ആ കേസ് ഇന്നായിരുന്നു
(12/2/2015ന്) ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഹിയറിംഗിന് വിളിച്ചത്.രാവിലെ 10.30ന്
ഹാജരാകാൻ പറഞ്ഞതിനാൽ ഞാൻ കൃത്യസമയത്ത് തന്നെ കോടതിയിൽ എത്തി.കോടതി സമ്മേളിച്ചത് 11
മണിക്കായിരുന്നു.വിവിധ കേസുകൾ വിളിക്കുന്നതും അതിൽ എതിർകക്ഷികൾക്ക് വേണ്ടി വാദിക്കാനായി
അഭിഭാഷകർ എണീറ്റ് നിൽക്കുന്നതും കണ്ടപ്പോൾ എന്റെ കേസിലും എനിക്കെതിരെ ഏതെങ്കിലും കറുത്ത
ഗൌണുകാരൻ എണീക്കുമോ എന്ന് എനിക്ക് ആശങ്കയുണ്ടായി.എന്നാൽ വീട്ടമ്മമാർ അടക്കമുള്ള സാധാരണ ജനങ്ങൾ ഒരു ടെൻഷനുമില്ലാതെ
ജഡ്ജിക്ക് മുമ്പിൽ തങ്ങൾക്ക് പറയാനുള്ളത് അവതരിപ്പിക്കുന്നത് എന്റെ ആശങ്ക അകറ്റി.സരസമായി
കാര്യങ്ങൾ പറഞ്ഞും ഒത്തുതീർപ്പാക്കാൻ സാധിക്കുന്നത് അപ്പോൾ തന്നെ ഒത്തുതീർപ്പാക്കിയും
ആ കോടതിയിലെ താരമായി ജഡ്ജി ഉയർന്ന് നിന്നു.മുൻ കോടതി അനുഭവത്തിൽ നിന്നും വിഭിന്നമായി
കുറേ തമാശ സ്കിറ്റുകൾ കാണുന്ന ഒരു പ്രതീതിയാണ്
എനിക്കുണ്ടായത്.
സി.സി 444/2014 ആബിദ്
തറവട്ടത്ത് വേഴ്സസ് മോഹിത് ശ്രീവാസ്തവ് – ഏകദേശം പതിനൊന്നരക്ക് എന്റെ കേസ് വിളിച്ചു.
പരാതിക്കാരനായി ഞാൻ എണീറ്റ് ചുറ്റും നോക്കിയെങ്കിലും എതിരെ ആരും എണീറ്റ് കണ്ടില്ല.പക്ഷേ
അല്പം മുമ്പ് വിളിച്ച ഒരു കേസിലെപ്പോലെ, എന്റെ കേസിലും, കോടതിയിൽ നിന്നും അയച്ച കത്ത്
മേൽവിലാസക്കാരനെ കാണാനാകാതെ തിരിച്ചു പോന്നിരിക്കുന്നു. തിരിച്ചയക്കാനുള്ള കാരണം കത്തിൽ
എഴുതിയത് ഹിന്ദിയിൽ ആയതിനാൽ, വക്കീൽമാരിൽ ആർക്കെങ്കിലും ഹിന്ദി അറിയുമോ എന്ന് ജഡ്ജി
ചോദിച്ചു.സ്ത്രീകൾ അടക്കം ആറോ ഏഴോ വക്കീലന്മാർ ഉണ്ടായിരുന്നെങ്കിലും ആരും ആ ചോദ്യത്തിന്
മറുപടി പറഞ്ഞില്ല!
“നിങ്ങൾക്ക്
ഹിന്ദി അറിയോ?” ജഡ്ജി എന്നോട് ചോദിച്ചു.
“അതേ...”
ഞാൻ ഉത്തരം പറഞ്ഞു.
“എന്നിട്ടാണോ....ഇതാ
ഇതൊന്ന് വായിച്ചു നോക്കൂ....” മടങ്ങിയ കത്ത് എന്റെ നേരെ നീട്ടി അദ്ദേഹം പറഞ്ഞു.ഞാൻ
അത് വാങ്ങി വായിക്കാൻ ശ്രമിച്ചെങ്കിലും അത് ഞാൻ പഠിച്ച ഹിന്ദി അക്ഷരങ്ങൾ അല്ല എന്ന്
തോന്നി.
“സാർ...ഇത്
ഹിന്ദി അല്ല..” ഞാൻ പറഞ്ഞു.
“ഉത്തർപ്രദേശ്
എന്നാൽ ഡൽഹിക്ക് അടുത്തല്ലേ?” ജഡ്ജി എന്നോട് ചോദിച്ചു.
“അതേ...”
“അപ്പോൾ
അവിടെ ഹിന്ദി തന്നെ ആയിരിക്കണമല്ലോ ഭാഷ...”
“സാർ...ഇത്
ലക്നോവിലാണ്... ഭോജ്പുരി പോലെയുള്ള പ്രാദേശിക ഭാഷകൾ ഉണ്ടാകാൻ സാധ്യതയുണ്ട്...” ഞാൻ
പറഞ്ഞു.
“ഓ.കെ...നിങ്ങൾ
ഇ-മെയിൽ വഴി ബന്ധപ്പെട്ട് നോക്കിയിരുന്നോ?”
“
അതേ സാർ...ഇതാ ഇതെല്ലാം ഞാൻ അയച്ച മെയിലുകൾ ആണ്.പക്ഷേ അവ എല്ലാം ബൌൺസ് ആകുന്നു...”
പ്രിന്റ് ഔട്ട് എടുത്ത ഇ-മെയിലുകൾ കാണിച്ച് ഞാൻ പറഞ്ഞു.
“ഹിന്ദിയിൽ
ആ എഴുതിയത് ഒരു പക്ഷേ ആൾ മരിച്ചു എന്നാകാം...അപ്പോൾ പിന്നെ കത്ത് കൊടുക്കാൻ പറ്റില്ലല്ലോ...”
“സാർ...രണ്ട്
തവണ കൊറിയർ ചെയ്തു എന്ന് പറഞ്ഞ് അവർ എനിക്ക് ഡോക്കറ്റ് നമ്പർ തന്നതാണ്...പക്ഷേ അവ വ്യാജമായിരുന്നു....”
ചിരി അടക്കിപ്പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“
ഏതായാലും ഇത് ഒന്ന് കൂടി അയച്ചു നോക്കാം...അതിനിടക്ക് നിങ്ങൾക്ക് പുതിയ വല്ല അഡ്രസും
കിട്ടുകയാണെങ്കിൽ അതും കൂടി അറിയിച്ചു തരിക...ഇനിയും കത്ത് തിരിച്ചുവരികയാണെങ്കിൽ ഏകപക്ഷീയമായി
ഒരു തീരുമാനം എടുക്കാം...കേസ് 28/3/2015 ലേക്ക് മാറ്റി വയ്ക്കുന്നു...തീയതി കുറിച്ചു
വച്ചോളൂ...“
“ശരി
സാർ..താങ്ക് യൂ....”
സത്യത്തിൽ
ഒരു കോടതിയിൽ ജഡ്ജിക്ക് മുമ്പിൽ ഇത്രയും പറഞ്ഞത് ഞാൻ തന്നെയോ എന്ന് എനിക്ക് സംശയം തോന്നി.
അവിടെ കൂടി നിന്ന വക്കീലുമാരും പോലീസും കോടതി ജീവനക്കാരും പൊതുജനങ്ങളും അടക്കമുള്ള
അമ്പതോളം ആൾക്കാരുടെ മുന്നിൽ ഒരു പരിഭ്രമവും ഇല്ലാതെ എന്റെ വാദങ്ങളും തെളിവുകളും നിരത്താൻ
എന്നെ സഹായിച്ചത് അത്രയും നേരം ആ കോടതി നടപടികൾ വീക്ഷിച്ചതിലൂടെ കിട്ടിയ ഊർജ്ജമായിരുന്നു.
ഉപഭോക്തൃകോടതിയിൽ വാദിക്കാൻ വക്കീലിന്റെ ആവശ്യമില്ല എന്ന് ഇടക്കിടെ ജഡ്ജി ഓർമ്മിപ്പിച്ചതും
അദ്ദേഹത്തിന്റെ സരസമായ ഇടപെടലുകളും തന്നെയായിരുന്നു എന്റെ ഊർജ്ജം.ഇന്ന് ഇവിടെ കേട്ട
പല കേസുകളും നിത്യജീവിതത്തിൽ പലരും അനുഭവിക്കുന്നവയാണ്.പക്ഷേ പൊതുജനങ്ങളിൽ പലരും പലതരം
പേടി കാരണം പുറത്ത് പറയുന്നില്ല എന്ന് മാത്രം.
ന്യായാധിപന് മുമ്പിൽ ഞാൻ ചിരി തൂകി നിന്നു !ഈ കോടതിയിൽ അങ്ങനെയാ !!
ReplyDeleteഇല്ല ഇല്ല... അത് ഞാൻ സമ്മതിക്കില്ല മാഷേ... ആ ഊർജ്ജം കിട്ടിയത് നിരന്തരമായ ബൂലോഗ സമ്പർക്കം കൊണ്ടാണ്... ഞങ്ങൾ ബ്ലോഗേഴ്സുമായുള്ള സമ്പർക്കം കൊണ്ട് മാത്രമാണ്... :)
ReplyDeleteഊര്‍ജ്ജം വരുന്ന വഴി.....
ReplyDeleteആശംസകള്‍
ഉപഭോക്തൃകോടതിയിൽ വാദിക്കാൻ വക്കീലിന്റെ ആവശ്യമില്ല എന്ന് ഇടക്കിടെ ജഡ്ജി ഓർമ്മിപ്പിച്ചതും അദ്ദേഹത്തിന്റെ സരസമായ ഇടപെടലുകളും തന്നെയായിരുന്നു എന്റെ ഊർജ്ജം.ഇന്ന് ഇവിടെ കേട്ട പല കേസുകളും നിത്യജീവിതത്തിൽ പലരും അനുഭവിക്കുന്നവയാണ്.പക്ഷേ പൊതുജനങ്ങളിൽ പലരും പലതരം പേടി കാരണം പുറത്ത് പറയുന്നില്ല എന്ന് മാത്രം.
ReplyDelete