പിറ്റേന്ന് രാവിലെത്തന്നെ ഞാൻ ഗെയിംസ് അഡ്മിനിസ്റ്റ്രേഷൻ വിഭാഗം ഓഫീസ് സ്ഥിതി ചെയ്യുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി. ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വോളിബോൾ മത്സരങ്ങളുടെ വെന്യൂ മാനേജർ ആയ ജോസഫ് സാർ വെടിയേറ്റ എന്തിനെയോ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. നാല് വെന്യൂ മാനേജർമാരുടെ ലീഡർ ആയി അദ്ദേഹത്തെയാണ് എല്ലാവരും കൂടി തെരഞ്ഞെടുത്തിരുന്നത് - കാരണം ഞാൻ ഒഴികെ മറ്റ് മൂന്ന് പേരും ഫിസിക്കൽ എഡുക്കേഷൻ കോളേജിൽ നിന്നുള്ളവരും ജോസഫ് സാർ അവരുടെ ഡിപ്പാർട്ട്മെന്റ് ഹെഡും ആയിരുന്നു.
“ആബിദ് .... ഇന്നലെ ബീച്ചിൽ എന്താ പ്രശ്നമുണ്ടായത് ?” ജോസഫ് സാർ ചോദിച്ചു.
“കുട്ടികൾ ഒരു ഫ്ലാഷ് മോബ് അവതരിപ്പിക്കാൻ അനുവാദം ചോദിച്ചു...ഞാൻ എ.സി.പി മൊയ്തീൻ സാറിന്റെ സമ്മതത്തോടെ അനുവാദം നൽകി...പരിപാടി കഴിഞ്ഞതും കലക്ടർ സ്റ്റാഫ് ആണെന്ന് പറഞ്ഞ് കുറച്ചു പേർ എന്നെ വിരട്ടി...കുട്ടികൾ അവരുടെ കാറ് തടഞ്ഞു....” ശാന്തനായി ഞാൻ പറഞ്ഞു.
“ങാ...അങ്ങനെ ഒരു പരിപാടി നടത്താൻ പാടില്ലായിരുന്നു...മുകളിൽ അവർ ഇരിപ്പുണ്ട്...പോയി നേരിൽ കണ്ട് ക്ഷമാപണം നടത്തിക്കോളൂ...”
ബീച്ച് വോളീ മത്സരങ്ങൾ കഴിഞ്ഞെങ്കിലും, ഞങ്ങൾക്കാർക്കും റിലീവിംഗ് ഓർഡറും സർട്ടിഫിക്കറ്റുകളും വാഗ്ദാനം ചെയ്ത ബത്തയും കിട്ടിയിരുന്നില്ല. ഞാൻ കാരണം അത് മുടങ്ങാതിരിക്കാൻ വേണ്ടി ജോസഫ് സാർ പറഞ്ഞതനുസരിച്ച് മനസ്സില്ലാ മനസ്സോടെ ഞാൻ മുകളിലേക്ക് പോയി. പക്ഷെ അവരെ ആരെയും അവിടെ കണ്ടില്ല. അവർക്ക് വേണ്ടി കാത്തിരിക്കാൻ സമയമില്ലാത്തതിനാൽ ജോസഫ് സാറോട് പറയാതെ ഞാൻ വീട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തും മുമ്പ് വിവരങ്ങൾ അറിയാൻ ജോസഫ് സാർ എന്നെ വിളിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞെങ്കിലും നിർബന്ധമായും ക്ഷമാപണം നടത്തണം എന്ന് അദ്ദേഹം അറിയിച്ചു. ആ നിർബന്ധത്തിന്റെ പിന്നിൽ എന്തൊക്കെയോ ഉണ്ട് എന്നതിനാൽ ഒരു കാരണവശാലും ക്ഷമാപണം നടത്തില്ല എന്ന് ഞാനും തീരുമാനിച്ചു.
എന്റെ വെന്യൂവിലെ മത്സരങ്ങൾ അവസാനിച്ചതിനാൽ ഫെബ്രുവരി ഏഴിന് റിലീവിംഗ് ഓർഡർ വാങ്ങാനായി കോഴിക്കോട്ടേക്ക് തിരിക്കാനിരിക്കെ ജോസഫ് സാറിന്റെ വിളി വീണ്ടും വന്നു..
“ഗെയിംസ് വെന്യൂ മാനേജർമാർക്കുള്ള യൂണിഫോം കിറ്റ് എത്തിയിട്ടുണ്ട് , ഇന്നു തന്നെ കൈപറ്റണം !!”
മത്സരങ്ങൾ കഴിഞ്ഞ് ജേതാക്കൾ സ്വന്തം സംസ്ഥാനങ്ങളിൽ സ്വീകരണങ്ങൾ ഏറ്റു വാങ്ങുമ്പോഴാണ് വെന്യൂ മാനേജർമാർ സ്റ്റേഡിയത്തിൽ പ്രവേശിക്കുമ്പോൾ ധരിക്കേണ്ട യൂണിഫോം കിറ്റ് വരുന്നത് ! ഓറഞ്ച് നിറത്തിലുള്ള മൂന്ന് ടീ ഷർട്ടുകളും ഒരു ടർക്കിയും ആയിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്. നേരത്തെ എടുത്ത മഞ്ഞ ടീ ഷർട്ട് തിരിച്ച് തരണോ എന്ന് ചോദിച്ചപ്പോൾ അതിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് കുട്ടികളിൽ ഒരാൾ ഒരു കിറ്റ് വളണ്ടിയർ യൂണിഫോം കൂടി എനിക്ക് തന്നു. അങ്ങനെ എന്റെ അലമാരിയിൽ നാഷണൽ ഗെയിംസ് ഓർമ്മകൾ ഇന്നും നിറഞ്ഞ് നിൽക്കുന്നു !!
കായിക വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഒപ്പിട്ട സർട്ടിഫിക്കറ്റ് തരും എന്നായിരുന്നു ഗെയിംസിന്റെ മുമ്പ് നൽകിയ വാഗ്ദാനം. എന്നാൽ രണ്ട് പേരുടെയും ഫാസിമെയിൽ ഒപ്പുകൾ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് കിട്ടിയത്. അതിലെവിടെയും എന്റെ സർട്ടിഫിക്കറ്റ് കാണാഞ്ഞതിനാൽ ടീ ഷർട്ട് വന്ന പോലെ ഒരത്ഭുതം ഞാൻ പ്രതീക്ഷിച്ചു !
ഫെബ്രുവരിയും കടന്ന് മാർച്ചിലെത്തിയിട്ടും കാശ് വിതരണത്തിന്റെയും ഒരനക്കവും കാണാത്തതിനാൽ പലരും വിളിക്കാൻ തുടങ്ങി. ആയിടക്കാണ് എന്റെ കോളേജ് മുറ്റത്ത് ഒരു പോലീസ് ജീപ്പ് വന്നതും സബ് ഇൻസ്പെക്ടർ മുറ്റത്തുണ്ടായിരുന്ന കുട്ടികളോട് എന്നെ അന്വേഷിച്ചതും. നേരത്തെ ഫോൺ ചെയ്ത് അറിയിച്ചിരുന്നതിനാൽ ഞാൻ നേരെ ജീപ്പിനടുത്തേക്ക് നീങ്ങി. ഗെയിംസുമായി ബന്ധപ്പെട്ട ചില പേപ്പറുകളിൽ ഒപ്പിടാനായിരുന്നു ആ സന്ദർശനം. അല്പ സമയത്തെ സംസാരത്തിന് ശേഷം ഒപ്പിടാനായി ഞാൻ ജീപ്പിനകത്തേക്ക് കയറിയിരുന്നു.
“ആബിദ് സാറെ പോലീസ് അറസ്റ്റ് ചെയ്തു...!!!” നിമിഷങ്ങൾക്കുള്ളിൽ വാർത്ത ക്യാമ്പസിൽ പരക്കാൻ തുടങ്ങി.
ദേശീയ ഗെയിംസ് അനുഭവങ്ങൾ - 13
“ആബിദ് സാറെ പോലീസ് അറസ്റ്റ് ചെയ്തു...!!!” നിമിഷങ്ങൾക്കുള്ളിൽ വാർത്ത ക്യാമ്പസിൽ പരക്കാൻ തുടങ്ങി.
ReplyDelete