Pages

Monday, April 23, 2018

അരിചല്‍മുനയിലെ കടല്‍ സംഗമം

               2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്തുമസ് ആഘോഷിച്ചു. പക്ഷെ അതേ ദിവസം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരമായ ഒരു പ്രകൃതി ദുരന്തവും നടക്കുന്നുണ്ടായിരുന്നു. അന്നാണ് ഞാന്‍ ആദ്യമായി സുനാമി എന്ന പദം കേള്‍ക്കുന്നത്. ലോകത്തിന്റെ ഏതോ ഭാഗത്ത് കടലിനടിയിലുണ്ടായ ഒരു ഭൂകമ്പം കാരണം അന്ന് ഉയര്‍ന്നു പൊങ്ങിയ തിരമാലകള്‍ നോഹയുടെ കാലത്തെ വെള്ളപ്പൊക്കം സംഭവ്യം തന്നെയെന്ന് തെളിയിച്ചു. ഇന്ന് ധനുഷ്‌കോടിയിലേക്ക് പോകുമ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മണികണ്ഠന്‍ നിര്‍ത്താതെ സംസാരിച്ചത് 2004 നും 40 വര്‍ഷം മുന്നെ ധനുഷ്‌കോടിയെ തകര്‍ത്ത ഒരു കൊടുങ്കാറ്റിനെക്കുറിച്ചാണ്.

              ധനുഷ്‌കോടിയും കടന്ന് അഞ്ച് കിലോമീറ്റര്‍ കൂടി പോയാല്‍ എത്തുന്ന അരിചല്‍മുനയാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഇന്ത്യയുടെ അവസാന കരഭാഗങ്ങളില്‍ ഒന്ന്. ഓട്ടോറിക്ഷ കുതിക്കുന്നത് നീണ്ടു നിവര്‍ന്നു കിടക്കുന്ന ഒരു പെരുമ്പാമ്പിന്റെ പുറത്ത് കൂടിയാണ്. റോഡിന്റെ ഇരുഭാഗത്തും കടലാണ്. കല്ല് കൊണ്ടൂള്ള സംരക്ഷണ ഭിത്തിയാണ് ഞങ്ങളുടെയും കടലിന്റെയും ഇടയിലുള്ള ഏക തടസ്സം. ചെങ്കടല്‍ പിളര്‍ന്ന് മൂസാ നബി കടന്നു പോയപ്പോള്‍ ഫറോവ ചക്രവര്‍ത്തി പിന്തുടര്‍ന്ന പോലെ ആരോ പിളര്‍ത്തി വച്ച കടലിന് നടുവിലൂടെ ഞങ്ങള്‍ കുതിക്കുകയാണ്. കടല്‍ ഒരു സെന്റിമീറ്റര്‍ ഉയര്‍ത്താന്‍ ദൈവം തീരുമാനിച്ചാല്‍ മതി ആയിരക്കണക്കിന് സഞ്ചാരികള്‍ വെള്ളത്തില്‍ തീരുമാനമാകും !

               ചില ഓട്ടോകളും ടാക്സികളും വലത്തോട്ട് തിരിയുന്നതും അവിടെ നെടു നീളത്തില്‍ ഒരു ദ്വീപ് പോലെ കാണുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു.

“ഇന്ത പക്കം എന്തിരുക്ക്?” തമിഴാണോ എന്നറിയില്ലെങ്കിലും ചോദ്യം വായില്‍ നിന്ന് വന്നു.

“രാമകീര്‍ത്തി...” ബാക്കി ഒന്നും എനിക്ക് മനസ്സിലായില്ല. രാമപാദം ആണ് അവിടെയുള്ള ആകര്‍ഷണം എന്ന് പിന്നീട് മനസ്സിലായി. ഞങ്ങള്‍ അങ്ങോട്ട് പോയില്ല. ധനുഷ്‌കോടി പഴയ നഗരം പ്രേത നഗരമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തിരിച്ചു വരുമ്പോള്‍ കാണാം എന്ന് ഡ്രൈവര്‍ പറഞ്ഞതിനാല്‍ ഞങ്ങള്‍ നിര്‍ത്താതെ വിട്ടു.

               ഇന്ത്യയുടെ അവസാന പോയിന്റില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സമയം അഞ്ച് മണിയോട് അടുത്തിരുന്നു. ധാരാളം സഞ്ചാരികളെക്കൊണ്ടും വാഹനങ്ങളെക്കൊണ്ടും അവിടെ തിങ്ങി നിറഞ്ഞിരുന്നു. കേരളത്തിലെ ഹര്‍ത്താല്‍ ദിനം പോലെ പോലീസുകാരും നിറയെ ഉണ്ടായിരുന്നു.        ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി.

“സര്‍...ഇങ്കെ മൊബൈല്‍ സിഗ്നല്‍ ശ്രീലങ്ക താന്‍...” മണികണ്ഠന്‍ പറഞ്ഞത് ശരിയാണോ എന്നറിയാന്‍ ഞാന്‍ മൊബൈലില്‍ നോക്കി. BSNL ആയതിനാല്‍ അതില്‍ ഒരു സിഗ്നലും കണ്ടില്ല.

“അങ്കെ സ്ട്രൈറ്റ് താന്‍ രാമസേതു...കടലുക്ക് ഉള്ളാടി....ശ്രീലങ്കക്ക് വെറും 30 കിലോമീറ്റര്‍...കന്യാകുമാരി 330 കിലോമീറ്റര്‍ !”

“ങേ!” സ്വന്തം സംസ്ഥാനത്തെ മറ്റൊരു മുനമ്പിലേക്കുള്ള ദൂരത്തിന്റെ പത്തിലൊന്ന് ദൂരം പോലും അയല്‍ രാജ്യത്തിലേക്ക് ഇല്ല!!കുട്ടിക്കാലത്ത് കേട്ട ജാഫ്നയിലെ പോരാട്ടങ്ങളും എല്‍.ടി.ടി.ഇ യും പുലി പ്രഭാകരനും മറ്റും ഒരു നിമിഷം ആ കടലിലൂടെ ഒരു സ്പീഡ് ബോട്ടില്‍ പാഞ്ഞുപോയി. അങ്ങകലെ ശ്രീലങ്ക കാണുന്നുണ്ടോ?

വിശാലമായ മണല്‍ പരപ്പിലേക്ക് ഞങ്ങള്‍ വേഗം ഇറങ്ങി.ഇടതു ഭാഗത്ത് കരയെ തഴുകി ഉറക്കാന്‍ മിനക്കെടുന്ന ശാന്തയായ കടലമ്മ. അവിടെ ഞങ്ങള്‍ കുടുംബസമേതം ഇറങ്ങി (മുന്നറിയിപ്പ് ബോര്‍ഡ് ഉള്ളതിനാല്‍ അധികം മുന്നോട്ട് പോയില്ല). ബംഗാള്‍ ഉള്‍ക്കടല്‍ ആയിരുന്നു അത്. പുഴയിലൂടെ ഒരു വള്ളം കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന കുഞ്ഞോളങ്ങള്‍ പോലെയായിരുന്നു ബംഗാള്‍ ഉള്‍ക്കടലിലെ തിരകള്‍. ആ തീരത്ത് നിന്ന് ഞങ്ങള്‍ ളുഹറും അസറും നമസ്കരിച്ചു.
റോട്ടില്‍ നിന്നിരുന്ന പോലീസ് സംഘം മുഴുവനായി കടല്‍ തീരത്തേക്ക് നീങ്ങാന്‍ തുടങ്ങി.ഒപ്പം വിസിലടിയും കേള്‍ക്കുന്നുണ്ട്.സമയം അഞ്ചരയായി. ആള്‍ക്കാരെ മുഴുവന്‍ തിരിച്ച് കയറ്റുകയാണ്. അപ്പോള്‍ ഓട്ടോക്കാര്‍ പറഞ്ഞത് സത്യം തന്നെ. നിമിഷ നേരം കൊണ്ട് രാമസേതു തുടങ്ങുന്ന സ്ഥാനം ജനരഹിതമായി. ഞങ്ങള്‍ വേഗം വലതു ഭാഗത്തെ കടലിലേക്ക് നീങ്ങി.

കരയെ തല്ലി ഉണര്‍ത്തുന്ന രണ്ടാനമ്മയായ കടലമ്മയെയാണ് ഞങ്ങള്‍ അവിടെ കണ്ടത്. ഇന്ത്യന്‍ മഹാസമുദ്രം അതിന്റെ പേരിനൊത്ത പെരുമ കാണിക്കുകയാണ്. അടുത്തേക്ക് ചെന്നാല്‍ മൊത്തം കുളിപ്പിച്ച് തരും എന്ന നിലയിലായിരുന്നു അതിന്റെ പെരുമാറ്റം. അതിനാല്‍ ഞങ്ങള്‍ ദൂരം പാലിച്ചു. അപ്പോഴേക്കും പോലീസ് അവിടെയും എത്തി.
 “രാമസേതു എങ്ക ഇരിക്ക് ?” ഞാന്‍ പോലീസുകാരനോട് ചോദിച്ചു.

“അങ്കെ...കടലുക്ക് ഉള്ളാടി പോച്ച്...” ദൂരേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു.

“കാണാന്‍ പറ്റുമോ?”

“ഇല്ലല്ല....നമ്മള്‍ താന്‍ കണ്ടിട്ടില്ലൈ...റൊമ്പ കടലുക്ക് ഉള്ളാടി പോയാച്ച്...”

അപ്പോള്‍ അങ്ങോട്ട് പോയിട്ട് കാര്യമൊന്നുമില്ല എന്ന് മനസ്സിലായി. പോലീസ് ആട്ടിത്തെളിച്ചതോടെ ഞങ്ങള്‍ ബീച്ചില്‍ നിന്നും റോഡിലേക്ക് കയറി.
അവസാന കരയിലെ അശോകസ്തംഭത്തിന് ചുറ്റും അല്പ സമയം കൂടി ചെലവഴിച്ച് ഞങ്ങള്‍ ധനുഷ്‌കോടിയിലേക്ക് തിരിച്ച് കയറി.

3 comments:

  1. കുട്ടിക്കാലത്ത് കേട്ട ജാഫ്നയിലെ പോരാട്ടങ്ങളും എല്‍.ടി.ടി.ഇ യും പുലി പ്രഭാകരനും മറ്റും ഒരു നിമിഷം ആ കടലിലൂടെ ഒരു സ്പീഡ് ബോട്ടില്‍ പാഞ്ഞുപോയി. അങ്ങകലെ ശ്രീലങ്ക കാണുന്നുണ്ടോ?

    ReplyDelete
  2. കരയെ തല്ലി ഉണര്‍ത്തുന്ന രണ്ടാനമ്മയായ കടലമ്മയെയാണ് ഞങ്ങള്‍ അവിടെ കണ്ടത്. ഇന്ത്യന്‍ മഹാസമുദ്രം അതിന്റെ പേരിനൊത്ത പെരുമ കാണിക്കുകയാണ്. അടുത്തേക്ക് ചെന്നാല്‍ മൊത്തം കുളിപ്പിച്ച് തരും എന്ന നിലയിലായിരുന്നു അതിന്റെ പെരുമാറ്റം. യാത്രാവിശേഷം നന്നായി മാഷേ
    ആശംസകള്‍

    ReplyDelete
  3. തങ്കപ്പേട്ടാ...അങ്ങനെ എഴുതാനാണ് എനിക്ക് തോന്നിയത്.അതിലും കൂടുതല്‍ ശൌര്യം അത് കാണിക്കുന്നുണ്ടായിരുന്നു.

    ReplyDelete

നന്ദി....വീണ്ടും വരിക