1992 ലാണ് ഞാൻ ആദ്യമായി ഡൽഹി കണ്ടത്.ഡിഗ്രി കഴിഞ്ഞ് പി.ജി പ്രവേശന പരീക്ഷ എഴുതാനായി അലിഗർ മുസ്ലിം സർവ്വകലാശാലയിൽ പോയപ്പോഴാണ് ഡൽഹിയും കൂടി സന്ദർശിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളി ഏത് എന്ന ചോദ്യത്തിന് ചൊല്ലിപ്പഠിച്ച ഉത്തരമായ ജുമാ മസ്ജിദ് ഡൽഹി സന്ദർശിക്കാൻ അന്നാണ് ആദ്യമായി അവസരം ലഭിച്ചത്. ആ സന്ദർശന സമയത്ത് തൊട്ടടുത്ത ചാന്ദ്‌നി ചൗക്കിലൂടെ നടക്കുമ്പോൾ ഒരു ഹിന്ദിവാല വന്ന് ഷർട്ടിന്റെ ഏറ്റവും മുകളിലെ ബട്ടൺ ഇടാത്തതിനെപ്പറ്റി ചോദ്യം ചെയ്തതും (മുസ്ലിം ആണെങ്കിൽ ആ ബട്ടൺ ഇടണമത്രേ!), ചുരുങ്ങിയ ചെലവിൽ ഏതോ ഒരു ലോഡ്ജിൽ താമസിച്ചതും, ഇന്ന് അൽഫാം എന്ന് വിളിക്കുന്ന ചുട്ട കോഴി കഴിച്ചതും ഒക്കെയാണ് എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നത്.
വർഷങ്ങൾക്ക് ശേഷം ചെറിയ അനിയന് എസ്.ബി.ഐ യിൽ ഏതോ പോസ്റ്റിലേക്ക് ഇന്റർവ്യൂവിനായി ലക്‌നോവിൽ കൊണ്ടു പോയപ്പോഴും ഞാൻ ഭാര്യയേയും മൂത്തമകളെയും കൂട്ടി ഡൽഹിയിൽ എത്തിയിരുന്നു.അന്നും ജുമാ മസ്‌ജിദിൽ കയറി നമസ്കാരം നിർവ്വഹിക്കാനും ചുട്ട കോഴി കഴിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഡൽഹിയിൽ കറങ്ങാൻ എത്തിയാൽ ജുമാമസ്ജിദിൽ കയറണം എന്നത് അന്ന് മുതൽ ഒരു ശീലമായി മാറി.
2013 ൽ എൻ.എസ്.എസ് ദേശീയ അവാർഡ് സ്വീകരിക്കാനായി കുടുംബ സമേതം ഡൽഹിയിൽ എത്തിയപ്പോഴും ജുമാ മസ്ജിദ് സന്ദർശിച്ചു.അന്ന് ഡൽഹി ആദ്യമായി കാണുന്ന എന്റെ ഉമ്മയും ഭാര്യയുടെ മാതാപിതാക്കളും കൂടെ ഉണ്ടായിരുന്നതിനാൽ വളരെയധികം സമയം തന്നെ ജുമാ മസ്ജിദിൽ ചെലവഴിച്ചു.
മുമ്പ് ജുമാ മസ്‌ജിദ് സന്ദർശിച്ച സമയത്തെല്ലാം ചെങ്കോട്ടയുടെ ഭാഗത്തുള്ള കവാടത്തിലൂടെയായിരുന്നു ഞങ്ങൾ പ്രവേശിച്ചിരുന്നത്.ഇത്തവണ ദീപ്‌സിംഗ് ഞങ്ങളെ മറ്റൊരു വഴിയേ ആണ് കൊണ്ടുപോയത്.സ്വതവേ ഇടുങ്ങിയ ഗല്ലികളാണ് ജുമാ മസ്‌ജിദിന് ചുറ്റുമുള്ളത്.അതിനേക്കാളും ഇടുങ്ങിയ വഴിയിലൂടെ വണ്ടി സഞ്ചരിച്ചപ്പോൾ മനസ്സിൽ ഒരു ഭയം അങ്കുരിച്ചു. പക്ഷെ,ജുമാ മസ്‌ജിദിന്റെ പിന്നിൽ തിരക്ക് ഒട്ടും ഇല്ലാത്ത,കവാടത്തിന് മുമ്പിലായിരുന്നു ഞങ്ങൾ എത്തിയത്.ഇഷ്ടമുള്ള അത്രയും സമയം അവിടെ ചെലവഴിച്ച് ഇറങ്ങുമ്പോൾ വിളിച്ചാൽ മതി എന്നും പറഞ്ഞ് ദീപ്‌സിംഗ് വണ്ടിയുമായി എങ്ങോട്ടോ പോയി.
ഒരു നമസ്കാര പള്ളിയായി, മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ രാജ്യ തലസ്ഥാനമായ ഷാജഹാനാബാദിൽ 1656 ൽ സ്ഥാപിച്ചതാണ് ഇന്ന് കാണുന്ന ജുമാ മസ്‌ജിദ്.ലോകത്തെ പ്രതിഫലിപ്പിക്കുന്നത് എന്നർത്ഥം വരുന്ന മസ്ജിദ്-ഇ-ജഹാൻ നുമാ എന്നാണ് പള്ളിയുടെ യഥാർത്ഥ പേര്. 25000 പേരെ ഒരേ സമയം പള്ളിയിൽ ഉൾക്കൊള്ളാൻ സാധിക്കും.
അസർ നമസ്കാരത്തിന്റെ സമയത്തോടടുപ്പിച്ചാണ് ഞങ്ങൾ പള്ളിയിൽ എത്തിയത്. ജാതി മത ലിംഗ വർണ്ണ ഭേദമന്യേ നിരവധി സന്ദർശകർ അപ്പോൾ പള്ളിയിൽ ഉണ്ടായിരുന്നു.പള്ളിയുടെ നടുമുറ്റത്ത് പതിച്ച കല്ലുകൾ വെയില് കാരണം ചുട്ട കല്ലുകളായി മാറിയിരുന്നു.നിലത്ത് കാല് വയ്ക്കാൻ പോലും പ്രയാസമായിരുന്നു.തറയുടെ ചൂട് കാരണം ലിദു മോനെ എടുത്തുകൊണ്ട് നടക്കേണ്ടി വന്നു.
ഇടത് ഭാഗത്തെ തണലുള്ള ഒരു സ്ഥലത്ത് ഞങ്ങൾ ചെന്നിരുന്നു.അൽപ സമയം കഴിഞ്ഞതും ശ്രവണ മധുരമായ ഈണത്തിൽ പള്ളിയിൽ നിന്നും ബാങ്ക് മുഴങ്ങി.കുത്തബ് മിനാറിലെ പള്ളിയിൽ വച്ച് ളുഹറും അസറും നമസ്കാരം നിർവ്വഹിച്ചിരുന്നതിനാൽ ഞങ്ങൾ അവിടെ തന്നെ ഇരുന്നു.പക്ഷെ അൽപ സമയത്തിനകം തന്നെ ചിലർ വന്ന് എല്ലാവരെയും ഒഴിപ്പിക്കാൻ തുടങ്ങി.നമസ്‌കാര സമയം ആയതുകൊണ്ടായിരുന്നു ആ ഒഴിപ്പിക്കൽ. പള്ളിയുടെ മുൻഭാഗത്തെ ഹൗളിൽ നിന്ന് വുളു എടുത്ത് ഞങ്ങളും രണ്ട് റകഅത്ത് തഹിയ്യത്ത് നമസ്കരിച്ചു.
ജുമാ മസ്‌ജിദ് എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 12 മണി വരെയും ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 6 മണി വരെയും തുറന്നിരിക്കും. പ്രവേശനത്തിന് ഒരു ഫീസും നൽകേണ്ടതില്ല.നമസ്കാര ശേഷം ഞങ്ങൾ പള്ളിയിൽ നിന്നും പുറത്തിറങ്ങി. ചാന്ദിനി ചൗക്കിലൂടെ നടക്കാൻ സമയം ഇല്ലാത്തതിനാൽ പുറത്തിറങ്ങിയ ഉടനെ ഞാൻ ദീപ് സിംഗിനെ വിളിച്ചു.നിമിഷങ്ങൾക്കകം അദ്ദേഹം എത്തി.സുരക്ഷിതമായി ഞങ്ങളെ താമസ സ്ഥലത്ത് തിരിച്ച് എത്തിച്ചു.
അന്ന് രാത്രി ജയ്‌പൂരിലേക്ക് യാത്ര തിരിക്കാനായിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്.ന്യൂ ഡൽഹിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെറായി റോഹില്ല സ്റ്റേഷനിൽ നിന്നായിരുന്നു ഞങ്ങളുടെ ട്രെയിൻ. ഭക്ഷണം കഴിച്ച് ദീപ്‌സിംഗിന്റെ ഈക്കോ വാനിൽ തന്നെ ഞങ്ങൾ സെറായി റോഹില്ല സ്റ്റേഷനിൽ എത്തി.ദീപ് സിംഗിന് നല്ലൊരു ടിപ്പ് നൽകി യാത്രയാക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പഞ്ചാബിൽ എപ്പോഴെങ്കിലും വരുന്നുണ്ടെങ്കിൽ സൗജന്യ താമസം തരാം എന്ന് വാഗ്‌ദാനം ചെയ്ത് ആ നല്ല പഞ്ചാബി ഇരുട്ടിൽ മറഞ്ഞു.ഞങ്ങൾ സ്റ്റേഷനകത്തേക്കും നീങ്ങി.
ആ നല്ല പഞ്ചാബി ഇരുട്ടിൽ മറഞ്ഞു
ReplyDelete