ചിക്‌മംഗ്ലൂര്‍ എന്ന സ്ഥലം എന്റെ മനസ്സില്‍ നേരത്തെ പതിഞ്ഞ പേരായിരുന്നു. ”ഇന്ത്യ എന്നാല്‍ ഇന്ദിര തന്നെ , ഇന്ദിര എന്നാല്‍ ഇന്ത്യ തന്നെ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് അടിയന്തിരാവസ്ഥക്ക് ശേഷം ശ്രീമതി ഇന്ദിരാഗാന്ധി ലോകസഭയിലേക്ക് മത്സരിച്ച മണ്ഡലം എന്ന നിലക്ക് ശ്രദ്ധേയമായ സ്ഥലമാണ് ചിക്‌മംഗ്ലൂര്‍.
ചിക്‌മംഗ്ലൂര്‍ എന്നാല്‍ ‘ചിക്ക മകള്‍ ഊര്‍ ‘ എന്നതിന്റെ ലോപനമാണ് എന്ന് പറയുന്നു. ചിക്ക മകള്‍ എന്നാല്‍ രാജാവിന്റെ ചെറിയ പെണ്‍കുട്ടി എന്ന് അര്‍ഥം. ഊര്‍ എന്നാല്‍ നാട്. അതായത് രാജാവ് തന്റെ ഇളയ പെണ്‍കുട്ടിക്ക് പതിച്ച് നല്‍കിയ ദേശം എന്ന് സാരം. സക്രപട്ടണത്തിന്റെ (Sakrepatna) മുഖ്യനായിരുന്ന രുക്‍മങ്കദ (Rukmangada) തന്റെ കുഞ്ഞുമകള്‍ക്ക് സ്ത്രീധനമായി നല്‍കിയതാണ് ഈ സ്ഥലം എന്ന് ചരിത്രം പറയുന്നു.
ചിക്‌മംഗ്ലൂര്‍ എന്ന ആ വലിയ പട്ടണത്തില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സമയം നാല് മണി കഴിഞ്ഞിരുന്നു.ഉച്ചഭക്ഷണം കഴിച്ചത് അപ്പോഴായിരുന്നു.അല്ലെങ്കിലും ഈ യാത്രയില്‍ മുഴുവന്‍ പലപ്പോഴും ഞങ്ങളുടെ ഭക്ഷണസമയം അഞ്ച് വര്‍ഷം മുമ്പത്തെ ഇന്ത്യന്‍ റെയില്‍വേ സമയം പോലെയായിരുന്നു. ചിക്‌മംഗ്ലൂരില്‍ ഒരു രാജകുമാരി വസിച്ചതിന്റെ ഒരു ലക്ഷണവും (ഒരു ചെറിയ കൊട്ടാരമെങ്കിലും) എനിക്ക് കാണാനായില്ല.
ചിക്‌മംഗ്ലൂരില്‍ നിന്നും 22 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബേലൂര്‍ എത്തും. 12 ആം നൂറ്റാണ്ടിലെ ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാനമായ ബേലൂരില്‍ കരിങ്കല്ലില്‍ കൊത്തിയ ക്ഷേത്രം കാണാം. ശന്താല എന്ന രാജ്ഞ്ഞി ആയിരുന്നു നക്ഷത്രസദൃശ അടിത്തറയോട് കൂടിയ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. വിവിധ നിരകളിലായി കൊത്തിവച്ച രൂപങ്ങള്‍ പുരാണങ്ങളിലെ വിവിധ ദൃശ്യങ്ങളാണെന്ന് പറയുന്നു.കാമസൂത്രയിലെ അദ്ധ്യായങ്ങളും കല്ലുകളില്‍ കൊത്തി വച്ചതായി പറയപ്പെടുന്നു.വിവിധ ദൈവങ്ങളേയും ദേവതകളേയും കല്ലില്‍ കൊത്തിവച്ചിരുന്നു.
പുറം മുഴുവന്‍ ചുറ്റിക്കണ്ട ശേഷം ഞങ്ങള്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ഭക്തജനങ്ങള്‍ തൊഴുകയ്യോടെ പ്രവേശിക്കുന്നതും പടിപ്പുരയിലെ ഒരു പ്രത്യേകസ്ഥലത്ത് തൊട്ട് വന്ദിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.അകത്ത് ഒരു പൂജാരി പൂജാന്കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. വിവിധ മൂലകളിലായി ചില രൂപങ്ങള്‍ കൊത്തിവച്ചതും പഴയ ഒരു പല്ലക്കും കണ്ടു.
ക്ഷേത്രനടയില്‍ വീഴുന്ന മഴവെള്ളം മുഴുവന്‍ സംഭരിക്കുന്ന ഒരു കുളം എന്റെ ശ്രദ്ധ ആകര്‍ഷിച്ചു.ആമകളും വിവിധ തരം മത്സ്യങ്ങളും അതില്‍ നീന്തിത്തുടിക്കുന്നുണ്ടായിരുന്നു. അല്പമകലെ വെറും 2 മീറ്റര്‍ വ്യാസത്തില്‍ ഉയര്‍ത്തി കെട്ടിയ ഒരു റിംഗിന്റെ മുകള്‍ഭാഗം തുറന്ന് ഒരാള്‍ കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരുന്നത് കണ്ടു.വെറും ഒരാളുടെ താഴ്ച മാത്രമുള്ള ഒരു കിണറായിരുന്നു അത്. അതിലെ വെള്ളത്തിന്റെ സാന്നിദ്ധ്യം ഞങ്ങളെ അത്ഭുതപ്പെടുത്തി. നേരത്തെ പറഞ്ഞ കുളത്തിന്റെ സാമീപ്യം ആയിരിക്കും ഈ കിണറിലെ വെള്ളത്തിന്റെ രഹസ്യം.
ബേലൂരിലെ കാഴ്ചകള്‍ കണ്ട് ആറ് മണിയോടെ ഞങ്ങള്‍ അടുത്ത കേന്ദ്രമായ ഹലേബീഡിലേക്ക് നീങ്ങി. ഹലേബീഡ് എന്നാല്‍ പഴയ പട്ടണം എന്നര്‍ത്ഥം. അതും ഹൊയ്സാല രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനമാണെന്ന് ചരിത്രം പറയുന്നു. ബേലൂര്‍ പോലെ ഹലേബീഡിലും പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട്. ചിക്‌മംഗ്ലൂരില്‍ നിന്നും 38 കിലോമീറ്റര്‍ ദൂരത്തിലാണ് ഹലേബീഡ്.
ഹലേബീഡില്‍ ഞങ്ങളെത്തുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. അഞ്ച് മണിവരെ മാത്രം പ്രവേശനമുള്ള ഹലേബീഡ് അപ്പോഴേക്കും വിജനമായിക്കഴിഞ്ഞിരുന്നു.ചെറിയ ബാരിക്കേഡിനുള്ളിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ പ്രയാസമില്ലാത്തതിനാല്‍ ഞങ്ങള്‍ പുരുഷന്മാര്‍ മാത്രം അകത്തേക്ക് കയറി.പക്ഷേ ഇരുട്ട് കാരണം മുന്നോട്ട് പോകാന്‍ സാധിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ച് ഞങ്ങള്‍ തിരിച്ചുപോന്നു.
(തുടരും....)
ചിക് മഗളൂര്‍ എന്ന് ആദ്യമായി കേള്‍ക്കുന്നത് ഇന്ദിരാഗാന്ധിയുടെ ഉപതെരഞ്ഞെടുപ്പ് സമയത്താണ്.
ReplyDeleteചിക് മംഗ്ലൂരില്‍ ഇത് വരെ പോയിട്ടില്ല .. എന്തായാലും അവിടെ ഒന്ന് പോവണം
ReplyDeleteവിവരണം നന്നായിരിക്കുന്നു