Pages

Saturday, March 30, 2019

ക്രിസ്മസ് കാരള്‍

             ഏകദേശം 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ പുസ്തക ശേഖരത്തില്‍ എത്തിയതാണ് ക്രിസ്മസ് കാരള്‍. വായന തുടങ്ങി അഞ്ചാമത്തെ വരിയില്‍ എബനേസര്‍ സ്ക്രൂജ് എന്ന പേര് കണ്ടപ്പോള്‍ എവിടെയോ ഒരു പരിചയം പോലെ ! പുസ്തകത്തിനകത്തേക്ക് ചെല്ലുന്തോറും എന്റെ മനസ്സിലുള്ള പിശുക്കന്‍ കഥാപാത്രമായ ആ സ്ക്രൂജ് തന്നെയാണ് ഈ സ്കൂജും എന്ന് തിരിച്ചറിഞ്ഞു. അതായത് ഒന്നുകില്‍ ഈ പുസ്തകം മുമ്പെപ്പോഴോ ഞാന്‍ വായിച്ചിട്ടുണ്ട്. അതല്ലെങ്കില്‍ സ്കൂള്‍ പഠനകാലത്ത് ഇംഗ്ലീഷ് ബി ആയി ഈ കഥ ഉണ്ടായിരുന്നോ എന്നൊരു സംശയം.

            എബനേസര്‍ സ്ക്രൂജ് എന്ന അറു പിശുക്കനായ ബിസിനസ്‌കാരന്‍ സ്നേഹത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുന്ന കഥയാണ്  ക്രിസ്മസ് കാരള്‍. ക്രിസ്മസിന്റെ തലേ രാത്രിയില്‍, മരിച്ചുപോയ സഹപ്രവര്‍ത്തകന്‍ മേര്‍ളിയുടെ പ്രേതം  സ്ക്രൂജിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് കൊണ്ട് ഇനിയും പ്രത്യക്ഷപ്പെടാന്‍ പോകുന്ന മൂന്ന് പ്രേതങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അപ്രത്യക്ഷമായി. അങ്ങനെ സ്ക്രൂജിന്റെ ഭൂതകാലം കാണിക്കുന്ന ഒന്നാമത്തെ ഭൂതം അയാളെ കുട്ടിക്കാലത്തേക്കും പഴയ സുഹൃത്തുക്കളുടെ അടുത്തും മറ്റും കൂട്ടിക്കൊണ്ടുപോകുന്നു.

            ഒന്നാം പ്രേതം അപ്രത്യക്ഷമായി അല്പം കഴിഞ്ഞ് രണ്ടാമത്തെ പ്രേതം പ്രത്യക്ഷപ്പെടുന്നു. നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളിലൂടെ അഥവാ വര്‍ത്തമാന കാലത്തിലൂടെയായിരുന്നു ആ പ്രേതത്തിന്റെ സഞ്ചാരം. അതും അപ്രത്യക്ഷമായപ്പോള്‍ മൂന്നാമത്തെ പ്രേതം പ്രത്യക്ഷപ്പെടുന്നു. നടക്കാനിരിക്കുന്ന കാര്യങ്ങളാണ് ആ പ്രേതം സ്ക്രൂജിന് മുന്നില്‍ കാണിച്ചു കൊടുത്തത്. നിലവിലുള്ള ജീവിത രീതി മാറ്റിയില്ലെങ്കില്‍ തനിക്ക് മരണം പോലും സംഭവിക്കും എന്ന് പ്രേതം സ്ക്രൂജിനെ ബോധിപ്പിച്ചു.

           ഈ മൂന്ന് കാഴ്ചകളും സ്ക്രൂജിനെ പുതിയൊരു മനുഷ്യനാക്കി മാറ്റി. ക്രിസ്മസ് ദിനത്തില്‍ സ്ക്രൂജ് ഒരു പുതിയ മനുഷ്യനായി മാറി. ആദ്യമായി ജീവിതത്തിന്റെ സന്തോഷവും ആനന്ദവും അയാള്‍ ആസ്വദിച്ചു.ആളുകളുടെ സന്തോഷവും സന്തോഷകരമായ അനുഭവങ്ങളും, വര്‍ഷം മുഴുവന്‍ ക്രിസ്മസ് ആയിരുന്നെങ്കില്‍ എന്ന ചിന്തയില്‍ വരെ സ്ക്രൂജിനെ എത്തിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.

           A Christmas Carol എന്ന ചാള്‍സ് ഡിക്കന്‍സിന്റെ പ്രമുഖ നോവലിന്റെ മലയാളം വിവര്‍ത്തനത്തിന്റെ പേര് ക്രിസ്മസ് കാരള്‍ എന്നാണെന്ന് ഈ പുസ്തകം കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. ഡി.സി ബുക്സ് പബ്ലിഷ് ചെയ്തതായതിനാല്‍ അങ്ങനെത്തന്നെയായിരിക്കും പേര് എന്ന് കരുതുന്നു. പുസ്തകത്തിന്റെ ബൈന്‍ഡിംഗ് വളരെ പരിതാപകരമായതിനാല്‍ പേജുകളായി കയ്യില്‍ പോരുന്നു എന്നത് വായനക്കാരനെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നു.

കൃതി : ക്രിസ്മസ് കാരള്‍
രചയിതാവ് : ചാള്‍സ് ഡിക്കന്‍സ്
പുനരാഖ്യാനം: കോശി തലയ്ക്കല്‍
പ്രസാധകര്‍ :ഡി.സി ബുക്സ്
പേജ് :86
വില: 40 രൂപ

7 comments:

  1. ആളുകളുടെ സന്തോഷവും സന്തോഷകരമായ അനുഭവങ്ങളും, വര്‍ഷം മുഴുവന്‍ ക്രിസ്മസ് ആയിരുന്നെങ്കില്‍ എന്ന ചിന്തയില്‍ വരെ സ്ക്രൂജിനെ എത്തിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.

    ReplyDelete
  2. ഭൂതവും വർത്തമാനവും ഭാവിയെ എങ്ങനെ ബാധിക്കുന്നു എന്ന സൂക്ഷ്മ ദർശനമാകാം പ്രമേയത്തിന്റെ പൊരുൾ

    ReplyDelete
  3. മുഹമ്മെദ്ക്ക...അതെ, നല്ല പ്രമേയം.

    ReplyDelete
  4. ഒരു കാലത്ത് ബെസ്റ്റ് സെല്ലറായിരുന്നു ഈ പുസ്തകം ..!

    ReplyDelete
  5. മുരളിയെട്ടാ... അവതരണ ശൈലിയിലെ വ്യത്യസ്തത കാരണം ആയിരിക്കും

    ReplyDelete
  6. 1843 ലാണ് ആദ്യമായി പുസ്തകം പ്രസിദ്ധീകരിച്ചത്. അതിന്നും ആളുകൾ വായിക്കുന്നു... ക്ലാസിക്!

    ReplyDelete
  7. മുബീ... 1843ലെ പുസ്തകം!! ഇന്നും അത് വായനക്കാരെ ആകര്‍ഷിക്കുന്നു എന്ന് പറഞ്ഞാല്‍ ക്ലാസിക് അല്ല, അതുക്കും മേലെ!

    ReplyDelete

നന്ദി....വീണ്ടും വരിക