Pages

Sunday, April 16, 2017

അരിപ്പാറ വെള്ളച്ചാട്ടം - 1

              മധ്യവേനല്‍ അവധിക്കാലം തുടങ്ങിയത് മുതല്‍ എന്റെ മക്കളും അയല്പക്കത്തെ കുട്ടികളും പല തരത്തിലുള്ള കളികളില്‍ ഏര്‍പ്പെട്ടു വന്നിരുന്നു. എന്നാല്‍ അവധിക്കാലം ആദ്യത്തെ പത്ത് ദിവസം പിന്നിട്ടതോടെ വിരുന്ന് പോക്ക് തുടങ്ങി , അതോടെ കളിയാരവവും കുറഞ്ഞ് വന്നു.പലരും കുടുംബ സമേതം വിനോദയാത്രക്കും പോകാന്‍ തുടങ്ങിയതോടെ എന്റെ മക്കളും എന്നെ നിര്‍ബന്ധിക്കാന്‍ തുടങ്ങി.ഫെബ്രുവരി അവസാനമാണ് കൊച്ചിന്‍-മുസ്രിസ് ബിനാലെ കാണാന്‍ കുടുംബ സമേതം പോയതും ആതിരപ്പിള്ളി അടക്കം പല വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചതും.പക്ഷെ കഴിഞ്ഞത് കഴിഞ്ഞു , ഈ അവധിക്കാലത്ത് എന്ത് ചെയ്തു എന്നതാണ് സ്കൂള്‍ തുറക്കുമ്പോഴുള്ള ബില്ല്യണ്‍ ഡോളര്‍ ചോദ്യം പോലും!!

                   കോളേജില്‍ വെക്കേഷന്‍ ഡ്യൂട്ടി ഉള്ളതിനാലാണ് എനിക്ക് യാത്ര പോകാന്‍ തരമാകാതിരുന്നത്. എന്റെ വെക്കേഷന്‍ ഡ്യൂട്ടി കഴിയുമ്പോഴേക്കും ലുഅ മോള്‍ക്ക് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാമിന്റെ ക്യാമ്പ് തുടങ്ങും.പിന്നെ മെയ് മാസത്തിലേ ടൂര്‍ നടക്കൂ.മെയ് ആദ്യവാരത്തില്‍ എം.എസ്.സി സൈക്കോളജി പരീക്ഷയും അവസാ‍ന വാരത്തില്‍ നോമ്പും.ചുരുക്കി പറഞ്ഞാല്‍ മെയ് മാസത്തില്‍ കിട്ടുന്ന ചുരുങ്ങിയ ദിവസത്തില്‍ ഏതെങ്കിലും ഒന്നിലേ ഒരു ടൂര്‍ പോകാന്‍ സാധിക്കൂ.

            അനിയന്മാരുടെ മക്കളും പെങ്ങളുടെ മോനും അവധി ആഘോഷിക്കാനായി എന്റെ വീട്ടില്‍ എത്തിയതോടെ എന്റെ മേലുള്ള ലുഅ മോളുടെ സമര്‍ദ്ദം കൂടി വന്നു - എല്ലാവരും ഓരോ സ്ഥലത്തേക്ക് പോകുന്നു, നമുക്കും എങ്ങോട്ടെങ്കിലും ഒന്ന് പോയി വരണം. അത് ആനക്കയം കൃഷിത്തോട്ടത്തിലേക്കായാലും മതി!!

            പെട്ടെന്നാണ്  ബ്ലോഗിണി കൂടിയായ ശബ്‌ന പൊന്നാടിന്റെ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ഒരു യാത്രാവിവരണം ആഴ്ചകള്‍ക്ക് മുമ്പ് വാരാദ്യമാധ്യമത്തില്‍ വായിച്ചത് ഓര്‍മ്മ വന്നത്.അപ്പോഴേക്കും സമയം രണ്ട് മണിയോട് അടുത്തിരുന്നു. ഞാന്‍ ഉടന്‍ ഗൂഗിളില്‍ കയറി ഒന്ന് അരിച്ച് പെറുക്കി.കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ നിന്നും ആനക്കാം‌പൊയിലിലേക്ക് പോകുന്ന വഴിയിലാണ് അരിപ്പാറ വെള്ളച്ചാട്ടം എന്ന് ഗൂഗിള്‍ വിവരം തന്നു.

                ഉടന്‍ എന്റെ മനസ്സില്‍ ഒരു ബള്‍ബ് മിന്നി.അതുപ്രകാരം, ഇപ്പോള്‍ എന്റെ കോളേജിലെ എൻ.എസ്.എസ് വളണ്ടിയറും തിരുവമ്പാടി സ്വദേശിയുമായ ബിന്‍ഷിദ് ഉമ്മറിനെ ഞാന്‍ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. അവന്‍ ഞങ്ങള്‍ക്ക് വഴികാട്ടിയായി വരാം എന്ന് പറഞ്ഞതോടെ, മൂന്ന് മണി കഴിഞ്ഞ് ഞാനും എന്റെ മൂന്ന് മക്കളും,പെങ്ങളും അവളുടെ മകനും,രണ്ട് അനിയന്മാരുടെയും മൂന്ന് മക്കളും അടങ്ങുന്ന ഒമ്പതംഗ സംഘം ഒരു മാരുതി ആൾട്ടോ കാറിൽ അരിപ്പാറ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി.
              അരീക്കോട് നിന്നും മുക്കം അഗസ്ത്യന്മുഴിയിൽ എത്തി വലത്തോട്ട് തിരിഞ്ഞ് നാലോ അഞ്ചോ കിലോമീറ്റർ പിന്നിട്ട് ഞങ്ങൾ തിരുവമ്പാടിയില്‍ എത്തി.പ്രതീക്ഷിച്ചപോലെ ബിൻഷിദ് ഒരു സ്കൂട്ടറിൽ അവിടെ കാത്തിരുന്നിരുന്നു. ഇനിയും 12 കിലോമീറ്ററോളം യാത്രയുണ്ട് എന്നും അത്യാവശ്യം നല്ല കയറ്റമാണെന്നും പറഞ്ഞപ്പോൾ ഞാൻ ഒന്ന് പിൻ സീറ്റിലേക്ക് നോക്കി. പിന്നെ ബിൻഷിദിന്റെ പിന്നാലെ വണ്ടി വിട്ടു.

                    പറഞ്ഞ ദൂരം അത്രയും ഓടിയ ശേഷം ബിൻഷിദ് പെട്ടെന്ന് ഒരു ഇടവഴിപോലെയുള്ള ഒരു ചെമ്മൺ പാതയിലേക്ക് തിരിഞ്ഞു. ഇളകിപ്പറിഞ്ഞ കല്ലുകളും കുഴിയും നിറഞ്ഞ ഒരു ഇറക്കത്തിലെത്തി. കാറിന് മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന സംശയം ഉയർന്നതിനാൽ എല്ലാവരെയും അവിടെ ഇറക്കി. സംശയം തീർക്കാൻ കൃത്യം ഒരു വണ്ടി തൊട്ടടുത്ത വീട്ടിൽ നിന്നും ഇറങ്ങി വന്നു. താഴെ പാർക്കിംഗ് ഉണ്ടെന്നും വണ്ടി പോകുമെന്നും പറഞ്ഞതോടെ ഞാൻ സൂക്ഷിച്ച് ഇറക്കം ഇറങ്ങി.

                   തിരിച്ച് പോകാൻ നല്ല വഴി ഉണ്ടെന്നും അതു വഴി പോകാമെന്നും ടിക്കറ്റ് കൌണ്ടറിൽ ഇരിക്കുന്നയാൾ പറഞ്ഞു.മുതിർന്നവർക്ക് 10 രൂപ ടിക്കറ്റും കുട്ടികൾക്ക് സൌജന്യമായും അരിപ്പാറയിലേക്ക് പ്രവേശനം നൽകുന്നു. ടിക്കറ്റെടുത്ത് ഞങ്ങൾ മുന്നോട്ട് നീങ്ങി. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പാതയുടെ ഇരു വശവും.

(തുടരും...)

Friday, April 14, 2017

എന്റെ വിഷു അനുഭവം

ദു:ഖ വെള്ളിയും വെള്ളിയാഴ്ചയും എല്ലാ വര്‍ഷവും ഒരുമിക്കാറുണ്ട് !! പക്ഷെ വിഷു അതിലേക്ക് എത്തിച്ചേരുന്നത് എന്റെ ശ്രദ്ധയില്‍ ആദ്യമായാണ് വരുന്നത്. ഇന്നലെ യേശു കൃഷ്ണന്‍ എന്ന് മോളുടെ നാക്ക് പിഴ്ച്ചപ്പോള്‍ കേട്ടത് എനിക്ക് ഏറെ ഹൃദ്യമായി തോന്നുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഹലോകവാസം വെടിഞ്ഞ എന്റെ പ്രിയ പിതാവിന്റെ ഒരു കര്‍മ്മം ഈ ദിനത്തില്‍ ഞാന്‍ ഓര്‍മ്മിക്കുന്നു.

വര്‍ഷങ്ങളായി ഞങ്ങളുടെ വീട്ടില്‍ പറമ്പിലെ പണികള്‍ എടുക്കുന്നത് ഗോപാലേട്ടന്‍ ആയിരുന്നു. കുഞ്ഞന്‍ കാക്ക  മരിച്ചതോടെയാണ് ഗോപാലേട്ടന്‍ ആ സ്ഥാനം ഏറ്റെടുത്തത്. ഇപ്പോഴും ഒരു സഹായിയെയും കൂട്ടി ഗോപാലേട്ടന്‍ ആ കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു.

വിഷുപ്പുലരിയില്‍ അല്ലെങ്കില്‍ തലേ ദിവസം ബാപ്പയുടെ അടുത്ത് ചെറിയ ഒരു പൊതി ഉണ്ടാകും. ഗോപാലേട്ടനുള്ള വിഷുക്കോടി ആണ് അതിനുള്ളില്‍ ഉണ്ടാകുക. ബാപ്പക്ക് ആരോഗ്യമുള്ള കാലത്ത് ബാപ്പ തന്നെയായിരുന്നു അത് വാങ്ങിയിരുന്നത്. പിന്നീട് വിഷുവിന് ഒരാഴ്ച മുമ്പെ ഞങ്ങളോട് ആരോടെങ്കിലും വാങ്ങിപ്പിക്കും.വിഷു ദിനത്തില്‍ ഉപ്പാക്ക് ഒരു വാഴക്കുലയോ പച്ചക്കറികളോ പായസമോ കൊണ്ട് ഗോപാലേട്ടന്‍ എത്തും. ഗോപാലേട്ടനുള്ള ഓണക്കോടി ബാപ്പയും നല്‍കും.

 ബാപ്പ മരിച്ചതിന്റെ തൊട്ടടുത്ത വര്‍ഷത്തില്‍ ഉമ്മ ആ പതിവ് തെറ്റിക്കാതെ തുടര്‍ന്നു.അന്ന് ഗോപാലേട്ടന്റെ കണ്ണുകള്‍ നിറഞ്ഞത് ഇന്ന് ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണും നിറയുന്നു. പിന്നീട് എല്ലാ വര്‍ഷവും മുടങ്ങാതെ ആ ചടങ്ങ് ഉമ്മ തുടര്‍ന്നു വരുന്നു. ഇന്ന് രാവിലെയും എന്റെ കുഞ്ഞുമോനും അനിയന്റെ മോനും ഉമ്മയും ചേര്‍ന്ന് ഗോപാലേട്ടനുള്ള ആ സമ്മാനം കൈമാറി.
വിഷു ഞങ്ങള്‍ ആഘോഷിക്കാറില്ല.പക്ഷെ അവരുടെ സന്തോഷത്തില്‍ പങ്കുചേരാറുണ്ട്. വിഷു ആശംസകള്‍ നേരാറുണ്ട്. കുട്ടികളുടെ വാരികയായ ബാലഭൂമി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ‘വിഷുക്കണി ഒരുക്കല്‍ ‘ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഇതുവരെ യഥാര്‍ത്ഥ വിഷുക്കണി ഒരുക്കിയിട്ടില്ലാത്ത എന്റെ രണ്ടാമത്തെ മോള്‍ ആതിഫ ജും‌ല ആയിരുന്നു.

ഹിന്ദു,മുസ്‌ലിം,കൃസ്ത്യന്‍ എന്ന വേര്‍തിരിവില്ലാതെ  കേരളത്തിലെങ്കിലും ജീവിക്കാന്‍ സാധിക്കാന്‍ എല്ലാ മതവിശ്വാസികളും പരസ്പരം ബഹുമാനിക്കട്ടെ.

ശ്രീ വൈലോപ്പിള്ളിയുടെ വരികള്‍ കൂടി കുറിക്കട്ടെ.
“ഏത് ധൂസര സങ്കല്പങ്ങളില്‍
വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍
പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ
ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും
ഇത്തിരി കൊന്നപ്പൂവും....”

എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേരുന്നു.
(ഒരു പഴയ വിഷു ഓര്‍മ്മ ഇവിടെ)


Thursday, April 06, 2017

ഒരു സക്ഷന്‍ മെഷീനിന്റെ കഥ

2016ലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി ഞങ്ങൾ ഏറ്റെടുത്ത വർക്ക് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഉപകരണങ്ങളുടെയും ഫർണ്ണീച്ചറുകളുടെയും അറ്റകുറ്റപ്പണികൾ ആയിരുന്നു. ഇത് ചെയ്യാൻ ഞങ്ങൾക്ക് അറിയുമോ എന്ന് ചോദിച്ചാൽ ഉത്തരം ഉത്തരത്തിലേക്കുള്ള നോട്ടമാകും. എങ്കിലും ആ വെല്ലുവിളി ഞങ്ങൾ ഏറ്റെടുത്തു.

കേടായി കിടക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് മുൻ‌കൂട്ടി ഞങ്ങൾ വാങ്ങിയിരുന്നു.പക്ഷെ ക്യാമ്പിന് ചെന്നപ്പോഴാണ് അതിലൊന്നും കൈ വയ്ക്കാൻ ഞങ്ങൾക്ക് അനുവാദമില്ല എന്ന് മനസ്സിലായത്.പക്ഷെ ഞങ്ങളുടെ കപ്പാസിറ്റി മനസ്സിലാക്കിയ ഒരു ഹെഡ് നഴ്സ്  കാഷ്വാലിറ്റിക്ക് മുകളിലെ ഉപകരണങ്ങളുടെ ‘അത്യാഹിത വിഭാഗം’ ഞങ്ങൾക്ക് കാണിച്ചു തന്നു.

“ഇതിൽ നിന്ന് നിങ്ങൾക്ക് നന്നാക്കാൻ പറ്റുന്നത് ഏത് നന്നാക്കിയാലും ഏറെ ഉപകാരമായിരിക്കും...” ലക്ഷക്കണക്കിന് രൂപയുടെ കേടായ സാധനങ്ങൾ കാണിച്ചു തന്നു കൊണ്ട് അവർ പറഞ്ഞു.

ആദ്യത്തെ അമ്പരപ്പിൽ നിന്നും മുക്തരായ ഞങ്ങൾ ഓരോ ഉപകരണത്തെയും കൌതുകത്തോടെ നോക്കി.അവയുടെ ഊരും പേരും ഉപയോഗവും അറിയാത്തതിനാൽ കൂടുതൽ ഒന്നും ആലോച്ചില്ല.കഴിയുന്നത് എല്ലാം റിപ്പയർ ചെയ്തിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ചു.

“മാഡം....ആ സാധനം എന്താ ?” നിഷാദിന്റെ കണ്ണ് ഉടക്കിയത് കാണാൻ അത്യാവശ്യം വലിപ്പമുള്ള ഒരു ഉപകരണത്തിൽ ആയിരുന്നു.

“അതാണ് സക്ഷൻ മെഷീൻ...” നഴ്സ് മറുപടി കൊടുത്തു.

“ഓ...ഇതാണ് അത് അല്ലെ...എടാ നമുക്ക് എഞ്ചിനീയറിംഗ് ഗ്രാഫിക്സിൽ പഠിക്കാനുണ്ട്...” അവൻ ആരോടോ പറഞ്ഞു.

“അത്...ഒറിജിനലി കേട് ആയത് തന്നെയാണോ?” നിഷാദിന്റെ അടുത്ത ചോദ്യം.

“സാധനം ഒറിജിനൽ തന്നെയായിരുന്നു...പക്ഷെ റിപ്പയർ ചെയ്യാൻ ആരെയും കിട്ടിയില്ല...” നഴ്സ് അല്പം വിഷമത്തോടെ പറഞ്ഞു.

“മാഡം കരയണ്ട...അത് ഞാൻ ഏറ്റു...ഇപ്പോ ശരിയാക്കിത്തരാ....ടൂൾ കമ്മിറ്റീ... ആ സ്പാനറും സ്ക്രൂ ഡ്രൈവറും വരട്ടെ....” നിഷാദിന്റെ ആവശ്യം കേൾക്കേണ്ട താമസം ആരോ അതെടുക്കാൻ ഓടി.

“ഇതിന് ഏകദേശം എത്ര രൂപ വില വരും...?”  നിഷാദിന്റെ അടുത്ത സംശയം.

“അതെന്തിനാ? നന്നാക്കിയിട്ട് കൊണ്ടു പോകാനോ?”

“ഏയ്...ആബിദ് സാറിന് ലിസ്റ്റ് കൊടുക്കാനാ...”

“പതിനായിരം രൂപക്കടുത്ത്...”

“പതിനാ......യിരം....രൂവാ....!!എങ്കി ഇത് ശര്യാക്കീട്ട് തന്നെ കാര്യം....എന്താ പെങ്കുട്ട്യേളെ....ഇങ്ങൾ എല്ലാരും നോക്കി നിക്ക്ണത്...അഴിക്ക് വേഗം...”

“എന്ത്?”

“സ്ക്രൂ...ഈ മെഷീനിന്റെ ...ഞാൻ പിടിച്ച് തരാം....” നിഷാദ് മെഷീനിന്റെ ചുറ്റും കയ്യിട്ട് പിടിച്ചു. മറ്റുള്ളവർ സ്ക്രൂ ഓരോന്നായി അഴിക്കാൻ തുടങ്ങി.

“എന്താ...ഒരു ഒരു...” നിഷാദിന് ഒരു പന്തികേട് തോന്നി.”ഏയ്...ഒരു പ്രശ്നവും ഇല്ല...കമോൺ...കണ്ടിന്യൂ....”

“സ്ക്ര്യൂ മുഴുവൻ അഴിച്ചു....”

“ഓകെ...ഇനി അതിനകത്തെ ആ കുഞ്ഞിപ്പാത്രം എടുക്കണം...അത് ഞാൻ തന്നെ എടുക്കാം...” നിഷാദ് ഉപകരണത്തിന്റെ മുകളിലത്തെ ടോപ് മാറ്റി.ഉടൻ അവിടെയാകെ ഒരു ദുർഗന്ധം പരന്നു. ചുറ്റും നിന്നവരെല്ലാം ഗന്ധം സഹിക്കാനാകാതെ ഒഴിഞ്ഞ് മാറി. നിഷാദ് ആ പാത്രത്തിൽ തൊട്ടതും കൈ വലിച്ചു - കൊഴുത്ത ഒരു ദ്രാവകം ആയിരുന്നു അതിനകത്ത്.

“ഇങ്ങളെല്ലാരും എന്താ നായ തൊട്ട കലം പോലെ മാറി നിക്ക്ണത്....ആ ചേച്ചിനെ ബേഗം വിളിക്ക്...ഹൊ... ഇതെന്തൊരു ഹലാക്കിലെ മണമാ....” നിഷാദും മൂക്ക് പൊത്തിപ്പിടിച്ചു. അല്പ സമയത്തിനകം തന്നെ നഴ്സ് സ്ഥലത്തെത്തി.

“ചേഛീ...ഇതെന്താ ഇതിൽ സ്റ്റോക്ക് ചെയ്തു വച്ചത്....മണത്ത്ട്ട് നിക്കാൻ വയ്യ...” നിഷാദ് പറഞ്ഞു.

“അയ്യേ....അതിൽ കയ്യിട്ടോ?” നഴ്സ് ആശ്ചര്യത്തോടെ ചോദിച്ചു.

“ആ...കൈ ഇട്ടതല്ല...കൈ വിട്ടതാ....എന്താ പ്രശ്നം?”

“അത്....ഈ ഉപകരണം ശരീരത്തിനകത്തെ രക്തം,ചലം,കഫം തുടങ്ങീ അനാവശ്യ ദ്രാവകങ്ങളെ വലിച്ചെടുക്കാൻ ഉപയോഗിക്കുന്നതാ.... ഗർഭിണികളുടെയും മറ്റും....”

“മതി....മതി....ഇതൊക്കെ ഒന്ന് ആദ്യം പറഞ്ഞ് തന്നൂടെയ്ന്യോ ന്റെ ചേച്ചീ....ഇഞ്ഞി അതല്ല പ്രശ്നം...”

“കൈ നല്ലവണ്ണം സോപ്പും ഡെറ്റോളും ഇട്ട് കഴുകണം...”നഴ്സ് പറഞ്ഞു.

“അത് നമ്മൾ നൂറ്റൊന്ന് വട്ടം കഴുകിട്ടേ ചോറ് തിന്നൂളൂ....അതല്ല പ്രശ്നം...”

“പിന്നെന്താ പ്രശ്നം....ഇനി അതങ്ങ് അടച്ചോളൂ....”

“അത് തന്നെയാ പ്രശ്നം....ആകെ ണ്ടായിന്യ ഒരു സ്ക്രൂ ഡ്രൈവർ ഇതിന്റുള്ളിലെ ആ കുഞ്ഞിപ്പാത്രത്തിലെ ചോരേക്ക് വീണ്...ഇഞ്ഞി അത്‌ട്ക്കാൻ ആര് അയില് കയ്യിടും?”

😌😕😕

Sunday, April 02, 2017

എസ്.ബി.ടി – ചില ഓര്‍മ്മക്കുറിപ്പുകള്‍

       സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ 2017 മാര്‍ച്ച് 31 ആം തീയ്യതി ചരിത്രത്തിന്റെ ഭാഗമായി. ഞാന്‍ ബാങ്കിംഗ് മേഖലയുമായി ബന്ധം സ്ഥാപിച്ചത് എസ്.ബി.ടിയിലൂടെ ആയതിനാല്‍ അതിന്റെ അകാല വിയോഗം ചില ഓര്‍മ്മകളെ ഉണര്‍ത്തുന്നു.
       അരീക്കോട് പോസ്റ്റ് ഓഫീസിനെ സമീപത്ത് ഇന്ന് കാണുന്ന ഷോപ്പിംഗ് കോം‌പ്ലക്സുകള്‍ നിന്നിടത്ത് ഒരു പഴയ വീടിന്റെ മുമ്പിലെ തെങ്ങില്‍ ഒരു മൂലയും, നിലത്തുറപ്പിച്ച ഒരു മരത്തൂണില്‍ മറ്റേ മൂലയും ഉറപ്പിച്ച ‘റ’ ചിഹ്നമുള നീലയില്‍ വെള്ള എഴുത്തുള്ള ഒരു ബോര്‍ഡ് ഇന്നും എന്റെ മനസ്സില്‍ തെളിയുന്നു - സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍‌കൂര്‍ , അരീക്കോട്. ഈ ബാങ്ക് ഇതിന് മുമ്പ് എവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്ന് എനിക്ക് അറിയില്ല.
       വീടിന്റെ ഏറ്റവും സമീപത്തെ ബാങ്ക് എന്നതും പരിചയമുള്ള ചിലരൊക്കെ അവിടെ ഏതൊക്കെയോ തസ്തികയില്‍ ജോലി ചെയ്യുന്നു എന്നതും പിന്നെ കേരളത്തിലുടനീളം ശാഖകള്‍ ഉണ്ട് എന്നതും, ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങാനുള ചിന്ത ആരംഭിച്ചതോടെ എന്നെ അങ്ങോട്ട് നയിച്ചു.
      ബിരുദ പഠനം കഴിഞ്ഞ് വിവിധ മത്സര പരീക്ഷകള്‍ക്കും കോളേജ് പ്രവേശനത്തിനും ഡിമാന്റ് ഡ്രാഫ്റ്റ് എടുക്കാന്‍ വേണ്ടിയായിരിക്കും 23/9/1992ന് ഞാന്‍ ഈ അക്കൌണ്ട് തുടങ്ങിയത്. P 5273 എന്ന അക്കൌണ്ട് നമ്പര്‍ കാലക്രമേണ മാറി മാറി ഇന്ന് മനസ്സില്‍ നില്‍ക്കാത്ത ഒരു പത്തക്ക നമ്പറായി. അക്കൌണ്ട് നമ്പറിലെ ഡിജിറ്റ് കൂടുന്നതിനനുസരിച്ച് ബാങ്കിന്റെ വലിപ്പം കൂടി , ജീവനക്കാരുടെ സ്വഭാവവും മാറി.
      മേല്‍ പറഞ്ഞ സ്ഥലത്ത് നിന്നും ബാങ്ക് ശാഖ അരീക്കോട് ബസ്‌സ്റ്റാന്‍റ്റിലെ കെ.പി.എം ബില്‍ഡിങ്ങിലേക്കും അവിടെ നിന്ന് മുക്കം റോഡിലെ ഗോള്‍ഡന്‍ സ്ക്വയറിലേക്കും മാറിയപ്പോഴേക്കും സാധാരണക്കാര്‍ പലരും ബാങ്കില്‍ നിന്ന് അകന്ന് പോയി. ഒരു ലോണ്‍ ആവശ്യത്തിന് ചെന്ന സുഹൃത്തിനെ മാനേജര്‍ ചില ചോദ്യങ്ങളിലൂടെ വെറുപ്പിച്ചതും ‘ഇനി ഈ ജീവിതത്തില്‍ ആ ബാങ്കിലേക്ക് ഞാന്‍ ഇല്ല’ എന്ന് തീരുമാനം എടുത്തതും എനിക്കറിയാം. എന്നാല്‍ നല്ലൊരു മറുവശം എന്ന് പറയാം ഇവിടെ അക്കൌണ്ട് ഉളത് കാരണം, ബാപ്പയും ഉമ്മയും ഹജ്ജിന് പോകുന്ന സമയത്ത് ദേശസാല്‍കൃത ബാങ്കില്‍ നിന്ന് ഒരു ഡിഡി എടുക്കാന്‍ എനിക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. ബാപ്പ അതിന് എന്നെ പ്രശംസിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.
       ഡിഗ്രി കഴിഞ്ഞ ഉടനെ വിവിധ മത്സരപ്പരീക്ഷകള്‍ എഴുതി നടക്കുന്ന കാലത്ത്, എന്റെ അയല്‍‌വാസിയായിരുന്ന തിരുവനന്തപുരം ഏ.ജീസ് ഓഫീസില്‍ ജോലി ചെയ്തിരുന്ന എം.പി.ശരീഫിന്റെ തിരുവനന്തപുരത്തെ റൂമില്‍ ഒരു ദിവസം ഞാന്‍ എത്തിയിരുന്നു.അന്ന് അവന്റെ റൂം മേറ്റ് ആയിരുന്ന എസ്.ബി.ടി ക്രിക്കറ്റ് ടീമിലെ സന്ദീപിനെ (ഇന്നും അതേ പേരില്‍ ഒരാളെ കാണുന്നു) പരിചയപ്പെട്ടത് ഓര്‍ക്കുന്നു. കേരള മറഡോണ മലപ്പുറം മമ്പാട് സ്വദേശി ആസിഫ് സഹീറും സഹോദരന്‍ ഷബീറും എസ്.ബി.ടിക്ക് വേണ്ടി കളം നിറഞ്ഞ് കളിച്ച ഫുട്ബാള്‍ മത്സരങ്ങളും, പെട്ടെന്ന് എസ്.ബി.ടി ഇല്ലാതാകുമ്പോള്‍ മനസ്സില്‍ പാഞ്ഞ് വരുന്നു.

      ഇന്ന് ഈ ബാങ്കിലേക്ക് ഞാനും പോകുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ്. അത്രക്കും തിരക്കേറിയതായി മാറി ഈ ബാങ്ക്. മേല്‍ സൂചിപ്പിച്ച പോലെ ജീവനക്കാര്‍ കൂടുതല്‍ പരുക്കന്‍ സ്വഭാവക്കാരും ആയി. സ്വാഭാവികമായും നല്ല പെരുമാറ്റം പ്രദാനം ചെയ്യുന്ന ഫെഡറല്‍ ബാങ്ക് പോലെയുള ബാങ്കുകളില്‍ ഞാന്‍ അടക്കം അക്കൌണ്ട് തുറന്ന് ഇടപാടുകള്‍ അങ്ങോട്ട് മാറ്റി. അതുകൊണ്ട് തന്നെയാകാം എസ്.ബിടി, എസ്.ബി.ഐ യില്‍ ലയിക്കുമ്പോള്‍ അത് സാധാരണക്കാരില്‍ ഒരു മനോവിഷമവും ചര്‍ച്ചയും സൃഷ്ടിക്കാതെ പോയത്. ഇനി ആ "A Long Tradition of Trust" എന്താകുമോ ആവോ?


Friday, March 31, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016

              കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016  ലെ അവസാന കാഴ്ചകള്‍ക്ക് വിരാമമിട്ട് ഞങ്ങള്‍ കായല്‍കരയില്‍ അല്പ നേരം വിശ്രമിച്ചു. ദൂരെ വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍ കാണാമായിരുന്നു. പത്രത്തില്‍ വായിച്ചറിഞ്ഞ വല്ലാര്‍പ്പാടമാണ് കണ്‍‌മുന്നില്‍ കാണുന്നതെന്ന് ഞാന്‍ മക്കള്‍ക്ക് പറഞ്ഞുകൊടുത്തു.
              ഇതിനിടയില്‍ അന്ന് നാട്ടിലേക്ക് മടങ്ങേണ്ട എന്നും, രാത്രി ഖൈസിന്റെ ഫ്ലാറ്റില്‍ തങ്ങാം എന്നും പ്ലാന്‍ ചെയ്തു കഴിഞ്ഞിരുന്നു. ആ വിവരം ഖൈസിനെ വിളിച്ച് അറിയിക്കുകയും ഞങ്ങള്‍ എത്തേണ്ട സ്ഥലം അവന്‍ കൃത്യമായി പറഞ്ഞ് തരികയും ചെയ്തു.          
           അല്പ നേരത്തെ കാറ്റുകൊള്ളലിനാണ് ഇരുന്നതെങ്കിലും കൂടുതല്‍ കൊതുക് കടിയാണ് കൊള്ളുന്നത് എന്ന് മനസ്സിലായതോടെ ഞങ്ങള്‍ ആസ്പിന്‍ വാളിന്റെ ഗേറ്റിലേക്ക് നീങ്ങി. വഴിയില്‍ ഒരു ഇന്‍സ്റ്റലേഷന്‍ പോലെ കണ്ട സോഫയില്‍ എല്ലാരും കൂടി ഒന്നുകൂടി വിശ്രമിച്ചു. ഇവിടെയും അധിക നേരം ഇരിക്കാന്‍ ബിനാലെ അധികൃതര്‍ സമ്മതിച്ചില്ല. അല്പമകലെ ഭൂമി കുലുക്കത്തില്‍ വീണ പോലെ ഒരു വലിയ സ്ലാബ് മറിഞ്ഞ് കിടക്കുന്നത് കണ്ടു.അടുത്ത് പോയി നോക്കിയപ്പോള്‍ അതും ഒരു ഇന്‍സ്റ്റലേഷന്‍ ആയിരുന്നു!!!
           മട്ടാഞ്ചേരി സിനഗോഗ് കാണാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞായറാഴ്ച അവധിയാണെന്ന ഊബറ് ഡ്രൈവറുടെ തെറ്റായ വിവരണത്തില്‍ അത് നഷ്ടമായി. വെള്ളി, ശനി ദിവസങ്ങളിലാണ് സിനഗോഗിന് അവധി(കൂടുതല്‍ വിവരങ്ങള്‍ ഇവിടെ) . ഇനിയും വൈകിയാല്‍ ബോട്ട് യാത്രയും നഷ്ടമാകും എന്നതിനാല്‍  ഞങ്ങള്‍ ഫെറി ലക്ഷ്യമാക്കി നടത്തം തുടങ്ങി. പൌരാണികതയുടെ ഗതകാല സ്മരണകള്‍ പേറുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെയുള്ള ആ നടത്തം വളരെ ഹൃദ്യമായിത്തോന്നി.
         നാല് രൂപ ബോട്ട് ടിക്കറ്റ് എടുക്കാന്‍ അരമണിക്കൂര്‍ ക്യൂവില്‍ നിന്ന് വീണ്ടും കൊതുകു കടി കൊണ്ടു. അപ്പോഴേക്കും കായലില്‍ സന്ധ്യ പരന്ന് തുടങ്ങിയിരുന്നു. വല്ലാര്‍പാടത്ത് ദീപനാളങ്ങള്‍ കണക്കെ ലൈറ്റുകള്‍ മിന്നിത്തുടങ്ങി.ഇരുട്ടും പ്രകാശവും ചേര്‍ന്ന് കായലില്‍ മനോ‍ഹര ചിത്രങ്ങള്‍ വരക്കാനും തുടങ്ങി.

              ബോട്ടില്‍ കയറിയപ്പോഴേക്കും കായല്‍ ഇരുട്ടില്‍ മുങ്ങി. കായലിന്റെ എല്ലാ ഭാഗത്തും നിയോണ്‍ ബള്‍ബുകള്‍ മഞ്ഞപ്രകാശം പരത്തി. ലിദുമോന്റെ ആദ്യത്തെ ബോട്ട് സവാരിയും ഈ യാത്രയിലൂടെ സാധ്യമായി.
              പത്തോ പതിനഞ്ചോ മിനുട്ട് യാത്രക്ക് ശേഷം ബോട്ട് എറണാകുളം ജെട്ടിയില്‍ എത്തി.ഊബറ് ടാക്സി വിളിച്ച് നേരെ എന്റെ ആതിഥേയന്‍ ഖൈസിനൊപ്പം ചേര്‍ന്നതോടെ ഈ വര്‍ഷത്തെ ഞങ്ങളുടെ ബിനാലെ യാത്രക്കും സമാപനമായി. ഇനിയും കാ‍ണാനുള്ള ബിനാലെ വേദികളില്‍ ഇതേ ടിക്കറ്റ് ഉപയോഗിച്ച് മാര്‍ച്ച് 29 വരെ കയറാമെന്നതിനാല്‍ ടിക്കറ്റുകള്‍ ഖൈസിന് നല്‍കി പിറ്റേ ദിവസം ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി. 


             “അടുത്തത് ഇനി ആലപ്പുഴയിലേക്ക്” - മടക്ക യാത്രക്കിടയില്‍ മക്കള്‍ അവരുടെ ആഗ്രഹം പ്രകടിപ്പിച്ചു. 
“ഇന്‍ഷാ അല്ലാഹ്” ഞാന്‍ സമ്മതം മൂളി.


Monday, March 20, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016 - ആസ്പിന്‍ വാള്‍ 2

                   ആസ്പിന്‍ വാളിലെ കാഴ്ചകള്‍ വിസ്മയാവഹമാണ്. സാധാരണ ഇന്‍സ്റ്റലേഷനുകളില്‍ നിന്നും വ്യത്യസ്തമായി നിറവും ശബ്ദവും വെളിച്ചവും എല്ലാം ഉപയോഗിച്ചുകൊണ്ടുള്ള വിവിധ കലാകാരന്മാരുടെ ഭാവനകള്‍ നിറഞ്ഞതായിരുന്നു ഇത്തവണത്തെ കൊച്ചിന്‍ മുസ്‌രിസ് ബിനാലെ എന്ന് പറയാതിരിക്കാന്‍ വയ്യ. 
                അങ്ങനെ എത്തിപ്പെട്ടതാണ് ഈ ഇരുട്ട് മുറിയിലും. പക്ഷെ ഇടക്ക് വരുന്ന റോസ് വെളിച്ചത്തില്‍ കസേരയിലിരിക്കുന്ന ഒരു മനുഷ്യന്‍ തെളിഞ്ഞു കാണുന്നുണ്ട്. അത് യഥാര്‍ത്ഥ മനുഷ്യനല്ല എന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അറിഞ്ഞത് - ഒരു മെഴുക് പ്രതിമ ! നാം അതിനടുത്ത് നില്‍ക്കുന്നതിനനുസരിച്ച് അത് ഉരുകിത്തീരുമത്രേ!
                 ശിതീകരിച്ച മുറിയായതിനാല്‍ അവിടെ കുറച്ച് നേരം തങ്ങാമെന്നുണ്ടായിരുന്നു.  പക്ഷെ അയാള്‍ ഉരുകിത്തീര്‍ന്നാല്‍ എന്റെ പിന്നാലെ മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും ഒക്കെ കഷ്ടപ്പെട്ട് വരുന്നവര്‍ക്ക് ഒന്നും കാണാനുണ്ടാകില്ലല്ലോ ...? ഞാനും കുടുംബവും മെല്ലെ അടുത്ത് മുറിയിലേക്ക് നീങ്ങി.

                 പല വലിപ്പത്തിലുള്ള പല ജാതി ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് അടുത്തടുത്ത് തൂക്കിയിട്ടിരിക്കുന്നു. ഏത് നോക്കണം , എന്തിന് നോക്കണം എന്ന് സംശയിച്ചു. കുറെ സെല്‍ഫി ഭ്രാന്തന്മാര്‍ ഇവിടെ നിന്നും സെല്‍ഫി എടുക്കുന്നത് കണ്ടു. പത്ത് വര്‍ഷം മുമ്പ് വരെ പല വീടുകളുടെയും, സ്കൂളിന്റെയും ചുമരുകളില്‍ നിറഞ്ഞാടിയിരുന്നതും ഈ രൂപത്തിലുള്ള നമ്മുടെ  ചിത്രങ്ങളായിരുന്നു എന്ന് അവര്‍ക്ക് അറിയില്ലായിരിക്കാം.
                      അലേഷ് ഷ്‌റ്റെയ്ഗറിന്റെ ‘ദ പിരമിഡ് ഓഫ് എക്സൈല്‍ഡ്’ പുറത്ത് നിന്ന് നോക്കിയാല്‍ ഒരു കൂറ്റന്‍ പിരമിഡ് ആണ്. ഒരു വാതിലിലൂടെ അകത്ത് കടന്നപ്പോഴാണ് അതിനുള്ളിലെ ഇരുട്ട് മനസ്സിലായത്. അല്പ നേരം സംശയിച്ച് നിന്നു , ടോര്‍ച്ച് അടിക്കണോ വേണ്ടേ എന്ന്. പിന്നെ രണ്ടും കല്പിച്ച് അതിനുള്ളിലൂടെ നടന്നു. മങ്ങിയ വെളിച്ചത്തില്‍ ഉയരുന്ന പ്രത്യേക ഗീതങ്ങള്‍ എന്തിനെയൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു. പുറത്തേക്കുള്ള വഴി കണ്ടെത്തിയപ്പോഴേക്കും പിന്നിലുള്ളവര്‍ മൊബൈല്‍ ഫ്ലാഷ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ വരുന്നത് കണ്ടു. അവര്‍ക്ക് ഇത് ഒട്ടും ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല എന്ന് തീര്‍ച്ച.


                 ചിലിയിലെ കവിയായ റൌള്‍ സുരിറ്റ (Raul Zurita)യുടെ  "Sea of Pain" എന്ന ഇന്‍സ്റ്റലേഷന്‍ ലോകത്തിലെ മുഴുവന്‍ അഭയാര്‍ത്ഥികളുടെയും ദു:ഖം പങ്കു വയ്ക്കുന്ന ഒന്നാണ്. ഒരു മുറി നിറയെ വെള്ളം നിറച്ചുള്ള ഈ ഇന്‍സ്റ്റലേഷനിലൂടെ നടന്നു നീങ്ങുമ്പോള്‍ ഐലന്‍ കുര്‍ദിയും മറ്റു നിഷ്കളങ്കരായ നിരവധി ജീവിതങ്ങളും നമ്മുടെ മനോമുകുരത്തില്‍ അശ്രുകണങ്ങള്‍ സൃഷ്ടിക്കും. യഥാര്‍ത്ഥ ജീവിതത്തില്‍ ഈ പലായനം സൃഷ്ടിക്കുന്ന ഭീതിയും സാഹസികതയും മനസ്സിലാക്കിത്തരാന്‍ റൌള്‍ സുരിറ്റക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്.

                    ‘ദ പിരമിഡ് ഓഫ് എക്സൈല്‍ഡ്’ , "Sea of Pain" , ‘ഡാ‍ന്‍സ് ഓഫ് ഡെത്ത്’ എന്നിവയാണ് കൊച്ചിന്‍ മുസ്‌രിസ് ബിനാലെയില്‍ നിര്‍ബന്ധമായും കാണേണ്ട ഇന്‍സ്റ്റലേഷനുകള്‍ എന്ന് ഇവിടെ വായിച്ചിരുന്നു. ഇതില്‍ മൂന്നാമത്തേത് കാണാന്‍ കൊതിക്കുമ്പോഴേക്കും സമയം ആറ് മണിയായിരുന്നു. കൃത്യം ആറ് മണിക്ക് തന്നെ ലൈറ്റുകള്‍ അണയാനും മുറികള്‍ക്ക് താഴ് വീഴാനും തുടങ്ങി. ഒഴിവ് ദിനമായിട്ടു പോലും ഇത്രയും കൃത്യമായി അടച്ചുപൂട്ടിയതിലുള്ള പ്രതിഷേധവും ‘ഡാ‍ന്‍സ് ഓഫ് ഡെത്ത്’ കാണാന്‍ സാധിക്കാത്തതിലുള്ള അമര്‍ഷവും മനസ്സില്‍ അടക്കി ഈ വര്‍ഷത്തെ ബിനാലെ കാഴ്ചകള്‍ക്ക് തിരശീലയിട്ട് ഞങ്ങള്‍ കായല്‍ തീരത്തേക്ക് നീങ്ങി
(വേറെ നിരവധി ഇന്‍സ്റ്റലേഷനുകള്‍ കണ്ടിട്ടുണ്ട്....എല്ലാം കൂ‍ടി ഇവിടെ നിരത്താന്‍ വയ്യ).

Thursday, March 09, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016 - ആസ്പിന്‍ വാള്‍ 1

           ബിനാലെയുടെ പ്രധാന വേദി  ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍ വാള്‍ ആണ്. ഒഴിഞ്ഞ് കിടക്കുന്ന ധാരാളം സ്ഥലം ഉള്ളതിനാലും ഫോര്‍ട്ട് കൊച്ചിയുടെ പൌരാണികതയും ആകാം, ബിനാലെയുടെ പ്രധാന വേദി എന്നും ആസ്പിന്‍ വാള്‍ ആകുന്നതിന് കാരണാം. പ്രകൃതി സൌന്ദര്യവും ബിനാലെയുടെ സൌന്ദര്യവും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന അനുഭൂതിയും ഒന്ന് വേറെത്തന്നെയാണ്.
           ടാക്സി ആസ്പിന്‍ വാള്‍ എന്ന് ലേബല്‍ ചെയ്ത ഒരു വലിയ മതിലിന് മുന്നില്‍ നിര്‍ത്തി. ചെറിയ ഒരു വാതില്‍ വഴി അകത്ത് കയറിയപ്പോള്‍ തന്നെ സ്ഥലം മാറിപ്പോയോ എന്ന് സംശയിച്ചു. ആസ്പിന്‍ വാള്‍ ആണ് ബിനാലെ ടിക്കറ്റ് ലഭിക്കുന്ന മറ്റൊരു സ്ഥലം എന്ന് അറിയിച്ചിരുന്നതിനാല്‍ സ്വാഭാവികമായും അല്പമെങ്കിലും തിരക്ക് പ്രതീക്ഷിച്ചതിനാലാണ് ഈ സംശയം ഉണ്ടായത്. പിന്നീടാണ് ഞങ്ങള്‍ എത്തിയത് കബ്രാള്‍ യാര്‍ഡ് എന്ന വേദിയിലാണ് എന്നറിഞ്ഞത്.

              പനയോലകൊണ്ട് പ്രത്യേക ആകൃതിയില്‍ ഉണ്ടാക്കിയ വലിയൊരു കൂടാരമാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.മൂന്നോ നാലോ വീഡിയോ ഇന്‍സ്റ്റലേഷനുകള്‍ ആയിരുന്നു അതിനുള്ളില്‍ ഒരുക്കിയിരുന്നത്. അവയില്‍ ഉരുണ്ട് കളിക്കുന്ന ഒരു വെള്ളത്തുള്ളി എല്ലാവര്‍ക്കും ഇഷ്ടമായി.

              കബ്രാള്‍ യാര്‍ഡില്‍ കൂടുതല്‍ ഇന്‍സ്റ്റലേഷനുകള്‍ ഒന്നും തന്നെയില്ല. ബിനാലെയോട് അനുബന്ധിച്ചുള്ള സിനിമാ പ്രദര്‍ശനങ്ങളും യോഗങ്ങളും ചര്‍ച്ചകളും ഒക്കെ നടത്താനുള്ള വേദിയാണ് കബ്രാല്‍ യാര്‍ഡ്.അവിടെക്കണ്ട ഹാളിന് പിന്നിലെ ഒരു ഇന്‍സ്റ്റലേഷനില്‍ കുട്ടികള്‍ കയറി നോക്കി.അവിടെ കൂട്ടിയിട്ട പൊട്ടിയ കസേരകളില്‍ ഒന്നില്‍ വിശ്രമിക്കാനായി ഞാന്‍ അല്പ സമയം ഇരുന്നു. അതു വഴി വരുന്നവരെല്ലാം എന്നെ തുറിച്ച് നോക്കാനും അഭിപ്രായം പറയാനും തുടങ്ങിയപ്പോഴാണ് ഞാന്‍ കയറി ഇരിക്കുന്നതും ഒരു ഇന്‍സ്റ്റലേഷന്‍ ആണെന്ന് മനസ്സിലായത്!!

            കബ്രാള്‍ യാര്‍ഡിന്റെ തൊട്ടടുത്ത് തന്നെയാണ് ആസ്പിന്‍ വാള്‍. ഇവിട് എത്തിയപ്പോഴാണ് ബിനാലെയുടെ ഒരു പ്രതീതി തോന്നിയത്. ടിക്കറ്റ് പഞ്ച് ചെയ്ത് ഞങ്ങള്‍ അകത്ത് കയറി. ഒരു വെര്‍ട്ടിക്കല്‍ സപ്പോര്‍ട്ടും ഇല്ലാതെ നില്‍ക്കുന്ന സ്റ്റെപ്പുകള്‍, കണ്ണാടികള്‍ തുടങ്ങിയവയാണ് ഇവിടെ ആദ്യം കണ്ടത്.
              പല ഹാളുകളിലൂടെയും കയറി ഞങ്ങള്‍ വലിയ ഒരു ഇരുട്ട് മുറിയിലേക്ക് പ്രവേശിച്ചു. ഇരുട്ടിലെ ബെഞ്ചില്‍ ചിലര്‍ ഇരിക്കുന്നുണ്ടായിരുന്നു. മുന്നിലെ സ്ക്രീനില്‍ കടലിലെ വെള്ളം നുരഞ്ഞ് പതഞ്ഞ് കൊണ്ടിരിക്കുന്നു. ഒരു യാത്രാ കപ്പലിന്റെയും കടലിന്റെയും ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞങ്ങള്‍ പ്രവേശിച്ച സ്ഥലത്തുള്ള ഒരു നിര്‍മ്മിതി എന്റെ ശ്രദ്ധയില്‍ പെട്ടത്. ഒഴുകി നീങ്ങുന്ന ഒരു മുറിയുടെ ആവിഷ്കാരമായിരുന്നു അത്.മുറിക്കുള്ളില്‍ എരിയുന്ന ഒരു പുകയിലച്ചുരുട്ടുമുണ്ട്.കാപ്പിരി മുത്തപ്പനുള്ള വഴിപാടാണത് പോലും.ഗബ്രിയേല്‍ ലെസ്റ്റര്‍ എന്ന നെതര്‍ലന്റുകാരന്റെ “ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ്സ്‌“ എന്ന ഇന്‍സ്റ്റലേഷനാണിത്. ദൃശ്യവും ശബ്ദവും ക്രമീകരണവും എല്ലാം കൂടി നല്ല ഒരു അനുഭവം നല്‍കുന്ന ഈ ആവിഷ്കാരം ആസ്പിന്‍ വാളിലെ വലിയ ഇന്‍സ്റ്റലേഷനുകളില്‍ ഒന്നാണ്.


           മറ്റൊരു ഗോവണി കയറി ഞങ്ങള്‍ എത്തിയത് മഞ്ഞ നിറഞ്ഞ ഒരു മുറിയില്‍ ആയിരുന്നു. നൂല്‍ നൂല്പിന്റെ യന്ത്രങ്ങള്‍ മുഴുവന്‍ മരത്തില്‍ തീര്‍ത്ത് ക്രമീകരിച്ച് വച്ചതാണെന്ന് തോന്നുന്നു. കുറച്ച് കോട്ടുകളും അടുത്ത് തന്നെ തൂക്കിയിട്ടിട്ടുണ്ട്.അധിക സമയം കളയാതെ ഒന്ന് വലം വച്ച് ഞങ്ങള്‍ പുറത്തെത്തി.
              അടുത്ത മുറികളില്‍ പലതിലും കയറി ഇറങ്ങിയെങ്കിലും പ്രത്യേകിച്ച് ഒന്നും തന്നെ മനസ്സിലായില്ല.താടിയും മുടിയും പ്രത്യേക രീതിയില്‍ വളര്‍ത്തിയവരും വെട്ടിയവരും അവിടവിടെയൊക്കെ കറങ്ങുന്നുണ്ട്.ചെറിയ ഒരു വിശ്രമത്തിനായി ഞാന്‍ പുറത്തെ മരത്തണലിലേക്ക് നീങ്ങി.

(തുടരും...) 

Saturday, March 04, 2017

കൊച്ചിന്‍-മുസ്‌രിസ് ബിനാലെ 2016 - ദര്‍ബാര്‍ ഹാള്‍

                 ഏകദേശം 12 മണിയോടെ ഞങ്ങള്‍ എറണാകുളം ജെട്ടി സ്റ്റോപ്പില്‍ ബസ്സിറങ്ങി. ബിനാലെക്ക് ടിക്കറ്റെടുക്കണമെന്നും അടുത്ത് തന്നെയുള്ള ദര്‍ബാര്‍ ഹാളില്‍ ടിക്കറ്റ് ലഭിക്കുമെന്നും കൊച്ചിയിലെ ഞങ്ങളുടെ ആതിഥേയനും എന്റെ ഡിഗ്രി ക്ലാസ്മേറ്റുമായ ഖൈസില്‍ നിന്നും മനസ്സിലാക്കി (2012ലെ ആദ്യത്തെ ബിനാലെയില്‍ ടിക്കറ്റ് എടുത്തതായി എന്റെ ഓര്‍മ്മയില്‍ ഇല്ലായിരുന്നു. ഏതോ ചില ദിവസങ്ങളില്‍ സൌജന്യ പ്രവേശനം അനുവദിക്കുന്നതായി പിന്നീട് അറിഞ്ഞു.അന്ന് അത്തരം ഒരു ദിവസത്തിലായിരിക്കാം ഞങ്ങള്‍ അവിടെ എത്തിയത്!!).

                ദര്‍ബാര്‍ ഹാളില്‍ എത്തിയ എനിക്ക് സ്ഥലം മാറിപ്പോയോ എന്ന സംശയമുണ്ടായി.ഞായറാഴ്ച ആയിട്ടും ആരെയും അവിടെ കണ്ടില്ല. വാതിലിനടുത്ത് രണ്ട് മൂന്ന് പയ്യന്മാര്‍ സൊറ പറഞ്ഞിരിക്കുന്നുണ്ട്. അവിടെ ചെന്നപ്പോഴാണ് അത് തന്നെയാണ് ടിക്കറ്റ് കൌണ്ടര്‍ എന്ന് മനസ്സിലായത്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന ഫീ. 4 മുതിര്‍5ന്നവരും 2 കുട്ടികളും എന്ന് പറഞ്ഞപ്പോള്‍ എല്ലാവരെയും ഒന്ന് നോക്കിയ ശേഷം 5 ടിക്കറ്റ് തന്നു - 3 മുതിര്‍ന്നവരും 2 കുട്ടികളും!! 7 വയസ്സു മുതല്‍ 18 വയസ്സുവരെയുള്ളവര്‍ കുട്ടി ഗണത്തില്‍ പെടും പോലും!!!2000 രൂപ കൊടുത്തപ്പോള്‍ അതിന് ചില്ലറ ആയിട്ടില്ല എന്ന് കൂടി പറഞ്ഞപ്പോള്‍ അവിടെ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം എന്റെ മനസ്സിലൂടെ ഓടിപ്പോയി.

                ദര്‍ബാര്‍ ഹാളില്‍ തന്നെ ചില ഇന്‍സ്റ്റലേഷനുകള്‍ ഉള്ളതായി ഖൈസ് പറഞ്ഞിരുന്നു. അത് കാണാനായി ഞങ്ങള്‍ അകത്ത് കയറി.എന്തുകൊണ്ടൊക്കെയോ ഉണ്ടാക്കിയ കുറെ മൊട്ടത്തലകള്‍ ആയിരുന്നു ആദ്യത്തെ കാഴ്ച. അതു കഴിഞ്ഞ് ഒന്നാം നിലയില്‍ കയറിയപ്പോള്‍ കണ്ട ആദ്യത്തെ കാഴ്ച ഇതാണ്.
                 ഫാറൂഖ് കോളേജിലെ ഞങ്ങളുടെ കെമിസ്ട്രി ലാബിന്റെ പിന്നാമ്പുറത്ത് കൂട്ടിയിട്ട സാധനങ്ങള്‍ കഴുകി വൃത്തിയാക്കി ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതൊക്കെയോ അക്ഷരങ്ങള്‍ ചേര്‍ത്തു വച്ച പ്രതീതി. അതെ, പൊട്ടിയ കോണിക്കല്‍ ഫ്ലാസ്ക് , ബ്യൂററ്റ്,പിപ്പറ്റ് , ഗ്ലാസ് ടംബ്ലര്‍ എന്നിവയൊക്കെയായിരുന്നു ഈ ഇന്‍സ്റ്റലേഷന്‍.പക്ഷെ നല്ല വൃത്തിയുണ്ട് കാണാന്‍.പേര് വായിച്ചെടുക്കാന്‍ പ്രയാസമാണെന്ന് മാത്രമല്ല, മനസ്സിലാകുകയും ഇല്ല. തൊട്ടടുത്ത് തന്നെ ഒരു പിരിയന്‍ പാത്രത്തിനകത്ത് എവിടെ നിന്നോ പ്രൊജക്ട് ചെയ്യുന്ന ചിത്രങ്ങള്‍ മിന്നി മറയുന്നുണ്ട്.

              കാലിഫോര്‍ണിയക്കാരന്‍ ഗാരി ഹില്ലിന്റെ ഡ്രീം സ്റ്റോപ് ആയിരുന്നു അടുത്ത മുറിയില്‍. വിശാലമായ ആ മുറിയുടെ ചുമരില്‍ മുഴുവന്‍ കാണികള്‍ ഇന്‍സ്റ്റലേഷന്‍ ആവുന്ന കാഴ്ച ആയിരുന്നു അവിടെ ഒരുക്കിയത്. ഇതിനായി 31 വീഡിയോ ക്യാമറകളും 31 പ്രൊജക്ടറുകളും ഉപയോഗിച്ചതായി പുറത്തുള്ള കുറിപ്പില്‍ പറയുന്നു.
                 മദ്ധ്യത്തില്‍ കാണുന്ന വളയത്തിലാണ് ക്യാമറകള്‍ മുഴുവന്‍. ഇതിനെ ടെക്നോളജിക്കല്‍ ഇന്‍സ്റ്റലേഷന്‍ എന്ന് പറയുന്നതാവും കൂടുതല്‍ നല്ലത്. വരാന്‍ പോകുന്ന കാഴ്ചകളുടെ ഒരു മുന്നറിയിപ്പ് കൂടിയായിരുന്നു ഇത് എന്ന് പിന്നീട് തോന്നി.

            ദര്‍ബാര്‍ ഹാളില്‍ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും എന്റെ സുഹൃത്ത് ഖൈസും മകനും അവിടെ എത്തിയിരുന്നു. കൊച്ചിയില്‍ താമസിച്ചിട്ടും ഇതുവരെ ബിനാലെ കാണാന്‍ തോന്നിയിട്ടില്ല എന്ന് അവന്‍ പറഞ്ഞു. അല്ലെങ്കിലും കൊച്ചിയിലെ മിക്ക സുഹൃത്തുക്കള്‍ക്കും അത് കാണാന്‍ ഇതുവരെ തോന്നിയിട്ടില്ല എന്നതാണ് സത്യം.
                കേട്ട് മാത്രം പരിചയമുള്ള “കായിക്കാസ് ബിരിയാണി” കിട്ടുന്ന സ്ഥലം തൊട്ടടുത്ത് തന്നെയാണെന്ന് ഖൈസ് അറിയിച്ചു. ഹോട്ടലിന്റെ പേര് തന്റെ പേര് തന്നെയാണെന്ന് ബോഡിലേക്ക് നോക്കി ഖൈസ് പറഞ്ഞു. അതെ “Kayees" എന്നായിരുന്നു അതിന്റെ പേര്.ബിരിയാണി തിന്നാന്‍ ടോക്കണെടുത്ത് കാത്തിരിക്കുന്ന നിരവധി പേരിലേക്ക് ഞങ്ങളും ചേക്കേറി. ചുമരില്‍ “കായിക്കാസ് ബിരിയാണി”യെക്കുറിച്ച് വിവിധ പത്രങ്ങളില്‍ വന്ന കുറിപ്പുകള്‍ നിറഞ്ഞിരുന്നു. ചിക്കന്‍ ബിരിയാണിക്ക് 150 രൂപയും മട്ടണ്‍  ബിരിയാണിക്ക് 180 രൂപയും ആണ് നിരക്ക്.
 
             കായിക്കാസ് ബിരിയാണിയും തട്ടി അവിടെത്തന്നെയുള്ള നമസ്കാര മുറിയില്‍ നിന്നും നമസ്കരിച്ച് പുറത്തിറങ്ങിയപ്പോള്‍ അതാ പതിവ് പോലെ ഒരു വളണ്ടിയര്‍ കൂട്ടം - കോഴിക്കോട്ടെ വിവിധ കോളേജുകളില്‍ നിന്നുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, കൊച്ചിയില്‍ എത്തിയപ്പോള്‍ കായിക്കാസ് ബിരിയാണിയുടെ രുചി അറിയാന്‍ വന്നതാണ്!!

          അല്പ നേരം അവരോടൊപ്പവും ചെലവഴിച്ച് ഖൈസ് തന്നെ ഏര്‍പ്പാടാക്കിയ ഊബര്‍ ടാക്സിയില്‍ ഞങ്ങള്‍ ബിനാലെയുടെ പ്രധാന വേദിയായ ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്ര തിരിച്ചു.

(തുടരും....)

Sunday, February 26, 2017

ചേരമാന്‍ മസ്ജിദ്

    ബിനാലെ നഗരിയില്‍ എത്രയും പെട്ടെന്ന് എത്തണം എന്നായിരുന്നു എല്ലാവരുടെയും മനസ്സ് ആഗ്രഹിച്ചിരുന്നത്. പക്ഷെ, ഞങ്ങളുടെ ആതിഥേയന്റെ അതിഥി സല്‍ക്കാരത്തില്‍ സത്യം പറഞ്ഞാല്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ടു. 
   കൊടുങ്ങല്ലൂരിന് കിലോമീറ്ററുകള്‍ മാത്രം അകലെ ‘കടലായി’ എന്ന സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചത് എന്ന് വാസിഹ് പറഞ്ഞു. മുമ്പ് അവിടെ കടല്‍ ആയിരുന്നു പോലും. “മുസ്‌രിസ്” എന്ന തുറമുഖ പട്ടണത്തെപ്പറ്റി ചരിത്രത്തില്‍ പഠിച്ചിരുന്നതിനാല്‍ അത് ശരിയായിരിക്കും എന്ന് എനിക്ക് തോന്നി. എന്റെ ചരിത്രബോധം കുടുംബത്തെ ധരിപ്പിച്ചപ്പോള്‍ ,അങ്ങനെയെങ്കില്‍ ‘കരയായി‘ എന്നല്ലേ പേരിടേണ്ടിയിരുന്നത് എന്ന മറുചോദ്യം !!
       കൊടുങ്ങല്ലൂര്‍ വരെ വാസിഹ് തന്നെ ഞങ്ങളെ കാറില്‍ എത്തിക്കാം എന്ന് അറിയിച്ചു. എങ്കില്‍ ബിനാലെയുടെ പേരിലെ വാല്‍ - മുസ്‌രിസിലെ പ്രധാന കൌതുകമായ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ചേരമാന്‍ മസ്ജിദ് ഒന്ന് കൂടി കാണാം എന്ന് തോന്നി. ഇന്ന് തന്നെ മട്ടാഞ്ചേരിയില്‍ ആദ്യത്തെ ജൂതപ്പള്ളിയും കാണാന്‍ ഉള്ളതിനാല്‍ ചരിത്രം പഠിക്കുന്ന കുട്ടികള്‍ക്ക് അത് പിന്നീട് ഓര്‍ത്തു വയ്ക്കാന്‍ എളുപ്പമാകും എന്നും തോന്നി.
   വെറും അരമണിക്കൂര്‍ യാത്ര ചെയ്തപ്പോഴേക്കും ഞങ്ങള്‍ ചേരമാന്‍ പള്ളിയിലെത്തി. വണ്ടി പാര്‍ക്കിംഗ് ചെയ്തപ്പോഴേക്കും ഒരാള്‍ റസീറ്റുമായി എത്തി. പള്ളിയുടെ ചുറ്റും താമസിക്കുന്നത് വാസിഹിന്റെ ബന്ധുക്കള്‍ ആണെന്ന് അവന്‍ പറഞ്ഞിരുന്നു.അവരിലാരുടെയോ പേര് പറഞ്ഞതോടെ മുറിച്ച റസീറ്റ് മറ്റാരെയോ തേടിപ്പോയി! മ്യൂസിയത്തോടനുബന്ധിച്ചുള്ള ഹാളില്‍ മുഹമ്മെദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക പ്രഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ ഇത്തവണയും എനിക്ക് ആ മ്യൂസിയം കാണാന്‍ സാധിച്ചില്ല.
       മഹോദയപുരത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടനായി രാജഭരണം ബന്ധുക്കളെ ഏല്പിച്ച് മക്കയിലേക്ക് പോയെന്നും അവിടെ വച്ച് ഇസ്ലാം സ്വീകരിച്ച് താജുദ്ദീന്‍ എന്ന് പേരുമാറ്റിയെന്നും തിരിച്ച് കേരളത്തിലേക്ക് മടങ്ങും വഴി ഒമാനിലെ സലാലയില്‍ വച്ച് മരണപ്പെട്ടെന്നും ചരിത്രകാരന്മാര്‍ പറയുന്നു. മക്കയില്‍ നിന്നുള്ള മാലിക് ഇബ്നു ദീനാര്‍ ചേരമാന്‍ രാജാവിന്റെ എഴുത്തുമായി ഇന്ത്യയില്‍ എത്തി കൊടുങ്ങല്ലൂരില്‍ ആദ്യത്തെയും പിന്നീട് കേരളത്തിലെ മറ്റു സ്ഥലങ്ങളിലും പള്ളികള്‍ സ്ഥാപിച്ചു എന്നും ചരിത്രത്തില്‍ കാണാം.  
 പള്ളികകത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എന്നാല്‍ പള്ളിക്കുളത്തിനടുത്തേക്കും മാലിക് ഇബ്നു ദീനാറിന്റെ മകന്‍ ഹബീബ് ഇബ്നു മാലിക്കിന്റെയും ഭാര്യ ഖുമരിയയുടെയും ആണെന്ന് പറയപ്പെടുന്ന ഖബറിടത്തിലേക്കും സ്ത്രീകള്‍ക്ക് പ്രവേശിക്കാം. ഞങ്ങള്‍ ആദ്യം പള്ളിക്കുളത്തിനടുത്തേക്ക് നീങ്ങി. പുനരുദ്ധാരണം നടത്തി കുളം നന്നായി മോടി പിടിപ്പിച്ചിരുന്നു.
മഖ്ബറ  (കടപ്പാട് : ചേരമാന്‍ മസ്ജിദ്)
      എ.ഡി 629ല്‍ ആണ് ചേരമാന്‍ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന് പള്ളിയുടെ ഗേറ്റിനടുത്തുള്ള ശിലാഫലകത്തില്‍ കൊത്തിവച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ജുമുഅ നമസ്കാരം (വെള്ളിയാഴ്ച പ്രാര്‍ത്ഥന) നടന്നതും ഇവിടെയാണെന്ന് പറയപ്പെടുന്നു.
 
                മെയിന്‍ ഗേറ്റിന് മുന്നില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന് എഴുതിക്കണ്ട ഞങ്ങള്‍ അകത്ത് കയറി അനുമതി ചോദിച്ചു. പള്ളിക്കകത്തേക്കാണ് പ്രവേശനം ഇല്ലാത്തത് എന്നും മഖ്ബറ കാണാമെന്നും അറിയിച്ചതിനാല്‍ ഭാര്യയെയും മക്കളെയും ഞാന്‍ അങ്ങോട്ട് പറഞ്ഞയച്ചു. ഞാനും വാസിഹും പള്ളിക്കകത്തേക്ക് കയറാനായി എതിര്‍ ദിശയിലും നീങ്ങി.

            അപ്പോഴാണ് പത്രങ്ങളിലും ആനുകാലികങ്ങളിലും കണ്ട് പരിചയമുള്ള ചില മുഖങ്ങള്‍ പരിവാര സമേതം കാല്‍ കഴുകി അകത്ത് കയറുന്നത് ഞങ്ങള്‍ കണ്ടത്. നേരത്തെ സൂചിപ്പിച്ച അനുസ്മരണ സമ്മേളനത്തിന് എത്തിയ സാഹിത്യകാരന്മാരായ ശ്രീ.ബാലചന്ദ്രന്‍ വടക്കേടത്ത്, സിപ്പി പള്ളിപ്പുറം, സച്ചിദാനന്ദന്‍ തുടങ്ങിയവരായിരുന്നു അത്. അവരുടെ കൂടെത്തന്നെ ഞങ്ങളും പള്ളിയില്‍ പ്രവേശിച്ചു (ക്യാമറ മകളുടെ കയ്യിലായതിനാല്‍ അവരുടെ കൂടെ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല)

         പള്ളിക്കകത്തെ പ്രധാന ആകര്‍ഷണം വലിയ ഒരു തൂക്കു വിളക്കാണ്. ഇത് നിലവിളക്കാണെന്നും പള്ളിക്കകത്ത് നിലവിളക്ക് കത്തിക്കുന്ന ഏക പള്ളിയാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്. അതേ സമയം പണ്ട് കാലത്ത് മതപഠനം നടത്താന്‍ പ്രകാശത്തിനായി ഉപയോഗിച്ചിരുന്ന വിളക്കാണെന്ന് അവിടെ വിവരിക്കുന്നത് കേട്ടു.പക്ഷെ ഈ വിളക്കിലേക്ക് എണ്ണ നേര്‍ച്ച നേരുന്നതായും എത്രയോ ലിറ്റര്‍ എണ്ണ അതുവഴി പ്രസാദമായി വിതരണം ചെയ്യുന്നതായും വിവരണത്തില്‍ നിന്ന് മനസ്സിലായി. പ്രാചീന മലയാളത്തില്‍ എന്തോ ലിഖിതവും വിളക്കിലുണ്ട്. തൊട്ടടുത്ത് തന്നെ മരത്തില്‍ കൊത്തുപണി ചെയ്തുണ്ടാക്കിയ മിമ്പറും (പ്രസംഗ പീഠം) കാണാം. പച്ചിലച്ചാറുകളില്‍ നിന്നുണ്ടാക്കിയ നിറമാണ് അതില്‍ പൂശിയത് എന്നും കേട്ടു.സാഹിത്യകാരന്മാരുടെ കൂടെ കയറിയതിനാല്‍ മുമ്പ് കേട്ടിട്ടില്ലാത്ത ചരിത്ര വിവരങ്ങള്‍  കൂടി ലഭിച്ച സന്തോഷത്തില്‍ ഞാന്‍ പുറത്തിറങ്ങി.
          പള്ളിമുറ്റത്ത് പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന സമയമായിരുന്നു. 2007ല്‍ കുടുംബ സമേതം ഹൈദരാബാദിലെ മക്കാ മസ്ജിദ് സന്ദര്‍ശിച്ചതും അന്ന് കുട്ടികളായിരുന്ന ലുലുവും ലുഅയും പ്രാവുകള്‍ക്ക് പിന്നാലെ ഓടിയതും പെട്ടെന്ന് മനോമുകുരത്തിലൂടെ മിന്നിമറഞ്ഞു. 
              എ ഡി 52ല്‍ സെന്റ് തോമസ് വന്നിറങ്ങിയ സ്ഥലവും ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളി സ്ഥാപിച്ചതും  ചേരമാന്‍ പളളിയില്‍ നിന്ന് വെറും 5 കി.മി അകലെയാണെന്ന് അറിഞ്ഞു.ഭരണിപ്പാട്ട് കൊണ്ട്  പ്രസിദ്ധമായ ഭഗവതി ക്ഷേത്രവും  രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ്. കൊങ്കിണികള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഒരു ക്ഷേത്രവും സമീപത്ത് തന്നെയുണ്ട്. പളളിയില്‍ നിന്ന് 250 മീറ്റര്‍ അകലെ ചേര രാജാക്കന്മാരുടെ പഴയ കൊട്ടാരവും നിലകൊളളുന്നു.  പക്ഷെ സമയം കൂടുതല്‍ ഇല്ലാത്തതിനാലും ബിനാലെ കണ്ട് ഇന്ന് തന്നെ നാട്ടിലേക്ക് തിരിക്കാനുള്ളതിനാലും ഞങ്ങള്‍ എറണാകുളത്തേക്ക് ബസ് കയറി. 

( ചേരമാന്‍ മസ്ജിദിനെപ്പറ്റി കൂടുതല്‍ അറിയാന്‍ നിരക്ഷരന്റെ ഈ കുറിപ്പ് വളരെ ഉപകാരപ്രദമാകും )

Friday, February 24, 2017

മകരനിലാവ് കൂട്ടായ്മ

            അതിരപ്പിള്ളിയിൽ നിന്നും ചാലക്കുടി എത്താൻ ഒരു മണിക്കൂറിലധികം യാത്ര ചെയ്യണം. മടക്ക യാത്രക്കിടക്ക് അന്നത്തെ എന്റെ ആതിഥേയനും എന്റെ വളണ്ടിയർ സെക്രട്ടറിയുമായ അബ്ദുൽ വാസിഹിനെ വിളിച്ചു. ചാലക്കുടിയിൽ എത്തിയിട്ട് ഇനി അവന്റെ നാട്ടിലേക്കുള്ള ബസ് കിട്ടാൻ സാധ്യതയില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം അവൻ പറഞ്ഞു.കുഴഞ്ഞ് മറിഞ്ഞ ഒരു പോംവഴിയും അവൻ പറഞ്ഞെങ്കിലും ഞാൻ അത് ശ്രദ്ധിച്ചില്ല. വരുമ്പോൾ കാണാം എന്ന നിലക്ക് വിട്ടു.

           രാത്രി 7:15ന് ചാലക്കുടി സ്റ്റാന്റിൽ എത്തിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലായി.ബസ് സ്റ്റാന്റിൽ ഒരു കയ്യിൽ എണ്ണാവുന്ന അത്രയും ബസ്സുകൾ പോലും ഇല്ല!അടുത്ത സ്റ്റെപ് എന്ത് എന്ന് ചോദിക്കാനായി വാസിഹിനെ വിളിച്ചപ്പോൾ അവൻ ഔട്ട് ഓഫ് കോർപ്പറേഷൻ ഏരിയയും!!ഭാഗ്യത്തിന് അവന്റെ ഉപ്പയെ ഫോണിൽ കിട്ടി.
സ്റ്റാന്റിൽ “മഹാമായ” ഉണ്ടോ എന്ന് നോക്കാൻ അദ്ദേഹം പറഞ്ഞത് എനിക്ക് മനസ്സിലാകാത്തതിനാൽ ഞാൻ ഉറക്കെ ചോദിച്ചു “മഹാമായയോ?”

“അതേ...ഇതാണ് മഹാമായ..!!” എന്റെ മുന്നിൽ നിന്ന കാക്കി കുപ്പായക്കാരൻ പറഞ്ഞു.അദ്ദേഹത്തിന്റെ ബസ്സിന്റെ പേര് ആയിരുന്നു മഹാമായ.ആ നാട്ടിലേക്കുള്ള അവസാന ബസ് ഞങ്ങളെയും കാത്ത് കിടന്നത് പോലെ!! അതെ, ദൈവത്തിന്റെ സഹായത്തിന് ഞാൻ വീണ്ടും നന്ദി പറഞ്ഞു.

             അങ്ങനെ വാസിഹിന്റെ വീട്ടിലെത്തി അവരുടെ പുത്തൻ‌ചിറ കോട്ടക്കപ്പാടത്ത് മകര നിലാവ് കൂട്ടായ്മയിൽ പങ്കെടുത്തു. ജൈവ അരി കൊണ്ട് ഉണ്ടാക്കിയ കഞ്ഞിയും അതിലേക്ക് തന്നെ വിളമ്പിയ ചക്കപ്പുഴുക്കും ഇടിച്ചക്ക തോരനും ഇപ്പോഴും എന്റെ വായയിൽ വെള്ളമൂറിക്കുന്നു.നാടിന്റെ പല ഭാഗത്ത് നിന്നുമുള്ള പരിസ്ഥിതി പ്രവർത്തകരും ബന്ധുക്കളും പങ്കെടുത്ത രസകരമായ ഒരു കൂട്ടായ്മയായി എനിക്ക് അത് അനുഭവപ്പെട്ടു.ആണും പെണ്ണുമടക്കം  നിരവധി പേർ ഞങ്ങളെ വന്ന് പരിചയപ്പെട്ടു. മൈക്ക് വച്ചുള്ള ഘോര ഘോര പ്രസംഗവും മറ്റും ഇല്ലാത്ത, മറ്റുള്ളവരെ ശല്യം ചെയ്യാതെ നാടൻ പാട്ടും നല്ല ചിന്തകളും പങ്കു വച്ച് കൊണ്ടുള്ള, ജാതി മത ഭേദമന്യേയുള്ളതും ഒരു വ്യക്തി നേതൃത്വം നൽകുന്നതുമായ ആ കൂട്ടായ്മയിൽ അധികം സമയം ചെലവഴിക്കാൻ കഴിയാത്തത് എനിക്ക് നഷ്ടമായിത്തോന്നി.

              വാസിഹിന്റെ കൊച്ചാപ്പയുടെ (ഉമ്മയുടെ അനിയത്തിയുടെ ) വീട്ടിലായിരുന്നു അന്ന് ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്. തലേ ദിവസം പാലുകാച്ചൽ നടന്ന വീട്ടിൽ ആദ്യത്തെ അതിഥികളായി ഞങ്ങൾ എത്തുമ്പോൾ അതൊരു സാധാരണ വീട് മാത്രമായി തോന്നി.പക്ഷേ സ്നേഹം കൊണ്ട് ഞങ്ങളെ വീർപ്പ് മുട്ടിച്ച ഞങ്ങളുടെ ആതിഥേയൻ ഒരു പുലിയാണെന്ന് പിറ്റേന്ന് ഇറങ്ങാൻ നേരത്താണ് മനസ്സിലായത്.

              നിരവധി രാജ്യങ്ങളുടെ നാണയങ്ങളും കറൻസിയും ശേഖരിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്ന ഒരു വ്യക്തി. നിരവധി രാജ്യങ്ങളുടെ സ്റ്റാമ്പുകൾ ശേഖരിക്കുകയും പ്രദർശനം നടത്തുകയും ചെയ്യുന്ന ഒരു വ്യക്തി. പല രാജ്യങ്ങളിലെയും കറൻസികളെപ്പറ്റിയും സ്റ്റാമ്പിനെപ്പറ്റിയും ഉള്ള ആധികാരിക വിവരങ്ങളും അറിയപ്പെടാത്ത വിവരങ്ങളും നൽകുന്ന വ്യക്തി.കൌതുകം ഇതിൽ മാത്രമല്ല , പല തരത്തിലുള്ള കുപ്പികൾ ശേഖരിക്കുന്നതിലും ഉണ്ട്!!

             പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ സ്റ്റാമ്പ് അധിഷ്ടിതമായ നിരവധി  സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് സദാ പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ മുഴുവൻ മനസ്സിലാക്കാൻ ദിവസങ്ങളോളം കൂടെ താമസിക്കേണ്ടി വരും എന്ന് എനിക്ക് തോന്നി. അറിഞ്ഞ വിവരങ്ങളും കൊണ്ട് ഞാനും കുടുംബവും അവരോട് സലാം പറഞ്ഞിറങ്ങി.

Sunday, February 19, 2017

ആതിരപ്പിള്ളി വെള്ളച്ചാട്ടം

             രണ്ടാം ശനിയാഴ്ച ആയതിനാല്‍ അതിരപ്പിള്ളിയില്‍ അന്ന് അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു.കൂടുതല്‍ സമയം പുറത്ത് കളഞ്ഞാല്‍ ദൈവം ഒരുക്കിയ ബിനാലെ കാണാതെ മടങ്ങേണ്ടി വരുമോ എന്ന സംശയം ഉയര്‍ന്നതിനാല്‍ കൊടും വെയിലിനെ അവഗണിച്ച് ഞങ്ങള്‍ അകത്ത് കയറി.ഇരു ഭാഗത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ ഏകദേശം എല്ലാം തന്നെ എന്റെ തലപോലെ ആയിരുന്നു. വെള്ളച്ചാട്ടത്തിലേക്ക് നീളുന്ന കോണ്‍ക്രീറ്റ് പാതയിലൂടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി.
              വെള്ളച്ചാട്ടത്തിന്റെ ശബ്ദം ദൂരെ നിന്ന് തന്നെ കേള്‍ക്കുന്നുണ്ടെങ്കിലും അത് നേരിട്ട് കാണാന്‍ താഴെ വരെ ഇറങ്ങി എത്തേണ്ടതുണ്ട്. മക്കള്‍ മുന്നിലും ഞാന്‍ പിന്നിലുമായി ഇറക്കം ആരംഭിച്ചു. "Breath taking waterfall may take your breath...." എന്ന് തുടങ്ങുന്ന ഒരു മുന്നറിയിപ്പ് ബോര്‍ഡ് താഴേക്ക് ഇറങ്ങുന്നവര്‍ക്കുള്ള സൂചന തന്നെയാണ്.എന്നിട്ടും കാലിന് വയ്യാത്തവരും തടി കൂടിയവരും എല്ലാം താഴേക്ക് ഇറങ്ങുന്നത് കണ്ടു.മുകളിലേക്ക് കയറി വരല്‍ അത്ര എളുപ്പമല്ല എന്ന് ഇറങ്ങുന്നവര്‍ അറിയുന്നില്ല. ആരോഗ്യപരമായി താരതമ്യേന ഒരു പ്രശ്നവും ഇല്ലാത്ത ഞാന്‍ അനുഭവിച്ച പ്രയാസങ്ങള്‍ ,താഴേക്ക് ഇറങ്ങാന്‍ ശ്രമിച്ച ചിലരോടെങ്കിലും ഷെയര്‍ ചെയ്തു.നല്ലൊരു വഴി ഉണ്ടായിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഈ മനോഹര വെള്ളച്ചാട്ടം അനുഭവിക്കാന്‍ സാധിക്കുമായിരുന്നു എന്ന് എന്റെ മനസ്സ് പറഞ്ഞു.”ഗ്രീന്‍ കാര്‍പറ്റ്” എന്ന പദ്ധതിയിലൂടെ എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ ലക്ഷ്യമിടുന്നതും അത് തന്നെയാണ്.
               ശരാവതി നദിയിലെ മനോഹരമായ വെള്ളച്ചാട്ടമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ജോഗ് വെള്ളച്ചാട്ടം. ഏകദേശം അതുപോലെ തന്നെ കുറെ പാറക്കെട്ടുകളിലൂടെ മന്ദം മന്ദം ഒഴുകിയെത്തി പിന്നെ വലിയൊരു പാറക്കെട്ടില്‍ നിന്നും താഴേക്ക് മൂക്കും കുത്തി വീഴുന്നതാണ് ചാലക്കുടി പുഴയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടവും. 24 മീറ്റര്‍ മാത്രമേ ഉയരമുള്ളൂ എന്ന് മാത്രം.
            നിരവധി സിനിമാ രംഗങ്ങള്‍ ഈ സ്ഥലത്ത് വച്ച് ഷൂട്ട് ചെയ്തതായി പറയപ്പെടുന്നു. ഞാന്‍ അവിടെ നില്‍ക്കുമ്പോള്‍ തന്നെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ‘ബാഹുബലി’ ഇവിടെ ഷൂട്ട് ചെയ്തതല്ലേ എന്നൊരു ചോദ്യവും എന്നോട് ചോദിച്ചു.സിനിമയെപ്പറ്റി എനിക്ക് അധികം വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എനിക്കതിന് ഉത്തരം പറയാന്‍ സാധിച്ചില്ല. ഷാറൂഖ് ഖാന്റെ ‘ദിത്സെ’ അടക്കം ഹിന്ദി,തമിഴ്,മലയാളം ചിത്രങ്ങളിലെ പാട്ട് രംഗങ്ങള്‍ പലതും ഇവിടെയാണ് ചിത്രീകരിച്ചത് എന്ന് ഞാന്‍ പിന്നീട് വായിച്ചറിഞ്ഞു.    
              അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഇരുവശവും നല്ല വനങ്ങളാണ്. ഈ വനവും ജലപാതവും സമീപ ഭാവിയില്‍ തന്നെ സഞ്ചാരികളുടെ അതിക്രമം കാരണം ഇല്ലാതാകും എന്ന് തീര്‍ച്ചയാണ്. അത്രയും അധികം പ്ലാസ്റ്റിക് ഉല്പ‍ന്നങ്ങളാണ് ദിനേന അവിടെ നിക്ഷേപ്പിക്കപ്പെടുന്നത്. അധികൃതരും ഈ പ്രകൃതി ദാരുണ വധത്തെ എതിര്‍ക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.
              വെള്ളച്ചാട്ടം താഴെ എത്തി ആസ്വദിക്കുന്നത് തന്നെയാണ് ഏറെ രസകരം. ചാടുന്ന വെള്ളത്തില്‍ നിന്ന് ഉതിരുന്ന ജലകണങ്ങള്‍ ദേഹത്ത് വന്ന് വീഴുമ്പോള്‍ ലഭിക്കുന്ന പ്രത്യേക അനുഭൂതി അനുഭവിച്ചറിയുക തന്നെ വേണം. എല്ലാം ആവോളം ആസ്വദിച്ച് ഞങ്ങള്‍ മേലേക്ക് തന്നെ കയറി.
            പരന്നൊഴുകുന്ന ചാലക്കുടി പുഴയിലെ പാറക്കെട്ടുകളില്‍ അല്പ സമയം ചെലവഴിക്കാന്‍ ഞങ്ങള്‍ പുഴയിലേക്ക് ഇറങ്ങി. കുളിക്കാനുള്ള സൌകര്യവും ഇവിടെയെ ഉള്ളൂ. വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാന്‍ സാധിക്കില്ല. കരയില്‍ ബാഗും മറ്റ് വസ്തുക്കളും വച്ച് പുഴയില്‍ ഇറങ്ങിയാല്‍ വാനരന്മാര്‍ അവ തട്ടിക്കൊണ്ടു പോകും.ആട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ ശബ്ദമുണ്ടാക്കി മറ്റു വാനരന്മാരെയും എത്തിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും.ഞാന്‍ നോക്കി നില്‍ക്കെ ഒരു കുരങ്ങ് അവിടെ ഇരിക്കുന്ന സ്ത്രീകളില്‍ ഒരാളെ പിന്നില്‍ നിന്നും കയറിപ്പിടിച്ചു. അവന്‍ ‘വാ’നരന്‍ ആയതിനാല്‍ സ്ത്രീപീഢന കേസില്‍ നിന്നും രക്ഷപ്പെട്ടു.
            സമയം ഇരുട്ടാന്‍ തുടങ്ങി.സൂര്യന്‍ ചക്രവാളത്തില്‍ നിന്ന് മായുന്നതും ഇവിടെ നിന്നും കാണുന്നതിന് ഒരു പ്രത്യേക മാനോഹാ‍രിതയുണ്ട്. പാറക്കൂട്ടങ്ങള്‍ കറുത്തിരുണ്ട് തുടങ്ങി.സൂര്യന്‍ വെള്ളത്തില്‍ വരക്കുന്ന പ്രകാശ ചിത്രം അതിമനോഹരമാണ്.
             പുഴയില്‍ നിന്നും കയറി ഞങ്ങള്‍ പുറത്തേക്ക് നീങ്ങുമ്പോള്‍ വഴിയരികില്‍ തന്നെ ഒരു ഇലയനക്കം.ദൂരെ നിന്നും കണ്ടപ്പോള്‍ ഒരു കഴുതയാണെന്ന് എനിക്ക് തോന്നി,മറ്റുള്ളവര്‍ക്ക് പശുവായും. അടുത്തെത്തിയപ്പോഴാണ് ആ കാട്ടില്‍ വസിക്കുന്ന കേഴമാനുകളാണ് അവ എന്ന് മനസ്സിലായത്.
              വാഴച്ചാലിലേക്ക് ഇതേ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പ്രവേശിക്കാം. അതിരപ്പിള്ളിയില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമുണ്ട്. വഴിയില്‍ ചെര്‍പ്പ എന്നൊരു വെള്ളച്ചാട്ടം കൂടി ഉണ്ട്. പക്ഷെ 5 മണി വരെയേ പ്രവേശനം അനുവദിക്കൂ. ഇപ്പോള്‍ തന്നെ സമയം 6 മണിയായി. ഗേറ്റിന് പുറത്ത് കണ്ട ആദ്യത്തെ ബസ്സില്‍ തന്നെ ഞങ്ങള്‍ ചാലക്കുടിയിലേക്ക് തിരിച്ച് കയറി.

ഇനി ബിനാലെ കാണണം...അതിന് മുമ്പ് മറ്റു ചിലതും...പറയാം, അടുത്ത പോസ്റ്റില്‍.

Thursday, February 16, 2017

ആതിരപ്പിള്ളിയിലേക്ക്....

            ആതിരപ്പിള്ളി എന്ന് പറയുമ്പോഴേ വായയില്‍ വാഴച്ചാലും ഓട്ടോമാറ്റിക്കായി എത്തും (സംശയമുണ്ടെങ്കില്‍ ഒന്ന് പറഞ്ഞ് നോക്കുക) ! അതിന്റെ ഗുട്ടന്‍സ് അറിയാന്‍ ഒന്ന് അവിടെ സന്ദര്‍ശിക്കാനുള്ള ആഗ്രഹം കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്തോ, സമയവും സന്ദര്‍ഭവും ഇക്കഴിഞ്ഞ 44 വര്‍ഷത്തിനിടക്ക് ഒത്ത് വന്നില്ല. സ്കൂള്‍ ടൂറുകള്‍ മിക്കതും ഇപ്പറഞ്ഞ സ്ഥലത്തേക്കായിരിക്കും.പക്ഷെ എനിക്കും, പ്ലസ് ടു , എട്ട് , ഒന്ന് ക്ലാസ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്കും ഇതുവരെ അവസരം ലഭിച്ച ടൂറുകള്‍ ഒന്നും ഇങ്ങോട്ടായില്ല.വിരോധാഭാസമെന്ന് പറയട്ടെ സ്കൂളില്‍ നിന്ന് ഒരേ ഒരു ടൂര്‍ പോകാന്‍ അവസരം ലഭിച്ച എന്റെ സഹധര്‍മ്മിണിക്ക് കാണാന്‍ സാധിച്ചത് ആതിരപ്പിള്ളിയും !!

              അങ്ങനെയിരിക്കെയാണ് കൊച്ചിയില്‍ മൂന്നാമതും ബിനാലെ എത്തിയതും എന്റെ മക്കള്‍ക്ക് അത് കാണാന്‍ മോഹമുദിച്ചതും. അതെ സമയം തന്നെയാണ് ചാലക്കുടിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അപ്പുറത്ത് പുത്തന്‍‌ചിറയില്‍ താമസിക്കുന്ന എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറിയുടെ വീട്ടില്‍ വര്‍ഷം തോറും നടന്നു വന്നിരുന്ന “മകരനിലാവ് കൂട്ടായ്മ” യുടെ പുനരുജ്ജീവന സംഗമവും. രണ്ടും കൂടി കൂട്ടി അടിച്ച് ഒരു ഫാമിലി ടൂര്‍ ആക്കാം എന്ന് കരുതിയപ്പോള്‍ മൂത്തമോള്‍ ലുലുവിന് പ്ലസ് ടു മോഡല്‍ അറബി പരീക്ഷ ബാക്കി. എങ്കിലും രണ്ടും കല്‍പ്പിച്ച് രാവിലെ ആറ് മണിയുടെ ബസ്സിന് ഞങ്ങള്‍ പുറപ്പെട്ടു.അങ്ങാടിപ്പുറത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തൃശൂരിലും  അടുത്ത ട്രെയിനില്‍ ചാലക്കുടിയിലും എത്തുമ്പോള്‍ സമയം 11 മണി കഴിഞ്ഞിരുന്നു.കൊച്ചുമോന്‍ ലിദുവിന്റെ ആദ്യത്തെ ട്രെയിന്‍ യാത്രയായിരുന്നു ഇത്. അവനുള്ള ഭക്ഷണം നല്‍കല്‍ കഴിഞ്ഞതോടെ സമയം പതിനൊന്നര കഴിഞ്ഞു.

                  സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി അടുത്ത ബസ്സിന് കയറി 12 മണിയോടെ മുനിസിപ്പല്‍ ബസ്‌സ്റ്റാന്റില്‍ എത്തി.രാവിലെ ഒമ്പതര മണിക്ക് ഒരു KSRTC പോയാല്‍ പിന്നെ അടുത്തത് 12:05ന് ആണെന്ന്  www.aanavandi.com ല്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. അത്രയും തിരക്ക് പ്രതീക്ഷിച്ചതിനാല്‍ നേരെ KSRTC സ്റ്റാന്റിലേക്ക് പോയാലോ എന്നും ആലോചിച്ചു പോയി. ദയവ് ചെയ്ത് ആരും അത്തരം മണ്ടത്തരം കാണിക്കരുത്. പ്രൈവറ്റ് ബസ്സുകള്‍ ഇടക്കിടക്ക് സര്‍വീസ് നടത്തുന്നതിനാല്‍ ഒരു തിരക്കും ഇല്ല.ഞങ്ങള്‍ സ്റ്റാന്റില്‍ എത്തുമ്പോള്‍ ട്രാക്കില്‍ നിന്നും മാറി ഒരു പ്രൈവറ്റ് ബസ് കിടന്നിരുന്നു.നേരത്തെ സൂചിപ്പിച്ച KSRTC പോകാനുണ്ട് എന്ന് അവര്‍ പറഞ്ഞു.സ്റ്റേഷനില്‍ കണ്ട മിക്കവരും ബസ്സില്‍ സ്ഥലം പിടിച്ചിരുന്നതിനാല്‍ ഞങ്ങളും അതില്‍ കയറി.

               ചാലക്കുടിയില്‍ നിന്ന് 25 രൂപയാണ് അതിരപ്പിള്ളിയിലേക്ക് ബസ് ചാര്‍ജ്ജ്. ഏകദേശം ഒരു മണിക്കൂറും 15 മിനുട്ടും സമയം എടുക്കും.ഇടക്ക് അല്പ നേരം കാട്ടിലൂടെ യാത്രയുണ്ട്. വേനല്‍ ആയതിനാല്‍ കാട് വളരെ ഡ്രൈ ആണ്.മഴക്കാലം കഴിഞ്ഞ ഉടനെയാണെങ്കില്‍ യാത്ര രസകരമായിരിക്കും എന്ന് തോന്നുന്നു.പക്ഷെ വെള്ളച്ചാട്ടത്തിന് അടുത്ത് എത്താന്‍ പ്രയാസവും ആയിരിക്കും. പോകുന്ന വഴിയിലാണ്  ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കും സില്‌വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കും. സൌജന്യമായി പുഴയില്‍ കുളിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് കാശ് കൊടുത്ത്  കുളത്തില്‍ കളിക്കാന്‍ ഇവിടെങ്ങളില്‍ സൌകര്യം ഉണ്ടാകും.

              റോഡിന്റെ ഒരു വശം മുഴുവന്‍ കിലോമീറ്ററുകളോളം നീളുന്ന ഒരു പ്രത്യേക തരം മരം കണ്ടു. സഹയാത്രികനോട് ചോദിച്ചപ്പോഴാണ് അത് ഗവണ്മെന്റ് വക എണ്ണപനത്തോട്ടമാണെന്ന് മനസ്സിലായത്. വയനാട് ചുണ്ടയില്‍ റോഡ് സൈഡിലെ ഒരു തോട്ടത്തില്‍ വളര്‍ന്ന് വരുന്നതും ഇതു തന്നെയാണെന്ന് ഇപ്പോള്‍ മനസ്സിലായി (മനസ്സില്‍ പുകയുന്ന ഒരു ചോദ്യത്തിന് അതോടെ ഉത്തരമായി!). 

              ഉച്ചക്ക് ഒന്നേ കാല്‍ മണിയോടെ ഞങ്ങള്‍ അതിരപ്പിള്ളിയില്‍ എത്തി. കൌണ്ടറിനടുത്ത് ഇറങ്ങി ടിക്കറ്റെടുക്കാന്‍ ബസ് കണ്ടക്ടര്‍ എന്നോട് പറഞ്ഞു.കുടുംബത്തെയും വഹിച്ച് ബസ് മുന്നോട്ട് നീങ്ങി. മറ്റൊരാളുടെ കൂടെ യാത്ര ചെയ്തിരുന്ന ഒരു വിദേശി വനിത ഒപ്പമുള്ളയാള്‍ ഇറങ്ങിയതറിയാതെ ബഹളം വച്ചതായി പിന്നീട് ഞാനറിഞ്ഞു.കൌണ്ടറും പ്രവേശന കവാടവും അത്യാവശ്യം ദൂരമുണ്ട്. പ്രൈവറ്റ് ബസ്സ് ആയതിനാല്‍ അവര്‍ കൃത്യമായി എല്ലാം പറഞ്ഞ് തന്നു. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 5 മുതല്‍ 13 വയസ്സ് വരെയുള്ളവര്‍ക്ക് 2 രൂപയും(ഇത് എന്നത്തെ റേറ്റ് ആണാവോ?)  സ്റ്റില്‍ ക്യാമറക്ക് 20 രൂപയും ആണ് ചാര്‍ജ്ജ്.

            ടിക്കറ്റെടുത്ത്  പ്രവേശന കവാടത്തിലേക്ക് നടക്കുന്ന വഴിയില്‍ നിന്നുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വിദൂര കാഴ്ച കാണാന്‍ പോകുന്ന പൂരത്തെപ്പറ്റിയുള്ള മുന്നറിയിപ്പാണ്. 
               നല്ല വെയിലായതിനാല്‍ തൊട്ടടുത്ത ഹോട്ടലില്‍ കയറി ഊണ് കഴിച്ച് കുറെ നേരം അവിടെത്തന്നെ വിശ്രമിച്ച ശേഷമാണ് ഞങ്ങള്‍ അകത്തേക്ക് കയറിയത്. ആ കാഴ്ചകളും അനുഭവങ്ങളും പിന്നീട്.

Tuesday, February 14, 2017

മരണത്തിന്റെ വാട്ട്സാപ്പ് സന്ദേശം

കുപ്പായത്തിന്റെ കീശയിലിട്ട സ്മാർട്ട് ഫോണിൽ നിന്ന് വാട്ട്സാപ്പ് സന്ദേശം വന്നതിന്റെ അടയാളം അവൻ കേട്ടു...ജലത്തിനടിയിൽ നിന്നും ഒരു കുമിള ഉയർന്നുവരുന്ന ശബ്ദം പോലെ.

സാങ്കേതിക വിദ്യ എല്ലാ ഹൃദയങ്ങളെയും ചുരുക്കി.  വികിരണങ്ങൾ അതിനെ മുക്കിക്കൊന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ അവസാന ശ്വാസത്തിന്റെ കുമിളകൾ രക്തത്തിലൂടെ ഉയർന്ന് വരുമ്പോൾ ഉണ്ടാകുന്നതും ഇതേ ശബ്ദം തന്നെയല്ലേ? അവൻ ചിന്തിച്ചു.

പിറ്റേ ദിവസത്തെ ചരമക്കോളത്തിൽ അവന്റെ പടവും ഉണ്ടായിരുന്നു.

Friday, February 10, 2017

ബിനാലെ കാണാന്‍...

2012ല്‍ ആണ് കൊച്ചിന്‍ മുസ്രിസ് ബിനാലെ ആരംഭിച്ചത്. 12/12/12 എന്ന തീയതിയുടെ കൌതുകം കാരണം അന്നാണ് അത് ഉത്ഘാടനം ചെയ്യപ്പെട്ടത്. അന്ന് കേരള ജനതക്ക് എന്നല്ല ഇന്ത്യന്‍ ജനതക്ക് തന്നെ ഇത് എന്താണ് സംഭവം എന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് ബിനാലെ വീണ്ടും 2014ല്‍ എത്തി.ഡിസംബറില്‍ ആരംഭിച്ച് 100 ദിവസത്തിലധികം അത് കൊച്ചിയില്‍ ആറാടി.എന്നിട്ടും കേരള ജനത അതിന് വലിയ പ്രാധാന്യം നല്‍കിയില്ല എന്ന് തോന്നുന്നു - ആര്‍ക്കെങ്കിലും മനസ്സിലാകുന്ന സംഗതി ആണെങ്കില്‍ അല്ലേ അങ്ങോട്ട് അടുക്കൂ !!

ആദ്യ ബിനാലെ കണ്ട അല്പം ചില കേരളീയ കുടുംബങ്ങളില്‍ ഒന്ന് എന്റെതാണ് എന്ന് ഞാന്‍ അഭിമാനപൂര്‍വ്വം പറയാറുണ്ട് - എനിക്കും അന്ന് ഒന്നും മനസ്സിലായില്ല എന്നത് സത്യം തന്നെ. അന്നത്തെ ചില ഇന്‍സ്റ്റലേഷനുകളെപ്പറ്റി ഇതാ ഇവിടെ സവിസ്തരം പറഞ്ഞിട്ടുണ്ട്.

അന്ന് എന്റെ മൂത്ത മകള്‍ എട്ടാം ക്ലാസ്സിലും രണ്ടാമത്തെ മോള്‍ നാലാം ക്ലാസ്സിലും മൂന്നാമള്‍ പൊടിമോളും ആയിരുന്നു. ആ ബിനാലെ ഓര്‍മ്മയില്‍ അല്പമെങ്കിലും തങ്ങി നില്‍ക്കുന്ന മൂത്ത മോള്‍ ലുലുവിന് ഈ വര്‍ഷവും ബിനാലെ കാണാന്‍ ആഗ്രഹം !! അടുത്ത ബിനാലെക്ക് ഇനിയും രണ്ട് വര്‍ഷം കാത്ത് നില്‍ക്കണം എന്നതിനാലും ഈ ശനിയാഴ്ച എനിക്ക് തൃശൂര്‍ ചാലക്കുടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഉള്ളതിനാലും ഇതു തന്നെ നല്ല അവസരം എന്ന് തീരുമാനമായി.അങ്ങനെ  ലുലുവിന് പ്ലസ് ടു മോഡല്‍ പരീക്ഷ നടക്കുകയാണെങ്കിലും ഞങ്ങള്‍ ബിനാലെ കാണാന്‍ നാളെ എറണാകുളത്തേക്ക്...

എന്റെ ബ്ലോഗിന്റെ അതേ ടൈറ്റില്‍ പോലെയുള്ള  മനോരാജ്യത്തില്‍  ബിനാലെ കണ്ട അനുഭവം വായിച്ചു. ആദ്യ ബിനാലെ കണ്ട എന്റെ അതേ അവസ്ഥ തന്നെയാണ് ദിവാകരന്‍‌ജിക്ക് എന്ന് മനസ്സിലായി. ബാക്കി ഇനി ഞാന്‍ കണ്ടതിന് ശേഷം പറയാം , ഇന്‍ഷാ അല്ലാഹ്.

താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്

അപ്പോള്‍ പറഞ്ഞു വരുന്നത് താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ് എന്നെ സഹായിച്ച കഥകള്‍. ഞാന്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആയി ചാര്‍ജ്ജ് എടുത്ത ശേഷം എത്ര തവണ കളമശ്ശേരിയില്‍ പോയി എന്ന് എനിക്കറിയില്ല. അത്യാവശ്യം നന്നായി പ്രവര്‍ത്തിക്കുന്ന മിക്ക യൂണിറ്റുകളിലെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും സ്ഥിതി ഇതു തന്നെയായിരിക്കും.

കളമശ്ശേരിയിലെ യോഗങ്ങള്‍ എല്ലാം തെക്ക് നിന്നും വടക്കു നിന്നും വരുന്ന ട്രെയിനുകള്‍ ആലുവ എത്തുന്ന സമയത്തിനനുസരിച്ചാണ് ക്രമീകരിക്കാറ്. നിര്‍ഭാഗ്യവശാല്‍ വടക്ക് നിന്നുള്ള രണ്ട് ട്രെയിനും പിടിക്കണമെങ്കില്‍ ഞാന്‍ തലേ ദിവസം റെയില്‍‌വെ സ്റ്റേഷനില്‍ എത്തണം , നാട്ടില്‍ നിന്നുള്ള ബസ്, ട്രെയിന്‍ പോയി അഞ്ച് മിനുട്ട് കഴിഞ്ഞേ കോഴിക്കോട്ടെത്തൂ എന്നത് തന്നെ കാരണം. ഏതെങ്കിലും ഒരു ഡ്രൈവര്‍ കനിഞ്ഞാല്‍ ഒഴിവാക്കാവുന്ന പ്രശ്നം.പക്ഷേ രണ്ടും നടക്കാത്ത സ്വപ്നം.

അതേപോലെ തന്നെയാണ് മീറ്റിംഗ് കഴിഞ്ഞുള്ള അവസ്ഥയും.രണ്ട് മണിക്ക് ശേഷമാണ് കഴിയുന്നതെങ്കില്‍ ഏത് ട്രെയിനിന് പോന്നാലും അന്ന് രാത്രി റെയില്‍‌വെ സ്റ്റേഷനെ തറവാട് എന്ന് ഉറപ്പ്. ബസ്സിനാണെങ്കിലും ഏതെങ്കിലും ബസ്‌സ്റ്റാന്റില്‍ രാത്രിയുറക്കം സോറി രാത്രികറക്കം നിര്‍ബന്ധം.

അങ്ങനെ ഏതോ ഒരു മാര്‍ച്ച് മാസത്തിലെ ഒരു ദിവസം. കളമശ്ശേരിയിലെ യോഗം കഴിഞ്ഞത് രണ്ടരക്ക്. രാവിലെ അങ്ങോട്ട് എത്തിയ കണക്കനുസരിച്ച് തിരിച്ചെത്താന്‍ പറ്റും എന്ന് തോന്നിയതിനാല്‍ അടുത്ത ബസ്സിന് ഞാന്‍ തൃശൂരിലേക്ക് കയറി. അന്നാണ് ആദ്യമായി താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റിനെ ഞാന്‍ പരിചയപ്പെട്ടത്.നാലരയായപ്പോള്‍ എന്റെ മനസ്സ് കുളിര്‍പ്പിച്ച് കൊണ്ട് ആ ബസ് തൃശൂര്‍ ബസ്‌സ്റ്റാന്റില്‍ എന്റെ മുന്നില്‍ വന്ന് നിന്നു. അന്ന് എട്ടു മണിയോടെ ഞാന്‍ വീട്ടില്‍ എത്തുകയും ചെയ്തു.

അടുത്ത തവണ യോഗം കളമശ്ശേരി ആയിരുന്നില്ല. എറണാകുളം അപ്പുറം ഏതോ ഒരു മീറ്റിംഗ് കഴിഞ്ഞുള്ള വരവായിരുന്നു.കിട്ടിയ ബസ്സുകളില്‍ കയറി ഞാന്‍ പെരിന്തല്‍മണ്ണ വരെ എത്തി. മഞ്ചേരിയിലേക്ക് എന്തെങ്കിലും വാഹനം കിട്ടും എന്ന പ്രതീക്ഷയില്‍ ബസ് കാത്ത് നിന്നു.പ്രതീക്ഷ തെറ്റിയില്ല , അസമയത്ത് ഒരു സൂപ്പര്‍ ഫാസ്റ്റ്.ബോര്‍ഡിലേക്ക് നോക്കിയ നിമിഷം ഞാന്‍ ദൈവത്തെ സ്തുതിച്ചു - താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്!!

മറ്റൊരു ദിവസം.  വീണ്ടും കളമശ്ശേരിയിലെ ഒരു യോഗം കഴിഞ്ഞ് ആലുവ നിന്നും ഞാന്‍ ട്രെയിന്‍ കയറി. മുക്കിയും മൂളിയും ആ വണ്ടി ഏതൊക്കെയോ സ്റ്റേഷനില്‍ നിര്‍ത്തിയതോടെ, നിന്ന് യാത്ര ചെയ്യുന്നതിന്റെ ‘സുഖം’ കൂടി അറിഞ്ഞു. ഇനി മുതല്‍ വൈകി പുറപ്പെടുന്ന ദിവസങ്ങളില്‍ ബസ് യാത്ര തന്നെ നല്ലതെന്ന ബോധം അന്നുണ്ടായി. തൃശൂരില്‍ ആ വണ്ടി എത്തുമ്പോള്‍ സമയം അഞ്ചു മണി കഴിഞ്ഞിരുന്നു.സ്റ്റേഷനില്‍ ഇറങ്ങിയ ഉടനെ റോഡിലേക്ക് ഓടാന്‍  ആരോ എന്റെ മനസ്സില്‍ മന്ത്രിച്ചു. അത്യാവശ്യം കനമുള്ള ബാഗും കൊണ്ട് ഞാന്‍ ഓടി റോഡില്‍ എത്തിയ ഉടനെ ഒരു സൂപ്പര്‍ഫാസ്റ്റ് വരുന്നു.ബോര്‍ഡിലേക്ക് നോക്കിയ നിമിഷം ഞാന്‍ ദൈവത്തെ വീണ്ടും വീണ്ടും സ്തുതിച്ചു - താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്!!

ഇപ്പോഴിതാ ഇക്കഴിഞ്ഞ ആഴ്ച കളമശ്ശേരിയില്‍ നിന്ന് നേരിട്ട് താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ്!!


ഇനിയും ഈ താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റിന് എന്നെ വഹിക്കാനുള്ള യോഗം എത്ര ഉണ്ടോ ആവോ??


Wednesday, February 08, 2017

ദൈവത്തിന്റെ കണക്കു കൂട്ടലുകള്‍

           ദൈവത്തിന്റെ കണക്കു കൂട്ടലുകള്‍ അനുഭവിച്ചറിയുമ്പോള്‍ എപ്പോഴും ഞാന്‍ ദൈവത്തെ സ്തുതിക്കാറുണ്ട്. ഇന്നലെയും ഒരു അനുഭവം ആ കണക്കിന്റെ കൃത്യത എന്നെ ബോധ്യപ്പെടുത്തി.

         നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്റെ ഈ വര്‍ഷത്തെ രണ്ട് വ്യത്യസ്ത അവാര്‍ഡ് കമ്മിറ്റി മുമ്പാകെ എന്റെ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ കളമശ്ശേരിയില്‍ എത്തിയതായിരുന്നു ഞാന്‍. ഒന്ന് രാവിലെ പതിനൊന്നരക്കും രണ്ടാമത്തേത് ഉച്ചക്ക് ശേഷം രണ്ടര മണിക്കും ആയിരുന്നു നിശ്ചയിച്ചത്. രണ്ടാമത്തേതില്‍ അന്റെ അവസരം എപ്പോഴാണ് എന്ന് അറിയാത്തതിനാല്‍ അന്നേ ദിവസം വീട്ടില്‍ തിരിച്ച് എത്താന്‍ സാധിക്കില്ല എന്ന് ഞാന്‍ കണക്ക് കൂട്ടി.പിറ്റേന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തുന്ന രീതിയില്‍ കളമശ്ശേരിയില്‍ നിന്ന് തിരിച്ച് ബസ് കയറാനും മനസ്സില്‍ പദ്ധതിയുണ്ടാക്കി.

           കൃത്യം 11 മണിക്ക് കളമശ്ശേരി ഓഫീസില്‍ എത്തിയെങ്കിലും കമ്മിറ്റി മെമ്പര്‍മാര്‍ എത്താന്‍ വൈകിയതിനാല്‍ പന്ത്രണ്ടരക്കാണ് അവതരണം ആരംഭിച്ചത്. ദൈവത്തിന്റെ കണക്ക് കൂട്ടലുകള്‍ അവിടെ ആരംഭിച്ചിരുന്നു. 12 കോളേജുകള്‍ പങ്കെടുക്കേണ്ടിടത്ത് എത്തിയത് ആറോ ഏഴോ എണ്ണം.എല്ലാം കൂടി രണ്ട് മണിക്ക് മുമ്പ് ആദ്യത്തെ അവതരണം തീര്‍ന്നു!

          കൃത്യം രണ്ടരക്ക് തന്നെ രണ്ടാമത്തെ അവാര്‍ഡ് കമ്മിറ്റിയുടെ മുമ്പിലുള്ള അവതരണം ആരംഭിച്ചു. രണ്ടരക്ക് കളമശ്ശേരിയില്‍ നിന്ന് തിരിച്ചാല്‍ രാത്രി പത്ത് മണിക്ക് കഷ്ടിച്ച് വീട്ടില്‍ എത്താം.ഒരു  സാധ്യതയും ഇല്ലാത്തതിനാല്‍ ഞാന്‍ ആ ചിന്ത തന്നെ ഉപേക്ഷിച്ചു. പക്ഷെ ളുഹര്‍ നമസ്കാരം നിര്‍വ്വഹിക്കാനും ഊണ്‍ കഴിക്കാനും ഉള്ളതിനാല്‍ ആദ്യത്തെ രണ്ട് പേര്‍ക്ക് ശേഷം ഞാന്‍ മുന്നോട്ട് നീങ്ങിയിരുന്നു. എന്റെ മുമ്പെ രണ്ട് പേര്‍ അവിടെ കാത്ത് നിന്നിരുന്നതിനാല്‍ അവര്‍ കഴിഞ്ഞേ ഞാന്‍ പോകൂ എന്ന് അവരെ സമാധാനിപ്പിച്ചു. ദൈവം വീണ്ടും ഇടപെട്ടു. അവര്‍ രണ്ട് പേരും എനിക്കായി വഴിമാറി!

          രണ്ടാമത്തെ കമ്മിറ്റി വെരിഫിക്കേഷന്‍ മാത്രമേ നടത്തുന്നുണ്ടായിരുന്നുള്ളൂ. അതിനാല്‍ തന്നെ  അഞ്ച് മിനുട്ടിനകം അത് തീര്‍ന്നു.സമയം 3 മണികഴിഞ്ഞ് 3 മിനുട്ട്. ഒന്ന് ആഞ്ഞു പിടിച്ചാല്‍ ഒരു പക്ഷെ ഇന്ന് രാത്രി തന്നെ വീട്ടില്‍ തിരിച്ചെത്താം എന്ന ചിന്ത പെട്ടെന്ന് മനസ്സിലുദിച്ചു. പക്ഷെ നമസ്കാരവും ഭക്ഷണവും ബാക്കി. തൊട്ടടുത്ത പള്ളിയില്‍ കയറി ഞാന്‍ ളുഹറും അസറും നമസ്കരിച്ചു. ഭക്ഷണം തല്‍ക്കാലം വേണ്ടെന്ന് തീരുമാനിച്ചു.

           മെയിന്‍ റോഡിലുള്ള സ്റ്റോപ്പിലേക്ക് സാധാരണ നടന്നു പോകാറുള്ള ഞാന്‍ തൊട്ടടുത്ത സ്റ്റോപ്പായിട്ട് പോലും അന്ന് ബസ്സില്‍ കയറി. പക്ഷെ ഇറങ്ങേണ്ട സ്ഥലത്തിന് മുമ്പ് ഇറങ്ങുകയും ചെയ്തു - ദൈവത്തിന്റെ കണക്കുകളുടെ കളി തന്നെ!തൃശൂരിലേക്കുള്ള ബസ് കാത്ത് നില്‍ക്കുമ്പോള്‍ അതാ വലത്തെ ട്രാക്കിലൂടെ ഒരു പാലക്കാട് എ.സി ലോ ഫ്ലോര്‍ ബസ് വരുന്നു.അത് സുന്ദരമായി കടന്നു പോയി.പിന്നാലെ അടുത്ത എ.സി ലോ ഫ്ലോര്‍ ബസ് തൃശൂരിലേക്ക്.അതും എന്നെ മൈന്റ് ചെയ്യാതെ കടന്നു പോയി.

           ഞാന്‍ നില്‍ക്കുന്നത് യഥാര്‍ത്ഥ സ്റ്റോപ്പില്‍ തന്നെയല്ലേ എന്ന് സംശയമുയര്‍ന്നപ്പോള്‍ ഒരു അങ്കമാലി എ.സി ലോ ഫ്ലോര്‍ ബസ് എന്റെ മുമ്പില്‍ വന്ന് നിന്നു. പിന്നാലെ ഒരു ആലുവ ബസും. അതോടെ ബസ് സ്റ്റോപ് അത് തന്നെ എന്ന് ഞാന്‍ ഉറപ്പിച്ചു. അപ്പോഴതാ വലത്തെ ട്രാക്കിലൂടെ ഒരു സൂപ്പര്‍ ഫാസ്റ്റ് ചീറി വരുന്നു. ഒരു നിമിഷം ഞാന്‍ ആ ബോര്‍ഡിലേക്ക് ഒന്ന് നോക്കി - തൃശൂര്‍ താമരശ്ശേരി !എന്ന് വച്ചാല്‍ എന്റെ നാട്ടി്ലേക്ക് നേരിട്ടുള്ള ബസ്!!

          ഞാന്‍ കൈ പൊക്കി കാണിച്ചു കൊണ്ട് ഡ്രൈവറെ നോക്കി. അയാളെന്നെയും നോക്കി. ഒരു നിമിഷം വലത്തെ ട്രാക്കില്‍ നിന്ന് ഇടത്തേ ട്രാക്കിലേക്ക് ബസ് മാറാന്‍ ശ്രമിച്ചെങ്കിലും മറ്റു വാഹനങ്ങള്‍ വരുന്നത് കാരണം അവിടത്തന്നെ നിര്‍ത്തി.വളരെ ശ്രദ്ധിച്ച് വാഹനങ്ങള്‍ക്കിടയിലൂടെ ഓടി, വാതില്‍ തുറന്ന് ഞാന്‍ ബസ്സില്‍ കയറി.ബസ് മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോഴാണ് ദീര്‍ഘദൂര ബസ്സുകളുടെ സ്റ്റോപ് അല്പം കൂടി മുന്നിലായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കിയത്.പക്ഷെ ദൈവം എല്ലാ കണക്കും കൃത്യമായി ചെയ്തു വച്ചിരുന്നതിനാല്‍ രാത്രി ഒമ്പതരയോടെ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി.

(താമരശ്ശേരി സൂപ്പര്‍ ഫാസ്റ്റ് എന്റെ എന്‍.എസ്.എസ് ജീവിതത്തില്‍ ഇതേ പോലെ നിരവധി തവണ എനിക്ക് സഹായകമായിട്ടുണ്ട്.അടുത്ത പോസ്റ്റില്‍ അവയില്‍ ചിലത്)

Monday, January 30, 2017

പുലിമുരുകന്‍ വരുന്നേ പുലിമുരുകന്‍!

     എ.ഇ.ഒ വരുന്നത്, സ്കൂളില്‍ പോകുന്ന കാലത്ത് ഒരു പേടി സ്വപ്നമായിരുന്നു. അദ്ദേഹം ഏതെങ്കിലും ക്ലാസ്സില്‍ കയറി എന്തെങ്കിലും ചോദ്യം ചോദിക്കും എന്നും ഉത്തരം കിട്ടിയില്ലെങ്കില്‍ നല്ല ശിക്ഷ കിട്ടും എന്നൊക്കെയായിരുന്നു തലമുറകളായി എ.ഇ.ഒ മാരെപ്പറ്റി കൈമാറി വരുന്ന വാര്‍ത്ത.ഒരു അധ്യയന വര്‍ഷത്തിലെ ഇത്രാമത്തെ പ്രവൃത്തി ദിനത്തിലാണ് അദ്ദേഹം വരിക എന്നതൊക്കെ പുതിയ നിയമമാണ്.പഴയ നിയമത്തില്‍ അദ്ദേഹം ഏത് ദിവസത്തിലും കയറി വരാം.
     ഏകദേശം ആ ദിവസങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവം ഈ അടുത്ത് ഉണ്ടായി.ഞങ്ങളുടെ എന്‍.എസ്.എസ് ക്യാമ്പ് സന്ദര്‍ശിക്കാനായി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വരുന്നതായി എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഞാന്‍ അത് ക്യാമ്പ് അംഗങ്ങളെ അറിയിക്കാനായി വളണ്ടിയര്‍ സെക്രട്ടറിമാരെയും ഏല്പിച്ചു.അല്പ സമയത്തിന് ശേഷം എനിക്ക് ലഭിച്ച വാട്സ് ആപ്പ് സന്ദേശ പ്രകാരം സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ അന്നത്തെ സന്ദര്‍ശനത്തില്‍ വയനാട് ജില്ല ഉണ്ടായിരുന്നില്ല.ഉറപ്പ് വരുത്താനായി ഫോണ്‍ ചെയ്തപ്പോള്‍ അന്നേ ദിവസം വരുന്നില്ല എന്ന വിവരം ലഭിക്കുകയും ചെയ്തു.
     കോര്‍ഡിനേറ്ററെ നേരത്തെ മറ്റൊരു ക്യാമ്പില്‍ കണ്ട് “അറിഞ്ഞ” വളണ്ടിയര്‍ സെക്രട്ടറിമാര്‍ അവര്‍ക്ക് കിട്ടിയ വിവരവും അവര്‍ അറിയുന്ന കാര്യങ്ങളും അല്പം എരിവും പുളിയും കൂട്ടി ക്യാമ്പിലെ മറ്റംഗങ്ങള്‍ക്ക് കൈമാറി.കോര്‍ഡിനേറ്റര്‍ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധ്യതയുണ്ടെന്നും ആരോ പറഞ്ഞ് പരത്തി. അതോടെ പണ്ടത്തെ എ.ഇ.ഒ വരുന്ന സംഭവം പോലെ എല്ലാവരും പരക്കം പായാന്‍ തുടങ്ങി.

“അദ്ദേഹം സ്കൂളിലേക്ക് വരോ, അതോ ആശുപത്രിയിലേക്കോ?” ആരോ സംശയം പ്രകടിപ്പിച്ചു.

“അത് അറിയില്ല”

“ഇത്രേം ആള്‍ക്കാര്‍ വരുന്ന ആശുപത്രിയില്‍ കോര്‍ഡിനേറ്റര്‍ വന്നാല്‍ ഞങ്ങള്‍ എങ്ങനെ തിരിച്ചറിയാനാ?” ആരോ ന്യായമായ ഒരു സംശയം ഉന്നയിച്ചു.

“ശരിയാ...പക്ഷേ അതിന്‍ ഞാന്‍ ഒരു പോംവഴി പറഞ്ഞ് തരാം....സാറ്‌ വരുന്നത് ഒരു വെള കാറിലായിരിക്കും...” സെക്രട്ടറി പറഞ്ഞു.

“ങാ...പക്ഷേ വെള കാറില്‍ വരുന്നവര്‍ വേറെയും ഉണ്ടാകില്ലേ?”

“ഇതാ...വെള കാറില്‍ ഈ കാണുന്ന ആള്‍ വന്നാല്‍ അതാണ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍...” കോട്ടും സ്യൂട്ടുമിട്ട ഒരു ഫോട്ടോ കാണിച്ചുകൊണ്ട് സെക്രട്ടറി മറുപടി നല്‍കി.

:ഓ കെ...” ആളെ കണ്ട സമാധാനത്തില്‍ എല്ലാവരും പറഞ്ഞു.

“അപ്പോ ഇനി എല്ലാവരും വേഗം ആശുപത്രിയിലേക്ക് നീങ്ങുക...ഏത് ഗ്രൂപ്പിന്റെ അടുത്ത് സാറ് എത്തിയാലും വിവരം മറ്റു ഗ്രൂപ്പിലേക്കും ക്യാമ്പ് ഓഫീസിലേക്കും പാസ് ചെയ്യണം...” സെക്രട്ടറി നിര്‍ദ്ദേശം കൊടുത്തു.

“ഓ.കെ...” എല്ലാവരും വേഗത്തില്‍ സൈറ്റിലേക്ക് നീങ്ങി. ഞാന്‍ ക്യാമ്പ് ഓഫീസില്‍ എന്റെ ജോലികളിലും മുഴുകി. ഏകദേശം 12 മണിയോടെ വളണ്ടിയര്‍മാരില്‍ ഒരാള്‍ ഓടിക്കിതച്ച് എന്റെ അടുത്തെത്തി.

“സാര്‍...സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്!!”

“ങേ!!” ഞാന്‍ വെറുതെ ‘ഞെട്ടല്‍‘ രേഖപ്പെടുത്തി. പണ്ട് ‘ആകാശം ഇടിഞ്ഞു വീഴുന്നേ’ എന്ന് പറഞ്ഞ കഥയിലെപ്പോലെ, മേല്‍ വളണ്ടിയര്‍ കാണുന്നവരുടെ അടുത്തെല്ലാം ഈ വിവരം അറിയിച്ചു.ഒന്നും സംഭവിക്കാത്ത പോലെ ഞാന്‍ എന്റെ ജോലിയില്‍ തന്നെ തുടര്‍ന്നു.
ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതേ വളണ്ടിയര്‍ എന്റെ അടുത്ത് എത്തി പറഞ്ഞു 
“സാര്‍...അത് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആയിരുന്നില്ല...”

“പിന്നെ?”

“ഏതോ ഒരാള്‍...”

“അപ്പോ ആരാ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞത് ?” ഞാന്‍ ചോദിച്ചു.

“അത്...ഗ്രൂപ്പ് രണ്ടിന്റെ അടുത്ത് ഒരു വെള കാര്‍ വന്ന് നിര്‍ത്തി...അതില്‍ നിന്ന് രാവിലെ ഞങ്ങള്‍ക്ക് കാണിച്ച ഫോട്ടോയിലെപ്പോലെ കോട്ട് ഇട്ട ഒരാള്‍ ഇറങ്ങി...”

“ആഹാ..”

“അദ്ദേഹം നമ്മുടെ വളണ്ടിയര്‍മാരോട് എന്തോ ചോദിക്കുന്നത് ഞാന്‍ ദൂരെ നിന്ന് കണ്ടു. ഇത് തന്നെ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എന്ന ധാരണയില്‍ ഞാന്‍ അത് എല്ലാ ഗ്രൂപ്പിലും അറിയിച്ചു...സാറെയും...”

“ഹ ഹ ഹാ...” എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.

“പക്ഷെ...ഒരു ഗുണം ഉണ്ടായി സാര്‍...”

“അതെന്താ?”

“ആ ഒന്നര മണിക്കൂര്‍ കൊണ്ട് എല്ലാ ഗ്രൂപ്പുകാരും കൂടി രണ്ട് ദിവസത്തെ വര്‍ക്കാ ചെയ്തു തീര്‍ത്തത് !!”

പിറ്റേ ദിവസം ഉച്ചയോടെ സ്റ്റേറ്റ് കോര്‍ഡിനേറ്ററും ടീമും ക്യാമ്പില്‍ എത്തി. തലേ ദിവസം കാണിച്ച ഫോട്ടോയും ഒറിജിനല്‍ ആളും തമ്മിലുള വ്യത്യാസവും പറഞ്ഞ് കേട്ടതും അനുഭവിച്ച് അറിഞ്ഞതുമായ സ്വഭാവ വ്യത്യാസവും പിന്നെ അന്നത്തെ സംഭവികാസങ്ങളും ഇപ്പോഴും ക്യാമ്പ് അംഗങ്ങള്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നു.

Saturday, January 28, 2017

ഒറ്റയടിപ്പാതകള്‍ – ഒരു വായനാനുഭവം

       ശ്രീ.സി.രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്കാരം കിട്ടിയതിന് ശേഷം, അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും ഇതുവരെ വായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഒരു സങ്കടം എന്റെ മനസ്സില്‍ നിലനിന്നിരുന്നു. ആയിടക്കാണ് കോളേജില്‍ ഞാന്‍ കസ്റ്റോഡിയനായ ലാബില്‍ ഒരു പുന:ക്രമീകരണം നടന്നത്. ആവശ്യമില്ലാത്ത നിരവധി കടലാസുകള്‍ പല സ്ഥലത്തും വാരി വിതറി ആകെ അലങ്കോലമായിക്കിടന്ന ആ ലാബിലേക്ക് ചെല്ലുമ്പോഴേ ഇറങ്ങിപ്പോവാനായിരുന്നു പലപ്പോഴും തോന്നാറ്. ആ കടലാസുകള്‍ പെറുക്കി കൂട്ടുന്നതിനിടക്ക് മേശക്കകത്ത് നിന്നും ആരോ ഉപേക്ഷിച്ചു പോയ ഒരു പുസ്തകം എന്നെ തുറിച്ച് നോക്കി – സി.രാധാകൃഷ്ണന്‍ എഴുതിയ ഒറ്റയടിപ്പാതകള്‍ എന്ന പുസ്തകമായിരുന്നു അത്!

       പുസ്തകത്തിന്റെ പേര് ആകര്‍ഷകമായിരുന്നില്ല എങ്കിലും ഞാന്‍ അന്വേഷിച്ചു നടക്കുന്ന എഴുത്ത്കാരന്റെതായതിനാല്‍ ഒന്ന് മറിച്ച് നോക്കി.പുസ്തകത്തിലെ ആദ്യത്തെ വരികള്‍ ഇങ്ങനെയായിരുന്നു – “രണ്ടാലൊന്ന് പറയൂ,സതീ” – അനൂപ് കൈകള്‍ മാറത്ത് പിണച്ചുകെട്ടി ഓരം തിരിഞ്ഞ് നിന്നു.പരിഭവവും നേരിയ നിരാശയും ആ സ്വരത്തിലുണ്ടായിരുന്നു.

       ആഞ്ഞ് വീശാന്‍ പോകുന്ന ഒരു കൊടുങ്കാറ്റിന്റെ ശാന്തത ആ വരികളില്‍ ഞാന്‍ ദര്‍ശിച്ചു.പിന്നീടുള വരികള്‍ ഞാന്‍ എന്നും സ്വപ്നം കാണുന്ന പഴക്കമു ഒരു മാളിക വീടിനെപ്പറ്റിയായിരുന്നു.പൈങ്കിളി വര്‍ത്തമാനങ്ങള്‍ ഇല്ലാത്ത ഒരു പ്രണയ കഥയുടെ ഒഴുക്ക് അവിടെ ആരംഭിക്കുകയായിരുന്നു. ഒറ്റ ഇരുപ്പിന് തന്നെ പുസ്തകത്തിന്റെ പകുതിയിലധികം ഞാന്‍ പിന്നിട്ടു.

       അനൂപ്,സതി,അസുഖം ബാധിച്ച സതിയുടെ അനുജന്‍,അച്ഛന്‍ എന്നിവരുടെ ധര്‍മ്മസങ്കടമാണ് നോവലിന്റെ ഇതിവൃത്തം.അനൂപും സതിയും തമ്മിലു പ്രണയവും സതിയും അനുജനും തമ്മിലു അഗാധമായ സാഹോദര്യ ബന്ധവും അതിനിടയില്‍ അച്ഛന്‍ അനുഭവിക്കുന്ന ടെന്‍ഷനും കൊണ്ട് നോവല്‍ വായനക്കാരനെ മുന്നോട്ട് നയിക്കുന്നു.അവസാന ഭാഗത്തേക്കെത്തുമ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ മനുഷ്യത്വപരമായി ശരിയോ തെറ്റോ എന്നൊരു ചോദ്യവും ഉളിലിട്ടു കൊണ്ടായിരിക്കും ഏതൊരു വായനക്കാരനും ഒറ്റയടിപ്പാതകള്‍ പൂര്‍ത്തിയാക്കുക.


       പുസ്തകത്തിലെ ഇരുപത് അദ്ധ്യായങ്ങളില്‍ ഒന്ന് മാത്രമാണ് അല്പമെങ്കിലും വായനാസുഖം ഇല്ലാതാക്കുന്നത്.ആ അദ്ധ്യായം വല്ലാതെ വലിഞ്ഞു പോകുന്നോ എന്നൊരു സംശയം ഉണ്ടായേക്കാം.എങ്കിലും വായനക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. എന്നിട്ടും ഏതൊരു കഥയിലും ചെയ്യുന്നത് പോലെ ശുഭപര്യവസാനിയായി ഈ നോവല്‍ മാറുന്നില്ല. അവസാന വരി കുറിക്കുന്ന പോലെ ഏതുമാകാം, നല്ലതും നല്ലതിനാകുമെന്ന് വിശ്വസിക്കുക.

പുസ്തകം: ഒറ്റയടിപ്പാതകള്‍
രചയിതാവ് : സി.രാധാകൃഷ്ണന്‍
പ്രസാധകര്‍: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്
പേജ്:184

വില:115 രൂപ (2009)

(ഈ നോവല്‍ സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്)