Pages

Tuesday, March 25, 2014

യൂത്ത്ഫെസ്റ്റിവൽ് ദിനം (ലുധിയാനയിൽ -3)

ലുധിയാനയിൽ -2

ലുധിയാനയിൽ യൂത്ത്ഫെസ്റ്റിവൽ വേദിയായ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ഞങ്ങളിറങ്ങുമ്പോൾ എല്ലാവരും പുതച്ച് മൂടിയ നിലയിലായിരുന്നു കാണപ്പെട്ടത്.രാത്രി ഒമ്പതരയോടെ സുഭിക്ഷമായി ഭക്ഷണം കഴിച്ചു.ശേഷം താമസത്തിനുള്ള സ്ഥലം തിരക്കിയുള്ള നെട്ടോട്ടം ആരംഭിച്ചു.അപ്പോഴാണ് നേരത്തെ എത്തുന്നവർക്കുള്ള താമസത്തിനാവശ്യമായ സജ്ജീകരണങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്ന് മനസ്സിലായത്. ഏതൊരു കേരള ടീമിനും കേരളത്തിന് പുറത്തേക്കുള്ള യാത്രയിൽ, വായിച്ച് മാത്രം അറിഞ്ഞ പ്രയാസങ്ങൾ പിന്നീട് ഞങ്ങൾ നേരിട്ടനുഭവിച്ചു.രാത്രി 1 മണിയോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റലുകളിൽ നിലത്ത് കിടക്കാനുള്ള യോഗമെങ്കിലും ലഭിച്ചു.

ദേശീയയുവജനദിനമായ ജനുവരി 12ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പാരമ്പര്യവേഷമണിഞ്ഞ യുവതീ-യുവാക്കളുടെ ഘോഷയാത്രയോടെ നാഷണൽ യൂത്ത് ഫെസ്റ്റിവൽ ആരംഭിച്ചു.ഓരോ സംസ്ഥാനത്തിന്റേയും തനത് കലാരൂപങ്ങളും ഈ ഘോഷയാത്രയിൽ അണിനിരന്നിരുന്നു. കൂട്ടത്തിൽ നാഗാലാന്റുകാരുടെ പാരമ്പര്യ വേഷം തീർത്തും കൌതുകമായി-മുൻ‌ഗുഹ്യഭാഗം മാത്രം മറച്ചു വച്ചു കൊണ്ട് പൂർണ്ണ നഗ്നരായി ആ തണുപ്പിൽ അവർ അണിനിരന്നത് തന്നെ അത്ഭുതമുളവാക്കി.

യൂത്ത്ഫെസ്റ്റിവലിൽ വിവിധ പരിപാടികൾ അവതരിപ്പിക്കാനായി വന്നവർക്ക് പുറമേ എല്ലാ  സംസ്ഥാനങ്ങളിൽ നിന്നും നാഷണൽ സർവീസ് സ്കീമിന്റെ വളണ്ടിയർമാരും  ഘോഷയാത്രക്കായി അണിനിരന്നിരുന്നു.അവരും അതാത് സംസ്ഥാനങ്ങളുടെ പാരമ്പര്യ വേഷത്തിലായിരുന്നു. സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് പിന്നിൽ ഈ വർഷത്തെ യൂത്ത് അവാർഡ് ജേതാക്കളും അതിന് പിന്നിൽ എൻ.എസ്.എസ് വളണ്ടിയർമാരും അണിചേർന്ന് ഘോഷയാത്ര കൂടുതൽ വർണ്ണാഭമാക്കി.





യൂത്ത് അവാർഡ് വിതരണം ചെയ്യുന്നത് രാഷ്ട്രപതി ശ്രീ.പ്രണബ് മുഖർജിയാണെന്നായിരുന്നു ആദ്യം കേട്ടിരുന്നത്.ഏറെ കാത്തിരിപ്പിനൊടുവിൽ വേദിയിൽ ഉത്ഘാടകനായി കണ്ടത് കേന്ദ്ര യുവജനകാര്യവകുപ്പ് മന്ത്രി ശ്രീ.ജിതേന്ദ്രസിംഗിനെയായിരുന്നു.ഒരു മണിക്കൂറോളം നീണ്ടു നിന്ന ഘോഷയാത്രക്ക് ശേഷം യൂത്ത്ഫെസ്റ്റിവൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. ഏറെ നേരം കാത്തിരുന്നതിനാൽ പലരും ഘോഷയാത്രക്ക് ശേഷം തന്നെ സ്ഥലം വിട്ടു.ഇന്ത്യ മുഴുവൻ അണിനിരന്ന ചടങ്ങിൽ പ്രസംഗങ്ങൾ ഹിന്ദിയിൽ മാത്രമായതിനാൽ ഞങ്ങളും അല്പസമയത്തിന് ശേഷം ഭക്ഷണത്തിനായി സ്ഥലം വിട്ടു.

അന്ന് വൈകിട്ട് തന്നെ എൻ.എസ്.എസ് പ്രോഗ്രാം അഡ്വൈസറി സെൽ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ.സാഹ്നി സാറിന്റെ നേതൃത്വത്തിൽ പ്രോഗ്രാം ഓഫീസർമാരുടെ യോഗം ചേർന്നു.പിറ്റേ ദിവസത്തെ എൻ.എസ്.എസ് സുവിചാറും യൂത്ത് കൺ‌വെൻഷനും ആയിരുന്നു ചർച്ചാ വിഷയം.സുവിചാറിലും (അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല) യൂത്ത് കൺ‌വെൻഷനിലും പങ്കെടുക്കുന്നവരെക്കുറിച്ചും അതിന്റെ സമയക്രമത്തെക്കുറിച്ചും അവസാനനിമിഷത്തിലാണ് തീരുമാനങ്ങൾ എടുത്തതെന്ന് അ ചർച്ചയിൽ നിന്നും വ്യക്തമായി.അതിനാൽ തന്നെ അതിന്റെ ഗതി വിഗതികളും ധാരണയായി.യൂത്ത് ഫെസ്റ്റിവൽ വേദിയിൽ നിന്നും 3 കിലോമീറ്റർ അകലെ ലുധിയാന സിറ്റിക്കകത്ത് ഖത്സ വിമൻസ് കോളേജിലായിരുന്നു യൂത്ത് കൺ‌വെൻഷൻ.





നാഷണൽ യൂത്ത്പ്രൊജക്ട് ഡയരക്ടർ ഡോ.എസ്.എൻ.സുബ്ബറാവു അവർകളുടേതായിരുന്നു യൂത്ത് കൺ‌വെൻഷനിലെ ആദ്യത്തെ സെഷൻ.ലുധിയാനയിലെ കൊടുംതണുപ്പിൽ ട്രൌസർ ധരിച്ച് സ്റ്റേജിലിരുന്ന ആ വൃദ്ധൻ ഞങ്ങൾക്ക് കൌതുകമായി. നേരത്തെ എത്തി ഏറെ നേരം സ്റ്റേജിൽ കാത്തിരുന്നിട്ടും ഉത്ഘാടകൻ എത്താത്തതിനാൽ പരിപാടി അവതരിപ്പിക്കാതെ അദ്ദേഹം ക്ഷുഭിതനായി സ്റ്റേജിൽ നിന്നിറങ്ങിയത് സംഘാടകരിൽ അല്പം അങ്കലാപ്പ് സൃഷ്ടിച്ചു.സ്ഥാനത്തും അസ്ഥാനത്തും ഹിന്ദി ‘ശായരി’ അവതരിപ്പിച്ച് കയ്യടി ചോദിച്ചു വാങ്ങിയ അവതാരകനായ ‘കുഞ്ഞാപ്പു’സിങ്ങും ഏറെ സമയം അപഹരിച്ചു.പ്രാസംഗികരുടെ നീണ്ട നിരയിൽ ഇംഗ്ലീഷിൽ സംസാരിച്ചത് നെഹ്രു യുവക് കേന്ദ്ര ഡയർക്ടർ ജനറൽ കർണ്ണാടകക്കാരനായ ഡോ.സലീം അഹമ്മെദ് മാത്രമാണ്.ദക്ഷിണേന്ത്യൻ വളണ്ടിയർമാർക്ക് മനസ്സിലായ ഏക പ്രഭാഷണവും അത് തന്നെയായിരിക്കും.



ഉത്ഘാടന ശേഷവും തുടർന്ന സുബ്ബറാവു സാറിന്റെ സെഷൻ ഇംഗ്ലീഷിൽ ആയിരുന്നു.കുട്ടികളെ വിവിധ രീതിയിലൂടെ കയ്യിലെടുത്ത് തന്റെ സെഷൻ അദ്ദേഹം ഭംഗിയാക്കി.”ദേശ് കി ദൌലത്ത് നൌ ജവാൻ “ (രാജ്യത്തിന്റെ അഭിമാനം – യുവജനത) എന്ന സുബ്ബറാവു സാറിന്റെ മുദ്രാവാക്യവും ഗാനവും എല്ലാം വളണ്ടിയർമാർ ഏറ്റുചൊല്ലി.തുടർന്ന് യുവത്വത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട ഡോ.നന്ദിതേഷ് നീലേനിന്റെ പ്രഭാഷണവും ഹൃദ്യമായി.കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം നൽകിയ കൃത്യവും മൂർച്ചയുള്ളതുമായ മറുപടികൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.അദ്ദേഹവും സദസ്സിനെ മനസ്സിലാക്കി ഇംഗ്ലീഷിൽ ആയിരുന്നു സംസാരിച്ചത്.”യുവത്വം – ലഹരിമരുന്നിനെതിരെ” എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ഇത്തവണത്തെ നാഷണൽ യൂത്ത് ഫെസ്റ്റിവലിലെ യൂത്ത് കൺ‌വെൻഷനിന്റെ മൂന്നാം സെഷനിലായിരുന്നു ഈ വിഷയം അവതരിപ്പിക്കപ്പെട്ടത്.എസ്.പി.വൈ.എം ഡയരക്ടർ ഡോ.രാജേഷ്കുമാർ അവതരിപ്പിച്ച ആ സെഷനിൽ നിന്ന് എനിക്ക് ഒന്നും പുതുതായി ലഭിച്ചില്ല !!!

15-ആം തീയതി നടന്ന സുവിചാറിൽ ജലന്ധർ പോലീസ് ഡി.ഏ.വി പബ്ലി‌ൿസ്കൂൾ പ്രിൻസിപ്പാൾ ഡോ.രശ്മി വിജ് കൈകാര്യം ചെയ്ത ‘വിരിയാനായി ജനിച്ചവർ’ എന്ന സെഷനും ഏറെ ഗുണകരമായില്ല.Stress Management ന്റെ വിവിധ രീതികൾ ആയിരുന്നു പ്രധാനപ്രതിപാദ്യ വിഷയം.‘സാമൂഹ്യ ഉത്തരവാദിത്വങ്ങൾ - ഏറ്റവും വലിയ വെല്ലുവിളികൾ’ എന്ന രണ്ടാം സെഷനും ‘ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന മൂന്നാം സെഷനും കൈകാര്യം ചെയ്തത് മുൻ ഉത്തർപ്രദേശ് ഡി.ജി.പി ആയ ശ്രീ.ഷൈലജ കാന്ത് മിശ്ര ആയിരുന്നു.വീണ്ടും മുഴുസമയ ഹിന്ദി പ്രസംഗം ബോറടിപ്പിച്ചെങ്കിലും സ്ലൈഡ് പ്രെസെന്റേഷൻ ആശ്വാസമേകി.

ശേഷം ഡോ.സുബ്ബറാ‍വുവിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘ഭാരത് കി സന്താൻ ‘ എന്ന സംഗീത നൃത്ത ശില്പം ഹൃദ്യമായി.1652 മാതൃഭാഷകൾ ഉള്ള ഭാരതത്തിന്റെ ഭരണഘടന അംഗീകരിച്ച 18 ഭാഷകളിലുള്ള വിവിധ പാട്ടുകൾ ഡോ.സുബ്ബറാ‍വു പാടിയപ്പോൾ അതാത് സംസ്ഥാനങ്ങളുടെ പാരമ്പര്യ വേഷമണിഞ്ഞ് ഓരോ വളന്റിയർമാർ ചുവടുവച്ചപ്പോൾ അതൊരു നവ്യാനുഭവമായി.തുടർന്ന് വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങേറി.






രാത്രി എട്ടു മണിയോടെ സുവിചാറും യൂത്ത്ഫെസ്റ്റിവലിലെ ഞങ്ങളുടെ പങ്കാളിത്തവും അവസാനിച്ചു.പുറത്തിറങ്ങിയപ്പോൾ റോഡിൽ സൌത്ത് ഇന്ത്യൻ ദോശ വിൽക്കുന്ന തട്ടുകടക്കാരൻ റെഡിയായി നിൽക്കുന്നു.ചൂടുള്ള ദോശയും സാമ്പാറും ചമ്മന്തിയും എല്ലാവരും നന്നായി തട്ടി – ബില്ല് വെറും 440 രൂപ !

(തുടരും....)

3 comments:

Areekkodan | അരീക്കോടന്‍ said...

കൂട്ടത്തിൽ നാഗാലാന്റുകാരുടെ പാരമ്പര്യ വേഷം തീർത്തും കൌതുകമായി-മുൻ‌ഗുഹ്യഭാഗം മാത്രം മറച്ചു വച്ചു കൊണ്ട് പൂർണ്ണ നഗ്നരായി ആ തണുപ്പിൽ അവർ അണിനിരന്നത് തന്നെ അത്ഭുതമുളവാക്കി.

ajith said...

വായിച്ചു. വിവരണം തുടരുക, ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

വായനക്ക് നന്ദി - രണ്ട് കാരണവന്മാര്‍ക്കും

Post a Comment

നന്ദി....വീണ്ടും വരിക