Pages

Wednesday, May 27, 2015

ഒരു സെക്കന്റ് സിറ്റിംഗ് പൊല്ലാപ്പ് ... (പൂന്തോട്ട നഗരത്തിലേക്ക് – 6)

        മുന്തിരിത്തോപ്പിലെ സുന്ദരമുഹൂർത്തങ്ങൾ ചർച്ച ചെയ്ത് തീരും മുമ്പെ ഞങ്ങളുടെ കാർ പ്രോവിഡന്റ് വെൽ‌വർത്ത് സിറ്റിയിലെത്തി.അപ്പോൾ സന്ധ്യ മയങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.ടാക്സിയുടെ നിശ്ചിതസമയം 6 മണിയായിരുന്നു.അതിന് മുമ്പേ ഞങ്ങൾ തിരിച്ചെത്തി.കൂടുതലായി ഓടിയ 17 കിലോമീറ്ററിന് 170 രൂപ അധികചാർജ്ജ് അടക്കം 1570 രൂപ ടാക്സിക്ക് നൽകി.ഡ്രൈവറുടെ സന്തോഷത്തിന് അയാൾക്കും ചെറിയ ഒരു സംഖ്യ നൽകി.

       മഗ്‌രിബ് നമസ്കാരാനന്തരം കുട്ടികൾ ആഗ്രഹിച്ച പോലെ ,അഷ്‌റഫിന്റെ മക്കളുടെ രണ്ട് സൈക്കിളുകളും ലിഫ്റ്റിൽ താഴോട്ടിറക്കി.ലുഅ മോൾക്ക് സൈക്കിൾ സവാരി അറിയാമായിരുന്നു.എൽ.കെ.ജിക്കാരി ലൂനമോൾക്ക് മുച്ചക്ര സൈക്കിൾ പോലും ശരിയായി ചവിട്ടാൻ അറിയുമായിരുന്നില്ല.തോൽക്കാൻ മനസ്സില്ലാത്തതിനാൽ അവളുടെ നിർബന്ധത്തിന് വഴങ്ങിയാണ് സൈഡ് വീലുള്ള ചെറിയ സൈക്കിളും താഴെ ഇറക്കിയത്.പക്ഷെ പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു.ഇന്റർലോക്ക് ചെയ്യാത്ത എന്റെ വീട്ടു മുറ്റത്തിലൂടെ ഒരു ചക്രം പൊളിഞ്ഞ മുച്ചക്ര സൈക്കിൾ ചവിട്ടാൻ ആയിരുന്നു ലൂന മോൾക്ക് പ്രയാസം.ഫ്ലാറ്റിന് മുന്നിലെ ടാറിട്ട റോഡിലൂടെ അവൾ സുന്ദരമായി ചവിട്ടി നീങ്ങി !
(കുട്ടികളെ ഒരിക്കലും അൻഡർ എസ്റ്റിമേറ്റ് ചെയ്യരുത് എന്ന് പാഠം)



       “ഇപ്പോൾ ഉപ്പച്ചിക്ക് മനസ്സിലായില്ലേ, ഞാൻ സൈക്കിൾ ചവിട്ടാൻ പഠിച്ചൂന്ന്....ഇനി എനിക്കും സൈക്കിൾ വാങ്ങിത്തരണം...” ഇടക്കിടക്ക് എന്നെ നോക്കി ലൂന മോൾ പറഞ്ഞു. സൈക്കിൾ റോഡരികിൽ പാർക്ക് ചെയ്ത് സിമ്മിംഗ് പൂളും,ടെന്നീസ് – ബാസ്കറ്റ് കോർട്ടുകളും,കുട്ടികളുടെ പാർക്കും , കോമൺ അമേനിറ്റി സെന്ററും എല്ലാം ഞങ്ങൾ നടന്നു കണ്ടു. കൂട്ടിലിട്ട ജീവിതങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കാനുള്ള ഈ കൃത്രിമ മാർഗ്ഗങ്ങൾ എന്റെ കുട്ടികൾക്ക് ഏറെ ഇഷ്ടമായി.ഈ ഒന്നോ രണ്ടോ ദിവസത്തിനപ്പുറം വർഷങ്ങളോളം അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഇതേ അവസ്ഥയിൽ കഴിയുമ്പോഴുണ്ടാകുന്ന വിരസത അവർക്ക് ഇപ്പോൾ മനസ്സിലാകില്ലല്ലോ. രാത്രി 9 മണിയോടെ ഞങ്ങൾ തിരിച്ച് റൂമിൽ കയറി.

ഞങ്ങൾ താമസിച്ച കോൺക്രീറ്റ് കാട്
         പിറ്റേന്ന് തിങ്കളാഴ്ച ആയതിനാൽ അഷ്‌റഫിന് ഓഫീസിൽ പോകേണ്ടിയിരുന്നു.കമ്പനി വക ബസ് യലഹങ്കയിൽ എട്ടര മണിക്കെത്തും.അതിനാൽ രാവിലെ ഏഴര മണിക്ക് തന്നെ ഞാനും കുടുംബവും എന്റെ സുഹൃത്തിനോട് വിട ചൊല്ലി.“     ....” എന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അഷ്‌റഫ് എനിക്ക് കാണിച്ച് തരികയായിരുന്നു.ഒരു താങ്ക്സ്‌ൽ ഒതുക്കാവുന്നതിലും അപ്പുറമായിരുന്നു അവ എന്നതിനാൽ അത് ഞാൻ വായ കൊണ്ട് പറഞ്ഞില്ല, പകരം ഹൃദയത്തിൽ ചേർത്തുകൊണ്ട് അവനേയും കുടുംബത്തേയും എന്റെ വീട്ടിലേക്ക് ഹാർദ്ദമായി ക്ഷണിച്ചു.

         അഷ്‌റഫ് പറഞ്ഞപോലെ ഞങ്ങൾ യലഹങ്കയിലേക്ക് ബസ് കയറി.3 ഫുള്ളും ഒരു ഹാഫും എന്നായിരുന്നു ഞാൻ പറഞ്ഞത് – നമ്മുടെ നാട്ടിൽ 4 ടിക്കറ്റിന് (അല്ലെങ്കിൽ 0 ടിക്കറ്റിന്) ഉള്ള സാധ്യത.പക്ഷേ കണ്ടക്ടർ അതാ കയ്യിലുള്ള വിവിധ ടിക്കറ്റ് കെട്ടുകളിൽ നിന്നും പലതും വലിച്ചൂരുന്നു! ടോട്ടൽ 14  ടിക്കറ്റുകൾ!! (ഇതായിരിക്കും ഇവിടത്തെ രീതി) .അവ എല്ലാം എനിക്ക് തന്ന് അദ്ദേഹം ഒരു സംഖ്യയും പറഞ്ഞു.തിരക്കേറിയ ആ ബസ്സിൽ വച്ച് ടിക്കറ്റ് എണ്ണി നോക്കാനോ സംഖ്യ എത്രയെന്ന് കൂട്ടിനോക്കാനോ പറ്റാത്തതിനാൽ കണ്ടക്ടർ പറഞ്ഞ സംഖ്യ ഞാൻ കൊടുത്തു.



         ബംഗ്ലൂരുകാർ ‘എലങ്ക’ എന്നും നാം ‘യലഹങ്ക’ എന്നും വിളിക്കുന്ന സ്ഥലത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നതായി ഞാൻ ഓർത്തു.പെട്ടെന്നാണ് റോഡിന്റെ ഇരുവശത്തും ഉള്ള ബിൽഡിംഗുകളിലെ വലിയ അക്ഷരങ്ങൾ ശ്രദ്ധയിൽ പെട്ടത് – റെയിൽ വീൽ ഫാക്ടറി. എൽ.എസ്.എസ്  പരീക്ഷക്കോ അതോ യു.എസ്.എസ്  പരീക്ഷക്കോ എന്നോർമ്മയില്ല ഇന്റഗ്രൽ കോച്ച് ഫാക്ടറി പെരമ്പൂർ എന്നും വീൽ ആന്റ് ആക്സിൽ പ്ലാന്റ് യലഹങ്ക എന്നും പഠിച്ചു വച്ചത് അപ്പോൾ ഓർമ്മയിൽ തെളിഞ്ഞു.യലഹങ്കയിൽ നിന്നും തിങ്ങിനിറഞ്ഞ മറ്റൊരു ബസ്സിൽ കയറി ഞങ്ങൾ മെജസ്റ്റിക്കിലെത്തി.

         ആ സമയത്ത് മൈസൂരിലേക്ക് പുറപ്പെടുന്ന ട്രെയിനിൽ സെക്കന്റ് സിറ്റിംഗ് ഉള്ളതായി അഷ്‌റഫ് പറഞ്ഞിരുന്നു.സെക്കന്റ് ഏ.സി,എ.സി ടു ടയർ,ഫസ്റ്റ് ക്ലാസ്,ജനറൽ ക്ലാസ്,സ്ലീപർ സിറ്റിംഗ് എന്നിങ്ങനെയൊക്കെ ട്രെയിനിലെ വിവിധങ്ങളായ ക്ലാസ് പേരുകൾ ഞാൻ കേട്ടിരുന്നു.പലതും തമ്മിലുള്ള വ്യത്യാസം അറിയുമായിരുന്നില്ല. അഷ്‌റഫ് പറഞ്ഞ
സെക്കന്റ് സിറ്റിംഗ്  ഈ ഗണത്തിൽ പെടുന്നതാണെന്ന് കരുതി ഞാൻ കൌണ്ടറിൽ എത്തി.ജനറൽ ടിക്കറ്റുകൾ മാത്രം നൽകുന്ന ആ കൌണ്ടറിൽ നിന്ന് മറ്റ് ടിക്കറ്റുകൾ നൽകുന്ന സ്ഥലം ഞാൻ അന്വേഷിച്ചു.സ്റ്റേഷനിന്റെ മറ്റൊരു മൂലയിലേക്ക് ഞാൻ ഡയരക്ട് ചെയ്യപ്പെട്ടു.

          വഴിമദ്ധ്യേ കണ്ട പോലീസ് എയിഡ് പോസ്റ്റിൽ ഒന്ന് കൂടി വ്യക്തമാക്കി  സെക്കന്റ് സിറ്റിംഗ് ടിക്കറ്റുകൾ എവിടെ ലഭിക്കും എന്ന് തന്നെ ചോദിച്ചു.തിരക്കില്ലാത്ത ചില കൌണ്ടറുകൾ അവർ കാണിച്ച് തന്നപ്പോൾ എനിക്ക് സമാധാനമായി.പക്ഷേ ആ കൌണ്ടറിലെത്തി ചോദിച്ചപ്പോൾ അവർ എനിക്ക് പറഞ്ഞ് തന്നത് നിലവിലില്ലാത്ത ഒരു കൌണ്ടർ നമ്പർ ആയിരുന്നു.ഇനിയും അന്വേഷിച്ച് നടന്നാൽ വായ തുറന്ന് സംസാരിക്കാത്ത ഈ ഉദ്യോഗസ്ഥർ മൂലം ട്രെയിൻ മിസ്സാകും എന്നതിനാൽ ഞാൻ ആദ്യം പോയ കൌണ്ടറിൽ തന്നെ പോയി ജനറൽ ടിക്കറ്റ് എടുത്തു.പ്ലാറ്റ്ഫോമിലെത്തി ഒരു ചായക്കാരനോട് അന്വേഷിച്ചപ്പോൾ “പൂര ജനറൽ” എന്നായിരുന്നു മറുപടി.അപ്പോഴാണ് സെക്കന്റ് സിറ്റിംഗ് എന്നാൽ ജനറൽ തന്നെയാണെന്ന് എനിക്ക് മനസ്സിലായത്!(ഈ വകയിൽ പെടുന്ന മറ്റു പേരുകൾ കൂടി അറിയാവുന്നവർ പറഞ്ഞ്  തരാൻ അപേക്ഷ)

മൈസൂരിൽ ഇറങ്ങി ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ സ്റ്റാന്റിലെത്തി.

കേരള,തമിഴ്നാട്,കർണ്ണാടക,ആന്ധ്ര,ഗോവ സ്റ്റേറ്റ് ബസ്സുകൾ മൈസൂർ സ്റ്റാന്റിൽ

          കോഴിക്കോട് ബസ്സിന് കയറിയാൽ അസമയത്ത് കോഴിക്കോട്ടെത്തും എന്നതിനാൽ നിലമ്പൂർ ബസ് അന്വേഷിച്ചു.നാലര മണിക്ക് ഒരു ബസ് വരാനുണ്ടെന്ന് അറിഞ്ഞതിനാൽ അതിനായി കാത്ത് നിന്നു.മലയാളികൾ നിരവധി പേർ അവിടെ കാത്ത് നിൽക്കുന്നതിനാൽ ബസ് വന്നാൽ ചാടിക്കയറണമെന്ന നിർദ്ദേശത്തോടെ ഞാൻ കുടുംബത്തെ ജാഗരൂകരാക്കി.ബസ് എത്തിയതും എല്ലാവരേയും കൂട്ടിപ്പിടിച്ച് ഞാൻ ഓടിക്കയറി.പ്രതീക്ഷക്ക് വിപരീതമായി ബസ്സിനകത്ത്, സെക്കന്റ് ഷോ ക്ക് ആളിരിക്കുന്ന പോലെ അവിടെയും ഇവിടെയും അല്പം ചിലർ മാത്രം.ഞങ്ങൾക്ക് പിറകെ ബസ്സിൽ കയറാനായി ആരും തന്നെ ഉണ്ടായിരുന്നില്ലതാനും !

         നിലമ്പൂർ മൂന്ന് ഫുള്ളും ഒരു ഹാഫും എന്ന് ഞാൻ കണ്ടക്ടറോട് പറഞ്ഞു.യലഹങ്കയിലെ കണ്ടക്ടർ തന്നപോലെ ,തന്റെ കയ്യിലെ വലിയ ടിക്കറ്റ് റാക്കിൽ നിന്നും കണ്ടക്ടർ ടിക്കറ്റുകൾ ഓരോന്നാരോന്നായി വലിച്ചൂരി.എണ്ണി നോക്കിയപ്പോൾ മൊത്തം ടിക്കറ്റിന്റെ എണ്ണം 19 !! അഛനെ നന്നാക്കി പറയിപ്പിച്ച മകനെപ്പോലെ ആ കേരള കണ്ടക്ടർ യലഹങ്കയിലെ കന്നട കണ്ടക്ടറെ ശുദ്ധനാക്കി എന്ന് പറയേണ്ടതില്ലല്ലോ.



          ഗുണ്ടൽപേട്ട്,നാടുകാണി,വഴിക്കടവ് വഴി രാത്രി ഒമ്പതരക്ക് നിലമ്പൂരിൽ ഞങ്ങൾ ബസ്സിറങ്ങുമ്പോൾ നേരത്തെ വിളിച്ചറിയിച്ച പ്രകാരം ഭാര്യാപിതാവ് ജീപ്പുമായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.അങ്ങനെ വളരെക്കാലമായി താലോലിച്ച് നടന്ന ബാംഗ്ലൂർ യാത്രയും വിജയകരമായി അവസാനിച്ചു.








9 comments:

  1. അങ്ങനെ വളരെക്കാലമായി താലോലിച്ച് നടന്ന ബാംഗ്ലൂർ യാത്രയും വിജയകരമായി അവസാനിച്ചു.

    ReplyDelete
  2. എല്ലാം വായിച്ചു. നനായി ആസ്വദിച്ചു. ആശംസകള്‍.

    ReplyDelete
  3. ചെറിയ കാര്യങ്ങൾ വരെ മനോഹരമായി അടുക്കിയ അതിമനോഹരമായ യാത്രക്കുറിപ്പുകൾ.

    നനായി ആസ്വദിച്ച വായന.

    ആശംസകൾ സർ.!!!!

    ReplyDelete
  4. ബാംഗ്ലൂർക്ക്‌ ഒന്ന് പോയി വരാനുള്ള കൊതിയായി.....

    ReplyDelete
  5. ഫീനിക്സ് പക്ഷിക്ക് മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്കും ആശംസകൾക്കും നന്ദി

    സുധീ....യാത്ര എപ്പോഴും സമ്മാനിക്കുന്നത് പുതിയ പുതിയ അനുഭവങ്ങളാന്.അതിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ആണ് മെയിൻ സംഗതികളെക്കാളും എപ്പോഴും ഹരം നൽകുന്നത്.അപ്പോ ബാംഗ്ലൂരിൽ പോയി വരൂ,ആ പഴയ ഓർമ്മകൾ പങ്കു വയ്ക്കൂ...

    ReplyDelete
  6. യെലഹങ്ക. ഒരു സൈനീക താവളം കൂടിയാണ്.... ഇന്ത്യൻ മിലിട്ടറിയുടെ ഒരുമാതിരി ....എല്ലാ വീങ്ങിന്‍റേയും താവളമാണ് ....വീല്‍ ആന്‍റ് ആക്സല്‍ ....പ്ലാന്‍റ്....ഒരു മായിക പ്രപഞ്ചം ആണ്....

    ReplyDelete
  7. അങ്ങനെ വിജ്ഞാനവും,ആഹ്ലാദവും പകര്‍ന്ന യാത്രയുടെ മംഗളകരമായ പര്യവസാനം!
    വായനക്കാരെയും ഈ രസകരമായ യാത്രയില്‍ പങ്കുചേരാന്‍ അനുവദിച്ചതില്‍ സന്തോഷം!!
    ആശംസകള്‍ മാഷെ

    ReplyDelete
  8. അതെന്താ മൂന്ന് ടിക്കറ്റ് ചോദിച്ചാല്‍ 19 ടിക്കറ്റ് വരുന്നതിന്റെ രഹസ്യം. വലിയ തുകയ്ക്കുള്ള ഒറ്റടിക്കറ്റ് ഇല്ലാത്തതാവും അല്ലേ?

    ReplyDelete
  9. യാത്രാ വിവരണം നന്നായി. രണ്ടു തൈ വച്ച് വീടിന് ചുറ്റും ഒരു മുന്തിരി തോട്ടം ഉണ്ടാക്കണം മാഷേ ...... പാർക്കാൻ മുന്തിരി തോപ്പുകൾ.

    ReplyDelete

നന്ദി....വീണ്ടും വരിക