Pages

Friday, May 22, 2015

പൂന്തോട്ട നഗരത്തിലേക്ക് – 1

ഡൽഹിയും ആഗ്രയും കന്യാകുമാരിയും മൈസൂരും രണ്ട് തവണയും ചെന്നൈ, ഹൈദരാബാദ്,ഊട്ടി, കുടക്, ഷിമോഗ (ജോഗ്)  എന്നിവ ഓരോ തവണയും കേരളത്തിലെ പല ടൂറിസം പോയിന്റുകളും പല തവണയും കുടുംബസമേതം സന്ദർശിച്ചിട്ടുണ്ട്.അപ്പോഴും ഇന്ത്യയുടെ പൂന്തോട്ടനഗരമായ ബാംഗ്ലൂർ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു നല്ല പാതിയുടെ പരാതി. അങ്ങനെ ഈ വെക്കേഷനിൽ പ്ലാൻ ചെയ്തത് ലക്ഷദ്വീപിലേക്കും എത്തിയത് ബാംഗ്ലൂരിലും ആയിരുന്നു.മഹാനഗരത്തിൽ പ്രീഡിഗ്രി സുഹൃത്ത് അഷ്‌റഫ് ഒറ്റക്ക് ഫ്ലാറ്റിൽ താമസിച്ച് വരുന്നതിനാൽ താമസസൌകര്യം അവൻ ഏറ്റെടുത്തു.

അതിരാവിലെ നാട്ടിൽ നിന്നും മൈസൂരിലേക്ക് ബസ് കയറിയതോടെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. അഞ്ച് വർഷം സേവനമനുഷ്ടിച്ച വയനാടിന്റെ പ്രവേശനദ്വാരമായ ലക്കിടി വ്യൂപോയന്റിൽ വന്ന മാറ്റങ്ങൾ ദർശിച്ച് വയനാട്ടിലേക്ക് കയറി.കല്പറ്റയും ബത്തേരിയും മുത്തങ്ങയും പിന്നിട്ട് കാട്ടിലൂടെ യാത്ര തുടങ്ങിയപ്പോൾ മുതൽ ഞങ്ങളുടെ കണ്ണുകൾ സൂക്ഷ്മാലുക്കളായി.



നേരം വെളുത്തെങ്കിലും വന്യമൃഗങ്ങളെ കാണാൻ സാധ്യത നിലനിൽക്കുന്നുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല , റോഡരികിൽ കുരങ്ങുകൾക്ക് പുറമെ മാൻ‌കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു.ഒരു വളവ്തിരിഞ്ഞതും എതിരെ വരുന്ന കാറ് സ്ലോ ആക്കിയത് ശ്രദ്ധയിൽ പെട്ടു.അപ്പോഴാണ് വലതുഭാഗത്ത് റോഡിലേക്ക് കയറാൻ ശ്രമിക്കുന്ന കാട്ടാനയെ കണ്ടത്.വയനാട് താമസിക്കുന്ന സമയത്ത് കാട്ടിൽ പോയപ്പോഴൊന്നും കാണാത്ത ആ കാഴ്ച കുടുംബത്തിന് വിരുന്നായി(ഒരു തവണ ആന ഓടിച്ച സംഭവവും മറ്റൊരു തവണ ഡ്രൈവിംഗ് പഠിക്കുന്ന സമയത്ത് ആന റോഡ് സൈഡിൽ വന്നതും മൂന്നാമതൊരു തവണ എൻ.എസ്.എസ് വളണ്ടിയർമാരേയും കൊണ്ട് കാട്ടിനകത്ത് ആനക്കൂട്ടത്തിന്റെ മുമ്പിൽ പെട്ടതും കാരണം ഈ കാഴ്ചയിൽ എനിക്ക് പുതുമ തോന്നിയില്ല).പകൽ സമയമായിട്ടും വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തുന്നതിനാൽ ഈ റൂട്ടിലെ രാത്രിയാത്രാ നിരോധനത്തിന്റെ ആവശ്യകത (സർക്കാർ പറയുന്നത് യഥാർത്ഥമാണെങ്കിൽ) മനസ്സിലാക്കാൻ ഈ കാഴ്ച ഉപകാരപ്പെട്ടു.

കാടിന്റെ അതിർത്തി കഴിഞ്ഞതും ഗുണ്ടൽ‌പ്പേട്ടിലെ കൃഷിഭൂമിയിലൂടെയായി യാത്ര.റോഡ് വീതികൂട്ടുന്നത് കാരണം ഇരു ഭാഗത്തുമുള്ള മരങ്ങൾ വെട്ടി നീക്കം ചെയ്തിരുന്നതിനാൽ പഴയ മൈസൂർ യാത്രയുടെ ശീതളിമ മുഴുവൻ നഷ്ടമായിരുന്നു.മാത്രമല്ല റോഡ് പല സ്ഥലങ്ങളിലും ഡൈവർട്ട് ചെയ്തിരുന്നതിനാൽ കുത്തിക്കുലുങ്ങിയായിരുന്നു യാത്ര.മുൻ യാത്രകളിലെല്ലാം പച്ചപിടിച്ച് നിന്നിരുന്ന സ്ഥലങ്ങൾ ഇപ്പോൾ കാട് കയറിയതിന്റെ രഹസ്യം അറിയാതെ നിൽക്കുമ്പോഴാണ് സഹയാത്രികൻ അതിന്റെ ചുരുളഴിച്ചത് - കിലോക്ക് ഒരു രൂപ നിരക്കിൽ ജനങ്ങൾക്ക് പ്രതിമാസം 35 കിലോ അരി കിട്ടും.പണിക്കാണെങ്കിൽ കൂലി വളരെ കുറവും.അതിനാൽ നല്ല കൂലി കിട്ടുന്ന കേരളത്തിലേക്ക് പോവുകയാണ് എല്ലാവരും. ഓണം സീസണായാൽ അതേ സ്ഥലത്ത് മുഴുവൻ പൂക്കൾ നിറയും എന്നദ്ദേഹം പറഞ്ഞപ്പോൾ സർക്കാറിന്റെ ചില നയങ്ങൾ വരുത്തിവയ്ക്കുന്ന അപ്രതീക്ഷിത തിരിച്ചടികൾ ഓർത്തുപോയി ( തൊഴിലുറപ്പ് പദ്ധതി വന്നതോടെയാണ് നമ്മുടെ നാട്ടിൽ പല പണിക്കും ആളെ കിട്ടാതായത് എന്ന് എല്ലാവരും പറയുന്നതാണല്ലോ?).

കർണ്ണാടകയിലെ കണ്ടക്ടർമാരുടെ ‘സ്വഭാവഗുണങ്ങളെ’പ്പറ്റിയും സഹയാത്രികൻ പറഞ്ഞ് തന്നു.അവരെ അപേക്ഷിച്ച് കേരള കണ്ടക്ടർമാർ എത്രയൊ മെച്ചപ്പെട്ടവരാണെന്ന് ആ മൈസൂർ സ്വദേശി പറഞ്ഞപ്പോൾ അച്ഛനെ നന്നാക്കിയ മകന്റെ കഥയാണ് ഓർത്തത്.

ഗുണ്ടൽ‌പ്പേട്ട ടൌൺ കഴിഞ്ഞ് ഒരു ‘കേരള സ്റ്റയിൽ’ ഹോട്ടലിന്റെ മുമ്പിൽ ബസ് നിർത്തി.അവിടെയും സഹയാത്രികൻ എനിക്ക് ഒരു ഉപദേശം നൽകി – ഹോട്ടലിൽ ഒരു ചായക്ക് 10 രൂപയാകും.അതിലും രുചിയേറിയ ചായ 5 രൂപക്ക് റോഡ് സൈഡിലെ കടകളിൽ നിന്ന് കിട്ടും!പക്ഷെ കുടുംബം കൂടെയുള്ളതിനാൽ എനിക്ക് ഹോട്ടലിൽ കയറുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ.

ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ഞങ്ങൾ മൈസൂർ സ്റ്റാന്റിൽ ബസ്സിറങ്ങി.നേരെ പാലസിലേക്ക് ഓട്ടോ പിടിച്ചു.സ്റ്റാന്റിൽ നിന്നും നടക്കാവുന്ന ദൂരത്തിലാണ് പാലസിന്റെ ഒരു ഗേറ്റ്.പക്ഷെ എൻ‌ട്രി ഗേറ്റിലെത്താൻ ഓട്ടോയിൽ പോകുന്നതാണ് നല്ലത് – ചാർജ്ജ് 50 രൂപ (അഥവാ തോന്നിയപോലെ)

ടൂറിസത്തിലൂടെ കാശ് വാരുന്നത് എങ്ങനെ എന്ന് ഡമോൺസ്ട്രേറ്റ് ചെയ്യുന്ന വിധത്തിലാണ് കർണ്ണാടകയിലെ വിവിധ സ്ഥലങ്ങളിലെ എൻ‌ട്രി ഫീസ്.ഒരാൾക്ക് 40 രൂപയാണ് പാലസിലെ ഇപ്പോഴത്തെ പ്രവേശന ഫീസ്.10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൌജന്യമാണ്. പാലസിനകത്ത് ഫോട്ടോഗ്രഫി നിരോധിച്ചതിനാൽ ക്യാമറക്ക് പ്രത്യേകം ചാർജ്ജില്ല.



ടിക്കറ്റെടുത്ത് അകത്ത് കയറിയപ്പോഴാണ് പെട്ടെന്ന് ആരോ എന്നെ പേരെടുത്ത് വിളിച്ചത്. അമ്മാവന്റെ മക്കളായ ഫിറൊസിന്റേയും ദിലീപിന്റേയും കുട്ടിക്കാലത്തെ ഉറ്റ സുഹൃത്തായിരുന്ന സബക്കും കുടുംബവും ആയിരുന്നു അത്.അവർ തലേ ദിവസം മുതലേ വിവിധ മൈസൂർ കാഴ്ചകൾ ആസ്വദിച്ച് വരികയായിരുന്നു.മൃഗശാലയിൽ ഇപ്പോൾ എൻ‌ട്രി ഫീസ് 50 രൂപയായതായി അവനിലൂടെ അറിഞ്ഞു.കഴിഞ്ഞ വർഷം എൻ‌ട്രി ഫീസ് 40 രൂപയായിരുന്നു.

കൊട്ടാരത്തിലേക്ക് പ്രവേശിക്കാൻ ചെരിപ്പൂരി പുറത്ത് വയ്ക്കണം. ചെരിപ്പ് സൂക്ഷിക്കാൻ അവിടെ ആളുകളുണ്ട്. ഫ്രീ സർവീസ് എന്ന ബോർഡ് തൂങ്ങുന്നുണ്ടെങ്കിലും ചെരിപ്പ് തിരിച്ച് വാങ്ങാൻ ചെല്ലുമ്പോൾ അവരുടെ കൈവിരലുകൾ ചില ആംഗ്യങ്ങൾ കാണിക്കും , ഒപ്പം ചുണ്ടിൽ  നിന്നൊരു മന്ത്രണവും – സർ ടിപ്പ്!

ചെരിപ്പ് അവിടെ ഏല്പിച്ച് അല്പം കൂടി മുന്നോട്ട് എത്തിയ് ശേഷമാണ് ടിക്കറ്റ് പരിശോധന !അതായത് മെയിൻ ഗേറ്റും കഴിഞ്ഞ് കൊട്ടാരത്തിന് പുറത്തെല്ലാം അലഞ്ഞ് തിരിഞ്ഞ് അകത്തേക്ക് കയറുമ്പോൾ മാത്രം.അതിനാൽ നേരത്തെ എടുത്ത ടിക്കറ്റ് കയ്യിൽ തന്നെ ഉണ്ടായിരിക്കണം(സബക് മെയിൻ ഗേറ്റ് കടന്നപ്പോൾ തന്നെ ടിക്കറ്റ് എറിഞ്ഞിരുന്നു പോലും.അവന്റെ ഭാര്യ അത് വീണ്ടും എടുത്ത് പിടിച്ചതിനാൽ പാലസിൽ കയറാനായി!)

കൊട്ടാരത്തിനകത്തെ ദിവാനിഖാസും ദർബാർഹാളും അന്ത:പുരവാസികളുടെ സ്വകാര്യമുറികളും കൊത്തുപണികളും കണ്ട് നടക്കുന്നതിനിടെ ചെറിയ മോളാടായി ഞാൻ പറഞ്ഞു – 
“ഇത് രാജാവിന്റെ വീടാണ് ട്ടോ..”
“അപ്പോൾ രാജാവ് എവിടെയാ ഇരിക്കുന്നത്?” കഥയിൽ മാത്രം കേട്ട് പരിചയമുള്ള രാജാവിനേയും അദ്ദേഹത്തിന്റെ വീടിനെപറ്റിയും കേട്ട ഉടനെ മോളുടെ മറുചോദ്യം ! സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിന്റെ രൂപം കാണിച്ച് തൽക്കാലം രക്ഷപ്പെടാൻ നോക്കിയപ്പോൾ അടുത്ത കമന്റ് വന്നു – “ജീവനില്ലാത്ത രാജാവാണല്ലേ?”

          പാലസ് കണ്ട് പുറത്തിറങ്ങിയാൽ പിന്നിൽ തന്നെ മറ്റൊരു പാലസ് കൂടിയുണ്ട്.അത് കാണാൻ 35 രൂപയുടെ ടിക്കറ്റ് വേറെ എടുക്കണം.അവിടെ കയറാതെ തൽക്കാലം ഈ പിഴിയലിൽ നിന്നും ഞങ്ങൾ തടിയൂരി(സമീപഭാവിയിൽ രണ്ടും കൂടി ഒന്നാക്കി ഫീ വർദ്ധിപ്പിക്കാൻ സാധ്യത കാണുന്നു).തൊട്ടടുത്ത് തന്നെ ആനസവാരിയും (ഒരാൾക്ക് 60 രൂപ) ഒട്ടക സവാരിയും(ഒരാൾക്ക് 30 രൂപ) ഉണ്ട്.ഞങ്ങൾക്ക് കൂടുതൽ സമയം ഇല്ലാത്തതിനാൽ നേരെ റെയിൽ‌വെ സ്റ്റേഷനിലെത്തി ബാംഗ്ലൂർ വണ്ടി പിടിച്ചു (മൈസൂർ - ബാംഗ്ലൂർ ജനറൽ 60 രൂപ)  


      (തുടരും....)


11 comments:

  1. സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിന്റെ രൂപം കാണിച്ച് തൽക്കാലം രക്ഷപ്പെടാൻ നോക്കിയപ്പോൾ അടുത്ത കമന്റ് വന്നു – “ജീവനില്ലാത്ത രാജാവാണല്ലേ?”

    ReplyDelete
  2. കേരള വണ്ടികളുടെ സ്ഥിരം താവളമായ ഗുണ്ടൽപ്പേട്ടയിലെ 'ആ ഹോട്ടൽ' ഈ റൂട്ടിൽ സഞ്ചരിച്ചവരാരും മറക്കാനിടയില്ല. മൈസൂരും ബംഗളൂരും ഇങ്ങ് പോന്നോട്ടെ......

    ReplyDelete
  3. അരീക്കോടന്‍ മാഷേ..... എന്‍റെ ജന്മ നഗരത്തിലേക്കാണ്പോയത്....അതും എന്നോട്ചോദിക്കാതെ ....ബാംഗ്ലൂർ.... എന്‍റെ പ്രിയ്യ നഗരം..... ലോകത്തില്‍ ഞാനേറെ ഇഷ്ടപ്പെടുന്ന സ്ഥലം ....വരട്ടെ കഥകള്‍....മൈ സൂരിന്‍റെ മരുമകന്‍ കൂടിയാണ് ഞാൻ ....സ്റ്റാന്‍റില്‍ നിന്ന് പാലസ്സിലേക്ക് ഓട്ടോ പിടിച്ചത് കടുപ്പമായിപ്പോയി.....

    ReplyDelete
  4. 30 വര്‍ഷം മുമ്പ് ഞാനും ബാംഗളൂര്‍ പ്രവാസി ആരുന്നു

    ReplyDelete
  5. കാശുകുറേ ആകുമല്ലോ മാഷെ! തുടക്കംമുതലൊന്ന് ഞാന്‍ കുറിച്ചുവെച്ചോട്ടെ.
    ഇനീം ഉണ്ടല്ലോ................
    ആശംസകള്‍

    ReplyDelete
  6. അപ്പോൾ മൈസൂറിലെ പൂന്തോട്ടം ഒന്നും കണ്ടില്ലേ.,,അതല്ലായിരുന്നോ കാണേണ്ടിയിരുന്നത്...?

    ReplyDelete
  7. Pradeep Mash... അതെ, എല്ലാ കെ.എസ്.ആർ.ടി.സിക്കും അവിടെ സ്റ്റോപ്പുണ്ട് അല്ല സ്റ്റാന്റുണ്ട് !

    വിനോദ് ജീ...ഇനി വരുമ്പം അറിയിക്കാം.ഓണക്കാലത്തിന് തൊട്ടുമുമ്പായി ഗുണ്ടൽ‌പ്പേട്ടിലൂടെ ഒരു “പൂ യാത്ര” ഉദ്ദേശിക്കുന്നു.പാലസിൽ നിന്നും റെയിൽ‌വെ സ്റ്റേഷനിലേക്ക് നേരെ ബസ് കയറാമെന്ന ധാരണയിൽ ലഗ്ഗേജും തൂക്കിയാ പാത്സിലേക്ക് പോയത്.അപ്പോ പിന്നെ ഓട്ടോ നിർബന്ധമായി.

    അജിത്തേട്ടാ....അപ്പോൾ നിങ്ങൾ ഒരു കാലത്തും നാട്ടിൽ നിന്നിട്ടില്ലേ?

    ReplyDelete
  8. തങ്കപ്പേട്ടാ....ബാക്കി വരാനിരിക്കുന്നു!!

    വീ.കെ....മൈസൂർ പൂന്തോട്ടം,രംഗന്തിട്ടു , സമ്മർ പാലസ് എല്ലാം അടുത്ത പോക്കിൽ വീണ്ടും കാണാം എന്ന് കരുതി.

    ReplyDelete
  9. യാത്രാ വിവരണം ആദ്യം മുതലേ വായിച്ചു വരട്ടെ.

    ReplyDelete
  10. ഗീതാജി....ഓ.കെ വായന തുടങ്ങാം

    ReplyDelete
  11. വര്‍ഷങ്ങള്‍ക്ക് മുന്പ് പാലസില്‍ പോയിട്ടുണ്ട് പക്ഷെ ഇപ്പൊ നല്ല ഓര്‍മ്മയില്ലാ ...ന്തായാലും കുറെ ഫോട്ടോസും കൂടെ വിവരണത്തിന്റെ കൂടെണ്ടായാല്‍ നന്നായിരുന്നൂന്നൊരഭിപ്രായം കൂടിണ്ടേ ...

    ReplyDelete

നന്ദി....വീണ്ടും വരിക