വേനലവധി തുടങ്ങുന്നതോടെ മനസ്സിലേക്ക് ഓടി എത്തുന്ന ഒരു സംഭവമാണ് തേങ്ങ വെട്ട്. ഉമ്മയും ഉപ്പയും അദ്ധ്യാപകന്മാരായിരുന്നതിനാല്‍ തേങ്ങ വെട്ടാനും കൊപ്രയാക്കാനും ആട്ടാനും എല്ലാം സമയം കിട്ടുന്നത് വേനലവധിയിലായിരുന്നതു കൊണ്ടാണ് ഈ വാര്‍ഷിക പരിപാടി എല്ലാ വര്‍ഷവും ഏപ്രില്‍ -മെയ് മാസങ്ങളില്‍ നടന്നിരുന്നത് എന്ന് മുതിര്‍ന്നപ്പോള്‍ മനസ്സിലായി. പിന്നെ തേങ്ങക്ക് വെയിലില്‍ കാവല്‍ നില്‍ക്കാന്‍ ഞങ്ങളെ കിട്ടുന്നതും അവധിക്കാലത്തായിരിക്കുമല്ലോ.
അക്കാലത്ത് ഒരു വര്‍ഷത്തെ തേങ്ങ വെട്ടിയാല്‍ അയല്‍വാസി അലവി കാക്കയുടെ മുറ്റം പകുതി വരെ ഇടാന്‍ മാത്രം ഉണ്ടാകും. അറുനൂറോ എഴുനൂറോ ഒക്കെ തേങ്ങ ആയിരിക്കും ഉണ്ടാകുക. അത് മുഴുവന്‍ പൊളിക്കാന്‍ ഉമ്മയുടെ ബന്ധുവായ ഉസ്മാന്‍ കാക്കയെ ഏല്പിക്കും. കുത്തി നാട്ടിയ കമ്പിപ്പാരയില്‍ തേങ്ങ എടുത്ത് കുത്തി രണ്ട് വലി വലിക്കുന്നതോടെ ചകിരി വേറെയും തേങ്ങ വേറെയും ആകുന്ന കാഴ്ച കണ്ട് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഉസ്മാന്‍ കാക്കയുടെ അടുത്തേക്ക് തേങ്ങ എത്തിക്കുന്ന അപ്രന്റീസ് പണിയും എടുത്തിരുന്നു.
തേങ്ങ പൊളിച്ചു കഴിഞ്ഞാല്‍ പിന്നെ അതു വെട്ടാന്‍ ഏല്‍പ്പിക്കുന്നത് ഗോപാലേട്ടനെയാണ്.ഉള്ളം കയ്യില്‍ തേങ്ങ വച്ച് കത്തി കൊണ്ട് ഒറ്റ വെട്ടിന് അത് രണ്ട് മുറിയായി, താഴെ വച്ചിരിക്കുന്ന ബക്കറ്റിലേക്ക് വെള്ളം വീഴുന്നത് കാണുമ്പോള്‍ സമാധാനമാകുമെങ്കിലും ഉള്ളിലൂടെ ഒരാന്തല്‍ കടന്നു പോകും. ആ വെട്ട് തേങ്ങയും കഴിഞ്ഞ് താഴേക്ക് വന്നാല്‍ ??? തേങ്ങ വെട്ടുമ്പോള്‍ കുട്ടികള്‍ നിറയെ ചുറ്റും കൂടും. വെട്ടുമ്പോള്‍ ചിതറുന്ന ചിന്ന കഷ്ണങ്ങള്‍ തിന്നാനും തേങ്ങാവെള്ളം കുടിക്കാനും ആണ് അത്. അപൂര്‍വ്വമായി തേങ്ങക്കകത്ത് നിന്ന് ‘പൊങ്ങ്’ എന്ന പഞ്ഞി പോലെ ഒരു സാധനവും കിട്ടും. നല്ല ടേസ്റ്റ് ആണ്. മുളച്ച് വരുന്ന തേങ്ങക്കകത്താണ് ഇത് കാണുന്നത് എന്ന് വളരെ മുതിര്‍ന്നപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്.തേങ്ങ വെട്ടുമ്പോള്‍ തന്നെ ബാപ്പയോ ഉമ്മയോ തേങ്ങയെപ്പറ്റി ഒന്ന് പരിചയപ്പെടുത്തി തരും. ചില തേങ്ങകള്‍ നിറയെ വെള്ളമുള്ളതും വലുതും ആയിരിക്കും. ‘കുംഭത്തുടയന്‍’ (കുംഭക്കുടം) എന്നാണ് അതിനെ വിളിക്കുന്നത്. അത് കുംഭത്തില്‍ ഉണ്ടായ തേങ്ങയാണ്. മറ്റു ചിലവ വളരെ ചെറുതായിരിക്കും. അതിനെ ‘കന്ന്യാറ്റിക്കുറി’ (കര്‍ക്കിടകക്കൂരി) എന്നാണ് പറയുന്നത്. അത് കന്നി മാസത്തില്‍ ഉണ്ടായതായതിനാല്‍ വെള്ളം അധികം ലഭിക്കാത്തത് കാരണമാണ് അങ്ങനെയായത്. പക്ഷെ അതിനകത്തെ വെള്ളം നല്ല മധുരമുള്ളതായിരിക്കും. ചൂടുകുരു വല്ലാതെ പൊങ്ങിയവര്‍ തേങ്ങ വെള്ളം കൊണ്ട് കുളിച്ചാല്‍ അത് കരിയും എന്നും പറഞ്ഞ് കേട്ടിരുന്നു.
കുംഭത്തുടയന്‍ (കുംഭക്കുടം)
വെട്ടിയ തേങ്ങ ആദ്യ ദിവസം മലര്‍ത്തി ചിക്കണം. എരി വെയിലില്‍ ഇത്രയും തേങ്ങ ചിക്കുക എന്ന് പറഞ്ഞാല്‍ നല്ല പണി തന്നെയാണ്. അത് മിക്കവാറും ഗോപാലേട്ടനും ബാപ്പയും കൂടി നിര്‍വ്വഹിക്കും. വെട്ടിയ തേങ്ങ കാക്കക്കും പൂച്ചക്കും നായക്കും എല്ലാം കടിച്ചു കൊണ്ടു പോകാന്‍ എളുപ്പമാണ്. അതിനാല്‍ തേങ്ങക്ക് സദാ സമയവും കാവല്‍ വേണം. ഇന്നത്തെപ്പോലെ വല ഇടാന്‍, അത്രയും വലുപ്പമുള്ള വല കിട്ടാനില്ലായിരുന്നു.കാവല്‍ നില്‍ക്കുന്ന പണി ഒരു ഇന്‍സെന്റീവോടു കൂടിയാണ് ഉമ്മ ഏല്‍പ്പിക്കുന്നത്. വീട്ടിലും പരിസരത്തും ഉണ്ടാകുന്ന കണ്ണിമാങ്ങയും ഇരുമ്പന്‍ പുളിയും നെല്ലിക്കയും നാരങ്ങയും ഒക്കെ ഉമ്മ ഉപ്പിലിട്ട് വയ്ക്കും. അത് മുഴുവന്‍ തിന്ന് തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റാത്തതിനാല്‍, തേങ്ങ വെട്ടുന്ന സമയത്ത് നല്ല അച്ചാറാക്കി തരും. ഈ അച്ചാര്‍ തിന്നാന്‍ കൂട്ട് കൂടുന്ന മൂത്തുമ്മയുടെയും അമ്മായിയുടെയും മക്കളെ തേങ്ങാ കാവലിന് കൂടി കൂട്ടും . അങ്ങനെ അച്ചാറും കാലി , തേങ്ങ നോക്കലും ശുഭം - ഒരു തരം ടോം സ്വയര്‍ ട്രിക്ക്!!
അച്ചാര്‍ സൂക്ഷിച്ച് വയ്ക്കാനും കാവല്‍ നില്‍ക്കാനും ചെറിയ പുരകള്‍ ഉണ്ടാക്കും. ‘കുറ്റിപ്പുര’ എന്നാണ് അതിനെ വിളിക്കുന്നത്.
‘കുറ്റിപ്പുര പുരാണം’ അടുത്ത പോസ്റ്റില്‍.
അങ്ങനെ അച്ചാറും കാലി , തേങ്ങ നോക്കലും ശുഭം - ഒരു തരം ടോം സ്വയര്‍ ട്രിക്ക്!!
ReplyDeleteതേങ്ങാവെള്ളം പോലെ ശുദ്ധമധുരമായ ഒരു പോസ്റ്റ്.ഏതാനും ദിവസം മുമ്പ് തേങ്ങ വെട്ടിയുണക്കിയപ്പോൾ ഇതിലെ പല കാര്യങ്ങളും ഓർമ്മിച്ചയവിറക്കുകയും ചെയ്തു..ചെറുപ്പത്തിൽ ഒരുപാട് തേങ്ങ വെട്ടേണ്ടി വന്നിട്ടുണ്ട്. അന്നും ഇന്നും തേങ്ങാ വെട്ടിക്കഴിഞ്ഞ ശേഷം പലപ്പോഴും ഓർക്കുന്ന കാര്യം തന്നെയാണ്,കൈ മുറിയാതെ
ReplyDeleteഎങ്ങിനെ തേങ്ങാ വെട്ടിത്തീർത്തു എന്ന്! ബാല്യ കൗതുകങ്ങൾ ആർക്കും അത്രപെട്ടെന്നൊന്നും മാഞ്ഞുപോവില്ലയല്ലേ?
മുഹമ്മദ്ക്കക്ക... ഞാനും രണ്ട് റിവസം മുമ്പ് പൊളിക്കലും വെട്ടലും നടത്തി. തേങ്ങ കുറവായതിനാൽ ഇപ്പോൾ എല്ലാം അപ്ന അപ്ന ആണ്.
ReplyDeleteതേങ്ങ വെട്ടിയുണക്കൽ, പുളി കുത്തൽ എന്തെല്ലാം "വെറൈറ്റി"കളായിരുന്നു!
ReplyDeleteപുളി കുത്തൽ എന്താണെന്ന് ഒരു പിടി കിട്ടനില്ല മുബീ
ReplyDeleteആദ്യം വിചാരിച്ചത് 'കുറ്റിപ്പുറം' ചരിതമായിരിക്കും എന്നാണ് ...
ReplyDeleteബിലാത്തി ജി ... അതെന്താ ചരിത്രം?
ReplyDelete