Pages

Monday, July 14, 2014

കളിയാരവം നിലച്ചപ്പോൾ....

        നിലക്കാത്ത മഴക്ക് അറുതി വന്നിരിക്കുന്നു....ആരവങ്ങൾ നിലച്ച് പോയിരിക്കുന്നു...ഊണിലും ഉറക്കിലും ഫുട്ബാൾ എന്ന മന്ത്രം മാത്രമുണ്ടായിരുന്ന മലപ്പുറത്തിന്റെ മണ്ണ് വീണ്ടും മഴയിൽ കുതിരാൻ പോകുന്നു.അങ്ങകലെ റിയോയിൽ ഫിലിപ്പ് ലാമും സംഘവും ഉയർത്തിയ ലോകകപ്പ് മലപ്പുറത്തുകാർക്ക് അത്ര ഇഷ്ടായില്ല എന്ന് ഉറപ്പ്...കാരണം മലപ്പൊറത്തുകാർക്ക് അല്പം കൂടുതൽ ഇഷ്ടം മെസ്സിയെ ആയിരുന്നു എന്നത് തന്നെ.

“ഒരു ഗോഡ്‌സെ ഞമ്മളെ  ഗാന്ധീനെ കൊന്ന്...ഇപ്പം ബേറെ ഒര് ഗോഡ്‌സെ ഞമ്മളെ അർജന്റീനനിം കൊന്ന്....” ഒരു മലപ്പുറം കാക്കയുടെ പ്രതികരണം ഇങ്ങനെയായാൽ അത്ഭുതപ്പെടാനില്ല.    

              ഏതായാലും ഓർമ്മയിൽ ചില കാഴ്ചകൾ മങ്ങാതെ കിടക്കുന്നു.അല്ലെങ്കിലും ജെയിംസ് റോഡ്രിഗ്സ് എന്ന പുത്തൻ താരത്തെ ആ ഒറ്റ ഹാഫ്‌വോളി ഗോളിലൂടെ ഫുട്ബാൾ പ്രേമികൾ കുറേ കാലം ഓർക്കും എന്ന് തീർച്ച.അതുപോലെ, ഏറെ പ്രതീക്ഷകളോടെ മലപ്പുറം ആർത്ത് വിളിച്ച ഒരു ടീമായിരുന്നു ബ്രസീൽ.എന്നാൽ ജർമ്മനിയുമായുള്ള സെമിഫൈനൽ മത്സരത്തോടെ ബ്രസീൽ അനുയായികൾ എല്ലാം മാളത്തിൽ ഒളിക്കേണ്ടി വന്നു. ഡും ഡും ഡും ഡും എന്ന് നാലെണ്ണം ഒന്നിന് പുറകെ ഒന്നായി വലയിൽ കയറുമ്പോൾ അത് മറ്റേതോ കളിയുടെ റീപ്ലേ ആണെന്ന് പോലും കരുതി.ജർമ്മനി നടത്തിയ ആ വെടിക്കെട്ടും മനസ്സിൽ നിന്ന് ഒരിക്കലും മായില്ല.നെയ്മറുടെ വീഴ്ച ബ്രസീൽ ആരാധകരെ മാത്രമല്ല ലോകത്തിലെ ഫുട്ബാളിനെ സ്നേഹിക്കുന്ന എല്ലാവരിലും വേദന പടർത്തി.കാരണം മികച്ച ഒരു ശൈലി അതോടെ ലോകകപ്പിൽ നിന്നും പുറത്തായി.ക്ലോസെയുടെ ലോകറിക്കാർഡ് പ്രകടനവും സുവാരസിന്റെ കടിയും ഈ ലോകകപ്പ് മറക്കാത്ത രണ്ട് സംഭവങ്ങളാണ്.ബഴ്സലോണ ക്ലബ്ബിൽ നടത്തുന്ന പ്രകടനത്തിന്റെ അയലത്ത് എത്തിയില്ല എങ്കിലും ടീമിനെ സ്വന്തം തോളിൽ ഫൈനൽ വരെ എത്തിച്ച ലയണൽ മെസ്സി ഗോൾഡൻ ബാൾ സ്വീകരിക്കുമ്പോഴും ദു:ഖിതനായി ഗൌരവത്തോടെ നിന്നത് സോക്കർ പ്രേമികൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തീർച്ച.      

           അതിര് കടന്ന ആവേശം ഒരു ടീമിനെ പിന്തുണക്കാനും ഞാൻ കാണിക്കാറില്ല.യൂറോപ്പിൽ നിന്നും ഉയർന്നു വരുന്ന ഒരു പുതിയ ടീം എന്ന നിലക്കും ലോക ഫുട്ബാളിലെ താരരാജാക്കൾ മുഴുവൻ മാറ്റുരക്കുന്ന ഫുട്ബാൾ  ലീഗ് മത്സരം നടക്കുന്ന രാജ്യം എന്ന നിലക്കും ദക്ഷിണാഫ്രിക്ക ലോകകപ്പിൽ എന്റെ ടീമായി ഞാൻ സ്പെയിനിനെ തെരഞ്ഞെടുത്തു.ആദ്യ കളി തോറ്റെങ്കിലും അവർ അവസാനം ചാമ്പ്യന്മാരായി.ഇത്തവണ അതേ ടീമിനെയുമായി സ്പെയിൻ ബ്രസീലിലേക്ക് വിമാനം കയറിയപ്പോൾ ഞാൻ അവരെ കൈവിട്ടു. സൂപ്പർ താരങ്ങളില്ലാതെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ജർമ്മനിയെ ആയിരുന്നു പകരം പിന്താങ്ങിയത്.ഇത്തവണ അർഹിച്ച പോലെ  ജർമ്മനി ചാമ്പ്യൻ പട്ടം നേടുകയും ചെയ്തു.

              ബ്രസീൽ ഫുട്ബാളിന്റെ തറവാട് ആണെങ്കിൽ മലപ്പുറം ആ തറവാടിന്റെ കാരണവർ ആണെന്ന് പറയാൻ മടിക്കാത്തവരാണ് മലപ്പുറത്തുകാർ.മറക്കാനയിലെ ഫൈനൽ വിസിൽ അവരുടെ നാല്  കൊല്ലത്തെ കാത്തിരിപ്പിന്റെയും ഫൈനൽ വിസിലാണ്. ഇനി  റഷ്യയിൽ നാല് വർഷം കഴിഞ്ഞ് പന്തുരുളുമ്പോൾ മലപ്പുറം വീണ്ടും ആവേശത്തിന്റെ കൊടുമുടി കയറും.പുതിയ ഫുട്ബാൾ രാജാക്കന്മാർക്കായി മലപ്പുറം വീണ്ടും ആർത്ത് വിളിക്കും.പുത്തൻ സാങ്കേതികതയുടെ പുതുരൂപങ്ങൾ വിവിധ രാജ്യങ്ങൾക്കായി മലപ്പുറം മക്കൾ തെരുവിൽ ഇറക്കും...അതിനാൽ തന്നെ കാല്പന്ത് കളിയുടെ ഭ്രാന്തന്മാർ എന്ന വിശേഷണം മലപ്പുറം മക്കൾക്ക് പ്രിയപ്പെട്ടതാണ്.അപ്പോൾ കളിയാരവം നിലക്കുന്നത് മലപ്പുറത്തുകാർക്ക് ഹൃദയസ്പന്ദനം നിലക്കുന്നതിന് തുല്യമായിരിക്കും എന്ന് തീർച്ച.  

3 comments:

  1. “ഒരു ഗോഡ്‌സെ ഞമ്മളെ ഗാന്ധീനെ കൊന്ന്...ഇപ്പം ബേറെ ഒര് ഗോഡ്‌സെ ഞമ്മളെ അർജന്റീനനിം കൊന്ന്....” ഒരു മലപ്പുറം കാക്കയുടെ പ്രതികരണം

    ReplyDelete
  2. അങ്ങനെ ഫുട് ബോള്‍ ആരവം ഒതുങ്ങി.
    ഇനി അടുത്ത വിഷയത്തിലെയ്ക്ക്!

    ReplyDelete
  3. ഉറക്കം നഷ്ടപ്പെട്ട പാതിരകള്‍ക്ക് അന്ത്യമായി..
    ആശംസകള്‍

    ReplyDelete

നന്ദി....വീണ്ടും വരിക