Pages

Wednesday, June 18, 2014

ഒരു അവിസ്മരണീയ വ്യാഴാഴ്ച

ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ അവിസ്മരണീയമായിരിക്കും. മറ്റു ചില മുഹൂർത്തങ്ങൾ അവിശ്വസനീയമായിരിക്കും. ചില മുഹൂർത്തങ്ങൾ ആഹ്ലാദകരവും ആയിരിക്കും (ദു:ഖകരവും ഉണ്ടായിരിക്കും). ആദ്യം പറഞ്ഞ മൂന്നും ഉൾക്കൊണ്ട ഒരു ദിവസമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച .എനിക്ക് ഏറെ അഭിമാനവും ഒപ്പം വളരെയേറെ സന്തോഷവും തോന്നിയ ചില നിമിഷങ്ങളിലൂടെ അന്ന് ഞാൻ കടന്നു പോയി.

അരീക്കോട് സുല്ലമുസ്സലാം ബി.എഡ് കോളേജിന്റെ വാർഷിക ത്രിദിന സഹവാസ ക്യാമ്പ് ഉത്ഘാടനമായിരുന്നു അതിൽ ഒന്നാമത്തേത്. ഞാൻ ബി.എഡ് ന് പഠിക്കുമ്പോൾ  എന്റെ അദ്ധ്യാപകനായിരുന്ന ഡോ. മുഹമ്മദ് പൂഴിക്കുത്ത് സാർ ആയിരുന്നു കോളേജ് പ്രിൻസിപ്പാൾ. നാഷണൽ സർവീസ് സ്കീമിലൂടെ ഉയർന്നു വന്നു എന്ന ഒറ്റ യോഗ്യത മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ . എന്നിട്ടും എന്റെ സാർ എന്നെ, സാർ എന്ന് വിളിച്ചപ്പോൾ എനിക്ക് തോന്നിയ വികാരം എന്ത് എന്ന് വാക്കിലൂടെ പ്രകടിപ്പിക്കാൻ അറിയില്ല.

ക്യാമ്പിന്റെ ഉത്ഘാടകനായിട്ടായിരുന്നു എന്റെ വേഷം.ഉത്ഘാടന സമ്മേളനം നടക്കുന്നതിനിടെ വാതിലിൽ പ്രത്യക്ഷപ്പെട്ട തല എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പായിച്ചു. മുഹമ്മെദ് സാർ എന്നെ പഠിപ്പിക്കുന്ന അതേ കാലത്ത് മലപ്പുറം ബി.എഡ് സെന്ററിന്റെ ഡയരക്ടർ ആയിരുന്ന നമ്പ്യാർ സാർ ആയിരുന്നു വാതില്പുറത്ത്! അതേ , കേരളത്തിലെ അതി പ്രഗൽഭനായ സൈക്കോളജി അദ്ധ്യാപകൻ ഡോ.സി.കെ ബാലകൃഷ്ണൻ നമ്പ്യാർ !!പൊട്ടിത്തെറിച്ച് നടന്നിരുന്ന എന്റെ ബി.എഡ് കാലഘട്ടത്തിലെ എന്റെ പ്രിൻസിപ്പാൾ. ആദരവോടെ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്ത് എന്റെ വലതുഭാഗത്ത് തന്നെ ഇരുത്തിയപ്പോൾ എനിക്കത് ഒരു ചരിത്ര മുഹൂർത്തമായി തോന്നി.പ്രഗൽഭരായ എന്റെ രണ്ട് അദ്ധ്യാപകർ ഇരിക്കുന്ന വേദിയിൽ ഉത്ഘാടകനായി ഇരുന്നത് ഇരുപത് വർഷം മുമ്പ്  അതേ അദ്ധ്യാപകരെ വട്ടം കറക്കിയ ഈ ‘പാവം’ ഞാൻ !! എന്റെ ഉത്ഘാടന പ്രസംഗത്തിൽ ആ കാലഘട്ടത്തെ അനുസ്മരിച്ചുകൊണ്ട് ഒരു ചെറിയ കുമ്പസാരം കൂടി നടത്തി ഞാൻ അദ്ധ്യാപകരുടെ മുന്നിൽ സ്വയം കുറ്റവിമുക്തനായി. .

രണ്ടാമത്തെ സന്തോഷം ഒരിക്കലും കിട്ടില്ല എന്ന് കരുതിയ ഒരു അപൂർവ്വ ഫോട്ടോ കിട്ടിയതായിരുന്നു. എൻ.എസ്.എസ് ദേശീയ അവാർഡ് സ്വീകരിച്ച ശേഷം എല്ലാ അവാർഡ് ജേതാക്കളും രാഷ്ട്രപതി ശ്രീ.പ്രണബ്മുഖർജിക്കും കേന്ദ്രമന്ത്രി ശ്രീ ജിതേന്ദ്രസിങിനും ഒപ്പം രാഷ്ട്രപതി ഭവനുള്ളിൽ വച്ച് എടുത്ത ഗ്രൂപ് ഫോട്ടോ ആയിരുന്നു അത്.ഫോട്ടോയുടെ പ്രിന്റ് അന്ന് വൈകുന്നേരം തന്നെ ചിലർ ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റലിൽ എത്തിച്ചിരുന്നു.വില ഒരു കോപ്പിക്ക് വെറും ആയിരം രൂപ മാത്രം!!എല്ലാ ഫോട്ടോയും സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാം എന്ന വാക്കിൽ വിശ്വസിച്ചും ഇത്രയും കാശ് മുടക്കി വാങ്ങാൻ മാത്രം അതിന് മൂല്യമില്ല എന്ന തിരിച്ചറിവും എന്നെ അത് വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു.കേരളത്തിൽ നിന്നടക്കമുള്ള പലരും ആയിരം കൊടുത്ത് അത് വാങ്ങി എന്നത് എന്നെ അത്ഭുതപ്പെടുത്തി.

ഏതായാലും അന്ന് വാങ്ങാതിരുന്ന ആ ഫോട്ടോ പിന്നീട് എനിക്ക് കിട്ടാകനിയായി.സൈറ്റിൽ അവാർഡ് ചടങ്ങിന്റെ ഫോട്ടോകളും ഒരു ഗ്രൂപ് ഫോട്ടോയും ഉണ്ടായിരുന്നു. ആ ഗ്രൂപ് ഫോട്ടോ രാഷ്ട്രപതി വളണ്ടിയർമാരുടെ കൂടെ ഇരിക്കുന്നതും.കൃത്യം രണ്ട് മാസം കഴിഞ്ഞ് ലുധിയാനയിൽ നിന്ന് നാഷണൽ യൂത്ത് ഫെസ്റ്റിവൽ കഴിഞ്ഞ് മടങ്ങുമ്പോൾ അപ്രതീക്ഷിതമായി പരിചയപ്പെട്ട രാജസ്ഥാൻ‌കാരനായ  കൃഷ്ണകാന്ത് ദാരിയ എന്ന മുൻ എൻ എസ് എസ് വളണ്ടിയർ തന്റെ ഉന്നത ബന്ധത്തിന്റെ ആഴം അറിയിക്കാൻ വേണ്ടി ഈ ഫോട്ടോകളുടെ ശേഖരവും തന്റെ കയ്യിൽ ഉണ്ട് എന്ന് തട്ടിവിട്ടപ്പോൾ ആ പിടിവള്ളിയിൽ ഞാൻ കയറിപ്പിടിച്ചു. പിന്നീട് ഫേസ്ബുക്കിൽ ഓരോ ഫോട്ടോ അയാൾ അപ്‌ലോഡ് ചെയ്യുമ്പോഴും ‘എന്റെ ഫോട്ടോ എവിടെ?’ എന്ന കമന്റുമായി ഞാൻ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അതിനുള്ള മറുപടി പലതരത്തിലുള്ള എസ്ക്യൂസുകൾ ആയിരുന്നു.അവസാനം അത് കിട്ടില്ല എന്ന് ഏകദേശം ഉറപ്പായതോടെ , ഫോട്ടോ വാങ്ങിയ കേരളത്തിൽ നിന്നുള്ളവരുടെ പക്കൽ നിന്നും മെയിൽ വഴി വാങ്ങാം എന്ന് കരുതി വിളിക്കാനായി അവരുടെ ഫോൺ നമ്പറും ഒപ്പിച്ച് നിൽക്കുമ്പോഴാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച കൃഷ്ണകാന്ത് ദാരിയ ഫേസ്ബുക്കിൽ ഒരു ഫോട്ടോ ഇട്ടത്. ഉടൻ അതിൽ കയറിപ്പിടിച്ച് ഞാൻ ഒരു കമന്റ് കൊടുത്തു.നിൽക്കക്കള്ളിയില്ലാതെ ആ ഫോട്ടോയും അദ്ദേഹം എവിടെ നിന്നോ സംഘടിപ്പിച്ച് ചാറ്റിലൂടെ എനിക്ക് കൈമാറി.


മൂന്നാമത്തെ സന്തോഷം എന്റെ കുടുംബത്തിലും സന്തോഷം വിരിയിച്ച ഒരു സംഗതി ആയിരുന്നു.കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ അഞ്ചു വർഷം പൂർത്തിയാക്കിയ ഞാൻ സ്ഥലം മാറ്റത്തിന്റെ ഭീഷണിയിൽ ആയിരുന്നു.കരട് പട്ടികയിൽ വയനാട്ടിലേക്ക് മാറ്റം കിട്ടിയതായി പേര് വരികയും ചെയ്തിരുന്നു.പക്ഷേ എല്ലാം അസ്ഥാനത്താക്കി ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം, സ്ഥലം മാറ്റത്തിന്റെ ഒറിജിനൽ പട്ടിക പുറത്തിറങ്ങി.ഒരു വർഷം കൂടി ജി.ഇ.സി യെ സേവിക്കാൻ അവസരം തന്നുകൊണ്ട് എന്റെ പേര് അതിൽ നിന്നും ഒഴിവാക്കി.വയനാട് ഞാൻ ഒറ്റക്ക് താമസിക്കുന്നതിന്റെ ദു:സ്വപ്നം കണ്ടിരുന്ന എന്റെയും കുടുംബത്തിന്റേയും ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി.അങ്ങനെ ഈ വർഷവും ആ ഭീഷണിയിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടു.

ഇങ്ങനെ എല്ലാം കൊണ്ടും ഇക്കഴിഞ്ഞ വ്യാഴാഴ്ച എന്റെ ജീവിതത്തിൽ അവിസ്മരണീയമായി.

3 comments:

Areekkodan | അരീക്കോടന്‍ said...

ഇങ്ങനെ എല്ലാം കൊണ്ടും ഇക്കഴിഞ്ഞ വ്യാഴാഴ്ച എന്റെ ജീവിതത്തിൽ അവിസ്മരണീയമായി.

സമാന്തരന്‍ said...

സന്തോഷം കൊണ്ട്.....

അഭിനന്ദനങ്ങൾ

അക്ഷരപകര്‍ച്ചകള്‍. said...

ഒറ്റപ്പെടലിന്റെ ദു: സ്വപ്നത്തിൽ നിന്നും മോചനം കിട്ടിയ സന്തോഷത്തിൽ പങ്കു കൊള്ളുന്നു. ആശംസകൾ

Post a Comment

നന്ദി....വീണ്ടും വരിക