ജനന സർട്ടിഫിക്കറ്റിലെ
പേരിലെ അക്ഷരത്തെറ്റുകളും മറ്റും ഉണ്ടാക്കുന്ന നിരവധി പ്രശ്നങ്ങൾ കേട്ടറിഞ്ഞും വായിച്ചറിഞ്ഞും
മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ.ഇപ്പോൾ നേരിട്ട് അനുഭവിച്ചപ്പോഴാണ് അതിന്റെ പൊല്ലാപ്പിന്റെ
ആഴം എനിക്ക് മനസ്സിലായത്. വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന ഒരു പ്രശ്നം മാത്രമായിരുന്നു
എന്റെ മൂത്ത രണ്ട് മക്കളുടേയും ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ. അത് രണ്ടും
പരിഹരിക്കാനായി എന്റേയും ഭാര്യയുടേയും പേരിൽ രണ്ട് വീതം ‘വൺ & സെയിം’ സർട്ടിഫിക്കറ്റ്
വില്ലേജിൽ നിന്നും നേരിട്ട് വാങ്ങി – മൂന്ന് തവണ സന്ദർശിച്ചതിന് ശേഷം. അപ്പോൾ അവിടെ
ഇരുന്ന ക്ലെർക്കിന്റെ വക ഒരു ‘ഉപദേശം’ കിട്ടി – ഇതെല്ലാം ഓൺലൈനിൽ കൊടുത്താൽ പോരെ എന്ന്.
സ്കൂൾ രേഖയിൽ തിരുത്താൻ
വീണ്ടും എന്റെയും മകളുടേയും ‘വൺ & സെയിം’ സർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞപ്പോൾ
നേരത്തെയുള്ള ‘അനുഭവങ്ങൾ’ കാരണം തൊട്ടടുത്ത അക്ഷയ സെന്ററിൽ പോയി ഞാൻ 23/5/2014ന് ഓൺലൈൻ
അപേക്ഷ കൊടുത്തു.മൂന്ന് ദിവസത്തിനകം സർട്ടിഫിക്കറ്റ് കിട്ടും എന്ന് പറഞ്ഞപ്പോൾ ഞാൻ
ഇ-ജില്ല എന്ന പദ്ധതിയെ മനസിൽ അംഗീകരിച്ചു.രണ്ട് സർട്ടിഫിക്കറ്റിന് 60 രൂപയും അടച്ചു
കാത്തിരിപ്പ് തുടങ്ങി.
അടുത്ത ദിവസം തന്നെ മൊബൈലിൽ
തുരുതുരാ മെസേജ് വരാൻ തുടങ്ങി.അപേക്ഷയുടെ ഓരോ ഘട്ടവും കടന്നു പോകുന്നതിന്റെ സന്ദേശങ്ങൾ
കിട്ടുന്നത് സാധാരണക്കാർക്ക് നല്ലത് തന്നെ – ഞാൻ ഇ-ജില്ല എന്ന പദ്ധതിയെ വീണ്ടും നമിച്ചു.പക്ഷേ
മൂന്നാമത്തെ ദിവസം വന്ന സന്ദേശം എന്നെ അങ്കലാപ്പിലാക്കി.അപേക്ഷ പൂർണ്ണമല്ലാത്തതിനാൽ
തിരിച്ചയക്കുന്നു എന്നായിരുന്നു അത്.ഉടൻ അക്ഷയ സെന്ററുമായി ബന്ധപ്പെട്ട് അതിന്റെ കുഴപ്പങ്ങൾ
ആരാഞ്ഞു.ആ പാവത്തിനും അത് മനസ്സിലായില്ല.അദ്ദേഹവും വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട്
അപേക്ഷ വീണ്ടും അയച്ചു. എന്ത് തിരുത്തൽ വരുത്തി എന്ന് എനിക്കറിയില്ല. എന്നിട്ടും സർട്ടിഫിക്കറ്റ്
കിട്ടാത്തതിനാൽ പലതവണ അക്ഷയയിൽ വിളിച്ചെങ്കിലും എന്റെ ഫോൺ കാശ് പോയത് മാത്രം മിച്ചം.
ഇതിനിടയിൽ നേരത്തെ എനിക്ക്
ലഭിച്ച മറ്റൊരു സർട്ടിഫിക്കറ്റിൽ ചെറിയ ഒരു മാറ്റം ആവശ്യമായതിനാൽ ഞാൻ വീണ്ടും നേരിട്ട്
വില്ലേജ് ഓഫീസിൽ ഹാജരായി.പുതിയ അപേക്ഷ നൽകി പുതിയ സർട്ടിഫിക്കറ്റും തന്ന് അത് ഉടൻ പരിഹരിച്ച്
കിട്ടി.അപ്പോഴും രണ്ട് അപേക്ഷകൾ ഈ ‘ഓൺലൈൻ’
ലൈനിൽ തന്നെ തുടരുന്നത് ഞാൻ സൂചിപ്പിച്ചു.ക്ലെർക്ക് ഇല്ലാത്തതിനാൽ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല
എന്ന മറുപടിയിൽ ഞാൻ തൃപ്തനായി.
3/6/2014ന് എന്റെ പേരിലുള്ള
‘വൺ & സെയിം’ സർട്ടിഫിക്കറ്റ് അനുവദിച്ചതായി
സന്ദേശം ലഭിച്ചു.അപ്പോഴും മകളുടെ പേരിലുള്ളത് ലൈനിൽ തുടർന്നു.എന്റെ അക്ഷയ കയറിയിറക്കും
വിളികളും തുടർന്നു.ഇടക്ക് വീണ്ടും വില്ലേജ് ഓഫീസറെ നേരിട്ട് കണ്ടപ്പോൾ സംഗതി വീണ്ടും
ഉണർത്തി.ഇതിനിടക്ക് ഇ-ജില്ല അവലോകന യോഗത്തിൽ വിവിധ സർറ്റിഫിക്കറ്റുകൾ ‘എഴുതിക്കൊടുക്കുന്ന പഴഞ്ചൻ രീതി’ പൂർണ്ണമായും നിർത്തലാക്കണം
എന്ന നിർദ്ദേശം കർശനമായി പാലിക്കണം എന്ന് പറഞ്ഞത് പത്രങ്ങളിൽ കൂടി വായിച്ചു.അപ്പോഴാണ്
അക്ഷയക്കാരൻ പറയുന്നത് വേണമെങ്കിൽ എഴുതി തരാം എന്ന് പറഞ്ഞിട്ടുണ്ട് എന്ന് !!!
ഞാനും ഒരു സർക്കാർ ഉദ്യോഗസ്ഥനായതിനാൽ
ശനിയാഴ്ച മാത്രമേ ഇത്തരം കാര്യങ്ങൾക്ക് നിവൃത്തിയുള്ളൂ എന്നും അല്ലെങ്കിൽ ഒരു ദിവസം
മുഴുവൻ ലീവെടുക്കേണ്ടി വരും എന്നും എല്ലാം ഞാൻ ബോധിപ്പിച്ചിരുന്നു.എന്നിട്ടും ആ സർട്ടിഫിക്കറ്റ്
ഓഫ്‌ലൈൻ ആയില്ല! ഇന്നലെ റംസാൻ വ്രതവുമനുഷ്ടിച്ച് നമസ്കാര ശേഷം ഖുർആൻ പാരായണം നടത്തിയിരിക്കുമ്പോൾ
ഒരു സന്ദേശം വന്നു.പള്ളിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഞാൻ അത് നോക്കി – ആ സർട്ടിഫിക്കറ്റ്
അനുവദിച്ചിരിക്കുന്നു ! 23/5/2014ന് അപേക്ഷിച്ച സർട്ടിഫിക്കറ്റ് 30/6/2014ന് അനുവദിച്ചിരിക്കുന്നു.അതായത്
ഒരു മാസവും ഒരു ആഴ്ചയും പിന്നിട്ട ശേഷം ! ഇതാണ് ഇ-ജില്ല എങ്കിൽ ഇതിന്റെ പേരിൽ നിരവധി
സാധാരണ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എത്രയുണ്ടായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അഞ്ച് രൂപയുടെ ഒരു കോർട്ട്ഫീ സ്റ്റാമ്പും രണ്ട് രൂപയുടെ അപ്ലിക്കേഷനും വില്ലേജ് ഓഫീസ്
വരെ ഒന്ന് പോകുകയും മാത്രം ചെയ്യേണ്ട സംഗതിക്ക് അക്ഷയയിൽ 30 രൂപയും പിന്നെ കുറേ ഫോൺ
വിളികളും കയറിയിറക്കവും നടത്തേണ്ട ഒരു ഗതികേടിലേക്ക് ഇ-ജില്ല എന്ന പരിപാടി മാറരുത്
എന്ന് വിനീതമായി അപേക്ഷിക്കുന്നു.
( ഇന്നലെ നാറ്റിവിറ്റി
, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യാൻ വന്ന അയൽവാസിയോട് ഞാൻ ,അവ ലഭിക്കാനുണ്ടായ
കാലതാമസം തിരക്കി.മൂന്ന് ദിവസം കൊണ്ട് കിട്ടി, പക്ഷേ മൂന്ന് സർട്ടിഫിക്കറ്റിന് 75 രൂപ
കൊടുക്കേണ്ടി വന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം)
ഞ്ച് രൂപയുടെ ഒരു കോർട്ട്ഫീ സ്റ്റാമ്പും രണ്ട് രൂപയുടെ അപ്ലിക്കേഷനും വില്ലേജ് ഓഫീസ് വരെ ഒന്ന് പോകുകയും മാത്രം ചെയ്യേണ്ട സംഗതിക്ക് അക്ഷയയിൽ 30 രൂപയും പിന്നെ കുറേ ഫോൺ വിളികളും കയറിയിറക്കവും നടത്തേണ്ട ഒരു ഗതികേടിലേക്ക് ഇ-ജില്ല എന്ന പരിപാടി മാറരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു.
ReplyDeleteവെളിക്കാന്‍ തേച്ചത്.......!
ReplyDeleteഅങ്ങയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ബ്ലോഗില്‍ ഒരു സര്‍ക്കാര്‍ പദ്ധതിയെ വിമര്‍ശിച്ചെഴുതുന്നതിന് മുമ്പ് ചെയ്യേണ്ടിയിരുന്നത് ഇത് ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുക എന്നതായിരുന്നു. നമ്മുടെ നിലനിന്നിരുന്ന സംവിധാനത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കാന്‍ കാലതാമസം വരുന്നതു കൊണ്ടാണ് ഇ-ജില്ലാ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. വിവിധ സേവനങ്ങള്‍ക്കായി ജനങ്ങള്‍ വിവിധങ്ങളായ ഓഫീസുകള്‍ കയറിയിറങ്ങുന്നതിന് ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇ-ജില്ലാ പദ്ധതി. എന്നാല്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിക്കെതിരായി പ്രവര്‍ത്തിക്കുന്നത് നിമിത്തം പൊതുജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ അങ്ങയെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസം നേരിട്ടപ്പോള്‍ എന്തു കൊണ്ടാണ് അതിനു വിശദീകരണം തേടാതിരുന്നത്. സേവനാവകാശനിയമം പ്രാബല്യത്തില്‍ വന്നിട്ടുള്ള സംസ്ഥാനമാണ് കേരളം. വില്ലേജോഫീസില്‍ നിന്നും സേവനം ലഭിക്കുവാന്‍ താമസം നേരിട്ടാല്‍ അങ്ങേക്ക് ഉന്നതകേന്ദ്രങ്ങളില്‍ പരാതിപ്പെടാമായിരുന്നു. എന്തായാലും ഓണ്‍ലൈനില്‍ ലഭിച്ച അപേക്ഷ ഓഫീസര്‍ക്ക് പൂഴ്ത്തുവാന്‍ സാധിക്കുകയില്ലല്ലോ. പകരം അങ്ങ് ചെയ്തത് ജോലിചെയ്യാത്ത ഉദ്യോഗസ്ഥനെതിരെ പരാതിപ്പെടാതെ ഒരു സംവിധാനത്തെ ഒന്നാകെ അടച്ചാക്ഷേപിക്കുന്നു. കൂടാതെ മറ്റൊരാവശ്യത്തിനു വേണ്ടി ഓഫീസിലെത്തിയ സാധാരണക്കാരനോട് ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ന്യൂനതയെ ബോധിപ്പിക്കുവാന്‍ കുറേ ചോദ്യങ്ങളും ബ്ലോഗില്‍ ഒരു കഥയും. ഓണ്‍ലൈനില്‍ അപേക്ഷ ലഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ സേവനം ലഭ്യമാക്കുന്ന ഒട്ടനവധി ഓഫീസുകള്‍ കേരളത്തിലുണ്ട് എന്ന് അങ്ങയെ അറിയിക്കട്ടെ.
ReplyDelete"വേണ്ട സമയത്ത് വേണ്ടരീതിയില്‍ പ്രതികരിക്കുക എന്നതാണല്ലോ വിദ്യാസമ്പന്നനെ സാധാരണക്കാരനില്‍ നിന്നും വ്യത്യസ്തനാക്കുന്നത്"
AKN Nair..... ഇ-ജില്ലയെ ഞാൻ ഒരിക്കലും അടച്ചക്ഷേപ്പിക്കുന്നില്ല.പകരം ഇത്തരം സംവിധാനങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുന്ന നമ്മുടെ ഉദ്യോഗസ്ഥരെപറ്റി തന്നെയാണ് പറഞ്ഞത്.അവരെ നന്നാക്കാതെ ഇ-ജില്ല ജനങ്ങൾക്ക് ഒരു ഭാരമായി തന്നെ തുടരും.എന്റെ അനുഭവത്തിന് ശേഷം എന്റെ അയൽവാസിക്കുണ്ടായ അനുഭവവും ഞാൻ പങ്കു വച്ചല്ലോ.ഓഫീസർ മാറിയപ്പോൾ വന്ന മാറ്റമാണ് എനിക്കും ഒരു മാസം മുമ്പത്തെ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.അതിനാൽ സർക്കാർ സേവനങ്ങൾ എല്ലാം ഓൺലൈനിൽ വരാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ.പക്ഷേ അത് ജനങ്ങൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതും ഉദ്യോഗസ്ഥ കെടുകാര്യ്സ്ഥത മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നതും ആകരുത് എന്ന് മാത്രം.തുറന്ന അഭിപ്രായത്തിന് നന്ദി.
ReplyDelete