Pages

Sunday, December 04, 2016

വീട്ടിലൊരു ചുരക്കാ വിപ്ലവം

“ഈ ലോകത്തനവധി പനങ്കുരു
കുറുക്കന്‍ തിന്നേ...” എന്ന ഒരു പാട്ട് ഏതോ കാലത്ത് ഞാന്‍ കേട്ടിട്ടുണ്ട്, പാടിയിട്ടുണ്ട്. അതേ പോലെ മുറ്റത്ത് മത്തനും കുമ്പളവും പടര്‍ന്ന ശേഷമുള്ള ദിനങ്ങളില്‍ എന്റെ മനസ്സില്‍ ഇതേ രീതിയില്‍ ചുറ്റിക്കറങ്ങുന്ന ഒരു പാട്ടാണ്
“ഈ ലോകത്തനവധി മത്തനില
അരീക്കോടന്‍ തിന്നേ...”

                   എങ്ങനെയായാലും ഞാന്‍ വിടില്ല എന്ന് വന്നതോടെ മത്തനും കുമ്പളവും എന്റെ മുന്നില്‍ സുല്ലിട്ടു. അങ്ങനെ ഒരു മത്തന്‍ കായ വള്ളിയില്‍ പിടിച്ച് വലുതായി.ഞാനും ഉമ്മയും ബഹുത്ത് ഖുഷിയായി. അതിനെ നന്നായി പൊതിഞ്ഞ് പൊന്നുപോലെ  ഉമ്മ സൂക്ഷിച്ചു. അല്പം വലുതായതോടെ വള്ളിക്ക് ഉണക്കവും തുടങ്ങി.എങ്കിലും പിടിച്ച മത്തന്‍ മൂക്കുന്നത് വരെ ആ ചെടി ജീവന്‍ നിലനിര്‍ത്തി.

                    കുമ്പളം ഇടക്കിടെ പൂവിട്ട് കൊതിപ്പിക്കല്‍ തുടര്‍ന്നു. അതിനിടയില്‍ ഒരുത്തന്‍ മെല്ലെ ഒരു കമുകില്‍ കയറി.കുരുമുളക് വള്ളി ആദ്യമേ കമുകില്‍ കയറിയതിനാല്‍ കുമ്പളവള്ളിക്ക് പിടിച്ചു കയറാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഈ അടുത്ത് എന്തോ ആവശ്യത്തിന് വീടിന്റെ ടെറസില്‍ കയറിയപ്പോള്‍ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി...ഒന്നും രണ്ടും അല്ല , അഞ്ച് കുമ്പളം ! അതും ഒത്ത വലുപ്പവും വിളവും ആയത്. ക്യാമറക്ക് പോസ് ചെയ്ത് തന്ന രണ്ടെണ്ണത്തിനെ ഞാന്‍ മെമ്മറി കാര്‍ഡിലാക്കി.
                    മഴ മാറിയതാണ് ഞങ്ങള്‍ക്ക് നല്ലത് എന്ന് അടുത്ത വള്ളിയും എന്നോട് സംവദിച്ചു.അധികം പുഷ്ടിയില്ലാത്ത ഒരു ചുരക്കാ വള്ളി.പക്ഷേ നന്നായി ഇലകള്‍ ഉണ്ടായി, നിറയെ പൂക്കളും.ദിവസം അധികം കഴിയുന്നതിന് മുമ്പേ ധാരാളം കുഞ്ഞു കായകള്‍ പിടിച്ചു. ചെറിയ കവറുകളും ന്യൂസ് പേപ്പറും ഉപയോഗിച്ച്  ഉമ്മയും ഞാനും അവയെ വണ്ടുകളില്‍ നിന്നും മറ്റു പ്രാണികളില്‍ നിന്നും രക്ഷപ്പെടുത്തി.വെറും ചാണകപ്പൊടി മാത്രമാണ് ഇട്ടതെങ്കിലും രണ്ടാം ദിവസം തന്നെ അവ കവറിന് പുറത്തേക്ക് വളര്‍ന്നു.അത്രയും ത്വരിത ഗതിയില്‍ വളരുന്നത് പ്രതീക്ഷിക്കാത്തതിനാല്‍ ചിലത് കവറിനുള്ളില്‍ ശ്വാസം മുട്ടി ചത്തു പോയി. ദൈവത്തിന് സ്തുതി , ചുരക്ക മുറ്റത്ത് വിളഞ്ഞു നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു ചന്തം.

മാലിന്യ പരിപാലനം, ജല സംരക്ഷണം, ജൈവ പച്ചക്കറി കൃഷി തുടങ്ങീ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കി കേരള സര്‍ക്കാര്‍ ഈ വരുന്ന എട്ടാം തീയതി ഹരിത കേരളത്തിന് നാന്ദി കുറിക്കുന്നു. വീട്ടില്‍ ഇതെല്ലാം മുമ്പേ നടത്തി വരുന്നതിനാല്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു...അല്പം ചിലരെങ്കിലും ഇനി ഈ വഴിയേ ചിന്തിക്കുമല്ലോ എന്നോര്‍ത്ത്.

5 comments:

Areekkodan | അരീക്കോടന്‍ said...

“ഈ ലോകത്തനവധി മത്തനില
അരീക്കോടന്‍ തിന്നേ...”

© Mubi said...

ഇവിടെ ബാല്‍ക്കണിയില്‍ എന്തെങ്കിലുമൊക്കെ വേനലില്‍ നട്ട് നനക്കുന്നതാ... ഇപ്രാവശ്യം ഒന്നുണ്ടായില്ല :( വെയിലുണ്ടായിരുന്നെങ്കിലും തണുപ്പ് തീര്‍ത്തും വിട്ടു പോയില്ല. പാവം എന്‍റെ ചെടികള്‍ക്കും തണുത്തിട്ടുണ്ടാകും.

Cv Thankappan said...

ചുരയ്ക്ക കറിക്ക്‌ ഉപയോഗിക്കാറില്ലല്ലോ?
ആശംസകള്‍ മാഷെ

Muralee Mukundan , ബിലാത്തിപട്ടണം said...

അസ്സല് നാടൻ തോട്ടം

Areekkodan | അരീക്കോടന്‍ said...

Mubi...ചെടികള്‍ക്കും തണുക്കും???

തങ്കപ്പേട്ടാ...ഉപയോഗിക്കുമല്ലോ...ഇല്ലേ???

ബിലാത്തിയേട്ടാ...തോട്ടമൊന്നുമില്ല,അല്പം ചില മുരടുകള്‍ മാത്രം....

Post a Comment

നന്ദി....വീണ്ടും വരിക