Pages

Saturday, February 27, 2016

മാമ്പൂക്കാലം

           പൂക്കാലം തുടങ്ങിയാല്‍ , ലക്കിടിയിലെ ജില്ലാ കവാടം കടക്കുമ്പോഴേ നാം വയനാടിനെ നമിച്ചുപോകും. മന്ദമാരുതന്റെ തോളിലേറി വരുന്ന ഉന്മാദ ഗന്ധങ്ങള്‍ ഏതെല്ലാം പൂക്കളില്‍ നിന്നാണ് എന്ന് വേര്‍തിരിച്ച് പറയാന്‍ പോലും ഒരു പക്ഷേ നമുക്കാവില്ല.എന്നാല്‍ വയനാടിന്റെ മക്കള്‍ അവ കൃത്യമായി  പറഞ്ഞ് തരും.

          എന്റെ വയനാട് ജീവിതത്തിന്റെ ഒന്നാം സീസണില്‍ ക്വാര്‍ട്ടേഴ്‌സിലേക്കുള്ള വഴിയരികില്‍ ഒരു കാപ്പിത്തോട്ടമുണ്ടായിരുന്നു.കാപ്പി പൂത്ത് നില്‍ക്കുന്നതിന്റെ ഭംഗി ജീവിതത്തില്‍ ആദ്യമായി അവിടെ നിന്നാണ് ഞാന്‍ ആസ്വദിച്ചത്.പച്ച ഇലകള്‍ക്കിടയില്‍ തൂവെള്ള നിറത്തില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന കാപ്പി പൂങ്കൂട്ടം ഏതൊരാളും നോക്കി നിന്ന് പോകും. രാത്രിയായാല്‍ ഇതേ പൂക്കള്‍ ആ പ്രദേശമാകെ സുഗന്ധപൂരിതമാക്കുകയും ചെയ്യും.

          ഇത്തവണ കാപ്പി പൂത്തത് ഞാന്‍ അറിഞ്ഞതേ ഇല്ല. കാരണം ആ സുഗന്ധവും കണ്‍കുളിര്‍മ്മയും നല്‍കുന്ന ഒരു തോട്ടവും പോകുന്ന വഴികളില്‍ ഇല്ലായിരുന്നു. എന്നാല്‍  മാവ് പൂത്തത്  എന്റെ ശ്രദ്ധ പെട്ടെന്ന് പിടിച്ചെടുത്തു.സാധാരണ എന്റെ നാട്ടിലൊക്കെ റോഡരികിലെ മാവ് നന്നായി പൂക്കാറുണ്ട്. വണ്ടികളില്‍ നിന്നും വമിക്കുന്ന വിഷവും കരിയും പുകയും എല്ലാം ഏറ്റുവാങ്ങുന്നത് കൊണ്ടാണ് ഈ പൂവിടല്‍ എന്നാണ് പൊതുവെ പറയാറ്‌. എന്നാല്‍ ഇത്തവണ വയനാട്ടില്‍ റോഡിലും പുരയിടത്തിലും തൊടിയിലും ഒക്കെ മാവ് പൂത്ത് നില്‍ക്കുന്നത് ഒരു ഒന്നൊന്നര കാഴ്ച തന്നെയായിരുന്നു. ഇത് മാവ് തന്നെയോ എന്ന് പോലും സംശയിച്ച സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടായി.പൂകൊണ്ട് മൂടിയ മാവുകള്‍ !!

പനമരം ടൌണിലെ മാവ് പൂത്തപ്പോള്‍
          നാട്ടില്‍ അപ്പോഴേക്കും മാവിന്റെ ഒന്നാം ഘട്ട പൂക്കല്‍ കഴിഞ്ഞ് രണ്ടാം ഘട്ടം ആരംഭിച്ചിരുന്നു.അതിനാല്‍ തന്നെ അവിടെയും ഇവിടെയും ഒക്കെയായിട്ടായിരുന്നു പൂക്കുലകള്‍ ഉണ്ടായിരുന്നത്. എന്റെ മുറ്റത്തെ മാവും നേരത്തേ പൂത്തു. ഇപ്പോള്‍ അതില്‍ നിറയെ കണ്ണിമാങ്ങയും അവന്റെ ജ്യേഷ്ടന്മാരുമായി.ഇനി ഞങ്ങള്‍ പ്രതീക്ഷയോടെ കാത്ത് നില്‍ക്കുന്നു – വേനലവധിയാകാന്‍ , മുറ്റം നിറയെ കളിക്കുന്ന കുട്ടികളും മാനം നിറയെ തൂങ്ങുന്ന മാങ്ങകളും ഒരുക്കുന്ന കാഴ്ച വിരുന്നിനായി.


4 comments:

Areekkodan | അരീക്കോടന്‍ said...

മുറ്റം നിറയെ കളിക്കുന്ന കുട്ടികളും മാനം നിറയെ തൂങ്ങുന്ന മാങ്ങകളും ഒരുക്കുന്ന കാഴ്ച വിരുന്നിനായി.

unais said...

ന്നലെ വീട്ടിൽ വിളിച്ചപ്പോഴും പറഞ്ഞിരുന്നു വീട്ടു മുറ്റത്തെ മാവിൽ മാങ്ങകൾ ആയിട്ടുണ്ടെന്ന്.പക്ഷെ അതുകാണാനുള്ള ഭാഗ്യം ഇല്ല. പ്രവാസിയാണല്ലോ.എപ്പോഴും ആദ്യം പൂക്കുന്നതും,മാങ്ങ ഉണ്ടാവുന്നതും നമ്മുടെ മാവിലാണ്.
പഴുത്ത മാങ്ങ വീഴുന്നതും കത്ത് മാവിൻ ചുവട്ടിൽ കാത്തിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു നമുക്ക്. അതോർത്തു പോയി താങ്കളുടെ വിവരണത്തിൽ നിന്നും.

Cv Thankappan said...

പൂത്തതെല്ലാം കൊഴിയുകയാണ്...
ചൂടസഹ്യം!
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

ഉനൈസേ...പ്രവാസികള്‍ക്ക് അതെല്ലാം ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകളായി തുടരുന്നു.

തങ്കപ്പേട്ടാ....നാം തന്നെ കുറ്റവാളികള്‍

Post a Comment

നന്ദി....വീണ്ടും വരിക