Pages

Tuesday, February 27, 2018

കോഴിക്കോട് ബീച്ചിലൂടെ....

                     ഞാൻ ആദ്യമായി ബീച്ച് കണ്ടത് ആറിലോ ഏഴിലോ പഠിക്കുന്ന കാലത്താണ് എന്നാണെന്റെ ഓർമ്മ. എന്റെ മാതാപിതാക്കൾ ഞങ്ങളെ ആരെയും ബീച്ച് കാണിക്കാൻ കൊണ്ടു പോയതായി ഞാൻ ഓർക്കുന്നില്ല. എന്നാൽ എന്റെ മക്കൾ ആ കാര്യത്തിൽ എത്രയോ ഭാഗ്യവാന്മാരാണ്. പിച്ച വയ്ക്കാൻ തുടങ്ങിയ അന്നു മുതലേ അവർ പലപ്പോഴായി പല ബീച്ചുകളും കണ്ടിട്ടുണ്ട്.  ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ബീച്ചായ ചെന്നൈയിലെ മറൈൻ ബീച്ച് , കേരളത്തിലെ പ്രധാന ബീച്ചുകളായ ശംഖുമുഖം , കോവളം , വിഴിഞ്ഞം , ആലപ്പുഴ, ചെറായി, ബേപ്പൂർ, കോഴിക്കോട്,കാപ്പാട്, പയ്യാമ്പലം എല്ലാം അവർ കണ്ട ലിസ്റ്റിൽ പെട്ടതാണ്. മക്കളെയും കൊണ്ട് പോയപ്പോഴാണ് ഇതിൽ പലതും എന്റെ ഭാര്യയും കണ്ടത്.
                    കോഴിക്കോട് ബീച്ച് ഇടക്കിടക്ക് സന്ദർശിക്കുന്നത് കുട്ടികൾക്ക് ഒരു ഹരമാണ്.കുടുംബ സമേതം കോഴിക്കോട്ടോ പരിസരത്തോ പോകുമ്പോൾ മിക്കവാറും ബീച്ചിൽ പോയി അല്പ നേരം കടലുമായി കിന്നരിച്ച് ഓരോ പ്ലേറ്റ് മുട്ടപ്പട്ടാണിക്കടലയും തട്ടിയാണ് ഞങ്ങൾ തിരിച്ചു പോരാറ്.
                 എം.എസ്.സി സൈക്കോളജിയുടെ രണ്ടാം വർഷ കോണ്ടാക്റ്റ് ക്ലാസിന് അന്ന് ഞങ്ങൾ പോയത്  മക്കളെയെല്ലാവരെയും കൂട്ടിയായിരുന്നു. ക്ലാസ് കഴിഞ്ഞപ്പോൾ മക്കൾക്ക് ബീച്ചിൽ പോകാൻ ആഗ്രഹം. അങ്ങനെ കാർ നേരെ ബീച്ചിലേക്ക് വിട്ടു. ഞായറാഴ്ച ആയതിനാൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. അല്പ നേരം കടൽ കാറ്റും കൊണ്ട് ഞങ്ങൾ ആ മണൽ പരപ്പിൽ ഇരുന്നു.
                  അല്പം കഴിഞ്ഞ് ഞങ്ങളുടെ തൊട്ടു മുമ്പിൽ വട്ടത്തിൽ ഒരു ആൾക്കൂട്ടം രൂപപ്പെടാൻ തുടങ്ങി.പിന്നാലെ ഒരു ചെണ്ടയുടെ ശബ്ദവും മുഷിഞ്ഞ വേഷം ധരിച്ച ഒരു പെൺകുട്ടിയും പ്രത്യക്ഷപ്പെട്ടു. പെൺകുട്ടി ആൾക്കൂട്ടത്തിന് മുമ്പിൽ എന്തൊക്കെയോ അഭ്യാസങ്ങൾ കാണിക്കുന്നുണ്ട്. അല്പം കഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ കൂടി പ്രത്യക്ഷപ്പെട്ടു. അയാളും പലതരം ‘കുത്തിമറിയലുകൾ’ നടത്തുന്നുണ്ട്.
                  അല്പനേരത്തെ കാട്ടിക്കൂട്ടലുകൾക്ക് ശേഷം ആ ചെറുപ്പക്കാരൻ തന്റെ ഭാണ്ഠത്തിൽ നിന്ന് ശീല കൊണ്ട് പൊതിഞ്ഞ ഒരു വളയം എടുത്തു. പെട്രോൾ പോലെ എന്തോ ഒരു ദ്രാവകം വളയത്തിൽ ഒഴിച്ചു. പിന്നെ അതിന് തീ കൊളുത്തി.
                    കാണികൾ ആകാംക്ഷയോടെ നോക്കി നിൽക്കെ ആൾകൂട്ടത്തിൽ നിന്നും അയാൾ രണ്ടു പേരെ ക്ഷണിച്ച് വളയത്തിൽ കെട്ടിയ ഒരു കമ്പി രണ്ട് വശത്തേക്കും വലിച്ച് പിടിക്കാൻ ആവശ്യപ്പെട്ടു.കത്തുന്ന വളയത്തിന്റെ ചൂട് അവരെ അലോസരപ്പെടുത്തുണ്ടായിരുന്നു. ഇതിനിടയിൽ ആ യുവാവ് അല്പം പിന്നോട്ട് എങ്ങോട്ടോ നീങ്ങി.പിന്നെ ആൾക്കൂട്ടത്തിൽ നിന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. അടുത്ത നിമിഷം....!

                   ആ യുവാവ് വളയത്തിന് നേരെ ഓടി വരുന്നു. എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നോക്കി നിൽക്കെ എവിടെയും തൊടാതെ ആ യുവാവ് കത്തുന്ന വളയത്തിനുള്ളിലൂടെ ഡൈവ് ചെയ്ത് മറുപുറത്ത് എത്തി. ആദ്യ തവണ ചെയ്തത് ഭാഗ്യം കൊണ്ടല്ല എന്ന് തെളിയിക്കാൻ വീണ്ടും രണ്ട് പ്രാവശ്യം കൂടി അയാൾ ആ അഭ്യാസം കാണിച്ചു. എന്നാൽ കണ്ട് നിന്നവർ ആരും ഒരു കയ്യടി പോലും നൽകിയില്ല. ഈ പ്രകടനത്തിന് ശേഷം അയാളുടെ പിരിവ് പാത്രത്തിൽ വീണ കാശും അധികം ഉണ്ടാകില്ല എന്ന് ഞാൻ അനുമാനിക്കുന്നു.കിട്ടിയ കാശും പെട്ടിയിലാക്കി ആ നാടോടി സർക്കസ് കുടുംബം അടുത്ത ആൾക്കൂട്ടത്തിനടുത്തേക്ക് നീങ്ങി.
                    ജീവിതം രണ്ടറ്റം മുട്ടിക്കാൻ ഒരു കുടുംബം പെടുന്ന പെടാപാടും അവർക്ക് കിട്ടുന്ന പ്രതിഫലവും ഞാൻ എന്റെ കുട്ടികൾക്ക് വിശദീകരിച്ച് കൊടുത്തു. തങ്ങൾക്ക് കിട്ടിയ വലിയ വലിയ അനുഗ്രഹങ്ങളെപ്പറ്റി അവർ തിരിച്ചറിഞ്ഞു.
                   സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ ചെഞ്ചായം പൂശുന്ന ജോലി ഏകദേശം പൂർത്തിയാക്കിയിരുന്നു. അല്പം കൂടി നേരം തിരമാലകളോട് സല്ലപിച്ച് ചായയും പട്ടാണിയും കഴിച്ച് കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഞങ്ങൾ നടന്നു. പെട്ടെന്നാണ് ആ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്.

(തുടരും...)

1 comment:

  1. എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നോക്കി നിൽക്കെ എവിടെയും തൊടാതെ ആ യുവാവ് കത്തുന്ന വളയത്തിനുള്ളിലൂടെ ഡൈവ് ചെയ്ത് മറുപുറത്ത് എത്തി.

    ReplyDelete

നന്ദി....വീണ്ടും വരിക