ഡിന്നർപാർട്ടി കഴിഞ്ഞ് തിരിച്ച് ഹോട്ടലിലേക്ക്
പോരുമ്പോൾ നേരത്തെ ഞങ്ങൾക്ക് നിർദ്ദേശം നൽകിക്കൊണ്ടിരുന്ന ദൽഹി യൂത്ത്‌ഓഫീസർ ശ്രീ.ദിലീപ്
കുമാർ സാറിനെ അടുത്ത് കിട്ടി.തലേ ദിവസം ,കുടുംബാങ്ങൾക്ക് കൂടി അവാർഡ്ദാന ചടങ്ങ് കാണാൻ
വേണ്ടി അപേക്ഷിച്ചിരുന്ന എൻട്രി പാസ് അനുവദിച്ചോ ഇല്ലയോ എന്ന് അന്വേഷിച്ചു.
“വാറ്റ് വാസ് തെയർ നെയിം?”
“ലുബ്ന…” ഞാൻ എത്ര
പറഞ്ഞിട്ടും അദ്ദേഹത്തിന് മനസ്സിലായില്ല.
“ദെ റിജക്ടഡ് ലാസ്റ്റ് വൺ…..ലെറ്റ് അസ് ലുക്ക്….” തലേ ദിവസം അവസാനം എഴുതിയത് എന്റെ
പേരായതിനാൽ എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.പരിപാടി കാണാനുള്ള സാധ്യത വളരെ വിരളമാണെന്ന്
നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നതിനാൽ അവർക്ക് നിരാശ തോന്നുമായിരുന്നില്ല.എന്നിരുന്നാലും
പ്രൌഢഗംഭീരമായ ആ ചടങ്ങ് നേരിട്ട് കാണാൻ കുടുംബത്തിലെ ആർക്കും കാണാൻ സാധിക്കാതെ പോകുന്നത്
എന്നിൽ വേദനയുണ്ടാക്കി.
ഹോസ്റ്റലിലെത്തി അദ്ദേഹം റൂമിൽ പോയെങ്കിലും തിരിച്ച്
വരും എന്ന പ്രതീക്ഷയോടെ ഞാൻ ലോബിയിൽ തന്നെ ചുറ്റിപ്പറ്റി നിന്നു, അല്പസമയത്തിനകം തന്നെ
പാസുകൾ അടങ്ങിയ ഒരു സഞ്ചിയുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു.ലിസ്റ്റ് ഓരോന്നായി വായിച്ചു.അതിൽ
അവസാനത്തെ തൊട്ടു മുമ്പായിരുന്നു എന്റെ പേരുണ്ടായിരുന്നത്.ഭാര്യ ലുബ്നക്കും മൂത്തമകൾ
ലുലുവിനും അനുവദിച്ച പാസ് നമ്പർ കണ്ടപ്പോൾ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു. സമയം രാത്രി
പതിനൊന്നര മണി ആയിരുന്നെങ്കിലും .പിറ്റേ ദിവസം പത്ത് മണിയോടെ രാഷ്ട്രപതി ഭവനിലേക്ക്
പുറപ്പെടണം എന്നതിനാൽ ഞാൻ അപ്പോൾ തന്നെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചു
അവാർഡ് ജേതാക്കളുടെ അതിഥികളേയും വഹിച്ചുള്ള ബസ്സിൽ
കയറിപ്പറ്റിയാൽ കുടുംബത്തിലെ മറ്റുള്ളവർക്കും രാഷ്ട്രപതി ഭവനിന്റെ ഗേറ്റ് കടന്ന് അകത്തെത്താം
എന്നതിനാൽ രാവിലെത്തന്നെ എല്ലാവരോടും ഞാൻ താമസിക്കുന്ന ഹോസ്റ്റലിൽ എത്താൻ പറഞ്ഞു.ചെറിയ
ഒരു ആശങ്ക ഉണ്ടായിരുഅന്നതിനാൽ എനിക്ക് ഡൽഹിയിൽ നിന്ന് വന്ന അവാർഡ് വിവരക്കത്തിന്റെ
പുറത്ത് എന്റെ ഒരു അപേക്ഷ കൈപ്പടയിൽ തയ്യാറാക്കി അമ്മായിയപ്പനെ ഏൽപ്പിച്ചു.പുറത്ത്
നിർത്തപ്പെട്ടാൽ അത് കാണിച്ച് ഗേറ്റെങ്കിലും കടക്കാൻ പറ്റുമോ എന്ന് ശ്രമം നടത്താൻ വേണ്ടിയുള്ള
ഒരു കുറിപ്പ് മാത്രം.എല്ലാവരുടേയും ഐ.ഡി കാർഡ് കരുതാൻ ഞാൻ നേരത്തെ പറഞ്ഞിരുന്നു.
പ്രോഗ്രാം ഓഫീസർമാരും പ്രിൻസിപ്പാൾമാരും അടങ്ങിയ
സംഘം ഒരു ബസ്സിലും, വളണ്ടിയർമാർ മറ്റൊരു ബസ്സിലും അതിഥികൾ മൂന്നാമത്തെ ബസ്സിലും കയറി.പാസ്
ഇല്ല എങ്കിലും സ്റ്റേറ്റ് യൂത്ത് ഓഫീസറോട് അന്വേഷിച്ച ശേഷം എന്റെ കുടുംബാങ്ങൾ മുഴുവനും
ബസ്സിൽ കയറി.അതോടെ അവർ രാഷ്ട്രപതി ഭവനിന്റെ മുറ്റത്ത് എങ്കിലും എത്തും എന്ന പ്രതീക്ഷ
എന്നെ സന്തോഷവാനാക്കി.
ബസ്സ് ഇറങ്ങിയ ഉടനേ അവാർഡ് ജേതാക്കൾ രാഷ്ട്രപതി
ഭവനിന്റെ പ്രധാനകവാടത്തിലൂടേയും ജേതാക്കളുടെ അതിഥികൾ ഇടത് വശത്തുള്ള കവാടത്തിലൂടേയും
പ്രവേശിക്കാനായി വരിയായി നിന്നു.എന്റെ കുടുംബാംഗങ്ങൾ മുഴുവൻ ആ ക്യൂവിൽ നിൽക്കുന്നത്
കണ്ടപ്പോൾ അവർക്കും രാഷ്ട്രപതി ഭവനിലെ മ്യൂസിയം കാണാനുള്ള അവസരം ലഭിച്ചേക്കും എന്ന്
ഞാൻ കരുതി.അല്പ സമയത്തിനകം തന്നെ എന്റെ ഉമ്മ,മക്കളായ ലുഅ (9 വയസ്സ്) ,ലൂന (4വയസ്സ്),അമ്മായിയപ്പൻ
, അമ്മായിയമ്മ എന്നിവർ തിരിച്ച് നടക്കുന്നത് കണ്ടപ്പോൾ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
സുരക്ഷാ പരിശോധനകൾക്ക് ശേഷം ഞാൻ മൂന്നാം തവണയും ദർബാർ ഹാളിൽ പ്രവേശിച്ചു.തലേ ദിവസം
കാണിച്ചു തന്ന സീറ്റിൽ ഇരിപ്പുറപ്പിച്ചു.
അകത്തേക്ക് വരുന്ന ഓരോരുത്തരേയും ഞാൻ ശ്രദ്ധിച്ചു.ഞാനും
പ്രിൻസിപ്പാളും സാധാരണ വേഷത്തിലായിരുന്നു ഉണ്ടായിരുന്നത് – പാന്റും ഷർട്ടും ഷൂസും.
അവാർഡ് ജേതാക്കളിൽ 90 ശതമാനം പേരും കോട്ടും ടൈയും കെട്ടിയിരുന്നു. അതിനാൽ തന്നെ ഞങ്ങളെ
തിരിച്ചറിയാൻ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.ഹാളിന്റെ ഇടത് ഭാഗത്ത് പ്രെസ്സ്
ഗാലറിക്ക് സമീപം ഏറ്റവും അവസാനത്തെ നിരയിൽ അവസാനക്കാരനായിരുന്നു ഞാൻ.
അല്പം കഴിഞ്ഞ് ഞങ്ങളുടെ ഔദ്യോഗിക അതിഥികളും ടെക്നിക്കൽ
സെൽ എൻ.എസ്.എസിന്റെ പ്രതിനിധികളുമായ സ്റ്റേറ്റ് കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാറും ഷാജഹാൻ
സാറും വിജയകുമാർ സാറും രവി മോഹൻ സാറും എത്തി.കഴിഞ്ഞ വർഷം ഞാൻ ഇരുന്ന ഇടതു ഭാഗത്തെ രണ്ടും
മൂന്നും നിരകളാണ് വീഡിയോ ക്യാമറയിൽ കൂടുതൽ കാണുന്നത് എന്ന് മനസ്സിലാക്കി അവർ അവിടെത്തന്നെ
വന്നിരുന്നു.അല്പം കഴിഞ്ഞ് എന്റെ ഭാര്യയും മകൾ ലുലുവും വലതു ഭാഗത്തെ ഏറ്റവും വലത്ത്
പോയിരുന്നു.ക്യാമറയിൽ പെടാൻ ഒരു സാധ്യതയും ഇല്ലാത്ത ആ സ്ഥലത്ത് നിന്നും അവരെ വിളിക്കാൻ
എനിക്ക് പോകാനും സാധിച്ചില്ല.
അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് . ഞാൻ കണ്ണുകൾ നന്നായി തിരുമ്മി.കാണുന്നത് സ്വപ്നമല്ല എന്ന് ഉറപ്പ് വരുത്താനുള്ളതെല്ലാം ചെയ്തു.എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ReplyDeleteഅതെന്താവും ആ സന്തോഷക്കാഴ്ച്ച?
ReplyDelete