Pages

Wednesday, November 27, 2013

ദർബാർ ഹാളിലേക്ക് വീണ്ടും…..(ദേശീയ അവാർഡ് ദാനം-1)


     നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം ലഭിച്ച സന്തോഷ വിവരം ബ്ലോഗിലൂടെയും ഫേസ്ബുക്കിലൂടേയും അറിഞ്ഞ് അഭ്നിനദനങ്ങൾ അറിയിച്ച എല്ലാവർക്കും ആദ്യമായി ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.


     നവംബർ 17ന് ന്യൂഡൽഹിയിലെ ചാണക്യപുരിയിലുള്ള വിശ്വയുവകേന്ദ്ര എന്ന ഇന്റെർനാഷനൽ (??) ഹോസ്റ്റലിൽ റിപ്പോർട്ട് ചെയ്യാനായിരുന്നു ഞങ്ങളോട്  ആവശ്യപ്പെട്ടിരുന്നത്. നവംബർ 15ന് തന്നെ കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്ന ഞാൻ അന്നും പലസ്ഥലത്തും കുടുംബത്തോടൊപ്പം കറങ്ങിയ ശേഷം (ആ കാഴചകൾ മറ്റൊരു യാത്രാവിവരണത്തിലൂടെ പിന്നീട് വായിക്കാം) രാത്രി 9 മണിക്കാണ് റിപ്പോർട്ട് ചെയ്തത്. മെസ്സ് ക്ലോസ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് എത്തിയതിനാൽ  ഭക്ഷണം റെഡിയായിരുന്നു. നല്ല വിഷപ്പുണ്ടായിരുന്നതിനാൽ നന്നായി തട്ടുകയും ചെയ്തു.ശേഷം വൈകിട്ട് തന്നെ അവിടെ എത്തിയിരുന്ന എന്റെ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.കെ.വിദ്യാസാഗർ സാറെ സന്ദർശിച്ച് നാട്ടുവിവരങ്ങളും കോളേജ് വിശേഷങ്ങളും ആരാഞ്ഞു.


     റിസപ്ഷനിൽ നിന്ന് എനിക്ക് അനുവദിക്കേണ്ട റൂമിനെപറ്റി ചർച്ച നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു.രണ്ട് പേർക്ക് ഒന്ന്  എന്ന നിലയിലായിരുന്നു റൂം അനുവദിച്ചിരുന്നത്.ഒരാൾ മാത്രമുള്ള ഒരു റൂം തപ്പിപ്പിടിച്ച് അതിലേക്ക് എന്നെയും കൂടി ചേർത്തു. ആ റൂമിലെ സഹമുറിയൻ ആരണെന്നറിയാൻ ഞാൻ കാണിച്ച ഉത്സാഹം എന്റേയും അവരുടേയും മാനം കാത്തു എന്ന് പറഞ്ഞാൽ മതി – അതിൽ ഒരു ലേഡി പ്രോഗ്രാം ഓഫീസർ ആയിരുന്നു ഉണ്ടായിരുന്നത് !!!അവസാനം നാലാം നിലയിലെ 404 എന്ന ഡബിൾ റൂം എനിക്ക് സിങ്കിളായി അനുവദിച്ചു തന്നു.

      പിറ്റേ ദിവസം പ്രാതലിന് ശേഷം ഒമ്പതരക്ക് ഫോർമൽ ഡ്രെസ്സിൽ ലോബിയിൽ ഒരുമിച്ച് കൂടണം എന്നായിരുന്നു ഞങ്ങൾക്ക് തന്ന നിർദ്ദേശം.കൃത്യ സമയത്ത് തന്നെ ഞങ്ങൾ എത്തിയെങ്കിലും മേക്കപ്പ് വാരിത്തേച്ച് തീരാത്ത കുറെ എണ്ണം അരമണിക്കൂറോളം കഴിഞ്ഞാണ് എത്തിയത്. അവാർഡ് സ്വീകരണത്തിന്റെ റിഹേഴ്സലിനായിട്ടായിരുന്നു അന്ന് ഞങ്ങളെ ഒരുക്കിയത്.അതിന്റെ ഒരു ലക്ഷണവും കാണാതെ കാത്തിരിപ്പ് തുടർന്നപ്പോഴാണ് രാഷ്ട്രപതി ഭവനിൽ നിന്നുള്ള നിർദ്ദേശം കിട്ടിയിട്ടില്ല എന്നറിഞ്ഞത്.


‘അവാർഡ് സ്വീകരണത്തിന്റെ റിഹേഴ്സലിനും രാഷ്ട്രപതി ഭവനിൽ നിന്നുള്ള നിർദ്ദേശം കിട്ടണോ?’ എന്ന എന്റെ മണ്ടൻ ചോദ്യത്തിനുള്ള ഉത്തരം എന്നെ ഞെട്ടിപ്പിച്ചു.


‘റിഹേഴ്സൽ നടക്കുന്നതും രാഷ്ട്രപതി ഭവനിലെ  ദർബാർ ഹാളിൽ വച്ചാണ് ‘


    രാഷ്ട്രപതി ഭവനിലേക്ക് ഒരു സാധനവും കയറ്റാൻ സമ്മതിക്കില്ല എന്ന കഴിഞ്ഞ വർഷത്തെ അനുഭവത്തിൽ നിന്നും മൊബൈൽഫോൺ മാത്രം കയ്യിൽ വയ്ക്കാൻ ഞാൻ തീരുമാനിച്ചു.അത് അവിടെ സെക്യൂരിറ്റിയുടെ അടുത്ത് നൽകാൻ സൌകര്യമുണ്ടായിരുന്നു.എങ്കിലും ഒന്ന് കൂടി ഉറപ്പിക്കാൻ അവാർഡ് ജേതാവും ആന്ധ്രപ്രദേശ് എൻ.എസ്.എസ് ട്രെയ്നിംഗ് സെന്റർ കോർഡിനേറ്ററുമായ ഒരു മാന്യദേഹത്തോട് ഞാൻ വെറുതെ ചോദിച്ചു – “സാർ. കാൻ വീ ടേക് മൊബൈൽ ഫോൺ?”


“നോ.ആൾ സച്ച് തിംഗ്സ് ഷുഡ് ബീ കെപ്റ്റ് ഹിയർ


“അപ്പോ ഇനി സമയം എങ്ങനെ അറിയും ആബിദേ?” വാച്ച് കെട്ടാത്ത എന്റെ പ്രിൻസിപ്പാൾ ചോദിച്ചു. അങ്ങനെ ഞങ്ങൾ രണ്ട് പേരും മൊബൈൽ റൂമിൽ വച്ച്പൂട്ടി,പതിനൊന്നര മണിയോടെ ഞങ്ങൾ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. 15 മിനുട്ടിനകം തന്നെ ഞങ്ങൾ അവിടെ എത്തുകയും ചെയ്തു.

     ബസ്സിൽ നിന്നിറങ്ങിയ പലരും രാഷ്ട്രപതി ഭവനിന്റെ മനോഹാരിത ക്യാമറയിൽ പകർത്തുന്നത് കണ്ടപ്പോൾ നേരത്തെപറഞ്ഞതിന്റെ വില എന്ത് എന്ന് എനിക്ക് തോന്നി.അപ്പോഴാണ് പ്രിൻസിപ്പാൾ എന്നെ വിളിച്ചത് – “ആബിദേ, ദേ നോക്ക്


    ഞാൻ നോക്കിയപ്പോൾ ‘ആൾ സച്ച് തിംഗ്സ് ഷുഡ് ബീ കെപ്റ്റ് ഹിയർ‘ എന്ന് എന്നോട് പറഞ്ഞ മാന്യദേഹം ഫോണും വിളിച്ച് രാഷ്ട്രപതി ഭവനിന്റെ പടവുകളിലൂടെ ഉലാത്തുന്നു!!ചെവിയിലുള്ള ഫോണിന് പുറമേ കയ്യിൽ മറ്റൊന്നും!!! ആന്ധ്രപ്രദേശിലെ മുഴുവൻ പ്രോഗ്രാം ഓഫീസർമാർക്കും വഴികാട്ടുന്നയാളാണ് ഈ മാന്യദേഹം,


(കഴിഞ്ഞ വർഷം എടുത്ത ചിലഫോട്ടോകൾ ഇപ്പോൾ പോസ്റ്റുന്നു.)




  
      കനത്ത സുരക്ഷാപരിശോധനകൾക്ക് ശേഷം ഞങ്ങൾ രാഷ്ട്രപതി ഭവനിന്റെ അകത്തേക്ക് പ്രവേശിച്ചു. രാഷ്ട്രപതിയുടെ സുരക്ഷാഉദ്യോഗസ്ഥർ അവരുടെ സേനാ വേഷത്തിൽ അവിടെ സന്നിഹിതരായിരുന്നു.പിറ്റേ ദിവസത്തെ അവാർഡ് ദാനചടങ്ങിൽ ഞങ്ങളിരിക്കേണ്ട സീറ്റുകളിൽ ഓരോരുത്തരേയും ഇരുത്തിയതിന് ശേഷം ഒരു സുരക്ഷാഉദ്യോഗസ്ഥൻ , അവാർഡ് സ്വീകരിക്കാൻ വരേണ്ടത് എങ്ങനെ എന്നെല്ലാം വിശദീകരിച്ചു തന്നു.ശേഷം ഒരു ഡമ്മി പ്രസിഡെന്റിനെ നിർത്തി ഓരോരുത്തർക്കും ‘അവാർഡും’ നൽകി. ഡമ്മി പ്രസിഡെന്റ് ആർക്കും ഷേൿഹാന്റ് നൽകാത്തതിനാൽ ആ പരിപാടി രാഷ്ട്രപതിയും നിർത്തിയിരിക്കും എന്ന് ഞാൻ കരുതി.ബെസ്റ്റ് യൂണിവേഴ്സിറ്റി, അപ്കമിംഗ് യൂണിവേഴ്സിറ്റി, അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് , ബെസ്റ്റ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ , ബെസ്റ്റ് വളണ്ടീയർ തുടങ്ങീ പുരസ്കാരങ്ങൾ എറ്റുവങ്ങാൻ അറുപതോളം പേരുണ്ടായിരുന്നു.ഒരു മണിക്കൂറിലധികം നീണ്ടു നിന്ന റിഹേഴ്സലിന് ശേഷം രാഷ്ട്രപതി ഭവനിലെ ചെറുസൽക്കാരവും കഴിഞ്ഞ് ഞങ്ങൾ ഹോസ്റ്റലിലേക്ക് തന്നെ മടങ്ങി.




6 comments:


  1. ‘അവാർഡ് സ്വീകരണത്തിന്റെ റിഹേഴ്സലിനും രാഷ്ട്രപതി ഭവനിൽ നിന്നുള്ള നിർദ്ദേശം കിട്ടണോ?’ എന്ന എന്റെ മണ്ടൻ ചോദ്യത്തിനുള്ള ഉത്തരം എന്നെ ഞെട്ടിപ്പിച്ചു.

    ReplyDelete
  2. എല്ലാം അനുഭവങ്ങൾ ഒപ്പം ആശംസകളും

    ReplyDelete
  3. ആവേശപൂര്‍വം വായിക്കുന്നു. തുടരുക!

    ReplyDelete
  4. ഈ റിഹേഴ്സൽ ഒക്കെ ഒരു പുതിയ അറിവാണട്ടോ.. വള്ളിപുള്ളി വിടാതെ തുറന്നെഴുതുക. ആശംസകൾ...

    ReplyDelete
  5. “നോ….ആൾ സച്ച് തിംഗ്സ് ഷുഡ് ബീ കെപ്റ്റ് ഹിയർ…”.......തുടർന്ന്ഴുതുക, ആശംസകൾ...

    ReplyDelete
  6. അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി.. ബാക്കിവായിക്കാം

    ReplyDelete

നന്ദി....വീണ്ടും വരിക