Pages

Wednesday, June 27, 2018

ടോയ് കളി

              കുട്ടിക്കാലത്ത് ഞങ്ങൾ സ്ഥിരം കളിച്ചിരുന്ന നാടൻ കളികളിൽ ഒന്നാണ് “ടോയ്”. നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിയിരുന്നെങ്കിലും,  ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴാണ് ‘ടോയ്’ ഒരു ഇംഗ്ലീഷ് പദമാണെന്ന വിവരം ഉണ്ടായത്.പക്ഷേ ആ ടോയും ഞങ്ങളുടെ ടോയും തമ്മിൽ ആലുവ മണൽപ്പുറത്ത് കണ്ട പരിചയം പോലും ഉണ്ടായിരുന്നില്ല.

               കുറെ അധികം പേർ കളിക്കാനുണ്ടാകുമ്പോഴാണ് ‘ടോയ്’ കളിക്കുന്നത്. ഒരു നിശ്ചിത സ്ഥാനത്ത് (ഇതിനെ കുറ്റി എന്ന് പറയും) നിന്ന് ഒരാൾ കണ്ണുപൊത്തി 50 വരെയോ 100 വരെയോ എണ്ണും. ബാക്കിയുള്ളവർ എല്ലാം ഇതിനിടക്ക് വിവിധ സ്ഥലങ്ങളിൽ ഒളിച്ചിരിക്കും. എണ്ണിക്കഴിഞ്ഞാൽ ‘ആയോ’ എന്നൊരു ചോദ്യം ചോദിക്കണം. അതായത് എല്ലാവരും ഒളിച്ചു കഴിഞ്ഞോ എന്നും തിരയാൻ വരാനായോ എന്നുമാണ് ചോദിക്കുന്നത്.’ആയില്ല’ എന്നാണ് ഉത്തരം കിട്ടുന്നതെങ്കിൽ അവിടെ തന്നെ നിൽക്കണം.

              ‘ആയി’ എന്ന് ഉത്തരം കിട്ടിയാൽ എണ്ണുന്നയാൾ കുറ്റി വിട്ട് പോയി ഒളിച്ചിരിക്കുന്നവരെ കണ്ട് പിടിക്കണം. അതിനിടയിൽ  ഒളിച്ചിരിക്കുന്നവർ മെല്ലെ സ്ഥാനം മാറി പാത്തും പതുങ്ങിയും കുറ്റിയിലേക്ക് ഓടി വന്ന് ‘ടോയ്’ എന്ന് ഉറക്കെ പറയണം. അവർ കുറ്റിയിൽ എത്തുന്നതിന് മുമ്പെ അവരെ തൊടുക എന്നതാണ് എണ്ണുന്നവന്റെ കടമ.

             ഈ കളിക്ക് പിന്നീട് പല വകഭേദങ്ങളും ഉണ്ടായി.  ഒളിച്ചിരിക്കുന്നവനെ കണ്ടാൽ പേര് വിളിച്ചു പറയുന്ന ഒരു വകഭേദം ഉണ്ടായി.അതു വ്യാപകമായി കള്ളക്കളിക്ക് കാരണമായി.കാരണം പേര് എല്ലാവരുടേതും അറിയുന്നതിനാൽ കണ്ടാലും ഇല്ലെങ്കിലും വിളിച്ചുപറയാൻ സൌകര്യമായിരുന്നു. അതോടെ ആ കളി നിർത്തി.

             വെട്ടിച്ച് ഓടാനും വേഗത്തിൽ ഓടാനും കഴിയുന്നവർ പലപ്പോഴും ഒളിക്കുകയില്ല. അവർ തുറസായ സ്ഥലത്ത് തന്നെ നിൽക്കും. എണ്ണുന്നവൻ തൊടാനായി ഓടി വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചോടി കുറ്റിയിൽ ചെന്ന് തൊട്ട് ‘ടൊയ്’ വിളിക്കും.അമ്മാവന്റെ മകൻ ബാബു വെട്ടിച്ചോടുന്നതിൽ വിദഗ്ദനായിരുന്നു. ഇതിനൊന്നും സാധിക്കാത്ത എന്നെപ്പോലെയുള്ളവർ അമ്മാവന്റെ വീട്ടിലെ കുളിമുറിക്കകത്തും വല്ല്യുമ്മയുടെ കോഴിക്കൂടിന് പിന്നിലും മൂത്തുമ്മയുടെ പുളിമരത്തിന്റെ മറവിലും ഒക്കെ ഒളിച്ച് നിന്ന് കെണിയിൽ പെടും. എണ്ണുന്നവൻ ആദ്യം തൊടുന്നയാൾ, പിന്നെ അടുത്ത കളിയിൽ എണ്ണണം.ഒളിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്താൻ ശ്രമിക്കാം അല്ലെങ്കിൽ ‘ഒയ്ച്ചു’ (ഒഴിവാക്കി എന്നതിന്റെ മലപ്പുറം വേർഷൻ) എന്ന് പറഞ്ഞ് കളി അവസാനിപ്പിക്കാം.

             ഈ കളിയുടെ ഇന്നത്തെ രൂപമാണ് “സാറ്റ്’. ഇതിൽ എണ്ണുന്നവൻ മറ്റുള്ളവരെ  കണ്ടാൽ കുറ്റിയിലേക്ക് ഓടി വന്ന് പേര് പറഞ്ഞ് ‘സാറ്റ്’ വിളിക്കും. ഒളിച്ചിരിക്കുന്നവർ കുറ്റിയിലേക്ക് ഓടി വന്ന്  അതിനും മുമ്പെ ‘സാറ്റ്’ വിളിക്കണം.

            എണ്ണാനുള്ള ആളെ തെരഞ്ഞെടുക്കുന്നതും വളരെ രസകരമായാണ്. ഒരാൾ തന്റെ പത്ത് കൈവിരലിൽ ഏതെങ്കിലും ഒന്ന് മടക്കി ‘ടിക്’ എന്ന് പൊട്ടിക്കും.ശേഷം എല്ലാവർക്കും മുമ്പിലേക്ക് വിരലുകള്‍ നീട്ടും.പൊട്ടിയ വിരൽ പിടിച്ചവൻ കളിയില്‍ എണ്ണണം. അവിടെയും ചില ‘നീക്കുപോക്കുകളിലൂടെ’ വേണ്ടപ്പെട്ടവനെ രക്ഷിക്കാം. അത് തെളിഞ്ഞാൽ വിരൽ വീണ്ടും പൊട്ടിക്കാൻ പറയും.ഒരിക്കൽ പൊട്ടിയ വിരൽ പിന്നീട് കുറെ നേരത്തേക്ക് പൊട്ടില്ല.അതിനാൽ കള്ളക്കളി അപ്പോൾ തന്നെ പുറത്താകും.

             പറമ്പിലൂടെയും ചെളിയിലൂടെയും മണ്ണിലൂടെയും വെള്ളത്തിലൂടെയും എല്ലാം ഓടിക്കളിക്കുന്നതിനാൽ ഞങ്ങളുടെ ആരോഗ്യത്തിനും ഈ കളികൾ നല്ല സംഭാവന നൽകിയിട്ടുണ്ട്. ഇന്നും എന്റെയും അയല്പക്കത്തെയും കുട്ടികൾ സംഘടിച്ച് വൈകുന്നേരങ്ങളിൽ ‘സാറ്റ്’ കളിക്കാറുണ്ട്. അത് നോക്കി നിന്ന് ഞാൻ ഞങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാറുമുണ്ട്.

3 comments:

  1. ഈ കളിയുടെ ഇന്നത്തെ രൂപമാണ് “സാറ്റ്’. ഇതിൽ എണ്ണുന്നവൻ മറ്റുള്ളവരെ കണ്ടാൽ കുറ്റിയിലേക്ക് ഓടി വന്ന് പേര് പറഞ്ഞ് ‘സാറ്റ്’ വിളിക്കും.

    ReplyDelete
  2. സാറ്റ് എന്നു തന്നെയാ ഇവിടേയും പറയുന്നത്.

    ReplyDelete
  3. Typist...അന്നും സാറ്റ് എന്നായിരുന്നോ പറഞ്ഞിരുന്നത്?

    ReplyDelete

നന്ദി....വീണ്ടും വരിക