Pages

Wednesday, November 01, 2017

എന്റെ മലയാളം എങ്ങോട്ട്?

      ഇന്ന് നാം കേരളപ്പിറവി ദിനം ആചരിക്കുകയാണ്. സർക്കാറും വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളും സ്കൂൾ-കോളേജ് കാമ്പസുകളും പല രൂപത്തിലും ഈ ദിനം കെങ്കേമമാക്കുന്നുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങളുടെ കലാ-കായിക അഭിരുചികൾ ഉദ്ദീപിപ്പിക്കുന്നതിനായി കേരളോത്സവം എന്ന ഒരു പരിപാടിയും ഈ ദിനത്തോടനുബന്ധിച്ച് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ വർഷങ്ങളോളമായി നടന്നു വരുന്നുണ്ട്.

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛൻ ജീവിച്ചത് പതിനാറാം നൂറ്റാണ്ടിലായിരുന്നു. മലയാള ഭാഷ ആവിർഭവിച്ചതാകട്ടെ ആറാം നൂറ്റാണ്ടിലും.നമ്മുടെ മാതൃഭാഷക്ക് ഇത്രയും പ്രായമുണ്ടെന്ന് ഇന്നത്തെ തലമുറക്ക് ഒരു പക്ഷെ പുതിയ അറിവായിരിക്കും. സഹസ്രാബ്ദത്തിലധികം കാലം പിന്നിട്ടിട്ടും നമ്മുടെ മാതൃഭാഷ എവിടെ എത്തി നിൽക്കുന്നു എന്ന് നാം പുനർവിചിന്തനം നടത്തേണ്ടതുണ്ട്.

  2001ലെ ജനസംഖ്യാ കണക്ക് പ്രകാരം 330 ലക്ഷം ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് മലയാളം. കേരളത്തിന് പുറമെ കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലെയും പോണ്ടിച്ചേരിയിലെയും ഔദ്യോഗിക ഭാഷയും മലയാളമാണ്. എന്നാൽ ഇതര തെന്നിന്ത്യൻ ഭാഷകളെ അപേക്ഷിച്ച് മലയാളത്തിന്റെ പുരോഗതി പരിതാപകരമാണെന്ന് പറയാതിരിക്കാൻ വയ്യ. ഇതിന് കാരണം മറ്റൊന്നുമല്ല. നാം മലയാളം ഉപയോഗിക്കുന്നത് സംസാരത്തിനുള്ള ഭാഷയായി മാത്രമാണ്.

    ഉന്നത ബിരുദങ്ങൾ കൈവരിച്ചവർക്ക് പോലും അക്ഷരത്തെറ്റ് കൂടാതെ മലയാളം എഴുതാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ് നമ്മുടെ പ്രയാണം.ആശയ വിനിമയോപാധികൾ കൂടിയപ്പോൾ മലയാളം ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങിയതിന്റെ ഒരു പാർശ്വഫലമാണ് ഇത്. പലർക്കും മലയാളത്തിൽ പത്ത് വരി എഴുതുമ്പോഴേക്കും കൈ കഴക്കുന്ന അവസ്ഥ വരെ എത്തി.പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയവർക്ക് പോലും തെറ്റില്ലാതെ മലയാളം എഴുതാൻ സാധിക്കുന്നില്ല. മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണം പോലും കൃത്യമായി അറിയാത്ത മലയാളികളാണ് നമ്മുടെ ചുറ്റും വളർന്നുകൊണ്ടിരിക്കുന്നത്. ഇത് ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകൾ ഗുരുതരമായിരിക്കും. അതിനാൽ സ്കൂൾ തലത്തിൽ മറ്റു ഭാഷകൾ പഠിക്കുന്നത് പോലെ അല്ലെങ്കിൽ അതിലും കൂടുതൽ പ്രാധാന്യം നൽകി മലയാളം പഠിപ്പിക്കാൻ സർക്കാർ ശ്രദ്ധിക്കണം എന്ന് ഉണർത്തുന്നു.


12 comments:

  1. ഭരണ ഭാഷയിൽ നിന്നും മലയാളം ഹൃദയ ഭാഷയായി മാറണം.

    ReplyDelete
  2. തെറ്റില്ലാതെ മലയാളം എഴുതാന്‍ അറിയുന്ന എത്ര കുട്ടികള്‍ ഉണ്ടാവും ഇപ്പോള്‍. അറിയില്ല.

    ReplyDelete
  3. എഴുത്തുകാരി ചേച്ചി...പത്ത് പേരോട് ഒരു പാരഗ്രാഫ് കാണാതെ എഴുതാൻ പറഞ്ഞാൽ മുഴുവൻ ശരിയാക്കിയ ഒരു കുട്ടി പോലും ഉണ്ടാകില്ല എന്ന് ഉറപ്പ് !

    ReplyDelete
  4. അരീക്കോടൻ മാഷ് മലയാളത്തെ കുറിച്ച് ഈ ലേഖനത്തിൽ പറഞ്ഞകാര്യങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. ഒപ്പം ഒരു വിഷയം കൂറ്റി സൂചിപ്പിക്കട്ടെ. എനിക്കു തെറ്റുന്നതാണോ എന്ന സംശയം പലപ്പോഴും ഉണ്ടാകാറുണ്ട്; അതുകൊണ്ട് കൂടിയാണ് ഈ ചോദ്യം. കൂട്ടിയെഴുതേണ്ട വാക്കുകൾ നമ്മൾ പലപ്പോഴും പിരിച്ചെഴുതാറില്ലെ? അതും നമ്മൾ വരുത്തുന്ന തെറ്റുതന്നെയല്ലെ? മാഷിന്റെ ഈ ലേഖനത്തിലെ തന്നെ ചിലവാക്കുകൾ ഉദാഹരണമായെടുക്കാം. "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്" ഇത് ശരിക്കും "തദ്ദേശസ്വയംഭരണസ്ഥാപനങ്ങൽക്ക്" എന്നല്ലെ എഴുതേണ്ടത്. അതുപോലെ "ജനസംഖ്യാ കണക്ക്" > ജനസംഖ്യാക്കണക്ക്, "കേന്ദ്ര ഭരണപ്രദേശങ്ങളായ" > കേന്ദ്രഭരണപ്രദേശങ്ങളായ, "ഉന്നത ബിരുദങ്ങൾ" > ഉന്നതബിരുദങ്ങൾ, "ആശയ വിനിമയോപാധികൾ" > ആശയവിനിമയോപാധികൾ, എന്റെ സംശയമാണ് ഇത്.

    ReplyDelete
  5. ഞാൻ എഴുതിയ കമന്റിൽ തന്നെ എത്ര തെറ്റുകൾ വന്നു എന്ന് നോക്കൂ :) അതിന്റെ കുറ്റം കുറച്ച് കീ ബോർഡിന്റേതും കൂടിയാണ് കേട്ടോ. ഷിഫ്റ്റ് കീ ചില സമയം പ്രവർത്തിക്കുന്നില്ല. അതിനാൽ റ്റ് ട് ൽ ൾ ഒക്കെ മാറിപ്പോകുന്നു. എന്നാലും വായിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കേണ്ടത് എന്റെ തന്നെ ചുമതലയായിരുന്നു :)

    ReplyDelete
  6. Manikandan ji...ആദ്യത്തെ കമന്റിൽ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് അവഗാഹമില്ല.പക്ഷേ അത് പിരിച്ചെഴുതുന്നതാണ് വരികൾക്ക് ഇമ്പവും വായനക്ക് സുഖവും നൽകുക എന്നാണ് എനിക്ക് തോന്നുന്നത്.“തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക്“ എന്ന് കാണുമ്പോൾ തന്നെ ഒരു അലർജി തോന്നുന്നില്ലേ?

    രണ്ടാം കമന്റ് ...നോ കമന്റ്സ് !

    ReplyDelete
  7. അതുതന്നെയാണ് എന്റെ സംശയവും. തദ്ദേശം സ്വയംഭരണം സ്ഥാപനം ഇതു മൂന്നും ചേർന്നാണ് തദ്ദേശസ്വയംഭരണസ്ഥാപനം ആകുന്നത്. അപ്പോൾ എങ്ങനെ എഴുതുന്നതാണ് ശരി എന്നത് എനിക്ക് എപ്പോഴും സംശയമാണ്.

    ReplyDelete
  8. Manikandan ji...ഇത് മലയാള വ്യാകരണത്തിൽ കൂടുതൽ അറിവുള്ളവർ ഉത്തരം പറയട്ടെ.എന്നിരുന്നാലും ഞാനും ഒന്ന് ശ്രമിച്ച് നോക്കട്ടെ.

    ReplyDelete
  9. എന്‍റെ മലയാളം...

    ReplyDelete
  10. ശ്രദ്ധിച്ചേമതിയാകൂ!പത്രങ്ങള്‍പോലും വേണ്ടത്രഭാഷാശുദ്ധിപാലിക്കുന്നില്ല!
    ആശംസകള്‍ മാഷേ

    ReplyDelete
  11. തങ്കപ്പേട്ടാ...കുറെ നാളായല്ലോ , ഇതു വഴി കണ്ടിട്ട്.

    ReplyDelete

നന്ദി....വീണ്ടും വരിക