Pages

Friday, August 31, 2018

ആൻ ആപ്പിൾ കീപ്സ് .....

ഉപ്പച്ചീ... ആപ്പിൾ ഒരു കൊണം കെട്ട പഴം ആണല്ലേ ? ” മോളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഒന്ന് അമ്പരന്നു.

ആൻ ആപ്പിൾ കീപ്സ് ഡോക്ടർ എവെ എന്നാണ്....അത്രയും നല്ലതാണ് ആപ്പിൾഞാൻ പറഞ്ഞു.

ആപ്പിളിനടുത്തേക്ക് ഡോക്ടർ വരില്ല എന്നല്ലേ...അത് എനിക്കും അറിയാം...”

ശരിയാണല്ലോ....അങ്ങനെയും പറയാംഎന്റെ മനസ്സ് മന്ത്രിച്ചു.

ആട്ടെ... അതെന്താ ആപ്പിൾ ഒരു കൊണം കെട്ട പഴമാണെന്ന് ഇപ്പോൾ നിനക്ക് തോന്നിയത് ? “

അതെയ്...ഞാൻ ഇന്നലെ സ്വർഗ്ഗത്തെപ്പറ്റി ഒരു കഥയിൽ വായിച്ചു....നല്ല സ്ഥലം...മനുഷ്യൻ അവിടെ ആയിരുന്നു പോലും....”

ങാ...”

എന്നിട്ട് അവിടെ ഒരു ആപ്പിൾ മരത്തിലെ, ദൈവം വിലക്കിയ പഴം ആദ്യത്തെ മനുഷ്യനായ ആദം കഴിച്ചു....അതോടെ ദൈവം കോപിച്ച് മനുഷ്യനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി....വല്ല ചക്കയോ മറ്റോ ആയിരുന്നെങ്കിൽ ആദം അത് കഴിക്കില്ലായിരുന്നു....ആപ്പിൾ ആയതോണ്ടല്ലേ കഴിച്ചതും നമ്മൾ എല്ലാം സ്വർഗ്ഗത്തിൽ നിന്ന് പുറത്തായതും.... കഷ്ടം ...”

...അത് ഇപ്പോ പറഞ്ഞിട്ട് ഇനി കാര്യമില്ലാലോ...നിനക്ക് ഇപ്പോൾ ഇത് പ്രത്യേകിച്ച് ഓർമ്മ വരാൻ കാരണമെന്താ....?”

അതോ....അത് സയൻസ് ടീച്ചറില്ലേ...ശ്രീദേവി ടീച്ചർ. അവർ ഇന്ന് ഒരു നിയമം പഠിപ്പിച്ചു - ഭൂഗുരുത്വം എന്നോ മറ്റോ....ഭൂമി എല്ലാ സാധനങ്ങളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നുണ്ട് പോലും....”

...അത് ശരിയാണ്...”

എന്നിട്ട് ഒരു മുടിയൻ വല്ല്യാപ്പയുടെ പടവും കാണിച്ചു തന്നു... എന്തോ ഒരു ചേട്ടൻ എന്നാ പേര്...”

ചേട്ടൻ അല്ല , ന്യൂട്ടൻ ആണ്...” ഞാൻ തിരുത്തി.

...അയാ‍ളെ തലയിലേക്ക് ഒരു ആപ്പിൾ വീണത് കാരണാത്രേ നിയമം ഉണ്ടായത്.”

അത് നല്ലതല്ലേ മോളെ?”

ഹും നല്ലത് !!! അതോണ്ട് ഇപ്പോ ഇനി എത്ര നിയമങ്ങളും കണക്കുകളും പഠിക്കണം... ചേട്ടൻ എന്തിനാ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ തന്നെ പോയി ഇരുന്നത്...ഒരു തെങ്ങിന്റെ ചുവട്ടിൽ ഇരുന്നു കൂടായിരുന്നോ... ഒരു തേങ്ങയായിരുന്നു തലയിൽ വീണിരുന്നതെങ്കിൽ ....”

ങേ!!

***********

വർഷങ്ങൾക്ക് മുമ്പ് ഒരു എൻ.എസ്.എസ് ക്യാമ്പിലൂടെ ആപ്പിൾ വീണ്ടും താരമായി.  നാഷണൽ സർവീസ് സ്കീമിന്റെ കീഴിൽ ഞാൻ നയിക്കുന്ന ആദ്യത്തെ സപ്തദിന ക്യാമ്പ്  കോഴിക്കോട് ജില്ലയിൽ കക്കയത്തിനടുത്ത് തലയാട് വച്ച് നടക്കുകയായിരുന്നു. അന്ന് ഒരു ആപ്പിള്‍ ചിലര്‍ തിന്നുന്നതായി മറ്റു ചിലര്‍ കണ്ടു. ക്യാമ്പില്‍ എന്തു കിട്ടിയാലും അത് മുഴുവന്‍ ക്യാമ്പ് അംഗങ്ങള്‍ക്കും വീതിച്ച് നല്‍കണം എന്നാണ് നിയമം ( ഒരു കിറ്റ്കാറ്റ് കിട്ടിയത് ചായയില്‍ കലക്കി എല്ലാവരിലേക്കും എത്തിച്ചു!). അപ്പോള്‍ ആപ്പിള്‍ ഏതാനും ചിലര്‍ തിന്നത് വിവാദമായി. അങ്ങനെ ആപ്പിള്‍ നല്‍കിയ ആളെ കണ്ടെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

ഞാന്‍ : ജാബിറാണോ ആപ്പിള്‍ കൊടുത്തത് ?

ജാബിര്‍ : അതെ.

ഞാന്‍ : ആര്‍ക്കാ ആദ്യം കൊടുത്തത് ?

ജാബിര്‍ : ഷരീഫിന്

ഞാന്‍ : ഷരീഫ് വരൂ...

ഷരീഫ് : സാര്‍, ഞാന്‍ അതിന്റെ ഒരു കഷ്ണം കണ്‍‌വീനര്‍ അനീഷിന് കൊടുത്തിട്ടുണ്ട്.

ഞാന്‍ : അപ്പോള്‍ അനീഷും ഇങ്ങോട്ട് വന്നോളൂ

അനീഷ് : ഞാന്‍ അത് തിന്നാന്‍ തുടങ്ങുമ്പോഴേക്കും സെക്രട്ടറി തട്ടിപ്പറിച്ചു...എനിക്ക് ഒരു കുഞ്ഞ് കഷ്ണമേ കിട്ടിയുള്ളൂ.

ഞാന്‍ : അപ്പോള്‍ സെക്രട്ടറിയും കുറ്റക്കാരനാണ്. ഇനി ആരെങ്കിലും പ്രതിപ്പട്ടികയില്‍ ഉണ്ടോ ജാബിറേ?

ജാബിര്‍ : അറിയില്ല സാര്‍...ആപ്പിള്‍ കൊടുത്ത ശേഷം ഞാന്‍ പിന്നെ അങ്ങോട്ട് നോക്കിയില്ല.

ഞാന്‍ : ഓ കെ....ഒരു ആപ്പിള്‍ കിട്ടിയിട്ട് ജാബിര്‍ എന്തുകൊണ്ട് അതു മറ്റുള്ളവര്‍ക്ക് നല്‍കി?

ജാബിര്‍ : സാര്‍....അത്....അത് പറയണോ?

ഞാന്‍ : പറയൂ...ജാബിറിന്റെ മഹാമനസ്കത എല്ലാവരും അറിയട്ടെ.

ജാബിര്‍ : ങാ...ഇന്നലെ നമ്മള്‍ തലയാട് അങ്ങാടി ക്ലീന്‍ ചെയ്തിരുന്നല്ലോ..?

ഞാന്‍ : അതേ...അപ്പോള്‍ അലിവ് തോന്നിയ വല്ല കടയുടമയും തന്നതായിരിക്കും...

ജാബിര്‍ : പറയട്ടെ സാര്‍....അങ്ങാടിയിലെ ആ ഓട ക്ലീന്‍ ചെയ്യാന്‍ കിട്ടിയത് എനിക്കായിരുന്നു.

ഞാന്‍ : എന്നിട്ട് ?

ജാബിര്‍ : ഓടയില്‍ നിന്ന് എനിക്ക് ഒരു ആപ്പിള്‍ കിട്ടി..! ഞാനത് കയ്യില്‍ പിടിച്ച് നടക്കുന്നത് ഷരീഫ് കണ്ടു. അവനത് ചോദിച്ചു. ഓടയില്‍ നിന്ന് കിട്ടിയതായതിനാല്‍ ഞാന്‍ അത് അവന് കൊടുത്തു !!

ഞാന്‍: ങേ !! ഓടയില്‍ നിന്ന് കിട്ടിയ ആപ്പിളാണോ നിങ്ങളൊക്കെ തിന്നത് ? എങ്കില്‍ ആ ശിക്ഷ തന്നെ ധാരാളം. എല്ലാവരും പൊയ്ക്കോളൂ...

സഭ പിരിച്ചു വിട്ടപ്പോള്‍ ഒരു ഭാഗത്ത് നിന്ന് കൂട്ടച്ചിരിയും വേറൊരു ഭാഗത്ത് നിന്ന് കൂട്ട ഓക്കാനവും മുഴങ്ങി.

3 comments:

  1. ബ്ലോഗുലകത്തില്‍ നിവര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം പൂര്‍ത്തിയാവുന്നു. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലെ ആയിരത്തി ഇരുനൂറാമത്തെ എപിസോഡ് വായനക്കായി സമര്‍പ്പിക്കുന്നു.

    ReplyDelete
  2. നിവർന്നു തന്നെ നിന്നോളൂ .ഞങ്ങൾ ഉണ്ട്
    കൂടെ..പഴയ സുഹൃത്തുക്കളെ ഓർക്കാൻ
    എങ്കിലും ഇങ്ങനെ ഇടയ്ക്കു എന്തേലും
    എഴുതൂ മാഷേ..അങ്ങനെ പറഞ്ഞു എന്നു
    കരുതി എനിക്ക് സ്നേഹത്തോടെ ആപ്പിൾ
    ഒന്നും കൊടുത്തു വിടേണ്ട കേട്ടോ,എനിക്കതു
    പണ്ടേ തീരെ ഇഷ്ടമില്ല....:)

    മാഷെ സുഖം ആണോ ?

    ReplyDelete
  3. ente likam...ഇടയ്ക്കല്ല, സ്ഥിരമായി തന്നെ എഴുതിക്കൊണ്ടിരിക്കുന്നു.പിന്നെ ബ്ലോഗെഴുത്ത് മിക്കവരും നിര്‍ത്തിയതിനാല്‍ കാണാറില്ല എന്ന് മാത്രം.

    ReplyDelete

നന്ദി....വീണ്ടും വരിക