റമളാൻ മാസത്തിലെ അവസാനത്തെ
പത്തിലെ ഒറ്റയിട്ട രാവുകൾ മുസ്ലിംകൾക്ക് ഏറെ പുണ്യമുള്ളതാണ്.ലൈലത്തുൽ ഖദ്‌ർ എന്ന ആയിരം
മാസത്തേക്കാൾ പുണ്യമുള്ള ഒരു പ്രത്യേകദിനം ഈ ഒറ്റയിട്ട രാവുകളിൽ ഏതിലോ ഒന്നായിരിക്കും
എന്നതിനാൽ വിശ്വാസികൾ ആരാധനാകർമ്മങ്ങളും ദാനധർമ്മങ്ങളും മറ്റും എല്ലാം അധികരിപ്പിക്കുന്ന
കാലം കൂടിയാണ് അവസാനത്തെ പത്ത്. അതിൽ തന്നെ ഇരുപത്തിയേഴാം രാവിൽ ആണ് ലൈലത്തുൽ ഖദ്‌ർ
എന്ന് ഒരു വിഭാഗം മുസ്ലിംകൾ വിശ്വസിക്കുന്നതിനാൽ അന്ന് പ്രത്യേക പ്രാർത്ഥനാ സദസ്സും
സകാത്ത് വിതരണവും നടത്തുന്ന ഒരു സമ്പ്രദായവും കേരളമുസ്ലിംകൾക്കിടയിൽ ഉണ്ട്.
1987ലെയോ 88 ലെയോ റമളാൻ
വ്രതമാസക്കാലം.ഞാൻ അന്ന് പ്രീഡിഗ്രിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പഠിക്കുന്നു.ഞങ്ങൾ
അഞ്ചാറ് അരീക്കോട്ടുകാരും പിന്നെ കുറേ കോഴിക്കോട്ടുകാരും ആണ് ഹോസ്റ്റൽ അന്തേവാസികൾ
ആയി ഉള്ളത്.വീട്ടിൽ നിന്നും വിട്ടു നിന്നുള്ള ആദ്യത്തെ റമളാൻ കൂടി ആയിരുന്നു അത്.വ്രതവും
കൂട്ടനമസ്കാരവും തറാവീഹ് നമസ്കാരവും എല്ലാം നേരത്തെ ജീവിതത്തിന്റെ ഭാഗമായതിനാൽ, ആരും
നിയന്ത്രിക്കാനോ നിർദ്ദേശിക്കാനോ ഇല്ലെങ്കിലും ഞങ്ങൾ പലരും അത് തടവില്ലാതെ അന്നും തുടർന്നു
പോന്നു.
റമളാൻ എന്ന പുണ്യമാസത്തെ
തുടർന്നുള്ള പെരുന്നാൾ ആഘോഷവും മറ്റും മനസ്സിൽ വച്ചു കൊണ്ടാണോ എന്നറിയില്ല റമളാനിന്റെ
തൊട്ടു മുമ്പാണ് 1921 എന്ന സൂപ്പർഹിറ്റ് ചലചിത്രം റിലീസ് ചെയ്തത്.ഞങ്ങളിൽ പലരും അന്നത്
റിലീസ് ചെയ്ത കോഴിക്കോട് അപ്സര തിയേറ്ററിൽ പോയി തന്നെ കാണുകയും ചെയ്തു. നാട്ടിൻപുറങ്ങളിലെ
തിയേറ്ററുകളിൽ ഇത്തരം സൂപ്പർഹിറ്റുകൾ എത്തുന്നത് പലപ്പോഴും പെരുന്നാളിനോ ഓണത്തിനോ വിഷുവിനോ ക്രിസ്തുമസിനോ ഒക്കെ ആയിരിക്കും.അങ്ങനെ പെരുന്നാൾ അടുപ്പിച്ച് , 1921 സംഭവത്തിന്റെ സിരാകേന്ദ്രമായ
തിരൂരങ്ങാടിക്ക് ഏറ്റവും അടുത്ത സിനിമാതിയേറ്റർ ആയ ചെമ്മാട് ദർശനയിൽ 1921 എന്ന സിനിമ
പ്രദർശനത്തിനെത്തി.
കോഴിക്കോട് നിന്നും ഒരു
തവണ കണ്ടെങ്കിലും ഹോസ്റ്റലിലെ മമ്മൂട്ടി ഫാൻസ് ആയ ചിലർക്ക് സിനിമ വീണ്ടും കാണാൻ ഒരു
മോഹം.നോമ്പ് ആയതിനാൽ ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകാൻ വയ്യ.കാരണം നോമ്പ് എടുത്ത്കൊണ്ട്
സിനിമ കാണൽ ഹറാമാണ് (അല്ലാതെ കാണുന്നതും മുസ്ലിംകളെ സംബന്ധിച്ച് തെറ്റാണ്).അപ്പോൾ പിന്നെ
ഫസ്റ്റ് ഷോക്കോ സെക്കന്റ് ഷോക്കോ പോകണം.ഫസ്റ്റ് ഷോക്ക് പോയാൽ നോമ്പ് തുറക്കുന്ന സമയത്തെ
മഅ്‌രിബ് നമസ്കാരവും ഭക്ഷണവും പോകും.അപ്പോൾ അതും പറ്റില്ല.സെക്കണ്ട് ഷോക്ക് പോകണമെങ്കിൽ
വാർഡൻ കാണാതെയും അറിയാതെയും പോകണം എന്ന് മാത്രമല്ല രാത്രി തിരിച്ചെത്തുമ്പോൾ വാർഡൻ
അറിയാതെ ഗേറ്റ് തുറന്നോ കോണികൂട്ടിലെ ഓപൺ വിൻഡൊയിലൂടെ ചാടിക്കയറിയോ അകത്ത് കയറണം. പെരുന്നാൾ
അവധി കഴിഞ്ഞിട്ട് കാണാം എന്നു വച്ചാൽ അപ്പോഴേക്കും പടം മാറിയാലോ എന്ന ഭയം വേറെയും.
അങ്ങനെ എല്ലാ നിലക്കും പ്രശ്നങ്ങൾ നിരവധി.
അങ്ങനെ മമ്മൂട്ടി ഫാൻസ്
കൂനിന്മേൽ മുള്ള് കയറി ഇരിക്കുമ്പോഴാണ് ഇരുപത്തിയേഴാം രാവ് എന്ന അനുഗ്രഹീത ദിനം കടന്ന്
വരുന്നത്.എന്തോ ആവശ്യത്തിന് വാർഡൻ അന്ന് സ്ഥലം വിടുകയും ചെയ്തു. തിമർത്ത് പെയ്യുന്ന
മഴ അത് അനുഗ്രഹീത രാവ് തന്നെയാണെന്ന് ആണയിട്ട് ഉറപ്പിച്ചു.പക്ഷേ 1921 കാണാൻ ഇതിലും
നല്ലൊരു ചാൻസ് ഇനി വരാനില്ല എന്ന് മമ്മൂട്ടി ഫാൻസ് ഹോസ്റ്റലിലെ സർവ്വരേയും ധരിപ്പിച്ചു.ഒരു
പക്ഷേ മാറി നിൽക്കാൻ സാധ്യതയുള്ള എന്നെ അവർ അവസാനമാണ് സമീപിച്ചത്.നോമ്പ് തുറന്ന ശേഷം
ചിലർ എന്റെ അടുത്തെത്തി.
“ഇന്ന് വാർഡൻ സ്ഥലത്തില്ല….” അവർ ആമുഖമായി തുടങ്ങി.
“ങാ…എവിടെയെങ്കിലും പ്രഭാഷണം കാണും…” ഞാനും
പറഞ്ഞു.
“അപ്പോൾ നമുക്കും നേരത്തെ
പോകാം…”
“ഇത്ര നേരത്തെ പോകേണ്ടതില്ല…..ഇഷാ ബാങ്ക് കൊടുത്തോട്ടെ….” തറാവീഹ് നമസ്കാരത്തിന്ന് പോകുന്ന കാര്യമാണ് പറയുന്നത്
എന്ന് കരുതി ഞാൻ പറഞ്ഞു.
“ഒന്ന് പോടാ മുത്തഖീ….തിയേറ്ററിൽ പോകാനും ബാങ്ക് കൊടുക്കുകയോ…?”
“ങേ!!!“ ഞാൻ ഞെട്ടി.”ഇന്ന്
ഇരുപത്തിയേഴാം രാവ് ആണ്….നല്ല മഴ ഈ രാവിന്റെ അനുഗ്രഹം വിളിച്ചോതുന്നുമുണ്ട്….”
“അതിനെന്താ…നമ്മൾ കാണാൻ പോകുന്നത് മാപ്പിള ചരിത്ര സിനിമ 1921 ആണ്…സിൽക്കിന്റെ മറ്റേ പടമല്ല…”
“എന്നു വച്ച്..?”
“ബിസ്മിം ചൊല്ലി നിയ്യത്തും
വച്ച് കണ്ടാൽ ആയിരം മാസം 1921 കണ്ട പുണ്യം കിട്ടും !!!!നീ വരുന്നുണ്ടെങ്കിൽ വാ…ഞങ്ങൾ എല്ലാരും ഇറങ്ങാണ്…“
എന്റെ വിശ്വാസവും എന്റെ
മാതാപിതാക്കളുടെ ശിക്ഷണവും ആ കൂട്ടത്തിൽ കൂടാൻ എന്നെ അനുവദിച്ചില്ല. അന്ന് അവിടെ സന്നിഹിതരായിരുന്ന എന്റെ എല്ലാ സഹപാഠികളും ആ അനുഗ്രഹീത രാത്രിയിൽ സിനിമ കാണാൻ പോയി.
തറാവീഹ് നമസ്കാരത്തിനായി ഞാൻ തൊട്ടടുത്ത പള്ളിയിലേക്കും നീങ്ങി.
“ബിസ്മിം ചൊല്ലി നിയ്യത്തും വച്ച് കണ്ടാൽ ആയിരം മാസം 1921 കണ്ട പുണ്യം കിട്ടും !!!!നീ വരുന്നുണ്ടെങ്കിൽ വാ…ഞങ്ങൾ എല്ലാരും ഇറങ്ങാണ്…“
ReplyDeleteഹും ഹും അപ്പോള്‍ മാഷ് വിജാരിച്ചത് പോലെയായിരുന്നില്ല അന്തകാലത്ത് അല്ലെ :)
ReplyDeleteaayiram masam 1921 kanda punyam.. :D :D.. kalanjille.. !!
ReplyDeleteചെറുപ്പത്തിലെ ഉഷാറായിരുന്നു
ReplyDelete