Pages

Thursday, February 16, 2017

ആതിരപ്പിള്ളിയിലേക്ക്....

            ആതിരപ്പിള്ളി എന്ന് പറയുമ്പോഴേ വായയില്‍ വാഴച്ചാലും ഓട്ടോമാറ്റിക്കായി എത്തും (സംശയമുണ്ടെങ്കില്‍ ഒന്ന് പറഞ്ഞ് നോക്കുക) ! അതിന്റെ ഗുട്ടന്‍സ് അറിയാന്‍ ഒന്ന് അവിടെ സന്ദര്‍ശിക്കാനുള്ള ആഗ്രഹം കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്തോ, സമയവും സന്ദര്‍ഭവും ഇക്കഴിഞ്ഞ 44 വര്‍ഷത്തിനിടക്ക് ഒത്ത് വന്നില്ല. സ്കൂള്‍ ടൂറുകള്‍ മിക്കതും ഇപ്പറഞ്ഞ സ്ഥലത്തേക്കായിരിക്കും.പക്ഷെ എനിക്കും, പ്ലസ് ടു , എട്ട് , ഒന്ന് ക്ലാസ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്കും ഇതുവരെ അവസരം ലഭിച്ച ടൂറുകള്‍ ഒന്നും ഇങ്ങോട്ടായില്ല.വിരോധാഭാസമെന്ന് പറയട്ടെ സ്കൂളില്‍ നിന്ന് ഒരേ ഒരു ടൂര്‍ പോകാന്‍ അവസരം ലഭിച്ച എന്റെ സഹധര്‍മ്മിണിക്ക് കാണാന്‍ സാധിച്ചത് ആതിരപ്പിള്ളിയും !!

              അങ്ങനെയിരിക്കെയാണ് കൊച്ചിയില്‍ മൂന്നാമതും ബിനാലെ എത്തിയതും എന്റെ മക്കള്‍ക്ക് അത് കാണാന്‍ മോഹമുദിച്ചതും. അതെ സമയം തന്നെയാണ് ചാലക്കുടിയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അപ്പുറത്ത് പുത്തന്‍‌ചിറയില്‍ താമസിക്കുന്ന എന്റെ എന്‍.എസ്.എസ് വളണ്ടിയര്‍ സെക്രട്ടറിയുടെ വീട്ടില്‍ വര്‍ഷം തോറും നടന്നു വന്നിരുന്ന “മകരനിലാവ് കൂട്ടായ്മ” യുടെ പുനരുജ്ജീവന സംഗമവും. രണ്ടും കൂടി കൂട്ടി അടിച്ച് ഒരു ഫാമിലി ടൂര്‍ ആക്കാം എന്ന് കരുതിയപ്പോള്‍ മൂത്തമോള്‍ ലുലുവിന് പ്ലസ് ടു മോഡല്‍ അറബി പരീക്ഷ ബാക്കി. എങ്കിലും രണ്ടും കല്‍പ്പിച്ച് രാവിലെ ആറ് മണിയുടെ ബസ്സിന് ഞങ്ങള്‍ പുറപ്പെട്ടു.അങ്ങാടിപ്പുറത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തൃശൂരിലും  അടുത്ത ട്രെയിനില്‍ ചാലക്കുടിയിലും എത്തുമ്പോള്‍ സമയം 11 മണി കഴിഞ്ഞിരുന്നു.കൊച്ചുമോന്‍ ലിദുവിന്റെ ആദ്യത്തെ ട്രെയിന്‍ യാത്രയായിരുന്നു ഇത്. അവനുള്ള ഭക്ഷണം നല്‍കല്‍ കഴിഞ്ഞതോടെ സമയം പതിനൊന്നര കഴിഞ്ഞു.

                  സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി അടുത്ത ബസ്സിന് കയറി 12 മണിയോടെ മുനിസിപ്പല്‍ ബസ്‌സ്റ്റാന്റില്‍ എത്തി.രാവിലെ ഒമ്പതര മണിക്ക് ഒരു KSRTC പോയാല്‍ പിന്നെ അടുത്തത് 12:05ന് ആണെന്ന്  www.aanavandi.com ല്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു. അത്രയും തിരക്ക് പ്രതീക്ഷിച്ചതിനാല്‍ നേരെ KSRTC സ്റ്റാന്റിലേക്ക് പോയാലോ എന്നും ആലോചിച്ചു പോയി. ദയവ് ചെയ്ത് ആരും അത്തരം മണ്ടത്തരം കാണിക്കരുത്. പ്രൈവറ്റ് ബസ്സുകള്‍ ഇടക്കിടക്ക് സര്‍വീസ് നടത്തുന്നതിനാല്‍ ഒരു തിരക്കും ഇല്ല.ഞങ്ങള്‍ സ്റ്റാന്റില്‍ എത്തുമ്പോള്‍ ട്രാക്കില്‍ നിന്നും മാറി ഒരു പ്രൈവറ്റ് ബസ് കിടന്നിരുന്നു.നേരത്തെ സൂചിപ്പിച്ച KSRTC പോകാനുണ്ട് എന്ന് അവര്‍ പറഞ്ഞു.സ്റ്റേഷനില്‍ കണ്ട മിക്കവരും ബസ്സില്‍ സ്ഥലം പിടിച്ചിരുന്നതിനാല്‍ ഞങ്ങളും അതില്‍ കയറി.

               ചാലക്കുടിയില്‍ നിന്ന് 25 രൂപയാണ് അതിരപ്പിള്ളിയിലേക്ക് ബസ് ചാര്‍ജ്ജ്. ഏകദേശം ഒരു മണിക്കൂറും 15 മിനുട്ടും സമയം എടുക്കും.ഇടക്ക് അല്പ നേരം കാട്ടിലൂടെ യാത്രയുണ്ട്. വേനല്‍ ആയതിനാല്‍ കാട് വളരെ ഡ്രൈ ആണ്.മഴക്കാലം കഴിഞ്ഞ ഉടനെയാണെങ്കില്‍ യാത്ര രസകരമായിരിക്കും എന്ന് തോന്നുന്നു.പക്ഷെ വെള്ളച്ചാട്ടത്തിന് അടുത്ത് എത്താന്‍ പ്രയാസവും ആയിരിക്കും. പോകുന്ന വഴിയിലാണ്  ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കും സില്‌വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കും. സൌജന്യമായി പുഴയില്‍ കുളിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് കാശ് കൊടുത്ത്  കുളത്തില്‍ കളിക്കാന്‍ ഇവിടെങ്ങളില്‍ സൌകര്യം ഉണ്ടാകും.

              റോഡിന്റെ ഒരു വശം മുഴുവന്‍ കിലോമീറ്ററുകളോളം നീളുന്ന ഒരു പ്രത്യേക തരം മരം കണ്ടു. സഹയാത്രികനോട് ചോദിച്ചപ്പോഴാണ് അത് ഗവണ്മെന്റ് വക എണ്ണപനത്തോട്ടമാണെന്ന് മനസ്സിലായത്. വയനാട് ചുണ്ടയില്‍ റോഡ് സൈഡിലെ ഒരു തോട്ടത്തില്‍ വളര്‍ന്ന് വരുന്നതും ഇതു തന്നെയാണെന്ന് ഇപ്പോള്‍ മനസ്സിലായി (മനസ്സില്‍ പുകയുന്ന ഒരു ചോദ്യത്തിന് അതോടെ ഉത്തരമായി!). 

              ഉച്ചക്ക് ഒന്നേ കാല്‍ മണിയോടെ ഞങ്ങള്‍ അതിരപ്പിള്ളിയില്‍ എത്തി. കൌണ്ടറിനടുത്ത് ഇറങ്ങി ടിക്കറ്റെടുക്കാന്‍ ബസ് കണ്ടക്ടര്‍ എന്നോട് പറഞ്ഞു.കുടുംബത്തെയും വഹിച്ച് ബസ് മുന്നോട്ട് നീങ്ങി. മറ്റൊരാളുടെ കൂടെ യാത്ര ചെയ്തിരുന്ന ഒരു വിദേശി വനിത ഒപ്പമുള്ളയാള്‍ ഇറങ്ങിയതറിയാതെ ബഹളം വച്ചതായി പിന്നീട് ഞാനറിഞ്ഞു.കൌണ്ടറും പ്രവേശന കവാടവും അത്യാവശ്യം ദൂരമുണ്ട്. പ്രൈവറ്റ് ബസ്സ് ആയതിനാല്‍ അവര്‍ കൃത്യമായി എല്ലാം പറഞ്ഞ് തന്നു. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 5 മുതല്‍ 13 വയസ്സ് വരെയുള്ളവര്‍ക്ക് 2 രൂപയും(ഇത് എന്നത്തെ റേറ്റ് ആണാവോ?)  സ്റ്റില്‍ ക്യാമറക്ക് 20 രൂപയും ആണ് ചാര്‍ജ്ജ്.

            ടിക്കറ്റെടുത്ത്  പ്രവേശന കവാടത്തിലേക്ക് നടക്കുന്ന വഴിയില്‍ നിന്നുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വിദൂര കാഴ്ച കാണാന്‍ പോകുന്ന പൂരത്തെപ്പറ്റിയുള്ള മുന്നറിയിപ്പാണ്. 
               നല്ല വെയിലായതിനാല്‍ തൊട്ടടുത്ത ഹോട്ടലില്‍ കയറി ഊണ് കഴിച്ച് കുറെ നേരം അവിടെത്തന്നെ വിശ്രമിച്ച ശേഷമാണ് ഞങ്ങള്‍ അകത്തേക്ക് കയറിയത്. ആ കാഴ്ചകളും അനുഭവങ്ങളും പിന്നീട്.

5 comments:

Areekkodan | അരീക്കോടന്‍ said...

സ്കൂള്‍ ടൂറുകള്‍ മിക്കതും ഇപ്പറഞ്ഞ സ്ഥലത്തേക്കായിരിക്കും.പക്ഷെ എനിക്കും, പ്ലസ് ടു , എട്ട് , ഒന്ന് ക്ലാസ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്കും ഇതുവരെ അവസരം ലഭിച്ച ടൂറുകള്‍ ഒന്നും ഇങ്ങോട്ടായില്ല.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒരു തവണ സകുടുംബം പോയിട്ടുണ്ട് ..... കേട്ടറിവ് ശരിയാണെങ്കില്‍ അടുതുതന്നെ അതിരപ്പള്ളി വെള്ളച്ചാട്ടം "നിലയ്ക്കാന്‍" സാധ്യത ഉണ്ട് . അതിനുമുന്‍പ് ഒന്ന് കണ്ടിരിക്കേണ്ടത് അത്യാവശ്യം തന്നെ !!
വാഴച്ചാല്‍ വെള്ളച്ചാട്ടം എന്ന് പറയാന്‍ കഴിയില്ല . പക്ഷെ രണ്ടും രണ്ടു ആസ്വാദനം ആണ് നമുക്ക് തരുന്നത് . കൂടുതല്‍ എഴുത്ത് പ്രതീക്ഷിക്കുന്നു ....

Areekkodan | അരീക്കോടന്‍ said...

കുറുമ്പടി...പറഞ്ഞത് വളരെ ശരിയാണ്. ഈ വേനലില്‍ ആ “ചാട്ടം” വെള്ളത്തിന്റെതായിരിക്കില്ല , അവിടെ വസിക്കുന്ന കുരങ്ങന്മാരുടെതായിരിക്കും സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കുക.

സുധി അറയ്ക്കൽ said...

നന്നായി...എനിയ്ക്കും ഒന്ന് പോണമെന്നുണ്ട്‌.ബാക്കി കൂടി വായിച്ചിട്ടാകാമെന്ന് വെച്ചു.വേഗം എഴുതൂ സർ!!!!

Areekkodan | അരീക്കോടന്‍ said...

സുധീ...അതു ശരി, അപ്പോള്‍ എന്നെപ്പോലെ അതിരപ്പിള്ളി കാണാത്തവര്‍ ഇനിയും ഉണ്ടല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക