Pages

Saturday, August 15, 2015

ടീം PSMO @ ഊട്ടി – 3


             മസിനഗുഡി മാറ്റി ഊട്ടിയിലേക്ക് ട്രിപ് മാറ്റിയതിനാല്‍ ഈ യാത്രയിലും മസിനഗുഡി സന്ദര്‍ശനം നഷ്ടമായതിന്റെ എന്തോ ഒന്ന് എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ മടക്കയാത്ര അത് വഴിയാക്കാം എന്ന് വെറുതെ തലേദിവസം പറഞ്ഞിട്ടിരുന്നു. ഉച്ചവരെ അത് തന്നെയായിരുന്നു തീരുമാനവും.പക്ഷേ ജുമാ കഴിഞ്ഞ് വില്ലയില്‍ തിരിച്ചെത്തി വെക്കേറ്റ് ചെയ്യുമ്പോള്‍ സമയം മൂന്ന് മണിയോടടുത്തിരുന്നു.ഭക്ഷണം വഴിയില്‍ നിന്നാക്കാം എന്ന് ഐക്യകണ്ഠേന പാസ്സാക്കിയെങ്കിലും ഇന്നലെ കയറിയ ‘യമ്മി’യുടെ നേരെ എതിര്‍ഭാഗത്ത് കണ്ട ‘ഹൈദരാബാദി ബിരിയാണി’ എന്ന വലിയ ബോര്‍ഡ് ആമാശയ വിപുലീകരണം അനിവാര്യമാക്കി.
             180-200 രൂപ റേഞ്ചില്‍ ചിക്കന്‍ – മട്ടണ്‍ ഹൈദരാബാദി ബിരിയാണി ലഭിച്ചപ്പോള്‍ എല്ലാവരിലും ഉറങ്ങിക്കിടന്ന തീറ്റപണ്ടാരം വീണ്ടും ഉണര്‍ന്നെണീറ്റു.അങ്ങനെ ആ അങ്കവും പൂര്‍ത്തിയാകുമ്പോള്‍ സമയം നാല് മണി! മസിനഗുഡി വഴിയുള്ള യാത്ര ഇനി സുരക്ഷിതമല്ല എന്ന് അത് വഴി പലതവണ പോയ സഫറുള്ളയും എന്തോ ഉള്‍ഭയം കാരണം സുനിലും പറഞ്ഞപ്പോള്‍ മടക്കയാത്ര മസിനഗുഡി വഴി മാത്രം എന്ന് ഞാനും ബാസിലും തറപ്പിച്ച് പറഞ്ഞു.മകളുടെ സ്കൂളിലെ പി.ടി.എ മീറ്റിംഗ് നഷ്ടമായ അസ്‌ലമിന് യാത്ര ഇനിയും നീളട്ടെ എന്നായിരുന്നു ആഗ്രഹം. വണ്ടി ഓടിക്കുന്ന മെഹ്‌റൂഫിന്റെ ധൈര്യവും കൂടി വിഷയത്തില്‍ കലര്‍ത്തി ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ തലൈകുന്ദ ജംഗ്‌ഷനില്‍ ഞങ്ങളുടെ മെറൂണ്‍ ഇന്നോവ കാര്‍ വലത്തോട്ട് തിരിഞ്ഞു.

           വണ്ടി മുന്നോട്ട് പോകുമ്പോഴും അതുവഴി പോകേണ്ട എന്ന് സുനില്‍ പറഞ്ഞു കൊണ്ടിരുന്നു.മുതുമല-ഗൂഡലൂര്‍ റോഡിന്റെ ശോച്യാവസ്ഥയാണ് അവന്‍ നിരത്തുന്ന കാരണമെങ്കിലും ഊട്ടി-മസിനഗുഡി പാതയും വന്യമൃഗങ്ങളെ കണ്ടേക്കുമെന്ന ഉള്‍ഭയവുമായിരുന്നു യഥാര്‍ത്ഥ കാരണം.അല്പം മുന്നോട്ട് പോയി കുത്തനെയുള്ള ഒരു ഇറക്കം കണ്ടപ്പോള്‍ എന്റെ മനസ്സും ഒന്ന് പിടച്ചു.വീണ്ടും മുന്നോട്ട് പോയപ്പോള്‍ കണ്ടത് ഒരു ഹെയര്‍പിന്‍ വളവും 1/36 എന്ന ബോര്‍ഡും.എന്ന് വച്ചാല്‍  മൊത്തം 36 ഹെയര്‍പിന്‍ വളവുകള്‍ താണ്ടാനുണ്ട് എന്ന്!!
          അങ്ങനെ, കണ്ടതും കേട്ടതുമായ അപകട പരമ്പരകളുടെ വിവരണത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ ഓരോ ഹെയര്‍പിന്‍ വളവുകള്‍ പിന്നിടാന്‍ തുടങ്ങി. 36 വളവും കൃത്യമായി വളച്ച് സുരക്ഷിതമായി വണ്ടി താഴെ എത്തിച്ചതിന്റെ “പിഴ” എന്ന നിലക്ക് മെഹ്‌റൂഫ് എല്ലാവര്‍ക്കും ചായ വാങ്ങിക്കൊടുക്കേണ്ടി വന്നു !! ഹെയര്‍ പിന്‍ വളവുകള്‍ കഴിഞ്ഞതിന്റേയും ചായ അകത്ത് ചെന്നതിന്റേയും ആശ്വാസത്തില്‍ സുനില്‍ ആ സത്യം പറഞ്ഞു – ഇത് ഇത്രേയുള്ളൂ എന്ന് ഇത്‌വരെ ഇതിലെ പോകാത്തതിനാല്‍ ഞാന്‍ അറിഞ്ഞില്ല !!


           ഊട്ടിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരത്തില്‍ കാടിനകത്തുള്ള ഒരു ചെറിയ അങ്ങാടി – അതാണ് മസിനഗുഡി എന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്.ഈ ചെറു അങ്ങാടിക്ക് മുമ്പും ശേഷവും വനത്തിലേക്ക് നീളുന്ന നിരവധി പാതകള്‍ ഉണ്ട്.അവ ഓരോന്നും അവസാനിക്കുന്നത് ഓരോ റിസോര്‍ട്ടിലാണെന്ന് കൂട്ടത്തില്‍ അറിവുള്ളവര്‍ പറഞ്ഞു. ഗൂഡലൂര്‍ എത്താന്‍ ഇനിയും ഏകദേശം 25 കിലോമീറ്റര്‍ സഞ്ചരിക്കണം.

            മസിനഗുഡി കഴിഞ്ഞ് അല്പസമയം കഴിഞ്ഞ് തന്നെ ഞങ്ങള്‍ മുതുമല കടുവാ സങ്കേതത്തിന്റെ കോര്‍ ഏരിയയില്‍ പ്രവേശിച്ചു (ഇഷ്ടമുണ്ടായിട്ടല്ല ,റോഡ് അതു വഴിയായിരുന്നു ).
            വൈകുന്നേരമായതിനാല്‍ സഞ്ചാരികളുടെ ജീപ്പുകളും മറ്റ് വാഹനങ്ങളും ഇടക്കിടെ കാണാമായിരുന്നു.കടുവകള്‍ക്ക് ഇരയാവാന്‍ വേണ്ടി പെറ്റു പെരുകിയ ധാരാളം പുള്ളിമാനുകള്‍ കൂട്ടം കൂട്ടമായി റോഡില്‍ നിന്നും അല്പം മാറി ഉള്‍ക്കാട്ടില്‍ മേയുന്നുണ്ടായിരുന്നു. മെയിന്‍ റോഡ് എത്തുന്നതിന് തൊട്ട് മുമ്പ് ഞങ്ങളെ യാത്രയാക്കാനായി ഒരു മയില്‍ തൊട്ടരികില്‍ പ്രത്യക്ഷപ്പെട്ടു. മസിനഗുഡി റോഡ് ,ഊട്ടി – മൈസൂര്‍ റോഡില്‍ സന്ധിക്കുന്ന തെപ്പക്കാട് ആനക്ക്യാമ്പ് പ്രസിദ്ധമാണ്.ഇവിടെ നിന്നാണ് മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള സഫാരികള്‍ ഓപെറേറ്റ് ചെയ്യുന്നതും.

            നാഷണല്‍ ഹൈവേ 67ലേക്ക് പ്രവേശിച്ചതോടെ യാത്ര എളുപ്പമായി.അപ്പോഴും സഞ്ചരിക്കുന്നത് കാട്ടിനകത്ത് കൂടിയാണ് എന്നതിനാ‍ല്‍ ശ്രദ്ധിച്ചേ ഡ്രൈവ് ചെയ്യാനൊക്കൂ.ഇടക്കിടെ ഗട്ടറുകള്‍ ഉള്ളതിനാല്‍ ശ്രദ്ധ കൂടും എന്നതില്‍ സംശയമില്ല.നിശ്ചിത സമയത്തിനും നേരത്തെ ഗൂഡലൂരില്‍ എത്തുകയും കൂടി ചെയ്തപ്പോഴാണ് ഈ റൂട്ടിന്റെ ദൂരക്കുറവും യാത്രാസ്വാദനവും ഞങ്ങളില്‍ പലര്‍ക്കും മനസ്സിലായത്.വൈകിട്ട് ഏഴ് മണിക്ക് എടക്കരയില്‍ തിരിച്ചെത്തി, പലരും പല വഴിക്ക് പിരിഞ്ഞതോടെ ഈ വര്‍ഷത്തെ സംഗമത്തിനും പരിസമാപ്തിയായി


(അവസാനിച്ചു)

7 comments:

  1. മസിനഗുഡി കഴിഞ്ഞ് അല്പസമയം കഴിഞ്ഞ് തന്നെ ഞങ്ങള്‍ മുതുമല കടുവാ സങ്കേതത്തിന്റെ കോര്‍ ഏരിയയില്‍ പ്രവേശിച്ചു (ഇഷ്ടമുണ്ടായിട്ടല്ല ,റോഡ് അതു വഴിയായിരുന്നു ).

    ReplyDelete
  2. കാട്ടുമൃഗങ്ങളിറങ്ങും എന്ന ഭയം കൊണ്ടാണ് അതുവഴിയുള്ള യാത്ര എല്ലാരും ഒഴിവാക്കുന്നത്

    ReplyDelete
  3. ajithji...You are right.But the journey is too enjoyable due to the same threat !!

    Thankappanji...Thanks

    ReplyDelete
  4. ഇതേ ത്രട്ട് ഇപ്പോള്‍ നാട്ടിലൂടെ നടക്കുമ്പോഴുമുണ്ടളിയാ, ഊട്ടിവഴി കാട്ടിലില്ലേലും പട്ടി നാട്ടിലുണ്ടേ.......

    ReplyDelete
  5. മാഷേ മസിനഗുഡി വഴി മസ്സിലുപിടിച്ചാ വന്നത് അല്ലേ......

    ReplyDelete

നന്ദി....വീണ്ടും വരിക