തിരിച്ചു കാറിലേക്ക് കയറാൻ ഭാവിക്കുമ്പോൾ എസ്റ്റേറ്റിലേക്ക് പ്രവേശനം തന്നയാൾ വീണ്ടും അവിടെ എത്തി.
"സാർ... ഞാൻ ജോസഫ് ...ക്രിസ്ത്യൻ !!"
"അത് പിന്നെ എല്ലാവർക്കും അറിയില്ലേ...ജോസഫ് എന്നാൽ ക്രിസ്ത്യൻ ആണെന്ന്..."
കാറിന്റെ പിൻ സീറ്റിൽ നിന്ന് മറുപടിക്കൊപ്പം പൊട്ടിച്ചിരിയും ഉയർന്നു.എസ്‌റ്റേറ്റിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞതിൽ അയാൾ വീണ്ടും ഖേദം പ്രകടിപ്പിച്ചു.അതൊരു പ്രശ്നമാക്കേണ്ട എന്ന് ഞാനും പറഞ്ഞു.
സമയം വൈകിട്ട് നാലര കഴിഞ്ഞിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൂടി ഉള്ളതിനാൽ എത്രയും വേഗം വഴിയോരത്തെ ഒരു പള്ളിയിൽ എത്തേണ്ടതുണ്ടായിരുന്നു.അതിനാൽ കാർ സ്റ്റാർട്ട് ചെയ്ത് ഞങ്ങൾ യാത്ര തുടർന്നു. ഊട്ടി പട്ടണത്തിന്റെ കവാടമായ ഫിംഗർ പോസ്റ്റിലേക്ക് ഇരുപത്തിയഞ്ച് കിലോമീറ്റർ കൂടി സഞ്ചരിക്കണം. ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചപ്പോഴേക്കും ഞങ്ങൾ ഊട്ടി - മൈസൂർ പാതയിലേക്ക് തിരിച്ചെത്തി.
ഗതകാല പ്രൗഢി വിളിച്ചോതിക്കൊണ്ട്, ഇന്നും ഊട്ടി സഞ്ചാരികളെ ഒരു നിമിഷം ചിന്താ സാഗരത്തിൽ മുക്കുന്ന ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ് സ്ഥിതി ചെയ്യുന്ന ഇന്ദു നഗറിലൂടെ ഞങ്ങൾ കടന്നുപോയി.ഗ്വാളിയോർ റയോൺസ് ഫാക്ടറി കുടി ഇറക്കപ്പെട്ട ശേഷമുള്ള മാവൂരിന്റെ അതേ അവസ്ഥയായിരുന്നു ഇന്ദു നഗറിന്റേതും. ആറായിരത്തിലധികം തൊഴിലാളികളും ടൂറിസ്റ്റുകളും ഇന്ദു നഗറിനെ രാപ്പകൽ ഭേദമന്യേ ജീവസ്സുറ്റതാക്കിയ ഒരു കാലഘട്ടമുണ്ടായിരുന്നു എന്ന് ഇന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമാണ്.1996 ൽ ഈ കമ്പനിയുടെ പ്രവർത്തനം നിലച്ചു.
കാർ ഫിംഗർ പോസ്റ്റ് എത്തിയതും ഇടത് ഭാഗത്ത് ഒരു പള്ളി മിനാരം കണ്ടു. പള്ളിയുടെ തൊട്ടു മുമ്പിൽ തന്നെ സൗകര്യപ്രദമായ സ്ഥലത്ത് ഞാൻ കാർ പാർക്ക് ചെയ്തു. സ്ത്രീകളടക്കം എല്ലാവരും പള്ളിയിൽ കയറി നമസ്കാരം നിർവ്വഹിച്ചു. ശേഷം, തൊട്ടടുത്ത ബേക്കറിയിൽ നിന്ന് തന്നെ ചായയും കുടിച്ചു.
സന്ധ്യ മയങ്ങാൻ തുടങ്ങിയതിനാൽ താമസിക്കാനുള്ള റൂം അന്വേഷിക്കൽ നിർബന്ധമായിരുന്നു. മുമ്പ് പ്രീഡിഗ്രി കൂട്ടുകാരോടൊപ്പം ഊട്ടിയിൽ വന്ന സമയങ്ങളിൽ താമസിച്ചിരുന്ന മൂങ്ങിൽ ഇല്ലത്തിൻ്റെ നടത്തിപ്പുകാരനായ ആനന്ദിനെ ഞാൻ വിളിച്ചു നോക്കി.മൂങ്ങിൽ ഇല്ലത്തിൻ്റെ തൊട്ടടുത്ത് തന്നെ പുതിയൊരു വില്ല ഉണ്ടെന്നും റൂമിന് 2000 രൂപ ആകുമെന്നും ആനന്ദ് പറഞ്ഞു. വില്ലയുടെ ലൊക്കേഷനും ഇട്ട് തന്നു.
ഫിംഗർ പോസ്റ്റിൽ നിന്നും മൂങ്ങിൽ ഇല്ലത്തിലേക്ക് വെറും മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ 3500 രൂപക്ക് ആ രണ്ട് ബെഡ്റൂം വില്ല സെറ്റാക്കി ഞങ്ങൾ അങ്ങോട്ട് നീങ്ങി. അറിയാത്ത സ്ഥലമാണെങ്കിലും ഗൂഗിൾ ചേച്ചി കാണിച്ച് തന്ന വഴിയിലൂടെ ഞങ്ങൾ പെട്ടെന്ന് തന്നെ മൂങ്ങിൽ ഇല്ലം സ്ഥിതി ചെയ്യുന്ന ഹോളിവുഡ് ഹിൽസിൽ എത്തി.
ലൊക്കേഷനിൽ ഇട്ട് തന്ന വില്ലയുടെ ഗേറ്റ് തുറന്ന് ഞാൻ വണ്ടി പാർക്ക് ചെയ്തു. അപ്പോഴാണ് ഒരു മതിലിനപ്പുറം മൂങ്ങിൽ ഇല്ലം കണ്ടത്. പക്ഷെ, അതിനും താഴെയുള്ള പുതിയ "വേദിക നെസ്റ്റ്" ആയിരുന്നു ഞങ്ങൾക്കായി പറഞ്ഞ് വച്ചത്. ആനന്ദ് ഏർപ്പാടാക്കിയ റൂം ബോയ് ഞങ്ങളെ സ്വാഗതം ചെയ്തു. അത്യാവശ്യം നല്ല തണുപ്പുണ്ടായിരുന്നതിനാൽ എല്ലാവരും ഒരു കട്ടൻ ചായ കൂടി അകത്താക്കി. ഭക്ഷണത്തിനുള്ള സാധനങ്ങൾ ഒന്നും കൊണ്ടു വരാത്തതിനാൽ അത്താഴം "സ്വിഗ്ഗി" വഴിയാക്കി.
പിറ്റേ ദിവസം രാവിലെ പുറത്തിറങ്ങിയപ്പോഴാണ് ഊട്ടി പട്ടണത്തിലെ വിവിധ വർണ്ണങ്ങളിലെ കെട്ടിടങ്ങളും മറ്റും ശ്രദ്ധിച്ചത്. വില്ലയുടെ താഴെയുള്ള ഒഴിഞ്ഞ പറമ്പിൽ വിരിഞ്ഞ് നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള കാട്ടു പൂവും അപ്പോഴാണ് കണ്ടത്. പെട്ടെന്നാണ് ആ പൂവിനെ എല്ലാവരും തിരിച്ചറിഞ്ഞത്. മുമ്പ്, ഊട്ടിയിൽ പോകുന്ന എല്ലാവരും കാശ് കൊടുത്ത് വാങ്ങിക്കൊണ്ട് വന്ന് ഷോകേസിൽ വച്ചിരുന്ന ഒരിക്കലും വാടാത്ത "ഊട്ടിപ്പൂവ്" ആയിരുന്നു അത്. മക്കൾ കുറെ പൂക്കളും ചെടിയും ശേഖരിച്ച് കാറിൽ കയറ്റി.
ഊട്ടി തടാകം തൊട്ടടുത്ത് തന്നെ ആയതിനാൽ പ്രഭാത ഭക്ഷണവും ബോട്ടിംഗും കഴിഞ്ഞ് റൂമിലേക്ക് തന്നെ തിരിച്ച് വരാം എന്ന് തീരുമാനിച്ചു. ലേക്കിനടുത്ത് തന്നെയുള്ള തലശ്ശേരി ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച ശേഷം ഞങ്ങൾ ബോട്ട് ഹൗസിലേക്ക് തിരിച്ചു.
(Next : ബ്യൂട്ടീസ് ഓഫ് ഊട്ടി )
അറിയാത്ത സ്ഥലമാണെങ്കിലും ഗൂഗിൾ ചേച്ചി കാണിച്ച് തന്ന വഴിയിലൂടെ ഞങ്ങൾ പെട്ടെന്ന് തന്നെ മൂങ്ങിൽ ഇല്ലം സ്ഥിതി ചെയ്യുന്ന ഹോളിവുഡ് ഹിൽസിൽ എത്തി.
ReplyDelete