Pages

Wednesday, July 15, 2015

പൈതൃക വണ്ടിയില്‍ ഒരടിപൊളി ഊട്ടിയാത്ര - 2

          ആറരക്കു തന്നെ  ഞാന്‍ പരിവാര സമേതം സ്റ്റേഷനിലത്തെി. സ്റ്റേഷനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ടോയ് ട്രെയ്നിന്റെ ഒരു ബോഗി കട്ടപ്പുറത്ത് കയറ്റി വച്ചിട്ടുണ്ട്. ഞങ്ങളെ കൊണ്ടു പോകേണ്ട ട്രെയിന്‍ ട്രാക്കില്‍ റെഡിയാണ്. 
                                                                    കടപ്പാട് : മാധ്യമം

          പ്ളാറ്റ്ഫോമില്‍ സാമാന്യം നല്ല തിരക്കുണ്ട്. റിസര്‍വ്വ് ചെയ്തവരും അല്ലാത്തവരും എല്ലാം  ടി.ടി.ആറിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. റിസര്‍വ്വ് ചെയ്തവര്‍ ബോഗിയില്‍ പ്രവേശിക്കുന്നുണ്ട്.പ്ലാറ്റ്ഫോമില്‍ തന്നെയുള്ള ഭക്ഷണശാലയില്‍ നിന്ന് പ്രാതല്‍ പാര്‍സലാക്കി ഞാനും കുടുംബവും ഞങ്ങള്‍ക്കനുവദിച്ച സീറ്റില്‍ ഇരുന്നു.
           ഈ കുഞ്ഞ് ട്രെയിനിന് ആകെ മൂന്ന് ബോഗികള്‍ മാത്രമേയുള്ളൂ .കുട്ടികളുടെ കളിപ്പാട്ടം പോലെ തന്നെ ആയതുകൊണ്ടായിരിക്കാം ഇതിന് ടോയ് ട്രെയിന്‍ എന്ന് പേര്‍ വന്നത്. ആകെ 140 പേര്‍ക്കിരിക്കാം. ഫസ്റ്റ് ക്ളാസില്‍  16 സീറ്റു മാത്രം. സീറ്റിന് കുഷ്യന്‍ ഉണ്ട് എന്നതും ഓരോ സീറ്റ് സൈഡിലും വാതില്‍ ഉണ്ട് എന്നതുമാണ് ഈ ക്ളാസ്സിന്റെ പ്രത്യേകത. ഫസ്റ്റ ക്ളാസിന് 185 രൂപയാണ് ചാര്‍ജ്ജ്. 15 രൂപയാണ് ഓര്‍ഡിനറി ടിക്കറ്റിന്. റിസര്‍വേഷന്‍ ചാര്‍ജ് അടക്കം 30 രൂപ വരും. ടിക്കറ്റ് കാന്‍സലേഷന്‍ എന്ന പരിപാടി ഉണ്ടെങ്കിലും കാശ് തിരികെ കിട്ടാത്തതുകൊണ്ട്  യാത്ര മാറ്റിവെച്ചാലും പലരും ടിക്കറ്റ് കാന്‍സല്‍ ചെയ്യില്ല. അതുകൊണ്ട് തന്നെ സീറ്റിനെ കുറിച്ച് ട്രെയിന്‍ പുറപ്പെടുന്നത് വരെ വലിയ ധാരണ കിട്ടില്ല. വണ്ടി പുറപ്പെടുമ്പോള്‍ ഒഴിവുണ്ടെങ്കില്‍ വെയിറ്റിങ്ങുകാര്‍ക്കും യാത്ര തരപ്പെടുത്താം.ജനറല്‍ ബോഗി എന്ന ഒരു കൂടുസ്സ് മുറിയില്‍ തിങ്ങി ഞെരുങ്ങിയാണ് വെയിറ്റിംങ്ങുകാര്‍ യാത്ര ചെയ്യുന്നത്. സീറ്റു ലഭിക്കാതെ നിരാശരായവരേയും സ്റ്റേഷനില്‍ നിര്‍ത്തി കൃത്യം 7.10ന്  ഞങ്ങള്‍ ഊട്ടിയാത്ര ആരംഭിച്ചു.
        46 കിലോമീറ്ററേയുള്ളൂ യാത്രാദൂരം. പക്ഷേ, മല താണ്ടി ഊട്ടിയില്‍ കിതച്ചെത്താന്‍  അഞ്ചു മണിക്കൂറോളമെടുക്കും. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് സ്വിസ് നിര്‍മിത ആവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടൂറിസ്റ്റ് ട്രെയിനിന്‍െറ സഞ്ചാരം.
       ഈ ഭൂമിയിലെ  തന്നെ അപൂര്‍വസഞ്ചാരാനുഭവങ്ങളില്‍ ഒന്നാണ്  ആസ്വദിച്ചു കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് എനിക്കും കുടുംബത്തിനും അഭിമാന നിമിഷങ്ങളായി. 2005ല്‍ യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചതാണ് ഈ ടൂറിസ്റ്റ് ട്രെയിന്‍. പൈതൃകസംരക്ഷണത്തിനു വേണ്ടി പിന്നീടുള്ള നവീകരണങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. 1899 ലാണ് ഈ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചത് എന്ന് ചരിത്രം പറയുന്നു. ഒരു നൂറ്റാണ്ടിലധികമായി ഈ വണ്ടിമുത്തച്ഛന്‍ സഞ്ചാരികളേയും വഹിച്ച് ആവിയന്ത്രത്തിന്‍െറ ബലത്തില്‍ നീലഗിരി കുന്നുകള്‍ താണ്ടിക്കൊണ്ടിരിക്കുന്നു. ട്രാക്കിനു നടുവില്‍ ഘടിപ്പിച്ച പല്‍ച്ചക്രങ്ങള്‍  ആണ് മലകയറാന്‍ ഈ ട്രെയിനിനെ സഹായിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം മറ്റൊരു യാത്ര ലഭ്യമായത് ഡാര്‍ജിലിംഗില്‍  മാത്രമാണെന്ന് തോനുന്നു.
        ആവി തുപ്പി, മരങ്ങള്‍ക്കിടയിലൂടെ പതിയെ, പൈതൃക വണ്ടി യാത്ര തുടര്‍ന്നു. സൂര്യപുലരി കണ്ണ് തുറക്കാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ മഞ്ഞിന്റെ പുതപ്പ് മാറിയിരുന്നില്ല.ഇരുവശത്തുമുള്ള കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്ന് മയിലുകള്‍ ഓടിമറയുന്നത്  കാണാമായിരുന്നു. എഞ്ചിന്‍ പിന്നില്‍ നിന്ന് ഞങ്ങളെ തള്ളിക്കയറ്റുകയാണ്. അല്പ ദൂരം പിന്നിട്ട് കല്ലാറില്‍ വണ്ടി നിന്നു. ഇത് ഒരു വാട്ടര്‍ സ്റ്റേഷനാണ്. എന്നു വച്ചാല്‍ എഞ്ചിനില്‍ വെള്ളം നിറക്കുന്ന സ്ഥലം. പത്ത് മിനുട്ടോളം സമയമുള്ള്തിനാല്‍  എല്ലാവരും പുറത്തിറങ്ങി.വണ്ടി നിര്‍ത്തുന്നിടത്ത് യാത്രക്കാര്‍ക്കെല്ലാം ഇറങ്ങാം ,  പടമെടുക്കാം.മുഴുവന്‍ ആളുകളെയും തിരിച്ച് കയറ്റിയ ശേഷം മാത്രമേ വണ്ടി ‘ടിണ്ടിം’ അടിക്കൂ.


8 comments:

  1. ആവി തുപ്പി, മരങ്ങള്‍ക്കിടയിലൂടെ പതിയെ, പൈതൃക വണ്ടി യാത്ര തുടര്‍ന്നു. സൂര്യപുലരി കണ്ണ് തുറക്കാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ മഞ്ഞിന്റെ പുതപ്പ് മാറിയിരുന്നില്ല.

    ReplyDelete
  2. പറഞ്ഞുപറഞ്ഞ് പിന്നേം കൊതിപ്പിക്കുവാണ് അല്ലേ

    ReplyDelete
  3. ഞങ്ങളും പോകും ഒരിക്കൽ ഊട്ടിയിൽ... നാട്ടിലൊന്ന് സെറ്റ്‌ൽ ആയിക്കോട്ടെ...

    ReplyDelete
  4. ട്രാക്കിനു നടുവിലെ പൽച്ചക്രങ്ങളെക്കുറിച്ച്‌ അത്ഭുതത്തോടെയാ വായിച്ചത്‌!!!!

    ReplyDelete
  5. അജിത്തേട്ടാ....ഇനി കൊതിപ്പിക്കുന്നില്ല, അനുഭവിച്ചറിയൂ

    വിനുവേട്ടാ.....ഈ ട്രെയിനില്‍ ഊട്ടിയിലേക്ക് പോയി നോക്കൂ

    സുധീ....പഴനി വണ്ടി മല കയറുന്നതും പല്‍ ചക്രം ഉപയോഗിച്ചാണെന്ന് കേട്ടിരുന്നു...

    ReplyDelete
  6. അപൂര്‍വ്വമായ സഞ്ചാരസൌകര്യം തന്നെ മാഷെ.
    ആശംസകള്‍

    ReplyDelete
  7. അടുത്തായിട്ടും യാത്ര തരപ്പെടുത്താത്ത എന്നെ അടിക്കണം.....യാത്ര തുടരട്ടെ ആശംസകൾ.....

    ReplyDelete

നന്ദി....വീണ്ടും വരിക