ലോറ് എ.സി ബസ്സുകള്‍ മണിപ്പാലിലേക്ക് പുറപ്പെടുന്നത്.നൂറ് രൂപയില്‍ താഴെയാണ് ബസ് ചാര്‍ജ്ജ്.പ്രൈവറ്റ് ബസ്സുകള്‍ ഇടതടവില്ലാതെ ഓടുന്നുണ്ട്.അവ എല്ലാം എക്സ്പ്രസ് സര്‍വീസുകള്‍ ആയതിനാല്‍ ചാര്‍ജ്ജില്‍ വലിയ വ്യത്യാസമില്ല.പതിനൊന്നര മണിക്ക് മംഗലാപുരം വിട്ട ഞങ്ങള്‍ കൃത്യം ഒരു മണിക്ക് മണിപ്പാല്‍ ലാസ്റ്റ് സ്റ്റോപ്പായ ടൈഗര്‍ സര്‍ക്കിളില്‍ ഇറങ്ങി.കേരളത്തില്‍ നിന്ന് കുടി‌ഇറങ്ങിയ മഴ ഞങ്ങളോടൊപ്പം ആ സമയത്ത് മണിപ്പാലില്‍ പെയ്തിറങ്ങി.
                യാത്രയിലാണെങ്കിലും ആമാശയവിപുലീകരണം മനുഷ്യന് അനിവാര്യമാണ്. മംഗലാപുരത്ത് നിന്ന് പ്രാതല്‍ കഴിച്ചിരുന്നെങ്കിലും എല്ലാവര്‍ക്കും വിശപ്പിന്റെ വിളി അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.അങ്ങനെ അംജദ് നയിച്ച പ്രകാരം തൊട്ടടുത്ത് തന്നെയുള്ള ഡോളപ്സ്ല് (Dollops)ല്‍ ഞങ്ങളെത്തി.
(ആമാശയ വിപുലീകരണം അടുത്ത അദ്ധ്യായത്തിൽ .....) 

5 comments:

Areekkodan | അരീക്കോടന്‍ said...

യാത്രയിലാണെങ്കിലും ആമാശയവിപുലീകരണം മനുഷ്യന് അനിവാര്യമാണ്.

kambarRm said...

തുടക്കം നന്നായി...യാത്ര തുടരട്ടെ...യാത്രാവിവരണവും..ആശംസകൾ

Cv Thankappan said...

അന്നവിചാരം മുന്നവിചാരം അല്ലേ മാഷെ.
ആശംസകള്‍

സുധി അറയ്ക്കൽ said...

യാത്രകള്‍ തന്നെ അല്ലെ?

© Mubi said...

വായിച്ചു തുടങ്ങിയപ്പോഴേക്കും വിശന്നു... :(

Post a Comment

നന്ദി....വീണ്ടും വരിക