എന്റെ സഹപാഠികളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു അബു.പ്രായം കൊണ്ട് എന്നെക്കാൾ സീനിയറായ അബു രണ്ടോ മൂന്നോ കൊല്ലം തോറ്റിട്ടാണ് എന്റെ സഹപാഠിയായത്.അബുവിനെപ്പോലെ വേറെ ചിലരും ഇങ്ങനെ തോറ്റ് തോറ്റ് ഇരിക്കുന്നവരുണ്ടായിരുന്നു.പക്ഷേ അബു എന്റെ പ്രിയപ്പെട്ടവനാകാൻ കാരണം അവൻ എന്നെ പഠിപ്പിച്ച ചില സൂത്രങ്ങളായിരുന്നു.അവയിലൊന്നിന്റെ പരീക്ഷണം അബുവുമായുള്ള എന്റെ കൂട്ടുകെട്ട് എന്നന്നേക്കുമായി അവസാനിപ്പിക്കാനും കാരണമായി.
അക്കാലത്ത് സ്‌കൂളിൽ ഇന്നത്തെപ്പോലെ ഉച്ചഭക്ഷണം ഉണ്ടായിരുന്നില്ല. പക്ഷേ, അമേരിക്കയിൽ നിന്ന് വരുന്നത് എന്ന് പരക്കെ പറഞ്ഞ് നടന്നിരുന്ന ഗോതമ്പ് കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് എല്ലാ കുട്ടികൾക്കും നൽകിയിരുന്നു. ഉച്ചസമയത്ത്, പ്രസ്തുത ഉപ്പ്മാവ് നെയ്യിട്ട് തൂമിക്കുന്ന ഗന്ധം ഉപ്പ്മാവ്പുരയിൽ നിന്നും ഉയരും. അത് മൂക്കിലടിക്കുമ്പോഴേക്കും വായിൽ വെള്ളമൂറാൻ തുടങ്ങും.പിന്നെ, ഉപ്പ്മാവിനുള്ള വരിയിൽ മുന്നിലെത്താൻ തിക്കിത്തിരക്കും. എല്ലാവരുടെ കയ്യിലും ഉപ്പ്മാവ് വാങ്ങാൻ പാത്രം ഉണ്ടാകില്ല.ചിലരൊക്കെ മറ്റുള്ളവരുടെ പാത്രത്തിന്റെ അടപ്പ് കടം വാങ്ങി അതിലാണ് ഉപ്പുമാവ് വാങ്ങുക. അതും കിട്ടാത്തവർ ഉപ്പൂത്തിയുടെ ഇലകൾ പറിച്ച് ട്രൗസറിൽ നന്നായൊന്ന് തുടച്ച് അതിലാണ് ഉപ്പുമാവ് വാങ്ങിയിരുന്നത്.
ഉപ്പുമാവിന്റെ ഗോതമ്പ് സ്‌കൂളിൽ വരുന്നത് ആഴ്ചയിൽ ഒരിക്കലാണ്.ഫാർഗോ എന്ന കമ്പനിയുടെ ലോറിയിൽ എല്ലാ ശനിയാഴ്ചകളിലും ആയിരുന്നു ഗോതമ്പ് എത്തിയിരുന്നത്.ഉച്ചക്ക് ശേഷം എത്തുന്ന ലോറിയുടെ ഇരമ്പൽ ശബ്ദം വളരെ ദൂരെ നിന്നേ കാതിലെത്തുമായിരുന്നു.ഒരാഴ്ചത്തെ ഉപ്പ്മാവിനുള്ള ഗോതമ്പ് ഇറക്കിയ ശേഷം ആ ലോറി മറ്റേതോ സ്‌കൂളിലേക്ക് നീങ്ങും.
അന്നത്തെ കാലത്ത് ഗോതമ്പ് സൂക്ഷിക്കാൻ, സ്‌കൂളിൽ പ്രത്യേകിച്ച് ഒരു മുറി ഉണ്ടായിരുന്നില്ല.ഉപ്പുമാവ് തയ്യാറാക്കുന്ന പുരയുടെ തൊട്ടടുത്തുള്ള ക്ലാസ്സിൽ അട്ടിയിടുക എന്നതായിരുന്നു പതിവ്.ആ ക്ലാസ്സിൽ പിന്നീട് അധികം സ്ഥലം ബാക്കിയുണ്ടാകില്ല.അതിനാൽ സെക്കൻഡ് ലാംഗ്വേജ് ആയി പഠിക്കുന്നതും കുട്ടികൾ കുറവായതുമായ അറബി , ഉറുദു, സംസ്കൃതം തുടങ്ങിയ ക്‌ളാസ്സുകൾ നടത്താനായിരുന്നു ആ മുറി ഉപയോഗിച്ചിരുന്നത്.അത്തരം ഒരു ക്ലാസ്സിൽ വച്ചാണ് ഒരു അതിവിദഗ്ദ്ധ മോഷണത്തിന്റെ രീതി അബു എനിക്ക് കാണിച്ച് തന്നത്.
അബുവും ഞാനും സെക്കൻഡ് ലാംഗ്വേജ് ആയി എടുത്തത് അറബി ഭാഷ ആയിരുന്നു. ഉപ്പ്മാവ് തയ്യാറാക്കാനുള്ള ഗോതമ്പ് ചാക്കുകൾ അട്ടിയിട്ട ക്ളാസിലായിരുന്നു ഞങ്ങൾക്ക് അറബി പിരിയേഡിൽ ഇരിക്കേണ്ടിയിരുന്നത്. ഏറ്റവും പിന്നിലെ ബെഞ്ചിൽ ചാക്ക് അട്ടിയിട്ടതിന്റെ തൊട്ടടുത്താണ് അബു സ്ഥിരം ഇരിക്കാറുള്ളത്. അറബിയുടെ ക്‌ളാസിൽ കയറുമ്പോഴെല്ലാം അവന്റെ കയ്യിൽ ഒരു വടിക്കഷ്ണവും ഉണ്ടാകും.
"എന്തിനാ നീ ഈ വടിക്കഷ്ണം കൊണ്ട് നടക്കുന്നത്?" ജിജ്ഞാസ കൂടിയ ഒരു ദിവസം ഞാനവനോട് ചോദിച്ചു.
"അത് ... ഇന്ന് നീ അറബി ക്ലാസ്സിൽ എന്റെ അടുത്തിരുന്നാൽ കാണിച്ച് തരാം..."
"എന്ത്?"
"സൈക്കിൾ വാടകയ്ക്ക് എടുക്കാനുള്ള കാശ് ഉണ്ടാക്കാനുള്ള വഴി..."
"ങേ!!"
ഞാൻ ഞെട്ടി.വടി കൊണ്ട് കാശ് ഉണ്ടാക്കുന്ന വഴി അറിയാനുള്ള ആകാംക്ഷ കാരണം ഞാൻ അറബി പിരിയേഡ് ആകാൻ അക്ഷമയോടെ കാത്തിരുന്നു.
ഇന്റർവെൽ കഴിഞ്ഞ് ബെല്ലടിച്ചതും ഞാനും അബുവും ഒരുമിച്ച് ഉപ്പ്മാവ് ചാക്ക് അട്ടിയിട്ട റൂമിൽ എത്തി, അവസാന ബെഞ്ചിൽ ഇരുന്നു. ഞാൻ അബുവിന്റെ മുഖത്തേക്ക് നോക്കി.അല്പനേരം കാത്തിരിക്കാൻ അവൻ ആംഗ്യം കാണിച്ചു.ബാക്കി കുട്ടികൾ കൂടി എത്തിയതോടെ ബെഞ്ചുകൾ എല്ലാം നിറഞ്ഞു.ടീച്ചർ ക്ലാസ്സിൽ എത്തുകയും ചെയ്തു.
പുസ്തകം തുറന്ന് ടീച്ചർ പഠിപ്പിക്കാൻ തുടങ്ങിയതോടെ അബു എന്നെ തോണ്ടി.കയ്യിൽ കരുതിയിരുന്ന വടിക്കഷ്ണം എടുത്ത് അബു ഗോതമ്പ് ചാക്കിന്റെ മൂലയിൽ ഒരു കുത്ത് കുത്തി.വടിക്കഷ്ണം ഉണ്ടാക്കിയ ചെറിയ ദ്വാരത്തിലൂടെ പുറത്തേക്ക് ചാടിയ ഗോതമ്പ് നുറുക്കുകൾ കയ്യിൽ ശേഖരിച്ച് അബു നേരെ വായിലേക്കിട്ടു.കുറച്ച് എനിക്കും തന്നു.വേവിക്കാത്ത ഗോതമ്പ് നുറുക്കിന്റെ രുചി അന്നാണ് ആദ്യമായി ഞാനറിഞ്ഞത്.
"ഇതേ വിദ്യ നിന്റെ വീട്ടിലെ കുരുമുളക് ചാക്കിൽ പ്രയോഗിച്ചാൽ നിനക്കാവശ്യമായ കാശ് ഉണ്ടാക്കാം..."
അബുവിന്റെ മോ(ഷ്)ട്ടിവേഷൻ ക്ലാസ് എനിക്ക് ഒരു പുതിയ അറിവ് പകർന്നു. അതൊന്ന് പരീക്ഷിച്ച് നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
(തുടരും....)
ആയിരത്തി എഴുന്നൂറാമത് പോസ്റ്റിലൂടെ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ പതിനെട്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി.
ReplyDelete